ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മരുന്നുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇന്ന് ലോകമെമ്പാടും നിരവധി രോഗികളുടെ മരണത്തിന് കാരണമാകുന്ന വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്ത്യന്‍ നിര്‍മ്മിതമായ ചുമയ്ക്കുള്ള മരുന്നില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്.
ആഗോളതലത്തില്‍ 141 കുട്ടികളുടെ മരണത്തിന് ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നുകള്‍ കാരണമായെന്ന് കണ്ടെത്തിയതിന് ശേഷം മാസങ്ങള്‍ക്കിപ്പുറമാണ് ഈ കണ്ടെത്തല്‍. ചുമയ്ക്കും അലര്‍ജിക്കുമുള്ള മരുന്നുകളാണ് അപകടകാരികളെന്ന് കണ്ടെത്തിയത്. നോറിസ് മെഡിസിന്‍ നിര്‍മ്മിക്കുന്ന ചുമ മരുന്നുകള്‍ക്കെതിരെയാണ് കണ്ടെത്തല്‍. ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നിവയുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. പ്രൊപിലീന്‍ ഗ്ലൈക്കോളിന് പകരമായി ഉപയോഗിക്കുന്ന വിലകുറഞ്ഞ ഈ മാരക രാസവസ്തുക്കള്‍ ഒരു കാരണവശാലും ഒരു മരുന്നിലും ഉണ്ടാവാന്‍ പാടില്ല. ഗാബിയ, ഉസ്‌ബെക്കിസ്ഥാന്‍, കാമറൂണ്‍ എന്നിവിടങ്ങളിലെ കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്നില്‍ കണ്ടെത്തിയ പദാര്‍ത്ഥങ്ങളാണ് ഇവ.
രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഈ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം നോറിസ് ഫാക്ടറി സന്ദര്‍ശനം നടത്തിയ ശേഷം മരുന്നുകളുടെ നിര്‍മ്മാണം നിര്‍ത്താനും മരുന്നുകള്‍ തിരിച്ച് വിളിക്കാനും നിര്‍ദ്ദേശം നല്‍കിയതായി ഗുജറാത്ത് ഫുഡ് ആന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ എച്ച് ജി കോശിയ വിശദമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച സംഭവിച്ചതായും കോശിയ പറഞ്ഞു.
ആവശ്യത്തിന് വെള്ളം, എയര്‍ ഹാന്‍ഡിലിംഗ് യൂണിറ്റ് എന്നിവ ഫാക്ടറിയില്‍ ഇല്ലെന്നും കോശിയ പറഞ്ഞു. നേരത്തെ ഇറാഖില്‍ വിറ്റ ഒരു ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നിലും ഈ വിഷ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. നേരത്തെ നോയിഡ കേന്ദ്രമായ മാരിയോണ്‍ ബയോടെക് ഉല്‍പാദിപ്പിക്കുന്ന ‘ഡോക്-1-മാക്‌സ്’, അബ്‌റോണോള്‍ എന്നീ രണ്ട് മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചിരുന്നു.
സാംപിളുകള്‍ പരിശോധിച്ചതിന് പിന്നാലെ ഗുണനിലവാരം ഇല്ല എന്ന കണ്ടെത്തലിന്റെ പേരിലാണ് ലോകാരോഗ്യസംഘടന ഇത്തരമൊരു ശുപാര്‍ശ നടത്തിയത്. ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ എന്ന രാസവസ്തുവിന്റെ സാന്നിധ്യം കഫ് സിറപ്പുകളിലുണ്ടായിരുന്നുവെന്നാണ് ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തിയത്. ഇതേ രാസവസ്തുവാണ് നിലവില്‍ നോറിസ് മെഡിസിന്റെ കഫ് സിറപ്പുകളില്‍ കണ്ടെത്തിയിരിക്കുന്നത്.
മരണം ഇന്ത്യയിലും…..
സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം ഇന്ത്യയിലും ഉണ്ടായിട്ടുണ്ട്. 2021 ഡിസംബറിലാണ് ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന മൊഹല്ലാ ക്ലിനിക്കില്‍ മൂന്ന് കുട്ടികള്‍ മരിച്ചത്. മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ഡെക്സ്ട്രോമെത്തോര്‍ഫന്‍ എന്ന സിറപ്പ് കുട്ടികള്‍ക്ക് നല്‍കിയതാണ് മരണകാരണം. 16 കുട്ടികളാണ് സിറപ്പ് കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്ന് നിര്‍ദേശിച്ച മൂന്ന് ഡോക്ടര്‍മാരെ ഡല്‍ഹി സര്‍ക്കാര്‍ ആ സമയത്ത് പുറത്താക്കിയിരുന്നു. ഈ മരുന്ന് പിന്‍വലിക്കാനുള്ള നിര്‍ദേശവും നല്‍കിയിരുന്നു.
2022 ഡിസംബറില്‍, രണ്ട് മാരക രാസവസ്തുക്കള്‍ അടങ്ങിയ ഇന്ത്യയില്‍ നിര്‍മ്മിച്ച ചുമ മരുന്നുകള്‍ ഉസ്‌ബെക്കിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കി. ഈ വര്‍ഷം ഏപ്രില്‍ അവസാനം, ലോകാരോഗ്യ സംഘടന മായം കലര്‍ന്ന മരുന്നുകള്‍ മാര്‍ഷല്‍ ദ്വീപുകളിലും മൈക്രോനേഷ്യയിലും കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ ഔദ്യോഗിക നിയന്ത്രകരാണ് മായം കണ്ടെത്തിയത്. 1972-നും, 2020-നും ഇടയില്‍ ചെന്നൈ, മുംബൈ, ബിഹാര്‍, ഗുരുഗ്രാം, ജമ്മു എന്നിവിടങ്ങളില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ കലര്‍ന്ന മരുന്നുകള്‍ കുറഞ്ഞത് അഞ്ച് വിഷബാധകള്‍ക്ക് കാരണമായി.
മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ലോകത്തില്‍ വേരൂറപ്പിക്കാന്‍ സാധീക്കൂ. അല്ലെങ്കില്‍ ഇനിയും ഇതുപോലെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മരുന്നുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.
നയതന്ത്ര പ്രതിനിധികളെ മറ്റു രാജ്യങ്ങളിലേക്കു മാറ്റി കാനഡ
ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്ത്യശാസനം നല്‍കിയതിനു പിന്നാലെ, നയതന്ത്ര പ്രതിനിധികളെ മറ്റു രാജ്യങ്ങളിലേക്കു മാറ്റി കാനഡ. ഒക്ടോബര്‍ പത്തിനകം ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. ഇതിനു പിന്നാലെ നയതന്ത്ര ഉദ്യോഗസ്ഥരെ സിംഗപ്പുര്‍, മലേഷ്യ എന്നിവിടങ്ങളിലേക്കാണു മാറ്റുന്നത്.
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. കാനഡക്കാര്‍ക്കു വീസ നല്‍കുന്നത് സെപ്റ്റംബര്‍ 18 മുതല്‍ ഇന്ത്യ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഒക്ടോബര്‍ 10നു മുന്‍പായി 41 നയതന്ത്ര പ്രതിനിധികളെ ഡല്‍ഹിയില്‍നിന്നു തിരിച്ചുവിളിക്കണമെന്നാണ് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതെന്നു ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സമയപരിധി അവസാനിച്ചാല്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ക്കു നയതന്ത്ര പരിരക്ഷ ഉണ്ടാകില്ലെന്നും ഇന്ത്യ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
നിലവില്‍ ഇന്ത്യയില്‍ 62 നയതന്ത്ര പ്രതിനിധികളാണ് കാനഡയ്ക്കുള്ളത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിന്റെ കാര്യത്തിലും പദവിയുടെ കാര്യത്തിലും ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യത വേണമെന്നു ചൂണ്ടിക്കാട്ടിയാണ്, ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യ ആവശ്യമുന്നയിച്ചത്.
ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുമായുള്ള അനൗദ്യോഗിക ചര്‍ച്ചകളിലാണ് കാനഡ ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം, ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ എന്തെങ്കിലും തരത്തിലുള്ള തെളിവ് കാനഡ കൈമാറിയിട്ടില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇറാനിലെ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശപ്രവര്‍ത്തക നര്‍ഗീസ് മൊഹമ്മദിക്ക്
സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇറാനിലെ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശപ്രവര്‍ത്തക നര്‍ഗീസ് മൊഹമ്മദിക്ക്. ഇറാനിലെ വനിതകളെ അടിച്ചമര്‍ത്തുന്നതിനെതിരെയും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുവേണ്ടിയും അവര്‍ നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരമെന്ന് നൊബേല്‍ പുരസ്‌കാര സമിതി അറിയിച്ചു.
നര്‍ഗീസ് മൊഹമ്മദിയുടെ പോരാട്ടം മൂലം അവര്‍ക്ക് വ്യക്തിപരമായ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി. ഇറാന്‍ ഭരണകൂടം നര്‍ഗീസ് മൊഹമ്മദിയെ 13 തവണ അറസറ്റ് ചെയ്തിട്ടുണ്ട്. അഞ്ചുതവണ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും 31 വര്‍ഷത്തോളം അവര്‍ ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ നര്‍ഗീസ് മൊഹമ്മദി ജയിലില്‍ കഴിയുകയാണ്.
ഭൗതികശാസ്ത്രം പഠിച്ച നര്‍ഗീസ് മൊഹമ്മദി, എഞ്ചിനീയറായി ജോലി നോക്കിയിരുന്നു. ഇതേസമയത്തുതന്നെ പരിഷ്‌കരണ സ്വഭാവമുള്ള പത്രങ്ങളില്‍ കോളങ്ങള്‍ എഴുതി. 2003-ല്‍ ഇവര്‍ മറ്റൊരു നൊബേല്‍ സമാധാനപുരസ്‌കാര ജേതാവായ ഷിറിന്‍ എബാദി സ്ഥാപിച്ച ടെഹ്റാനിലെ ഡിഫന്‍ഡേഴ്സ് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുതുടങ്ങി.
തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരെയും അവരുടെ കുടുംബത്തേയും സഹായിക്കാനുള്ള ശ്രമങ്ങളെത്തുടര്‍ന്ന് 2011- ല്‍ ആണ് ആദ്യമായി നര്‍ഗീസ് മൊഹമ്മദി തടവിലാക്കപ്പെട്ടത്. രണ്ടുവര്‍ഷത്തിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ അവര്‍ വധശിക്ഷയ്‌ക്കെതിരായ പ്രചാരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി 2015-ല്‍ വീണ്ടും അവര്‍ തടവിലാക്കപ്പെട്ടു. ജയിലിലേക്ക് തിരിച്ചെത്തിയ ഇവര്‍, രാഷ്ട്രീയ തടവുകാര്‍ക്കെതിരെ, പ്രത്യേകിച്ചും സ്ത്രീ തടവുകാര്‍ക്കെതിരെ ഇറാന്‍ ഭരണകൂടം നടത്തുന്ന പീഡനങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും എതിരായ പോരാട്ടം ആരംഭിച്ചു.
നര്‍ഗീസ് മൊഹമ്മദിക്ക് സമാധാനപുരസ്‌കാരം നല്‍കുന്നതിലൂടെ ഇറാനിലെ ജനങ്ങളുടെ മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും അവര്‍ നടത്തിയ പോരാട്ടത്തെ ആദരിക്കുകയാണെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി അറിയിച്ചു. നേരത്തെ, ഐക്യരാഷ്ട്രസഭയുടെ പത്രസ്വാതന്ത്ര്യ സമ്മാനം നര്‍ഗീസ് മൊഹമ്മദിക്ക് ലഭിച്ചിരുന്നു. നിലൂഫര്‍ ഹമീദി, ഇലാഹി മുഹമ്മദി എന്നിവര്‍ക്കൊപ്പമായിരുന്നു അവര്‍ പുരസ്‌കാരം പങ്കിട്ടത്.