തിരുവനന്തപുരം: ഹൈക്കോടതി വിധി മറികടന്ന് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കവുമായി സര്‍ക്കാര്‍. മൂന്നു പേരെ ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രതികളായ ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു കഴിഞ്ഞതായാണ് വിവരം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടാണ് പൊലീസിന് കത്ത് നല്‍കിയത്. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീല്‍ തള്ളിയായിരുന്നു ശിക്ഷ വര്‍ധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് വരുന്നത്.
ഹൈക്കോടതി വിധി മറി കടന്ന് ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി എംഎല്‍എയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമ. പ്രതികളെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് കെകെ രമ പറഞ്ഞു. ഇതിനെതിരെ കോടതിയെ സമീപിക്കും. രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്നും രമ പ്രതികരിച്ചു.
ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ജയില്‍ മാനുവലിന് വിരുദ്ധമാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. പരോള്‍ നല്‍കിയത് തന്നെ നിയമ വിരുദ്ധമാണ്. സിപിഎമ്മിന്റെ തിരുത്തല്‍ ഇതാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കേണ്ട. ജയില്‍ നിയമം ലംഘിച്ചവര്‍ കൂടിയാണ് പ്രതികളെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കൊടും കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് ഇളവ് നല്‍കുക സാധ്യമല്ല. ഓള്‍ ഇന്ത്യ സര്‍വീസുള്ള ഡിജിപി എങ്ങനെയാണ് ഇത് ചെയ്യുന്നത്. ഹൈക്കോടതി വിധി ലംഘിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിയമത്തിനു മുകളിലൂടെ പറക്കാനാണ് സര്‍ക്കാര്‍ ശ്രമം. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പ്രതികളെ മോചിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. പ്രതികള്‍ക്കെതിരെ മൊഴികൊടുത്ത 1200 കുടുംബങ്ങളേയും പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് ഇതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ആത്മഹത്യാപരമെന്ന് കോണ്‍ഗ്രസ് കെസി വേണുഗോപാല്‍. കേരളം ഒന്നടങ്കം എതിര്‍ക്കുമെന്ന് പറഞ്ഞ കെസി വേണുഗോപാല്‍ മനസാക്ഷിയെ മരവിപ്പിച്ച സംഭവമാണിതെന്നും ചൂണ്ടിക്കാട്ടി. ആലപ്പുഴ പ്രസ് ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി.
ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം കേരളത്തിനോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. ഇതിനെ ശക്തമായി എതിര്‍ക്കും. കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള വിചിത്രനായ നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.
ടിപി കേസിലെ പ്രതികള്‍ക്ക് 2000ലധികം പരോള്‍ ദിവസങ്ങളും ജയിലില്‍ വലിയ സൗകര്യങ്ങളുമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ശിക്ഷാ ഇളവും നല്‍കുന്നു. കേരളത്തിനോടുള്ള വെല്ലുവിളിയാണിത്. തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് ഇവര്‍ ഒന്നും പഠിച്ചിട്ടില്ല. ഇപ്പോഴും ബോംബ് ഉണ്ടാക്കുകയാണ്. ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. ഇരുണ്ട യുഗത്തിലാണ് സിപിഎമ്മെന്നും വിഡി സതീശന്‍ പറഞ്ഞു. ശിക്ഷ ഇളവ് കൊടുക്കരുതെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികള്‍ക്ക് ഇളവ് ശുപാര്‍ശ ചെയ്യാന്‍ ജയില്‍ അധികാരികള്‍ക്ക് എന്ത് അവകാശമാണുള്ളത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത വിവാദം; 4 കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിനെ ചൊല്ലിയുണ്ടായ വിവാദത്തിനൊടുവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി. 4 നേതാക്കളെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയ, മുന്‍ ഉദുമ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണന്‍ പെരിയ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
പ്രതിയുടെ സത്കാരത്തില്‍ പങ്കെടുക്കുകയും സത്കാരത്തിന് സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്തതിന് ശേഷവും പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന് കെപിസിസി ചൂണ്ടിക്കാട്ടി. കെപിസിസി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍.സുബ്രഹ്‌മണ്യന്‍, ജനറല്‍ സെക്രട്ടറി പിഎം നിയാസ് എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിരിക്കുന്നത്.
പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹ ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതോടെയാണ് വിവാദമായത്. കല്യാണത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു.
മത്തിക്ക് പിന്നാലെ പച്ചക്കറിയും കുതിക്കുന്നു
ചോറും പച്ചക്കറിയും മീനും കൂട്ടി ഇനി ഉച്ചയൂണ് കഴിക്കണമെങ്കില്‍ മലയാളിയുടെ കൈ പൊള്ളും. ഇപ്പോള്‍ ഇത് പറയാന്‍ കാരണം റോക്കറ്റ് പോലെ കുതിച്ചുകയറുന്ന പച്ചക്കറിയുടെ വിലയാണ്. ഇന്നത്തെ തക്കാളിയുടെ വില കേട്ടാലാണ് ഞെട്ടുന്നത്. പൊതുവിപണിയില്‍ തക്കാളിയുടെ വില 100 രൂപ കടന്നു. ഹോര്‍ട്ടി കോര്‍പ്പിന്റെ ഔട്ട്ലറ്റുകളിലും വില കുറവില്ല. 110 രൂപ.
കൊച്ചിയില്‍ തക്കാളിക്ക് 105 രൂപ. തിരുവനന്തപുരത്തെ സ്റ്റാളില്‍ 80 രൂപ. ഹോര്‍ട്ടി കോര്‍പ്പ് കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച് വില്‍ക്കുന്ന പച്ചക്കറികളുടെ വിലയും മുകളിലേക്ക് തന്നെയാണ്. ചെറിയ ഉള്ളി 88, ഇഞ്ചി 180, മുരിങ്ങയ്ക്ക് 122,കാരറ്റ് 70, പയര്‍ 80 ,വഴുതനങ്ങ 40,പടവലം 25, 40 രൂപ ആയിരുന്ന കടച്ചക്കയുടെ വില 60,വെണ്ടയ്ക്ക വില 25ല്‍ നിന്നും 45 രൂപയിലേക്കും വില ഉയര്‍ന്നു.
കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറി എത്തുന്നത് അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ്. മിക്ക സംസ്ഥാനങ്ങളിലും മഴ തുടങ്ങിയതോടെ സാധനങ്ങല്‍ വളരെ കുറച്ച് മാത്രം വരുന്നത് കൊണ്ടാണ് പച്ചക്കറികള്‍ക്ക് വിലകൂടാന്‍ കാരണം. വരും ദിവസങ്ങളിലും പച്ചക്കറിയുടെ വില ഗണ്യമായി കൂടാന്‍ സാധ്യതയുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന തിരിച്ചടികള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മലയാളിയെയാണ്. കേരളത്തില്‍ വളരെ കുറച്ചെങ്കിലും കൃഷിചെയ്യുന്നത് കപ്പയും ചേനയും പടവലങ്ങയും പാവയ്ക്കും മാത്രമാണ്. ഇതെല്ലാം ആവശ്യത്തിന് മാത്രമാണ് ലഭ്യമാകുന്നതും. ദിനംപ്രതി പച്ചക്കറികള്‍ക്ക് വില കൂടുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുകയാണ്. ഇനി വരും ദിവസങ്ങളിലും പച്ചക്കറി വില ഉയരാനാണ് സാധ്യതയുള്ളതും. ഇത്രയും വില കൂടിയിട്ടും സര്‍ക്കാരിന്‍രെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടായിട്ടുമില്ല. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിന്ന് വിമര്‍ശനമുയരുന്നുമുണ്ട്.
തമിഴാനാട്ടിലും കര്‍ണാടകയിലും മഴയുണ്ടാകുമ്പോള്‍, സാധനങ്ങള്‍ വരാതിരിക്കുമ്പോള്‍ , പച്ചക്കറികള്‍ക്ക് വിലകൂടുന്നത് സാധാരണമാണെന്ന് ഒരു വിഭാഗം പറയുമ്പോള്‍ സാധാരണക്കാരെ സംബന്ധിച്ച് ദിവസം തള്ളി നീക്കുക പ്രയാസമാണ്. പ്രത്യേകിച്ച് ഹോര്‍ട്ടികോര്‍പ്പിന്റെ ഔട്ട്‌ലെററുകളില്‍പോലും വില കുറവില്ലെന്ന് പറയുമ്പോള്‍. വരും ദിവസങ്ങളിലും പച്ചക്കറികള്‍ക്ക് വില കൂടാനാണ് സാധ്യത. ഇതിനെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുക്കുമെന്നാണ് സാധാരണ ജനങ്ങളുടെ ചോദ്യവും.
പച്ചക്കറികളൊടൊപ്പം പലവ്യഞ്ജനങ്ങളുടെയും ധാന്യങ്ങളുടെയും വില കുത്തനെ കുതിക്കുകയാണ്. തുവരപരിപ്പ് 170 ല്‍ നിന്ന്് 190 രൂപ, ചെറുപയര്‍ – 150, വന്‍പയര്‍ – 110, ഉഴുന്ന് പരിപ്പ് – 150, ഗ്രീന്‍പീസ് – 110, കടല – 125 എന്നിങ്ങനെയാണ് വിലനിലവാരം.
52 ദിവസത്തെ ട്രോളിംഗ് നിരോധനം കാരണം മത്സ്യത്തിനും പൊള്ളുന്ന വിലയാണ്. മത്തിക്ക് പ്രാദേശിക വിപണിയില്‍ വില 400 രൂപയാണ്. ട്രോളിംഗ് നിരോധനം അവസാനിക്കും വരെ തീ വില തുടരുമെന്നാണ് മന്ധ്യ ബന്ധന മേഖലയിലുള്ളവര്‍ പറയുന്നത. കൂടാതെ അയല ഉള്‍പ്പെടെയുള്ള മറ്റ് മത്സ്യങ്ങള്‍ക്കും വില ഉയര്‍ന്നു. ഉണക്കമീനിന്റെവിലയും ഉയരുകയാണ്. ഉണക്ക മത്തിയുടെ വിലയും 150 ല്‍ നിന്ന് 300- 320 രൂപയായി വര്‍ദ്ധിച്ചു. പല പ്രദേശങ്ങളില്‍ ഉണക്ക മത്തി കിട്ടാത്ത സാഹചര്യവുമാണ്. ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കുമ്പോള്‍ വില കുറയുമെന്നുള്ള പ്രതിക്ഷയിലാണ് ജനം.