വാളയാറിലെ തല മുണ്ഡനം ചെയ്‌തൊരമ്മ. ആ കണ്ണിൽ നിന്നും പെയ്തൊഴിയുന്നത് കണ്ണുനീർ അല്ല. ചോര തുള്ളികളാണ്. നാല് വർഷത്തിനിപ്പുറവും ആ ‘അമ്മ കാത്തിരിക്കുന്നത് നീതിദേവത കനിയുമെന്ന വിശ്വാസത്തിലും… ചോര നീരാക്കണ വാർക്കപ്പണിയ്ക്ക് പോയാണ് ആ ‘അമ്മ തന്റെ മക്കളെ നോക്കിയത്. മൂന്നു മക്കളുടെ അമ്മയാണ്. അതിൽ മൂത്ത രണ്ടാളും പെൺകുട്ടികളും.
ചെറുപ്പം മുതലേ ഒരുപാട് കഷ്ടതകൾ അനുഭവിച്ചാണ് ആ സ്ത്രീ ഇവിടെ വരെയെത്തിയത്. അഞ്ചാം ക്‌ളാസ് വിദ്യാഭ്യാസം മാത്രമുണ്ടയിരുന്ന ആ ‘അമ്മ ഹോട്ടലിൽ പത്രം കഴുകാൻ പോയാണ് തന്റെ വീട് നോക്കിയിരുന്നത്. പിന്നീട് കഷ്ടപ്പാടുകൾ കണ്ട് തൃശൂർ ചൂണ്ടലിൽ കന്യാസ്ത്രി മഠത്തിൽ വയ്യാതെ കിടക്കുന്ന അമ്മമാരേ നോക്കുന്ന പണി കന്യാസ്ത്രീമാർ തന്നെ തരപ്പെടുത്തിക്കൊടുത്തു.. പിന്നീട് അവിടെ നിന്നും പടിയിറങ്ങി, 22 വയസു വരെ ഗുരുവായൂർ ബഥനിയിൽ. വയ്യാതെ കിടക്കുന്ന അച്ഛന്റെ അസുഖം കൂടിയതോടെ തിരിച്ച് വീട്ടിലേക്ക്…
വീട്ടിലെ പട്ടിണി കണ്ട് വളർന്ന ആ പെൺകുട്ടി പിന്നീട് കോൺഗ്രീറ്റ് പണിക്ക് പോയി കുടുംബം നോക്കി. അവിടെ വെച്ചാണ് പ്രണയവും വിവാഹവും. ഒരു മാസം കഴഞ്ഞപ്പോഴാണ് അറിയുന്നത് അയാൾക്ക് വേറെ ഭാര്യയും മക്കളും ഉണ്ടെന്ന്. അതോടെ അയാളെ ഒഴിവാക്കിയെങ്കിലും അവൾ ഒരു മാസം ഗർഭിണിയും ആയിരുന്നു.
അഞ്ച് മാസം കഴിഞ്ഞപ്പോൾ കൂടെ തൊഴിൽ ചെയ്യുന്ന ഒരാൾ പ്രണയം പറഞ്ഞു. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം …. നാല് മാസം കഴിഞ്ഞപ്പോൾ ആദ്യത്തെ കണ്മണിയും എത്തി… പിന്നെ ഒരു മോളും മോനും… അങ്ങനെ മൂന്നു മക്കൾ.
ബഥനി മഠത്തിലാണ് ആ ‘അമ്മ തന്റെ പെണ്മക്കളെ നോക്കാൻ ഏൽപ്പിച്ചിരുന്നത്. പത്ത് വയസിൽ ആദ്യത്തെ മോൾ പ്രായപൂർത്തിയായി. periods അറിയാത്ത അവൾക്ക് അത് എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ പാവാടയിൽ മുഴുവൻ ചോര ആയപ്പോൾ അവളെ കൂട്ടുകാരികൾ കളിയാക്കി. അത് അവളിൽ സങ്കടം ഉണ്ടാക്കിയതോടെ രണ്ട് പെൺമക്കളെയും തിരിച്ച് വീട്ടിലേക്ക് കൊണ്ട് വന്നു. അങ്ങനെ രണ്ട് പേരെയും അവിടെയുള്ള സ്‌കൂളിൽ ചേർത്തു.
രണ്ട് പേർക്കും വാർക്കപ്പണി ആയതുകൊണ്ട് ഒരാളുടെ പൈസ മുഴുവൻ വീട്ടുചിലവിനും ഒരാളുടെ പൈസ ചിട്ടിയും മറ്റു കാര്യങ്ങൾക്കെല്ലാം എടുത്തു വയ്ക്കും. കാരണം മൂന്നു മക്കളെ നോക്കണം. രണ്ട് പെണ്മക്കളാണ്, പഠിപ്പിക്കണം, വീട് വയ്ക്കണം, കെട്ടിച്ചു വിടണം….
അതായിരുന്നു സാധാരക്കാരായ ആ മാതാപിതാക്കളുടെ മനസ് മുഴുവൻ. എന്നാൽ 2017 ജനുവരി 13 ആ കുടുംബത്തിന്റെ സ്വപ്നങ്ങളെല്ലാം പാടെ തകർത്തു കളഞ്ഞു. മൂത്ത മകൾ പതിമൂന്നു വയസുകാരിയെ ഒറ്റ മുറി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ആ മരണം തനിക്ക് ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും രണ്ട് പെൺകുട്ടികളുടെ ജീവിതം രക്ഷിക്കാൻ മകൾ നേരിട്ട പീഡനം മറച്ചു വെച്ചുവെന്നുമായിരുന്നു മകകളുടെ മരണത്തെ കുറിച്ച് ആ ‘അമ്മ പറയുന്നത്…. ആ സംഭവം ആ ‘അമ്മ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്…
“ക്ലാസില്ലാത്ത ദിവസങ്ങളിൽ അവർ എന്റെ അമ്മയുടെ വീട്ടിൽ പോകാറാണ് പതിവ്. ഞങ്ങൾ രണ്ടാളും വൈകുന്നേരം പണി കഴിഞ്ഞു വരുമ്പോൾ രണ്ടാളെയും കൂട്ടിക്കൊണ്ട് വരും. പണി സ്ഥലത്ത് നിന്നും കിട്ടുന്ന പൊറോട്ടയും ബിരിയാണിയുമെല്ലാം കഴിക്കാതെ മക്കൾക്ക് കൊടുക്കാൻ കൊണ്ട് വരും.
ഇതിനിടയിൽ ഭർത്താവിന് നടക്കാൻ കഴിയാതെ കയ്യിൽ ചെരുപ്പിട്ട് ഇഴഞ്ഞാണ് നടന്നിരുന്നത്. മക്കളാണ് ഭർത്താവിനെ നോക്കിയിരുന്നത്. ഒരു ദിവസം ഭർത്താവിനെ കാണാൻ എന്ന പേരിൽ എന്റെ ചെറിയച്ചന്റെ മോനും ചേച്ചിയുടെ മോനും വന്നിരുന്നു. ഒരു ദിവസം ചെറിയച്ഛന്റെ മോൻ ഒറ്റയ്ക്ക് വന്നിരുന്നു. ഭർത്താവിനെ കണ്ട ശേഷം അവൻ തിരിച്ചു പോയി.
അന്ന് ഭർത്താവ് വെള്ളം ചോദിച്ച് മക്കളെ വിളിച്ചു കൊണ്ട് ഇരുന്നു. ആരും വിളി കേൾക്കാത്തത് കൊണ്ട് ഭർത്താവ് പുറത്തേക്ക് ഇഴഞ്ഞു പോയി നോക്കി. മുറ്റത്തെത്തിയ ചേട്ടൻ കാണുന്നത് അവൻ മൂത്ത മോളെ ചുമരിൽ ചാരി നിർത്തി എന്തൊക്കെയോ ചെയ്യുന്നതാണ്. ചേട്ടൻ ബഹളം വെച്ചപ്പോൾ അവൻ പറമ്പിലൂടെ ഓടി രക്ഷപ്പെട്ടു. രണ്ട് മക്കളെ അവൻ അടുത്ത വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. ഞാൻ പണി കഴിഞ്ഞു വരുമ്പോൾ ചേട്ടൻ പുറത്തിരുന്നത് കരയുന്നതാണ് ഞാൻ കണ്ടത്.
കാര്യങ്ങളറിഞ്ഞപ്പോൾ മോളോട് ചോദിച്ചു, എന്താ ഇതൊന്നും അച്ഛനോടും അമ്മയോടും പറയാത്തതെന്ന്. അപ്പൊ മോള് പറഞ്ഞത്, അച്ഛനെയും, അമ്മയെയും, സ്വത്തിനെയും, അപ്പുനെയും കൊല്ലുമെന്ന് പറഞ്ഞിട്ടാണെന്നായിരുന്നു. അതും പറഞ്ഞ് അവൾ എന്റെ മോൾ പൊട്ടിക്കരഞ്ഞു. അപ്പോൾ തന്നെ ഞൻ അവന്റെ വീട്ടിൽ പോയി, ആദ്യം ഒരു അടി കൊടുത്തു” ഇതാണ് ആ സംഭവത്തിന്റെ തുടക്കം.
കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ ആ അമ്മയെ ആശ്വസിപ്പിച്ചു വിട്ട ഒരു കുടുംബം. തങ്ങളുടെ മകളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. അത് മുടങ്ങും. ഒരു പെൺകുട്ടിയോട് ജീവിതം രക്ഷിക്കാൻ വേണ്ടി സ്വന്തം മകളെ ബലി കൊടുക്കേണ്ടി വന്നൊരമ്മ. ഇനി അങ്ങനെയൊന്നും ഉണ്ടാകാതെ അവർ നോക്കിക്കോളാമെന്ന അവരുടെ വാക്ക് വിശ്വസിച്ച് എല്ലാം മറന്നു വീട്ടിൽ എത്തി.
ആദ്യ മകൾ മരണപ്പെടുന്ന ദിവസം അവൾക്ക് സ്‌കൂൾ ഉണ്ടായിരുന്നു. പക്ഷെ വയറു വേദന ആയതുകൊണ്ട് പോയില്ല. അതുകൊണ്ട് രണ്ടാമത്തെ മകളെയും കൂട്ടി വീട്ടിൽ ഇരുന്നോളാൻ പറഞ്ഞു ആ ‘അമ്മ പണിക്ക് പോയി. ചെടികളൊട് വലിയ ഇഷ്ടമായിരുന്നു ആ മോൾക്ക്.
അന്ന് ഉച്ചയ്ക്ക് ഇളയ മോൻ അമ്മമ്മയ്ക്കൊപ്പം ശബരിമലയ്ക്ക് പോകാൻ മാലയിടാൻ അമ്പലത്തിൽ പോയി. അത് കഴിഞ്ഞ് തറവാട്ടിൽ കെട്ടിയിരുന്ന ആടിനെ അഴിച്ചിട്ടു വരാനും ആടിനെ തീറ്റിക്കാൻ പോകാമെന്നും പറഞ്ഞ് രണ്ടാമത്തെ മോളെ പറഞ്ഞയച്ചു. അവൾ വരുമ്പോഴേക്കും കുളിച്ച് നിൽക്കാമെന്നും പറഞ്ഞ് കുളിച്ചിട്ടിടാനുള്ള ഡ്രെസ്സും കട്ടിലിൽ എടുത്തു വെച്ചു…
ആടിനെയും കൊണ്ട് തിരിച്ചെത്തിയ രണ്ടാമത്തെ മകൾ വരുമ്പോൾ വീടിന്റെ അടുത്ത് നിന്നും രണ്ടാൾ ടവ്വൽ കൊണ്ട് മുഖം മറച്ച് പോകുന്നത് കണ്ടു. ഉടൻ വീട്ടിലെക്ക് നടന്നു. അന്ന് കണ്ട ആ കാഴ്ച്ചയെ കുറിച്ച് രണ്ടാമത്തെ മകൾ പറഞ്ഞത് ഇങ്ങനെയാണ്,
ഞാൻ ആടിനെയും കൊണ്ട് വരുമ്പോൾ വീടിനടുത്തു കൂടി രണ്ടാൾ ടവ്വൽ കൊണ്ട് മുഖം മറച്ചു പോകുന്നത് കണ്ടു. ഞാൻ വീട്ടിലേക്ക് ഓടിച്ചെന്നു. അപ്പൊ ചേച്ചി തല കുമ്പിട്ടു നിൽക്കുന്നതാണ് കണ്ടത്. അടുത്ത് ചെന്നു നോക്കുമ്പോൾ കഴുത്തിൽ ഒരു കെട്ട്. ചേച്ചി തൂങ്ങിയാടുന്നത് കണ്ടപ്പോൾ ഞാൻ വേഗം കസേര കൊണ്ട് കൊടുത്തു…….”
ഒൻപത് വയസുകാരിയുടെ വാക്കിനു അന്ന് ഒരു പോലീസുകാരനും വില കൊടുത്തില്ല. എങ്കിൽ ഒരു മോളെയെങ്കിലും തിരിച്ചു കിട്ടുമായിരുന്നെന്ന് ആ അമ്മയും… അന്ന് തന്നോട് ഇനിയൊരിക്കലും ആ വീട്ടിലേക്ക് വരില്ലെന്ന് പറഞ്ഞവർ നിരന്തരം വരാറുണ്ടായിരുന്നെന്ന് അയൽവാസികളും ആണയിട്ടു പറഞ്ഞു. എല്ലാവരും അവന് നേരെ വിരൽ ചൂണ്ടിയപ്പോൾ പോലീസ് അവനെ അറസ്റ്റ് ചെയ്തു. അവൻ കുറ്റം സമ്മതിച്ചു. പക്ഷെ…
മൂത്ത മകളുടെ മരണ ശേഷം രണ്ടാമത്തെ മകൾ ഇപ്പോഴും പറയുമായിരുന്നു, ചേച്ചീനെ ഇങ്ങനെ ചെയ്തവരെയൊക്കെ താൻ വലുതായിട്ട് ശിക്ഷിക്കുമെന്ന്. അവൾ വരയ്ക്കുന്ന വീട്ടിൽ ഇപ്പോഴും മൂത്തമകളും ഉണ്ടാവാറുണ്ടായിരുന്നു. അവൾ എപ്പോഴും പറയുമായിരുന്നു ചേച്ചി അങ്ങനെ ഒന്നും ചെയ്യില്ലെന്നും ചേച്ചിയെ ആരോ കൊന്നതാണെന്നും.
മരണത്തിന്റെ ചടങ്ങുകളും വീട് ചിലവും എല്ലാം കൂടെ ആയപ്പോൾ കടം കൂടി.. അങ്ങനെ മൂത്ത മകൾ മരിച്ച് നാല്പതാം ദിവസം ആ അമ്മയുമച്ഛനും രണ്ട് മക്കളെയും അവരുടെ അമ്മയുടെ വീട്ടിലാക്കി പണിക്ക് പോയി. അവർ എപ്പോഴും അമ്മയോട് പറയുമായിരുന്നു സ്വത്തുക്കുട്ടിയെ തനിച്ചാക്കി എവിടെയും പോകരുതെന്ന്.
രണ്ടാമത്തെ മകളുടെ മരണ ദിവസം ആ ‘അമ്മ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്, അന്ന് ഒരു മൂന്നു മണി ആയപ്പോൾ ആടിനെ മേയ്ക്കാൻ ഇറങ്ങി. രണ്ടാമത്തെ മകളെയും വിളിച്ചു. പക്ഷെ അവൾ വരുന്നില്ലെന്ന് പറഞ്ഞപ്പോ ചെറിയ മോനെയും കൊണ്ട് ‘അമ്മ പോയി.
ഞങ്ങൾ പണി കഴിഞ്ഞു വരുമ്പോൾ മക്കൾക്ക് ബിസ്ക്കറ്റ് മേടിക്കാനെന്ന് പറഞ്ഞ് ചേട്ടൻ ഒരു കടയിൽ കയറി. ഞാൻ വീടിന്റെ പിന്നാമ്പുറത്തു കൂടെ വരുമ്പോൾ വീട് മുഴുവൻ ഇരുട്ടായിരുന്നു. മോളെ കുറെ വിളിച്ചിട്ടും മോള് മിണ്ടുന്നില്ല. ലൈറ്റ് ഇട്ടു നോക്കിയപ്പോൾ ജനാലയുടെ അടുത്ത് തല കുമ്പിട്ടു നിൽക്കുന്നു.
എന്താ ‘അമ്മ വിളിച്ചിട്ടും മിണ്ടാത്തതെന്ന് ചോദിച്ചു അടുത്ത് ചെന്നപ്പോഴാണ് കഴുത്തിൽ മുണ്ട് കുരുങ്ങി കിടക്കുന്നത് കണ്ടത്. അത് കണ്ടതും എന്റെ ഉടലിൽ കൊള്ളിയാൻ മിന്നി. പലഹാരപ്പൊതി മേടിച്ചു വരുന്ന ചേട്ടനോട് ആളുകൾ കാര്യം പറഞ്ഞപ്പോൾ ജങ്ഷനിൽ നിന്നും ചേട്ടൻ ഓടി വന്നു.
ആ അച്ഛൻ തന്റെ പൊന്നോമനയെ വാരിയെടുത്തതും കെട്ടഴിഞ്ഞ് കഴുത്തിലേക്ക് വീണു. മൂത്ത മകൾ മരിച്ച് അൻപത്തി രണ്ടാമത്തെ ദിവസം രണ്ടാമത്തെ മകളും അതേ രീതിയിൽ തന്നെ കൊല്ലപ്പെട്ടു. രണ്ട് മക്കളുടെയും പോസ്റ്മോർട്ട റിപ്പോർട്ട് ഒരുമിച്ചെത്തി.
രണ്ട് പേരും അതിക്രൂരമായി ലൈംഗിക പീഡനത്തിരയായിട്ടുണ്ട്. പ്രതികളെ അന്ന് രാത്രി ഏഴ് മണിയോടെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സ്ഥലത്തെ പ്രമുഖ രാഷ്ട്രീയ നേതാവ് ഫോൺ വിളിച്ചു പറഞ്ഞത് അനുസരിച്ച് രാത്രി ഒരു മണിക് നേതാക്കന്മാർ അവരെ ഇറക്കുകയും ചെയ്തു.
പോലീസിനോട് കേസിനെ കുറിച്ച് എന്ത് ചോദിച്ചാലും ആ പാവം അച്ചനും അമ്മയ്ക്കൾക്കും നേരെ തട്ടിക്കയറും. അവസാനം അവരുടെ സംശയത്തിന്റെ നിഴലിൽ ആ പാവം അച്ഛന്റെ പേരും എഴുതി ചേർക്കപ്പെട്ടു. രണ്ട് പെണ്മക്കൾ ക്രൂരമായി കൊല ചെയ്യപ്പെട്ടതിന്റെ വേദനയിൽ ഉരുകി തീരുന്ന ആ അച്ഛനോട് അവർ പറഞ്ഞു കുറ്റം ഏറ്റെടുത്താൽ രക്ഷിക്കാമെന്ന്.
അത് നടക്കാതെ വന്നതോടെ അയൽവീട്ടിലെ ഒരു ചെക്കന് നേരെയും സംശയം ഉന്നയിച്ചു. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ആ അപമാനം സഹിക്കാൻ വയ്യാതെ അവൻ ആത്മഹത്യാ ചെയ്തു. തങ്ങളുടെ ഏക മകനെയും അവർ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് ആ ‘അമ്മ ഇപ്പോൾ പറയുന്നത്. അപ്പോഴും ആ ‘അമ്മ ഉന്നയിക്കുന്നത് ഒരു ചോദ്യം മാത്രം. ആരെ രക്ഷിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്?
അവർ തന്റെ രണ്ടാമത്തെ മകളെ കൊന്നത് തെളിവ് ഇല്ലാതാക്കാനാണെന്നാണ് ആ ‘അമ്മ പറയുന്നത്. തന്റെ ചെറിയച്ഛന്റെ മകനും ചേച്ചിയുടെ മകനുമാണ് പ്രതികൾ. അവരെല്ലാവരും കല്യാണം കഴിഞ്ഞു സുഗമായി ജീവിക്കുന്നു. ‘അമ്മ പോലും അവരുടെ കൂടെയാണ് താമസിക്കുന്നത്. എന്നാൽ ആരൊക്കെ ഒറ്റപെടുത്തിയാലും നീതി കിട്ടുന്ന വരെ താൻ പോരാടുമെന്നാണ് ആ ‘അമ്മ പറയുന്നത്.
ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി, ഒരു കുടുംബത്തിന്റെ സ്വപ്നം നിലം പൊത്തി വീണ ദിവസങ്ങൾ ആയിരുന്നു ജനുവരി പതിമൂന്നും മാർച്ച് നാലും. ആ കുടുംബത്തിന് നഷ്ടമായത് അവരുടെ സ്വപ്‌നങ്ങൾ ആയിരുന്നു. 2018 ഒക്ടോബറിൽ തെളിവില്ല എന്ന കാരണത്താൽ പ്രതികളെ വെറുതെ വിട്ടു. തെളിവുകൾ ഇല്ലാതാക്കിയ പോലീസും കുറ്റക്കാരാണെന്ന് കോടതി വിമർശിച്ചു.
കേസ് അട്ടിമറിക്കാൻ കൂട്ട് നിന്ന പൊലീസുകാരെ ശിക്ഷിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി. എന്നാൽ കേസ് അന്വേഷിക്കാൻ എത്തിയ സിഐക്ക് പ്രമോഷനും കിട്ടി. ഇതാണോ ഇവിടുത്തെ നീതി എന്നാണ് ആ അമ്മയ്ക്ക് അറിയേണ്ടത്. നൊന്തു പ്രസവിച്ച പെൺമക്കൾക്ക് വേണ്ടി തലമുണ്ഡനം ചെയ്ത് നീതി കിട്ടുമെന്ന പ്രതീക്ഷയിൽ ആ ‘അമ്മ ഇപ്പോഴും പോരാട്ടം തുടരുന്നു.