യെമനിലെ ഹൂതികേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്കയുടേയും ബ്രിട്ടന്റെയും സംയുക്ത വ്യോമാക്രമണം. ശനിയാഴ്ച, 13 സ്ഥലങ്ങളിലെ 36 ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെയാണ് യു.എസും ബ്രിട്ടനും ആക്രമണം നടത്തിയത്. ചെങ്കടലിലെ കപ്പല്‍നീക്കത്തിനു നേരെ ഹൂതികള്‍ തുടര്‍ച്ചയായ ആക്രമണം നടത്തുന്നുണ്ട്. ഇതിന് മറുപടി എന്ന നിലയ്ക്കാണ് അമേരിക്കയും ബ്രിട്ടനും സംയുക്തമായി വ്യോമാക്രമണം നടത്തിയത്.
ജനുവരി 28-ന് ജോര്‍ദാനിലെ യു.എസ്. സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് അമേരിക്ക തിരിച്ചടി നല്‍കിയിരുന്നു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങള്‍ ആക്രമിച്ചായിരുന്നു യു.എസ്. മറുപടി. ഇതിന് തൊട്ടുപിന്നാലെയാണ് യെമനിലെ ഹൂതികേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം എന്നതും ശ്രദ്ധേയമാണ്.
ആഗോള വ്യാപാരത്തെയും നിരപരാധികളായ നാവികരുടെ ജീവനെയും അപകടത്തിലാക്കാനുള്ള ഹൂതികളുടെ ശേഷി തകര്‍ക്കലാണ് ആക്രമണത്തിലൂടെ ലക്ഷ്യമാക്കിയതെന്ന് ആക്രമണത്തിന് പിന്നാലെ പുറത്തുവിട്ട പ്രസ്താവനയില്‍ യു.എസും ബ്രിട്ടനും വ്യക്തമാക്കി. ഹൂതികളുടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍, മിസൈല്‍ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്ക് നേരെയാണ് യു.എസ്.-ബ്രിട്ടന്‍ ആക്രമണം നടന്നത്.
ചെങ്കടലിലെ കപ്പലുകളെ ആക്രമിക്കാന്‍ സജ്ജമായി നിന്ന ആറ് ഹൂതി കപ്പലുകള്‍ക്ക് നേരെ ശനിയാഴ്ച, യു.എസ്. ആക്രമണം നടത്തിയിരുന്നു. നവംബര്‍ മാസം മുതലാണ് ഹൂതികള്‍ ചെങ്കടലിലെ കപ്പലുകളെ ഉന്നംവെച്ചു തുടങ്ങിയത്. ഗാസയിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെയാണ് തങ്ങള്‍ ആക്രമിക്കുന്നത് എന്നാണ് ഇവരുടെ വാദം.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാനത്തിന്റെ മോശം ധനമാനേജ്‌മെന്റ്; കേരളത്തിനെതിരേ കേന്ദ്രം
കേരളത്തിന്റെ സാമ്പത്തിക ക്ലേശത്തിന് കാരണം ധന മാനേജ്‌മെന്റിലെ പിടിപ്പുകേടെന്ന് കേന്ദ്രം. കേരളത്തിന്റേത് അതീവ മോശം ധന മാനേജമെന്റ് ആണെന്നും കേന്ദ്രം കുറ്റപ്പെടുത്തി. എടുക്കുന്ന കടം ശമ്പളവും പെന്‍ഷനും ഉള്‍പ്പടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം ചെലവഴിക്കുന്നുവെന്നും കേന്ദ്രം കുറ്റപ്പെടുത്തി. കിഫ്ബിക്ക് സ്വന്തമായ വരുമാനസ്രോതസ്സ് ഇല്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാന ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് പ്രസംഗം നടത്താന്‍ പോകുന്നതിന്റെ തൊട്ടുമുമ്പാണ് കേരളത്തിലെ ധനകാര്യ സ്ഥിതി സംബന്ധിച്ച വിശദീകരണം അടങ്ങുന്ന കുറിപ്പ് കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറിയത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിന് എതിരെ കേരളം നല്‍കിയ സ്യൂട്ട് ഹര്‍ജിയിലാണ് കോടതിയെ കേന്ദ്രം നിലപാടറിയിച്ചത്. അടിയന്തരമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സംസ്ഥാന ബജറ്റിന് മുമ്പ് കോടതി പരിഗണിക്കണമെന്ന് കേരളം നേരത്തെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ധനകാര്യ കമ്മിഷനുകള്‍ ശുപാര്‍ശ ചെയ്തതിനേക്കാള്‍ തുക കേരളത്തിന് കൈമാറിയിട്ടുണ്ടെന്നാണ് കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അര്‍ഹതപ്പെട്ട കേന്ദ്രനികുതി, ധനകമ്മി ഗ്രാന്റുകള്‍, കേന്ദ്ര പദ്ധതികളുടെ പണം എന്നിവ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ടെന്നാണ് കേന്ദ്രവാദം.
ഉയര്‍ന്ന കടബാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. 2018 – 19-ല്‍ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 31 ശതമാനത്തിലധികമായിരുന്നു കടം. 2021 – 22 ആയപ്പോള്‍ ഈ തുക 39 ശതമാനമായി ഉയര്‍ന്നു. ദേശീയ ശരാശരി 29.8 ശതമാനം മാത്രമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എത്ര പള്ളികള്‍ പിടിച്ചെടുത്താലും അതിന്റെ ഇരട്ടി നിര്‍മിക്കുമെന്ന് പാത്രിയര്‍ക്കീസ് ബാവ
സഭാ കേസിന്റെ പേരില്‍ യാക്കോബായ സഭാവിശ്വാസികളായ പൂര്‍വികര്‍ പണിത എത്ര പള്ളികള്‍ പിടിച്ചെടുത്താലും അതിന്റെ ഇരട്ടി ദേവാലയങ്ങള്‍ ഭാരതത്തില്‍ നിര്‍മിക്കുമെന്ന് പാത്രിയര്‍ക്കീസ് ബാവ. തൃശ്ശൂര്‍ ചുവന്നമണ്ണ് ഗലീലിയന്‍ സെന്ററില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലാമത് ശ്ലൈഹികസന്ദര്‍ശനത്തിന്റെ ഭാഗമായാണ് ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഇന്ത്യയിലെത്തിയത്.
വിഭാഗീയതകള്‍ക്ക് നടുവില്‍ സാഹോദര്യവും സഹിഷ്ണുതയും സ്നേഹവും പുലരാന്‍ എന്തുചെയ്യാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ‘മതസ്വാതന്ത്ര്യവും വൈവിധ്യവും നിറഞ്ഞ മണ്ണാണ് ഇന്ത്യയുടേത്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടായിരം വര്‍ഷമായി ഭാരതത്തില്‍ ക്രൈസ്തവദേവാലയങ്ങളും സഭയും ഉള്ളത്. മലങ്കരയിലെ മക്കള്‍ ഒരിക്കലും പൗരാണിക വിശ്വാസത്തെ തള്ളിപ്പറയുന്നവരല്ല. നിങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവന്ന് ഓരോരുത്തരെയും അനുഗ്രഹിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍, സമയക്കുറവുമൂലമാണ് സാധിക്കാത്തത്,’ – പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു.
കഴിഞ്ഞ ഏഴു ദിവസമായി കര്‍ണാടകത്തിലും കേരളത്തിലുമായി നാല് ദേവാലയങ്ങളുടെ കൂദാശയാണ് നിര്‍വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഭദ്രാസനത്തിലെ വൈദികരുടെയും വിശ്വാസികളുടെയും നേതൃത്വത്തിലാണ് ബാവയ്ക്ക് സ്വീകരണമൊരുക്കിയത്. ദേശീയപാതയില്‍നിന്ന് ബാവയെ തുറന്ന ജീപ്പിലാണ് സമ്മേളനവേദിയിലേക്കാനയിച്ചത്. മുന്നില്‍ എന്‍.സി.സി. കേഡറ്റുകള്‍, പിന്നാലെ ഭദ്രാസനത്തിലെ വിവിധ ഭാരവാഹികള്‍, തൊട്ടുപിന്നില്‍ വൈദികര്‍, അതിനു പിന്നില്‍ സ്‌കൂള്‍ ബാന്‍ഡ്‌സെറ്റ് എന്നിവരുടെ അകമ്പടിയിലാണ് ബാവ കാത്തുനിന്നവരുടെ ഇടയിലേക്ക് കടന്നുവന്നത്.
സമ്മേളന വേദിയിലെത്തിയ ബാവയെ അള്‍ത്താര ശുശ്രൂഷകസംഘം അന്ത്യോഖ്യന്‍ പതാക വീശിയും മര്‍ത്തമറിയം വനിതാ സമാജാംഗങ്ങള്‍ പൂക്കള്‍ വിതറിയും സ്വീകരിച്ചു. തുടര്‍ന്നുനടന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് രാജ്യത്ത് ക്രൈസ്തവദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യമാണെന്നും സഹോദരങ്ങളെപ്പോലെ എല്ലാവരും സഹവര്‍ത്തിക്കേണ്ട സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മലങ്കര മെത്രാപ്പോലീത്ത ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ് അധ്യക്ഷനായി. തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോര്‍ ക്ലിമ്മീസ്, ഭദ്രാസനസെക്രട്ടറി ഫാ. ജെയ്‌സണ്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
അങ്കമാലി ഭദ്രാസനാധിപന്‍ എബ്രഹാം മോര്‍ സേവേറിയോസ്, കല്‍ദായ സുറിയാനി സഭ മെത്രാപ്പോലീത്ത ഔഗിന്‍ മാര്‍ കുര്യാക്കോസ്, സെമിനാരി മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍ തെയോഫിലോസ്, അമേരിക്ക ആര്‍ച്ച് ഭദ്രാസനം മെത്രാപ്പോലീത്ത എല്‍ദോ മോര്‍ തീത്തോസ്, മേയര്‍ എം.കെ. വര്‍ഗീസ്, മെത്രാപ്പോലീത്തമാരായ ഏലിയാസ് മോര്‍ യൂലിയോസ്, മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ്, മാര്‍ക്കോസ് മോര്‍ ക്രിസ്റ്റഫോറസ്, മോര്‍ ഔഗേന്‍ അല്‍ഖൂറി, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡി. കെ. പോള്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.
ഇസാഫ് ബാങ്ക്, ഭദ്രാസനപ്രതിനിധികള്‍, മര്‍ത്തമറിയം വനിതാസമാജം, എം.ജെ.എസ്.എസ്.എ. വിവിധ സംഘടനകള്‍ എന്നിവര്‍ ബാവയ്ക്ക് ഉപഹാരങ്ങള്‍ നല്‍കി. തുടര്‍ന്ന് ഭദ്രാസനാസ്ഥാനത്ത് നിര്‍മിക്കുന്ന സെയ്ന്റ് ജോസഫ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ശിലാസ്ഥാപനവും ബാവ നിര്‍വഹിച്ചു.
‘സമരാഗ്‌നി’ കേരളത്തില്‍ കത്തിക്കുമോ?
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന ‘സമരാഗ്‌നി’ ജനകീയ പ്രക്ഷോഭയാത്രയക്ക് വന്‍ ഒരുക്കങ്ങള്‍. ഫെബ്രുവരി ഒമ്പതിനാണ് സമരാഗ്‌നി ആരംഭിക്കുന്നത്. വൈകീട്ട് നാലിന് കാസര്‍ഗോഡ് മുനിസിപ്പല്‍ മൈതാനത്ത് ആരംഭിക്കുന്ന സമരാഗ്നി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി നിര്‍വ്വഹിക്കും. 29ന് ജാഥ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും.
കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, കെ.പി.സി.സി പ്രചാരണ സമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍, കെ.പി.സി.സി ഭാരവാഹികള്‍, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, എം.പിമാര്‍, എം.എ.ല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടിക്കൊണ്ടായിരിക്കും സമരാഗ്നി പതിനാല് ജില്ലകളിലും പര്യടനം നടത്തുക. മുപ്പത്തിലധികം മഹാസമ്മേളനങ്ങളാണ് സമരാഗ്നിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. കോഴിക്കോട് കടപ്പുറത്തും കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലും തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തും തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്തും ഉള്‍പ്പെടെ മുഴുവന്‍ സ്ഥലങ്ങളിലും മഹാറാലികളും സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി സംഘടിപ്പിക്കും.
മഹാസമ്മേളനങ്ങളില്‍ പതിനഞ്ച് ലക്ഷത്തോളം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് അണിനിരത്തും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മൂന്ന് വീതം പൊതുസമ്മേളനവും കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ രണ്ടുവീതവും കാസര്‍ഗോഡ്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ ഒന്നുവീതവും പൊതുസമ്മേളനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ നടക്കുന്ന മഹാസമ്മേളനങ്ങളില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും സംസ്ഥാനത്തെ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളും പങ്കെടുക്കും. സമരാഗ്നി ജനകീയപ്രക്ഷോഭ യാത്രയുടെ വിജയത്തിനായി വിവിധ ഉപസമിതികള്‍ക്കും കെ.പി.സി.സി രൂപം നല്‍കിയിട്ടുണ്ട്.
സമാരാഗ്‌നിയ്ക്കായി വന്‍ ഒരുക്കങ്ങളാണ് കെപിസിസി നടത്തുന്നത്. ഒന്‍പത് വാഹനങ്ങളാണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്. കെപിസിസിയുടെ മാധ്യമ, പ്രചരണ വിഭാഗവും ഡിജിറ്റല്‍ മീഡിയ സെല്ലും ചേര്‍ന്നാണ് പ്രചരണ പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നത്. സോഷ്യല്‍ മീഡിയയെ പ്രധാന പ്രചരണവേദിയാക്കിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. പോസ്റ്ററുകള്‍, റീല്‍സ്, ഷോര്‍ട്സ് എന്നിങ്ങനെ യുവാക്കളെ ആകര്‍ഷിക്കാനായി കെപിസിസിയുടെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കൊച്ചിയിലാണ് പ്രചാരണത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നതെങ്കിലും, കണ്ണൂരിലാണ് സമരാഗ്‌നിയുടെ ചുക്കാന്‍ പിടിക്കുന്നത്. ഈ പ്രചരണ സാമഗ്രികള്‍ മണ്ഡലം കമ്മിറ്റി തലത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരിലേക്ക് എത്തിക്കുന്നത്. അവിടെ നിന്ന് ബൂത്തു തലത്തിലേക്കും. ഇതിനായി ശക്തമായ നെറ്റ്വര്‍ക്ക് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
യാത്ര കടന്നു പോകുന്ന വഴികളില്‍ പലയിടത്തും ഉയര്‍ന്നിരിക്കുന്ന ഹോര്‍ഡിങ്ങുകളില്‍ ഉള്ളത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വിമര്‍ശനങ്ങളാണ്. ‘എല്‍ഡിഎഫ് എന്ത് ഉറപ്പാക്കി?’ എന്നതാണ് ഇതിലെ പൊതുവായ ചോദ്യം. ഇതിനുള്ള ഉത്തരങ്ങളായി കേരളത്തില്‍ ചര്‍ച്ചയായ വിവിധ വിഷയങ്ങളും ഇടംപിടിക്കുന്നു. ‘സഹകരണ ബാങ്ക് കൊള്ള ഉറപ്പാക്കി’, ‘പിന്‍വാതില്‍ നിയമനം ഉറപ്പാക്കി’, ‘നാടു മുഴുവന്‍ ബാറുകള്‍ ഉറപ്പാക്കി’, ‘കര്‍ഷക ആത്മഹത്യ ഉറപ്പാക്കി’, ‘മകള്‍ക്ക് മാസപ്പടി ഉറപ്പാക്കി’, ‘കുട്ടികളുടെ ഉച്ചക്കഞ്ഞി മുട്ടിച്ചുവെന്ന് ഉറപ്പാക്കി’, ‘ക്ഷേമ പെന്‍ഷനുകള്‍ നിര്‍ത്തി എന്നുറപ്പാക്കി’ തുടങ്ങി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന വിഷയങ്ങളെല്ലാം ഈ പ്രചരണ ബോര്‍ഡുകളിലുണ്ട്. ‘ബിജെപി എന്തുറപ്പാക്കി’ എന്ന ചോദ്യവുമായി കേന്ദ്ര സര്‍ക്കാരിനെതിരെയുമുണ്ട് വിമര്‍ശനം. ആകെ 140 വിഷയങ്ങളാണ് ഇരു സര്‍ക്കാരുകളെയും വിമര്‍ശിക്കാനായി കോണ്‍ഗ്രസ് പ്രചരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കാസര്‍കോട്ടുനിന്ന് ആരംഭിക്കുന്ന യാത്രയില്‍ 30ഓളം സ്ഥലങ്ങളില്‍ നേതാക്കളുടെ പൊതുപരിപാടി ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവിടെയെല്ലാം വലിയ തോതിലുള്ള ജനപങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കൊണ്ടുള്ള യാത്രയില്‍ ഇടത് പക്ഷത്തിന്റെ ജന വിരുദ്ധ വോട്ടുകള്‍ ഉറപ്പാക്കുക തന്നെയാണ് ഈ യാത്രയുടെ ലക്ഷ്യം. തൃശൂരില്‍ നടക്കുന്ന മഹാസമ്മേളനത്തോടെ തെരഞ്ഞെടുപ്പ് പോരിലേക്ക് അണികളെ സജ്ജമാക്കാനാവുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതിന്റെ പ്രതിഫലനം കൊണ്ട് സമാരഗ്‌നിയിലേക്ക് അണികളൊഴുകുമെന്നാണ് കെപിസിസിയുടെ പ്രതീക്ഷ.
ലോക്‌സഭ തിരഞ്ഞെടുപ്പ്: രണ്ട് പോരാ, തമിഴ്‌നാട്ടില്‍ കൂടുതല്‍ സീറ്റ് വേണമെന്ന് സിപിഎം, ഡിഎംകെയുമായി ചര്‍ച്ച
വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെയോട് അധിക സീറ്റ് ചോദിച്ച് സിപിഎം. തമിഴ്‌നാട്ടില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാക്കളും സിപിഎം നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. 15 മിനുട്ട് മാത്രമാണ് ചര്‍ച്ച നീണ്ടുനിന്നത്. കഴിഞ്ഞ തവണ രണ്ടു സീറ്റുകളിലാണ് സിപിഎം മത്സരിച്ചിരുന്നത്. ഇത്തവണ രണ്ട് സീറ്റ് പോരെന്നും അഞ്ച് സീറ്റ് എങ്കിലും വേണമെന്നുമാണ് സിപിഎം നേതാക്കളുടെ ആവശ്യം. കഴിഞ്ഞ തവണ കോയമ്പത്തൂരിലും മധുരയിലുമാണ് സിപിഎം മത്സരിച്ചിരുന്നത്. ഇതിനുപുറമെ നാഗപ്പട്ടണം, തെങ്കാശി, കന്യാകുമാരി സീറ്റുകള്‍ കൂടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നാഗപ്പട്ടണവും തിരുപ്പൂരും കഴിഞ്ഞ തവണ സിപിഐ മത്സരിച്ച മണ്ഡലങ്ങളാണ്. കോയമ്പത്തൂര്‍ സീറ്റ് കമല്‍ഹാസന്റെ പാര്‍ട്ടിക്ക് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അധിക സീറ്റ് ആവശ്യവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും പ്രാരംഭ ഘട്ട ചര്‍ച്ച മാത്രമാണ് നടന്നതെന്നും സ്‌പെയിനില്‍നിന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തിരിച്ചെത്തിയശേഷം വീണ്ടും ചര്‍ച്ച തുടരുമെന്നുമാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. രണ്ടാം ഘട്ട ചര്‍ച്ചയിലായിരിക്കും സീറ്റുകള്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുക.
അയോധ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീയണക്കാനാണ് സാദിഖലിയുടെ ശ്രമം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍
അയോധ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീയണക്കാനാണ് സാദിഖലി തങ്ങള്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എതിരാളികളുടെ ലക്ഷ്യം വിദ്വേഷത്തിന്റെ കാമ്പയിനാണെന്നും ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും വി.ഡി. സതീശന്‍ തൃശ്ശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അയോധ്യയുമായി ബന്ധപ്പെട്ട് എല്ലാവരും വെള്ളത്തിന് തീ പിടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ തീ അണയ്ക്കാനാണ് സാദിഖലി തങ്ങള്‍ സംസാരിക്കുന്നത്. ഇരുവശങ്ങളിലുമുള്ള തീവ്രവാദ സ്വഭാവമുള്ള ആളുകളിലേക്ക് വിഷയം എത്തിക്കാതിരിക്കാനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്. വെള്ളത്തിന് തീ പിടിപ്പിക്കാന്‍ തീവ്രവാദ സ്വഭാവമുള്ള ആളുകള്‍ ശ്രമിക്കുന്ന കാലത്ത് സമാധാനത്തിനുവേണ്ടി സംസാരിക്കുന്നതുതന്നെ വലിയ കാര്യമാണ്, വി.ഡി. സതീശന്‍ പറഞ്ഞു.
മൂന്ന് സീറ്റ് എന്നത് ലീഗിന്റെ അര്‍ഹതപ്പെട്ട ആവശ്യമെന്ന് പറഞ്ഞ വി.ഡി. സതീശന്‍, അതിനെ ഒരിക്കലും കോണ്‍ഗ്രസ് ചോദ്യംചെയ്യില്ലെന്നും കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനൊപ്പം ആത്മാര്‍ത്ഥമായി നില്‍ക്കുന്ന ഘടകകക്ഷിയാണ് ലീഗ്. യു.ഡി.എഫിന്റെ നട്ടെല്ലായി നില്‍ക്കുന്ന ലീഗുമായി ആലോചിച്ചാണ് എല്ലാം ചെയ്യുന്നത്. അവരുമായുള്ള സഹോദര ബന്ധത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കില്ലെന്നും സതീശന്‍ പറഞ്ഞു. കേരളത്തിലെ മുതിര്‍ന്ന സാഹിത്യകാരന്മാര്‍ സാഹിത്യ അക്കാദമിക്കെതിരേ ഉയര്‍ന്ന ആരോപണം സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ എല്ലാവരും ബഹുമാനിക്കുന്ന സച്ചിദാനന്ദനാണ് അക്കാദമിയുടെ തലപ്പത്ത് ഇരിക്കുന്നത്. അദ്ദേഹമല്ല പ്രശ്‌നം. അക്കാദമിയെ സി.പി.എം രാഷ്ട്രീയവത്ക്കരിച്ച് പാര്‍ട്ടി ഓഫീസ് പോലെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. സച്ചിദാനന്ദനെ ആലങ്കാരിക സ്ഥാനത്ത് ഇരുത്തി വേറെ ചില ആളുകള്‍ അക്കാദമിയെ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുകയാണ്. ആ രാഷ്ട്രീയവത്ക്കരണത്തിന്റെ അനന്തരഫലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിഷയം. ഇത് സര്‍ക്കാര്‍ തന്നെ പരിഹരിക്കണം. സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളെ സ്വതന്ത്രമായി വിടണം. സര്‍ക്കാരും സി.പി.എമ്മും എല്ലായിടത്തും കൈകടത്തുന്ന ഡീപ്പ് സ്റ്റേറ്റായി മാറിയിരിക്കുകയാണ്’, പ്രതിപക്ഷ നേതാവ് ആരോപിച്ചു.