ടി.പി കേസ് പ്രതികള്‍ കീഴടങ്ങി; ജ്യോതിബാബുവെത്തിയത് ആംബുലന്‍സില്‍, പ്രതികള്‍ക്കൊപ്പം സിപിഎം നേതാക്കളും

ആര്‍.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടുപ്രതികള്‍ കീഴടങ്ങി. പത്താം പ്രതി കെ. കെ. കൃഷ്ണനും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവുമാണ് കീഴടങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇരുവരും കീഴടങ്ങിയത്.

പ്രതികള്‍ രണ്ട് പേരും മാറാട് പ്രത്യേക കോടതിയില്‍ ഹാജരാകുകയായിരുന്നു. രോഗബാധിതനായ ജ്യോതി ബാബു ആംബുലന്‍സിലെത്തിയാണ് കോടതിയില്‍ ഹാജരായത്. ഡയാലിസിസ് രോഗിയാണ് ഇയാളെന്ന് ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും. ഇവര്‍ക്കൊപ്പം സി.പി.എം നേതാക്കളുമുണ്ടായിരുന്നു.

കേസിലെ എല്ലാ പ്രതികളും ഈമാസം 26-ന് ഹാജരാകണമെന്ന് കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം. ഒഞ്ചിയം ഏരിയ കമ്മിറ്റി മുന്‍ അംഗമായിരുന്നു കെ.കെ. കൃഷ്ണന്‍, കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിന്‍ മുന്‍ അംഗമാണ് ജ്യോതിബാബു. 12 പ്രതികള്‍ ശിക്ഷാവിധിക്കെതിരേ നല്‍കിയ അപ്പീലും പരമാവധിശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും സി.പി.എം. നേതാവ് പി. മോഹനനടക്കമുള്ളവരെ കേസില്‍ വെറുതേവിട്ടതിനെതിരേ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എം.എല്‍.എ. നല്‍കീയ അപ്പീലുമായിരുന്നു ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

2012 മേയ് നാലിനാണ് ആര്‍എംപി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കോട് വെച്ച് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മില്‍നിന്ന് വിട്ടുപോയി സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോടുള്ള പകവീട്ടുന്നതിന് സിപിഎമ്മുകാരായ പ്രതികള്‍ കൊലപാതകം നടത്തി എന്നാണ് കേസ്.

പാര്‍ട്ടി അക്കൗണ്ടില്‍നിന്ന് 65 കോടി പിടിച്ചെടുത്ത് ആദായനികുതിവകുപ്പ്; ഐ.ടി.എ.ടി യെ സമീപിച്ച് കോണ്‍ഗ്രസ്

പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 65 കോടി രൂപ പിടിച്ചെടുത്ത ആദായനികുതിവകുപ്പ് നടപടിക്കെതിരേ ഇന്‍കംടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിനെ (ഐ.ടി.എ.ടി.) സമീപിച്ച് കോണ്‍ഗ്രസ്. ചൊവ്വാഴ്ചയാണ്, പാര്‍ട്ടിയുടെ 115 കോടിരൂപ നികുതി കുടിശ്ശികയുള്ളതില്‍ 65 കോടി ആദായനികുതിവകുപ്പ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ ബുധനാഴ്ച ഐ.ടി.എ.ടിയെ സമീപിച്ച കോണ്‍ഗ്രസ്, വിഷയത്തില്‍ പരാതി നല്‍കുകയായിരുന്നു.

ബെഞ്ചിന് മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിന് മുന്‍പേയാണ് ആദായനികുതിവകുപ്പിന്റെ നടപടിയെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ആരോപിക്കുന്നു. സ്റ്റേ അപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ആദായനികുതി വകുപ്പിന്റെ ഭാഗത്തുനിന്ന് തുടര്‍നടപടിയുണ്ടാകരുതെന്നും കോണ്‍ഗ്രസ് ഐ.ടി.എ.ടിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിഷയം പരിഗണിക്കുന്നിടംവരെ തല്‍സ്ഥിതി തുടരണമെന്ന് ഐ.ടി.എ.ടി. നിര്‍ദേശിച്ചു.

കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നാല് ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതിവകുപ്പ് മരവിപ്പിച്ച കാര്യം, മുതിര്‍ന്ന നേതാവും പാര്‍ട്ടി ട്രഷററുമായ അജയ് മാക്കനാണ് അറിയിച്ചത്. 2018-19 കാലത്തെ ടാക്സ് റിട്ടേണ്‍ കേസുമായി ബന്ധപ്പെട്ട് 210 കോടിരൂപ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് രീതികളില്‍ വന്‍ മാറ്റങ്ങള്‍

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് രീതികളില്‍ വന്‍ മാറ്റങ്ങള്‍. മെയ് ഒന്ന് മുതലാണ് പുതിയ ഡ്രൈവിങ്ങ് ടെസ്റ്റ് രീതി നടപ്പിലാക്കുന്നത്. ബൈക്കിന്റേയും ഓട്ടോറിക്ഷയുടേയും ഡ്രൈവിങ് ടെസ്റ്റുകള്‍ പതിവ് പോലെ തുടരുമെങ്കിലും കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടര്‍ വാഹനങ്ങളുടെ ടെസ്റ്റിലായിരിക്കും പുതിയ മാറ്റങ്ങളുണ്ടാകുന്നത്. കമ്പി കുത്തി, അതിന് മുകളില്‍ റിബണ്‍ കെട്ടിയുമൊക്കെയാണ് നിലവില്‍ എച്ച് പൂര്‍ത്തീകരിക്കുന്നത്. ഇതിന് ശേഷം റോഡ് ടെസ്റ്റിലും വിജയിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കും. എന്നാല്‍ ഈ രീതിയെല്ലാം മെയ് ഒന്നു മുതല്‍ മാറും. മെയ് മാസം മുതല്‍ കോണ്‍ക്രീറ്റ് ചെയ്തോ ടാര്‍ ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ സാധിക്കു.
ആംഗുലര്‍ പാര്‍ക്കിങ് അതായത് വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, റിവേഴ്സ് പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ് അതായത് എസ് വളവു പോലെ, കയറ്റത്തു നിര്‍ത്തി പിന്നോട്ടു പോകാതെ മുന്‍പോട്ട് എടുക്കുക തുടങ്ങിയവ ഉറപ്പായും വിജയിക്കേണ്ടി പരീക്ഷകളാണ്.

നിലവില്‍ സംസ്ഥാനത്ത് മോട്ടര്‍ വാഹനവകുപ്പിന് 10 ടെസ്റ്റിങ് സ്റ്റേഷനുകളാണ് സ്വന്തമായുള്ളത്. കളിസ്ഥലവും ആരാധനാലയങ്ങളുടെ ഉള്‍പ്പെടെ ഗ്രൗണ്ടുകളും പുറമ്പോക്കു ഭൂമിയുമാണ് ഡ്രൈവിങ് ടെസ്റ്റിനായി പ്രധാനമായും ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ സ്വന്തമായി ഭൂമി എടുക്കുന്നതിന് പകരം ടെസ്റ്റിങ് സ്ഥലം സജ്ജമാക്കേണ്ടത് ഡ്രൈവിങ് സ്‌കൂളുകളാണെന്നാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദേശം. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായതിനാലാണ് മന്ത്രി ഇങ്ങനയൊരു നിര്‍ദ്ദേശം വെച്ചത്. എന്നാല്‍ ഈ നിര്‍ദേശം ചില ഡ്രൈവിങ് സ്‌കൂളുകള്‍ അംഗീകരിച്ചിട്ടില്ല. നിലവിലെ രീതിയില്‍ തന്നെ എച്ച് എടുക്കാമെങ്കിലും പാര്‍ക്കിങ് അടക്കമുള്ളവയ്ക്ക് കുറച്ചുകൂടി സൗകര്യങ്ങള്‍ ആവശ്യമാണ്. ഇത്തരത്തില്‍ ടെസ്റ്റ് ഗ്രൌണ്ട് തയ്യാറാക്കാന്‍ അഞ്ച് ലക്ഷം രൂപ വരെ ചെലവാകുമെന്നാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറയുന്നത്. ഈ രീതി നടപ്പിലാക്കാന്‍ ഡ്രൈവിംഗ് സ്‌കൂളുകാര്‍ക്ക് അത്ര താല്‍പ്പര്യവുമില്ല. അത് ഗ്രാമപ്രദേശമാണെങ്കിലും നഗര പ്രദേശമാണെങ്കിലും സ്ഥിരമായി ഒരു ഗ്രൗണ്ട് ഇല്ലെന്നതാണ് സത്യം. അതിനെല്ലാം ഒരു മാറ്റം വരുത്തേണ്ടത് അത്യാവശ്യവുമാണ്.

സര്‍ക്കാറിന്റെ പത്തെണ്ണത്തിന് പുറമെയുള്ള 76 എണ്ണവും പൊതു സ്ഥലങ്ങളാണ്. ഇവിടെ ഇവിടെ സ്ഥിരം സംവിധാനമൊരുക്കാന്‍ സാധിക്കുകയുമില്ല. ഈ സാഹചര്യത്തില്‍ പുതിയ സ്ഥലം കണ്ടെത്തേണ്ടി വരും. സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും ക്വാളിറ്റി ഉറപ്പ് വരുത്തുമെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഡ്രെവിംഗ് ലൈസന്‍സ് എടുക്കുന്നതിനായി ചില്ലറ തരികിടകള്‍ നടത്തുന്നതില്‍ തെറ്റില്ലെന്നാണ് പലരും ചിന്തിച്ചിരുന്നത്. പക്ഷേ ഇനി എന്തെങ്കിലും കാണിച്ചു കൂട്ടി ലൈസന്‍സ് സ്വന്തമാക്കാം എന്ന ആഗ്രഹം ഇനി നടക്കില്ലെന്നാണ് മന്ത്രി ഗണേഷ് കുമാറും പറഞ്ഞത്. നിയമങ്ങള്‍ കര്‍ശനമാക്കുകയും അവ പ്രാബല്യത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഡ്രൈവിംഗ് ടെസ്റ്റ് കര്‍ശനമാക്കുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ടാകും. സംസ്ഥാനത്ത് അനുവദിക്കുന്ന ലൈസന്‍സുകളുടെ എണ്ണം കുറയുമെന്നുള്ളതാണ് അതിലൊരു കാര്യം. വാഹനം ശരിയായ രീതിയിലും ഗൗരവത്തിലും ഓടിക്കാന്‍ അറിയാവുന്നവര്‍ക്കു മാത്രമേ ഇനിമുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എച്ച് മാത്രമായി എടുത്തിട്ട കാര്യമില്ല. വണ്ടി റിവേഴ്സ് എടുക്കുകയും പാര്‍ക്ക് ചെയ്ത് കാണിക്കുകയും ചെയ്യണം. അത്തരത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ ലൈസന്‍സ് നല്‍കുന്നതെന്നും താന്‍ ഗള്‍ഫില്‍ പോയി ലൈസന്‍സ് എടുത്തപ്പോള്‍ ഇതെല്ലാം ചെയ്തിട്ടാണ ലൈസന്‍സ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

മഞ്ഞ ബോര്‍ഡില്‍ ചുവന്ന അക്ഷരം; പേപ്പറും സ്റ്റിക്കറുമല്ല, നമ്പര്‍ താത്കാലികമായാലും പ്ലേറ്റില്‍ വേണം

ഷോറൂമില്‍ നിന്ന് നമ്പറുമായി വേണം വാഹനം നിരത്തുകളില്‍ ഇറങ്ങാന്‍ എന്ന നിര്‍ദേശത്തില്‍ അല്‍പ്പം വിട്ടുവീഴച്ച വരുത്തിയത് കഴിഞ്ഞ വര്‍ഷമാണ്. ഫാന്‍സി നമ്പര്‍ ബുക്കുചെയ്യുന്നതിനും ബോഡി ഇടുന്നതിനും മറ്റ് സംസ്ഥാനങ്ങളില്‍ എത്തിച്ച് രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റുമാണ് പുതിയ വാഹനങ്ങള്‍ ഡീലര്‍ഷിപ്പില്‍ നിന്നും താത്കാലിക രജിസ്ട്രേഷന്‍ നമ്പറില്‍ വാഹനങ്ങള്‍ ഡെലിവറി നല്‍കുന്നത്. ഈ നമ്പറുമായി പോകുമ്പോഴും പാലിക്കേണ്ട ചില നിര്‍ദേശങ്ങളുണ്ട്.

ഇത്തരത്തില്‍ താത്കാലിക നമ്പറുമായി വാഹനം നിരത്തുകളില്‍ ഇറക്കുന്നവര്‍ ഇത് കൃത്യമായി കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. മഞ്ഞ നിറത്തിലുള്ള ബോര്‍ഡില്‍ ചുവന്ന അക്ഷരത്തിലാണ് താത്കാലിക നമ്പര്‍ പ്ലേറ്റ് നല്‍കേണ്ടത്. എന്നാല്‍, പല പുതിയ വാഹനങ്ങളിലും നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് മഞ്ഞ പേപ്പര്‍ ഒട്ടിച്ച് ഇതില്‍ ചുവന്ന അക്ഷരത്തില്‍ നമ്പര്‍ എഴുതുകയോ സമാനമായ കളറില്‍ സ്റ്റിക്കര്‍ ഒട്ടിക്കുകയോ ചെയ്യുന്നതാണ് കാണുന്നത്.
എന്നാല്‍, കേന്ദ്ര മോട്ടോര്‍വാഹന നിയമം അനുസരിച്ച് താത്കാലിക രജിസ്ട്രേഷനില്‍ പുറത്തിറക്കുന്ന വാഹനങ്ങളുടെ മുന്നിലും പിറകിലും നമ്പര്‍ പ്ലേറ്റുകളില്‍ താത്കാലിക നമ്പര്‍ രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശിക്കുന്നത്. നമ്പര്‍ വ്യക്തമാകുന്ന രീതിയില്‍ നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാതെ വാഹനം നിരത്തുകളില്‍ ഇറക്കുന്നത് നിയമവിരുദ്ധമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇത് ഷോറൂമില്‍ നിന്ന് വാഹനമെടുക്കുന്നതിന് മുമ്പ് ഉടമ ഉറപ്പാക്കേണ്ടതാണ്.

റോഡിലുള്ള മാറ്റ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു വാഹനത്തെ തിരിച്ചറിയാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വാഹനത്തിന്റെ നമ്പര്‍. ഇത് കൃത്യമായി പ്രദര്‍ശിപ്പിക്കേണ്ടത് അനിവാര്യതയാണ്. വാഹനം അപകടത്തില്‍ പെട്ടാലോ, അപകടമുണ്ടാക്കി നിര്‍താതെ പോയാലോ വാഹനത്തെ തിരിച്ചറിയണമെന്നും കൃത്യമായി വായിക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കും നമ്പര്‍ എഴുതാനെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന നിര്‍ദേശം.

ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിന് മാസങ്ങളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. അതുകൊണ്ടുതന്നെ ഈ കാലയളവില്‍ ഉപയോഗിക്കുന്നതിനായി താത്കാലിക നമ്പര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉപയോക്താക്കള്‍ സുപ്രീം കോടതിയെ സമീപിച്ചാണ് അനുകൂല വിധി സമ്പാധിച്ചത്. ഫാന്‍സി നമ്പര്‍ കിട്ടുമ്പോള്‍ താത്കാലിക നമ്പര്‍ മാറ്റുകയും ചെയ്യും. ആറുമാസംവരെയാണ് താത്കാലിക നമ്പരിന്റെ കാലാവധി. എന്നാല്‍, ഈ നമ്പരുകളുടെ വിവരങ്ങള്‍ എം പരിവാഹനില്‍ കിട്ടണമെന്നില്ല.

എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ പണമില്ല:സ്‌കൂളുകളുടെ ദൈനംദിന ചെലവുകള്‍ക്കുള്ള പണം ഉപയോഗിക്കും

എസ്എസ്എല്‍സി-പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്താന്‍ പണമില്ലാത്ത സാഹചര്യത്തില്‍ സ്‌കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. എസ്എസ്എല്‍സി ഐടി പരീക്ഷ, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് പണം കണ്ടെത്താനാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ വഴി തേടിയത്. സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് സ്‌കൂളുകള്‍ക്ക് ചിലവാകുന്ന പണം തിരികെ നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.

സ്‌കൂളുകളുടെ ദൈനംദിന ചെലവുകള്‍ക്കായുള്ള പിഡി അക്കൗണ്ടില്‍ നിന്ന് പണമെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പരീക്ഷ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. ഇതിന് അനുമതി നല്‍കിയാണ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. പണം ലഭിക്കുന്ന മുറയ്ക്ക് തിരികെ നിക്ഷേപിക്കണമെന്ന വ്യവസ്ഥയിലാണ് അനുമതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പില്‍ 21 കോടി രൂപയും വിഎച്ച്എസ്ഇക്ക് 11 കോടി രൂപയും എസ്എസ്എല്‍സി ഐടി പരീക്ഷയ്ക്ക് 12 കോടി രൂപയും ചെലവായിരുന്നു. ആകെ 2022- 23 അധ്യയന വര്‍ഷം പരീക്ഷ നടത്തിപ്പിന് ചെലവായ 44 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കുടിശ്ശികയായുള്ളത്. ഈ കുടിശ്ശിക നിലനില്‍ക്കേയാണ് പുതിയ നീക്കം. നേരത്തെ ഉത്തര പേപ്പര്‍ അച്ചടിക്കുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇതിനു ശേഷമാണ് പ്രതിസന്ധി പരിഹരിച്ചത്.

 

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. കൊല്ലം, കോട്ടയം, പാലക്കാട്,ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട്. ഇന്നും നാളെയും (2024 ഫെബ്രുവരി 21 & 22) കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37ത്ഥഇ വരെയും ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36ത്ഥഇ വരെയും (സാധാരണയെക്കാള്‍ 2 3 ത്ഥഇ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് പുതുക്കിയ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചത്.

 

സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം സംസ്ഥാനത്ത് പുനഃക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം ഏപ്രില്‍ 30വരെയാണ് പുനഃക്രമീകരിച്ചത്. താപനില ഉയരുന്ന സാഹചര്യത്തിലാണ് ലേബര്‍ കമ്മിഷണറേറ്റിന്റെ ജോലി സമയം പുനഃക്രമീകരിച്ച ഉത്തരവ്.

രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി. പകല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കും. ഷിഫ്റ്റ് വ്യവസ്ഥയിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് 12 ന് ഷിഫ്റ്റ് അവസാനിക്കും, വൈകീട്ട് മൂന്നിന് ഇത് പുനഃരാരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ജില്ലാ ലേബര്‍ ഓഫീസര്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍, അസി ലേബര്‍ ഓഫീസര്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും.

സുപ്രീം കോടതി അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ്. നരിമാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ്. നരിമാന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലായിരുന്നു അന്ത്യം.

1971 മുതല്‍ സുപ്രീംകോടതി അഭിഭാഷകനാണ്. 1972- 75 കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. 1991-ല്‍ രാജ്യം പദ്മഭൂഷണും 2007-ല്‍ പദ്മ വിഭൂഷണും നല്‍കി ആദരിച്ചു. 1999- 2005 വരെ രാജ്യസഭാംഗമായിരുന്നു. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബര്‍മയിലെ റങ്കൂണില്‍ 1929-ല്‍ ആയിരുന്നു ജനനം. 1950-ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1961-ല്‍ സീനിയര്‍ അഭിഭാഷകനായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നരിമാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവെച്ചത്.

വായ്പപ്പരിധി വെട്ടിക്കുറച്ചതടക്കം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നുകാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയത് ഫാലി എസ്. നരിമാന്‍ ആയിരുന്നു. കിഫ്ബിയും മസാലബോണ്ടുകളും ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി വന്നപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അദ്ദേഹത്തില്‍നിന്ന് നിയമോപദേശം തേടിയിരുന്നു. കേരള നിയമസഭ പാസാക്കിയ ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ രാജ്ഭവനില്‍ അനന്തമായി പിടിച്ചുവെച്ചപ്പോള്‍ നരിമാന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി വിശാല ബെഞ്ച് പരിശോധിക്കരുത് എന്നാവശ്യപ്പെട്ട് ഫാലി എസ്. നരിമാന്‍ ഹാജരായിരുന്നു. എന്നാല്‍, കേസില്‍ വിശദമായ വാദംകേള്‍ക്കല്‍ നടന്നിരുന്നില്ല. 2007-ല്‍ ലാവലിന്‍ കേസ് സുപ്രീംകോടതിയില്‍ ആദ്യമെത്തിയപ്പോള്‍ പിണറായി വിജയന് വേണ്ടി ഹാജരായതും നരിമാന്‍ ആയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Pin Up Casino Azərbaycan Qeydiyyat, Girişi, Oyunu</tg

Pin Up Casino Azərbaycan Qeydiyyat, Girişi, OyunuBir tərəfdən, bu,...

7 Greatest Real Money Online Roulette Sites 202

7 Greatest Real Money Online Roulette Sites 2024"Seven Best...

Mostbet-az90 Aparmaq Kazinoda Və Onlayn Mərclərdə Azərbaycan</tg

Mostbet-az90 Aparmaq Kazinoda Və Onlayn Mərclərdə AzərbaycanBu yazıda siz...

“En İyi Slot Siteleri: Güvenilir Ve Kazançlı Olanla

"En İyi Slot Siteleri: Güvenilir Ve Kazançlı OlanlarEn Çok...