രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു . വോട്ടെണ്ണൽ കഴിയുമ്പോൾ ചരിത്ര ഭൂരിപക്ഷയുമായി പുതുപ്പള്ളി നേടിയിരിക്കുന്നത് ചാണ്ടി ഉമ്മനാണ് . രണ്ടാം സ്ഥാനത്ത് നിൽക്കുന്ന എൽഡിഎഫ് സ്ഥാനാർഥി ജൈക് സി തോമസിന്റെ ഇരട്ടി വോട്ടുകളാണ് ചാണ്ടി ഉമ്മൻ നേടിയത്. ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ യഥാർത്ഥത്തിൽ ചിത്രത്തിലെ ഇല്ല.
പുതുപ്പള്ളിയിലെ ആവേശകരമായ തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ ചാണ്ടി ഉമ്മന് അനുകൂലമായാണ് പുതുപ്പള്ളി വിധിയെഴുതിയിരിക്കുന്നത്. 80144 വോട്ടുകളാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നേടിയത്. എതിർസ്ഥാനാർത്ഥിയേക്കാളും 37719 വോട്ട് ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ കരസ്ഥമാക്കിയത്. 42425 വോട്ടുകളാണ് ജൈയ്ക് സി തോമസ് ലഭിച്ചത്. 54328 വോട്ടുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജൈയ്ക് സ്വന്തമാക്കിയിരുന്നത്. ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9044 എന്ന കുറഞ്ഞ സംഖ്യയിലേക്കു ഒതുക്കാൻ അന്ന് ജെയ്ക്കിന് സാധിച്ചിരുന്നു. എന്നാൽ ഇത്തവണ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അതിനിരട്ടിയായിരുന്നു.
പുതുപ്പള്ളി ആവേശത്തിലാറാടുകയാണ്. കൊട്ടും കുരവയും മുദ്രാവാക്യം വിളികളുമായി ആഹ്ലാദ തിരത്തള്ളലിലാണ് പുതുപ്പള്ളിയിലെ ജനങ്ങൾ . രാഷ്ട്രീയ കേരളം കണ്ണുംനട്ട് കാത്തിരുന്ന , അല്ലെങ്കിൽ പ്രതീക്ഷിച്ചിരുന്ന ആ വിധി എഴുതിയിരിക്കുകയാണ് പുതുപ്പള്ളി. ചരിത്രപരമായ ഭൂരിപക്ഷവുമായി , അച്ഛനെക്കാൾ ഇരട്ടി ഉയരത്തിലാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയെ കീഴടക്കിയിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് നടത്തിയ ഈ തെരഞ്ഞെടുപ്പിൽ പ്രതീക്ഷയ്‌ക്കും മുകളിലാണ് ചാണ്ടി ഉമ്മൻ ഓടിക്കയറിയത്. എതിർ സ്ഥാനാർഥി ഇടതുപക്ഷത്തിന്റെ ജൈക് സി തോമസിനേക്കാളും ഇരട്ടിയിലധികം വോട്ടുകളാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ കെെയ്യടക്കിയിരിക്കുന്നത്.
63372 വോട്ടുകൾക്കാണ് ഉമ്മൻ ചാണ്ടി 2021 ൽ പുതുപ്പള്ളി നേടിയത്. എന്നാൽ ഇത്തവണ ചാണ്ടി ഉമ്മൻ അത്കടത്തിവെട്ടിക്കൊണ്ട് നേടിയത് 80144 വോട്ടുകളാണ്. എതിർ സ്ഥാനാർത്ഥി ജെയ്ക്കിനെക്കാളും ഇരട്ടിയിലധികം ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മനുള്ളത്. അന്ന് ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ ജെയ്ക്കിന് സാധിച്ചെങ്കിൽ, ഇന്ന് അതിനൊത്ത കനത്ത തിരിച്ചടിയാണ് ഉമ്മൻ ചാണ്ടിയുടെ മകനിൽ നിന്നും ലഭിച്ചിരിക്കുന്നത്. സ്വന്തം ബൂത്തിൽപോലും മികച്ച ലീഡ് നേടാൻ ജെയ്ക്കിന് കഴിഞ്ഞില്ല. സമൂഹമാധ്യമങ്ങളിലൂടെ ചാണ്ടി ഉമ്മനെ തളർത്താൻ നോക്കിയെങ്കിലും, അതിലും വലിയ അടിച്ചമർത്തലുകൾ നേരിട്ടനുഭവിച്ച ഒരച്ഛന്റെ മകന് അത് പുത്തരിയായിരുന്നില്ല. അതിനുള്ള മറുപടിയാണ് ഈ വിജയം.
53 വർഷംകൊണ്ട് ഉമ്മൻചാണ്ടിയെന്ന ജനനായകൻ പുതുപ്പള്ളിക്ക് നൽകിയ സേവനത്തിന്റെ കറ പുരളാത്ത ജനങ്ങളുടെ സ്നേഹമാണ് ഈ വൻ ഭൂരിപക്ഷം. പുതുപ്പള്ളിയെ കൈവിടാതെ ഇനിയും ചേർത്തുപിടിക്കാൻ ഉമ്മൻ ചാണ്ടി കൂടെ ഉണ്ടാകുന്ന വിശ്വാത്തിലാണ് മകനായ ചാണ്ടി ഉമ്മനെ ജനങ്ങൾ പുതുപ്പള്ളിയുടെ അമരത്തിലേറ്റിയത്. മുടി ചീകാതെ, തന്നെക്കുറിച്ചൊട്ടുമാലോചിക്കാതെ ജനങ്ങൾക്കുവേണ്ടി, ജനങ്ങളിലേക്കിറങ്ങിയിരുന്ന ഉമ്മൻ ചാണ്ടിയെ തന്നെയാണ് ജനങ്ങൾ ചാണ്ടി ഉമ്മനിലും കാണുന്നത്. ഉമ്മൻ ചാണ്ടിയുടെ പകരക്കാരനായി എത്തുന്ന ചാണ്ടി ഉമ്മനിൽ നിന്നും വലിയ പ്രതീക്ഷകളാണ് ജനങ്ങൾക്കുള്ളത്.
ഉമ്മൻ ചാണ്ടിയെപ്പോലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും തുടങ്ങിയ യാത്ര ഇന്ന് അച്ഛനെ പിന്തുടർന്ന് പുതുപ്പള്ളിയുടെ അമരത്തു എത്തിനിൽക്കുകയാണ് . ജീവിതത്തിലും അടിച്ചമർത്തലിലും തളരാതെ ജനങ്ങളുടെ ആവേശം ഉൾക്കൊണ്ടാണ് തെരഞ്ഞെടുപ്പിന്റെ ഒരോ പ്രചരണവേളയിലും ചാണ്ടി ഉമ്മൻ നിന്നത്. ആവേശത്തോടെ നടന്ന തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന്റെ സമയത്തുപോലും ചാണ്ടി ഉമ്മൻ ജനങ്ങൾക്കിടയിലായിരുന്നു, ജനങ്ങളുമായി പ്രശ്നങ്ങളെകുറിച്ച് പഠിക്കുകയായിരുന്നു.
ചാണ്ടി ഉമ്മൻ എന്ന നേതാവിന്റെ പേര് കൂടി കോൺഗ്രസിന്റെ ഭാവിയിലേയ്ക്ക് ചേർത്തുവെച്ചുകൊണ്ടാണ് കോൺഗ്രസിന്റെ പ്രശസ്തി വാനോളം ഉയർത്തിയ ഭാരത് ജോഡോ യാത്ര അന്നവസാനിച്ചത്. രാഹുൽ ഗാന്ധിയ്ക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ, കശ്മീരിലെ കൊടും തണുപ്പിനെപ്പോലും വകവെക്കാതെ ചെരുപ്പില്ലാതെ നടന്നയാളാണ് ചാണ്ടി ഉമ്മൻ. നിശ്ചയദാർഢ്യത്തോടെ ഒരു തീരുമാനം എടുത്താൽ അതു വിജയിപ്പിക്കാനാവുമെന്ന വലിയ പാഠമാണ് ചാണ്ടി ഉമ്മൻ ഇതിലൂടെ നമ്മുക്ക് കാണിച്ചുതന്നത്.
അതുകൊണ്ടുതന്നെ ജനങ്ങൾക്ക് ആശ്വസിക്കാം പുതുപ്പള്ളിയുടെ അമരത്ത് അവർ പ്രതിഷ്ഠിച്ചത് ഉമ്മൻ ചാണ്ടിയെ തന്നെയാണെന്ന്. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തിരിച്ചെതിയെന്നന്ന പ്രതീതിയിൽതന്നെയാണ് പുതുപ്പള്ളിക്കാരുള്ളതും . അച്ഛനെ അനുകരിക്കുകയാണോ എന്ന വിമർശനങ്ങളോട് അടിപതറാതെ എതിർത്തുനിന്ന ചാണ്ടി ഉമ്മൻ, ഇന്ന് ഉമ്മൻ ചാണ്ടിക്കുമപ്പുറം സ്വയം അടയാളപ്പെടുത്തിയിരിക്കുകയാണ്.
ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളിൽ അസന്നിഹിത വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടുകളുമാണ് എണ്ണുന്നത്. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തീരുമെന്നാണ് റിപ്പോർട്ടുകൾ. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്.
വിജയം മൂന്നിരട്ടി… തോൽവി 3, വീണ്ടും നിരാശയിലേക്ക് സിപിഎം
പരസ്പരമുള്ള വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കുമൊടുവിൽ പുതുപ്പള്ളിയിൽ പുതിയ നായകനെത്തി. രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ പുതുപ്പള്ളിയെ ഇനി ചാണ്ടി ഉമ്മൻ നയിക്കും. റെക്കോർഡ് ലീഡോടെയാണ് ചാണ്ടി ഉമ്മൻ വിജയം സ്വന്തമാക്കിയത്. ഇത് ചാണ്ടി ഉമ്മൻ ഓടി നടന്ന് നേടിയ വിജയമാണെന്ന് ഒരു സംശയുമില്ലാതെ പറയാൻ കഴിയും.
അൻപത്തിമൂന്ന് വർഷത്തെ ചരിത്രം വീണ്ടും ആവർത്തിച്ചിരിക്കുകയാണ് യുഡിഎഫ്. അതിവേഗം ബഹുദൂരം ഓടി നടന്ന് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ നായകനായപ്പോൾ, മൂന്നിലും പിഴച്ച് ജയ്ക്. ഉമ്മൻ ചാണ്ടിയോട് വാശിയേറിയ പോരാട്ടം കാഴ്ച വെച്ച ജയ്ക് ചാണ്ടി ഉമ്മന് മുൻപിലും തോൽവി ഏറ്റു വാങ്ങിയപ്പോൾ വീണ്ടു നിരാശയിലേക്ക് സിപിഎം.
ഉമ്മൻ ചാണ്ടി നയിച്ച പുതുപ്പള്ളിയെ മകൻ ചാണ്ടി ഉമ്മൻ സ്വന്തമാക്കിയത് അപ്പനെക്കാൾ ഇരട്ടി ഭൂരിപക്ഷം നേടിയാണ്. പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് യാത്ര പറഞ്ഞപ്പോൾ നാടിനു നഷ്ടമായത് തങ്ങളുടെ ജന നായകനെ ആയിരുന്നു. കുഞ്ഞൂഞ്ഞിന്റെ കുറവുകൾ നികത്താൻ ചാണ്ടിക്കുഞ്ഞ് എത്താൻ സമയമായി. ഉമ്മൻ ചാണ്ടിയ്ക്ക് പുതുപ്പള്ളി എന്തായിരുന്നുവെന്നോ പുതുപ്പള്ളിയ്ക്ക് ഉമ്മൻ ചാണ്ടി ഉമ്മൻ ആരായിരുന്നുവെന്നോ തെളിയിക്കുന്നതാണ് ചാണ്ടി ഉമ്മന്റെ വിജയം. ഉമ്മൻ ചാണ്ടിയുടെ പ്രതിരൂപമാണ് ചാണ്ടി ഉമ്മനെന്നാണ് ജനങ്ങൾ പറയുന്നത്.
വികസനം ചർച്ചയാക്കിയ സിപിഎമ്മിന് മുൻപിൽ, സഹതാപ തരംഗം മുൻനിർത്തിയാണ് ചാണ്ടി ഉമ്മൻ പ്രചരണം നടത്തിയതെന്നായിരുന്നു എതിർ പാർട്ടിക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇത് സഹതാപ തരംഗമല്ല പുതുപ്പള്ളിയിലെ യുഡിഎഫ് തരംഗമാണ്. തിരഞ്ഞെടുപ്പിന് കുറച്ച് ദിവസങ്ങൾ മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിലെത്തിയിരുന്നു. വികസനം മുൻനിർത്തി യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനമായിരുന്നു മുഖ്യ മന്ത്രി ഉന്നയിച്ചിരുന്നത്. അൻപത്തി മൂന്ന് വർഷക്കാലത്തിന്റെ ചരിത്രമുള്ള മണ്ഡലത്തിൽ ഇനി കോൺഗ്രസിന് വിജയമില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നത്.
കോൺഗ്രസിന്റെ ഇത്രയും കാലത്തെ വിജയം ജയിക്കിന്റെ മൂന്നാം വരവോടെ അവസാനിപ്പിക്കാൻ കഴിയുമെന്ന സിപിഎമ്മിന്റെ പ്രതീക്ഷയാണ് ഇതോടെ തകർന്നത്. ഈസി വാക്കോവറായി പുതുപ്പള്ളിയ്ക്ക് ജയിക്കാനാവുമെന്ന എൽഡിഎഫിന്റെ വിശ്വാസത്തെ വളരെ എളുപ്പത്തിലാണ് പുതുപ്പള്ളിയുടെ ചാണ്ടികുഞ്ഞ് തകർത്തത്.
ഇത് ജയ്ക്കിന്റെ മൂന്നാം ഊഴമായപ്പോൾ ഇത്തവണയെങ്കിലും സ്വന്തം നാട് ജയിക്കിനെ കനിയുമെന്ന് ജയ്ക്കും കൂട്ടരും പ്രതീക്ഷിച്ചു. 2016 ലും 2021 ലും ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ മികച്ച പ്രകടനം ആയിരുന്നു ജയ്ക് കാഴ്ച വെച്ചിരുന്നത്. നാമനിർദ്ദേശ പട്ടിക സമർപ്പിക്കാൻ തയ്യാറായപ്പോൾ മൂന്നു സിപിഎം നേതാക്കളുടെ പേരായിരുന്നു പാർട്ടി ആദ്യം മുൻപോട്ട് വെച്ചിരുന്നത്. ഉറച്ച വിശ്വാസത്തോടെ, ഒറ്റ ശബ്ദത്തോടെ ജില്ലാ സെക്രട്ടറിയേറ്റ് നൽകിയ പേര് ജയിക്കിന്റെത് ആയിരുന്നു.
അതിന്റെ പ്രധാന കാരണം 2021 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിറപ്പിച്ച പ്രകടനം ആയിരുന്നു ജയ്ക് കാഴ്ച വെച്ചതെന്നാണ്. എന്നിട്ടും സംഭവിച്ചത്, ഉമ്മൻ ചാണ്ടി ഉണ്ടാക്കിയെടുത്ത വികാരത്തിലൂടെ മകൻ ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ചു. വികസനങ്ങളുടെ കണക്കുകളെ ഓരോന്നായി സിപിഎം എണ്ണി പറഞ്ഞപ്പോൾ ചാണ്ടി ഉമ്മൻ പറഞ്ഞത് യാഥാർഥ്യമായിരുന്നു. അപ്പന്റെ പാത പിന്തുടർന്ന്, അപ്പന്റെ ജീവിതം പാഠമാക്കി, ഇനി പുതുപ്പള്ളിയ്ക്ക് കാവലായി ചാണ്ടി ഉമ്മൻ ഉണ്ടാകും… ജയിക്കിന് ഇനി വിശ്രമിക്കാം.
‘ചാണ്ടി ഉമ്മന്റെ വിജയം അംഗീകരിക്കുന്നു’ : സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞു, ചാണ്ടി ഉമ്മന് അനുകൂലമായാണ് പുതുപ്പള്ളി വിധിയെഴുതിയിരിക്കുന്നത്. എന്നാൽ എൽഡിഎഫ് മുൻപ് പറഞ്ഞത് ചാണ്ടി ഉമ്മൻ ഒരിക്കലും പുതുപ്പള്ളിയിൽ ജയിക്കില്ലെന്നാണ്. ഇപ്പോൾ സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വിജയം അംഗീകരിക്കുന്നു എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറയുന്നത്. സഹതാപ തരംഗം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും, കൂടാതെ എൽഡിഎഫിന് 42000 ൽ അധികം വോട്ട് നേടാനായി, രാഷ്ട്രീയ അടിത്തറയിൽ മാറ്റമില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങ് അവസാനിക്കുന്നതിന് മുൻപ് നടന്ന തിരഞ്ഞെടുപ്പാണ്. അതുകൊണ്ടുതന്നെ സഹതാപം നല്ല രീതിയിൽ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. അതുകൂടാതെ ബിജെപി വോട്ടുകളിൽ ഉണ്ടായ ചോർച്ചയും യുഡിഫിന്റെ ജയത്തെ ബാധിച്ചിട്ടുണ്ട്. ബിജെപി വോട്ട് സഹതാപതരംഗത്തിന്റെ ഭാഗമായി യുഡിഎഫിന് ലഭിച്ചിട്ടുണ്ട് എന്നാണ് എം വി ഗോവിന്ദൻ പറയുന്ന മറ്റൊരു കാര്യം. മികവുറ്റ സംഘടന പ്രവർത്തനം കാരണം എൽഡിഎഫിന് വോട്ട് കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹതാപ തരംഗത്തിനിടയിലും അടിത്തറ നിലനിർത്താൻ കഴിഞ്ഞത് അതുകൊണ്ടാണെന്നും അദ്ദേഹം മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞു.
പുതുപ്പള്ളിയിൽ സഹതാപ തരംഗം ഉണ്ടെന്ന് യുഡിഎഫ്തന്നെ പറയുന്നുണ്ടെന്നും, ആ തരംഗത്തിന് മുന്നിൽ സർക്കാരിനെ പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു . സർക്കാരിന് എതിരായ ഒരു വികാര പ്രകടനമല്ല തിരഞ്ഞെടുപ്പ് ഫലം, അത് നല്ല രീതിയിൽ പരിശോധിച്ച് മുന്നോട്ട് പോകും, അതല്ലേ ആവശ്യമെന്നും അദ്ദേഹം ചോദിച്ചു.
എത്ര മാന്യമായിട്ടാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്. ഒരിക്കലും വ്യക്തിപരമായ കടന്നാക്രമണത്തിന് എൽഡിഎഫ് മുതിർന്നിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ലോക് സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള ഒരു കണ്ണുതുറപ്പിക്കലാണ് ഇപ്പോഴുണ്ടായ ഈ ഫലമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. ഇനിയും ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും ഭരണ വിരുദ്ധ വികാരം ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു
ചലച്ചിത്രനടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. ‘എതിര്‍നീച്ചൽ’ എന്ന തമിഴ് സീരിയലിന്റെ ഡബ്ബിങ്ങിനു എത്തിയ നടൻ ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
2008 ൽ പുറത്തിറങ്ങിയ ‘കണ്ണും കണ്ണും’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഒട്ടനവധി ചിത്രങ്ങളിൽ നടനായും, സപോർട്ടിങ് കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്. വാണിജ്യപരമായ തമിഴ് സിനിമകളുടെ കാലത്ത് അതിൽ നിന്നും വ്യത്യസ്തമായ സിനിമകൾ ചെയ്തുകൊണ്ടാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത്. 2011 ൽ പുറത്തിറങ്ങിയ ചാപ്പാ കുരിശ് എന്ന മലയാള സിനിമയിയുടെ കഥ വികസിപ്പിച്ചുകൊണ്ട് 2014 ൽ മാരിമുത്തു പുലിവാൽ എന്ന സിനിമയും സംവിധാനം ചെയ്തു.
2010-കളിൽ അദ്ദേഹം തന്റെ അഭിനയ ജീവിതത്തിന് മുൻഗണന നൽകുകയും, തമിഴ് സിനിമകളിൽ നിരവധി സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2011 ൽ പുറത്തിറങ്ങിയ യുദ്ധം സെയ് എന്ന സിനിമയിലൂടെയാണ് മിഷ്‌കിൻ അദ്ദേഹത്തെ ഒരു നടനായി പരിചയപ്പെടുത്തുന്നത് , അതിൽ അദ്ദേഹം അഴിമതിക്കാരനായ ഒരു പോലീസ് ഓഫീസറായി അഭിനയിച്ചു. ആരോഹണം (2012), നിമിർധു നിൽ (2014), കൊമ്പൻ (2015) എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
2022-ൽ എതിർനീച്ചൽ എന്ന ചിത്രത്തിലൂടെ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഇതിലൂടെ അദ്ദേഹത്തിന്റെ അഭിനയ വൈദഗ്ധ്യത്തിന് വലിയ ആരാധകരെയാണ് ലഭിച്ചത്. തമിഴ് സിനിമ ലോകത്തെ പ്രമുഖ താരങ്ങളിൽ മിക്കവർക്കും ഒപ്പം വേഷമിടാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഈ താരം. അറുപത്തി നാലോളം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
ജയിലറയിൽ വില്ലനോടൊപ്പം എത്തി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. കുറച്ച് സീനുകളിൽ മാത്രമാണ് എത്തുന്നതെങ്കിലും ചില നോട്ടങ്ങൾക്കൊണ്ട് തന്നെ താൻ ഇവിടെ ഉണ്ടെന്ന് അറിയിക്കാൻ ഈ കലാകാരന് സാധിച്ചിട്ടുണ്ട്. ലോകേഷ് കനകരാജിന്റെ വിക്രമിലും വേഷമിട്ടിട്ടുണ്ട്.
ഒട്ടേറെ നല്ല സിനിമകൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും ഒന്നിലും വിജയം കണ്ടെത്താൻ കഴിയാത്തതിന്റെ വിഷമം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഓരോ കഥകളിലും താൻ പറഞ്ഞു പോകാൻ ശ്രമിച്ച കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. എന്നാൽ അത് താൻ വിചാരിച്ച രീതിയിൽ ആളുകളിലേക്ക് എത്താത്തതിലുള്ള വൈകാരികമായ പിരിമുറുക്കങ്ങളുമുണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. തന്റേതെന്ന് പറയാൻ ഒരിടം ബാക്കിയാക്കി പ്രിയ കലാകാരൻ വിടവാങ്ങി…