ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തൃശൂരിൽ ജയിക്കുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് നടനും എൻ ഡി എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. തിരഞ്ഞെടുപ്പിന് ശേഷം ആത്മവിശ്വാസം ഇരട്ടിയായെന്നും പാർട്ടിയുടെ വിലയിരുത്തലും അങ്ങനെയാണെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. ജനവിധിയെന്നത് വളരെ പ്രധാനമാണ്. ജൂൺ നാലുവരെ കാത്തിരിക്കാം. ഞാനൊരു ഈശ്വര വിശ്വാസിയാണ്. മുകളിലൊരു ദൈവം ഉണ്ട്. ആ ദൈവം എന്നെ കാക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ക്രോസ് വോട്ടിംഗിനെ സംബന്ധിച്ച് 2019 ലെ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ജനങ്ങൾക്ക് ഒരു തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്.
ഞാൻ ഒരു എംപിയാവാനാണ് വന്നിരിക്കുന്നത്. എംപിയായാൽ കേന്ദ്രമന്ത്രിയേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ളൊരു എക്കോസിസ്റ്റം എന്റെ പാർട്ടിക്കുണ്ട്. എൻറെ സമ്പാദ്യം എന്റെ തൊഴിലിൽ നിന്നാണ്. രാഷ്ട്രീയത്തിൽ നിന്ന് ഇല്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ മന്ത്രിയാകണമെന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് വരെയെങ്കിലും എനിക്ക് ഇളവ് തരണമെന്ന് ആഭ്യന്തരമന്ത്രിയോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയും ചെയ്യണം, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചില പ്രവർത്തനങ്ങൾ ചെയ്യാനും സാധിക്കണം.
പകരം ഞാൻ ആവശ്യപ്പെട്ടിരിക്കുന്നത്, ഒരു മന്ത്രി എന്ന നിലയ്ക്ക് കേരളത്തിൽ എനിക്ക് എന്തൊക്കെ ചെയ്യാൻ ആഗ്രഹിക്കുന്നോ അതിന്റെ 25 ശതമാനമെങ്കിലും സാധ്യമാക്കിത്തരുന്ന അഞ്ച് വകുപ്പ് മന്ത്രിമാരെ ചൊൽപ്പടിക്ക് വിട്ടുതരണമെന്നാണ്. ചൊൽപ്പടി എന്നത് ജനങ്ങളുടെ ചൊൽപ്പടിയാണ്. എന്റെ വോട്ടർമാരുടെ ചൊൽപ്പടിയാണ്. തൃശൂരിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടെന്നല്ല, കേരളത്തിന് വേണ്ടി വേണ്ടി വർത്തിക്കുന്ന ഒരു തിരഞ്ഞെടുക്കപ്പെട്ട ആളായിരിക്കും ഞാൻ’, സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിൽ അതിശക്തമായ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച മണ്ഡലമാണ് തൃശൂർ. കനത്ത പോളിംഗ് ആണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. 72.20 ശതമാനം ആയിരുന്നു പോളിംഗ്. ഇത്തവണ എന്തൊക്കെ സംഭവിച്ചാലും തൃശൂർ എടുക്കും എന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. എന്നാൽ യാതൊരു അട്ടിമറിയും സംഭവിക്കില്ലെന്ന് യു ഡി എഫും എൽ ഡി എഫും ഒരേ സ്വരത്തിൽ വാദിക്കുന്നു. അതേസമയം അവസാന നിമിഷം ക്രോസ് വോട്ട് നടത്തിയെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്. ബി ജെ പിക്ക് സി പി എം ക്രോസ് വോട്ട് നടത്തിയെന്നാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ മുരളീധരൻ ആരോപിച്ചത്. സമാന ആരോപണമാണ് സി പി എമ്മും നടത്തുന്നത്. വിധിയറിയാൻ ജൂൺ 4 വരെ കാത്തിരിക്കാം.
നിര്‍ണായകമായ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും
നിര്‍ണായകമായ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും. തുടര്‍ഘട്ടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗം പ്രഖ്യാപിക്കും. യു പിയിലെ നിര്‍ണായകമായ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. കേരളത്തിലെയും വയനാട് മണ്ഡലത്തിലെയും പോളിംഗ് കഴിഞ്ഞ സാഹചര്യത്തില്‍ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തുമെന്നാണ് സൂചന. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും, റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മെയ് മൂന്ന് വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം.രണ്ടിനോ മൂന്നിനോ ഇരുവരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തലേന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് ആലോചനയെന്നും സൂചനയുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രാഹുലും പ്രിയങ്കയും അയോധ്യ ക്ഷേത്രം സന്ദര്‍ശിച്ചേക്കുമെന്ന പ്രചരണവുമുണ്ട്. അടുത്ത മാസം ഇരുപതിനാണ് രണ്ടിടത്തും പോളിംഗ്. അമേഠിയില്‍ സ്മൃതി ഇറാനി പ്രചാരണത്തില്‍ മുന്‍പിലെത്തിയെങ്കില്‍ റായ്ബറേലിയില്‍ കോണ്‍ഗ്രസ് പ്രഖ്യാപനത്തിനായി ബി ജെ പി കാക്കുകയാണ്.
മണ്ഡലങ്ങളിലെയും നേതാക്കളുടെയും ഭാരവാഹികളുടെയും യോഗം പ്രിയങ്ക ഗാന്ധി വിളിച്ചിരുന്നു. പ്രിയങ്ക മത്സരിച്ചാല്‍ റായ്ബറേലിയില്‍ വരുണ്‍ ഗാന്ധിയെ ബി ജെ പി പരീക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്ളും ശക്തമായിട്ടുണ്ട്. എന്നാല്‍ ഇതിനോട് വരുണ്‍ എങ്ങനെ പ്രതികരിക്കും എന്നതും കണ്ടറിയണം.അമേഠിയില്‍ രാഹുല്‍ ഗാന്ധിയും, റായ്ബേറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന സമ്മര്‍ദ്ദം കോണ്‍ഗ്രസിനുള്ളില്‍ ശക്തമാണ്.
വയനാട്ടില്‍ നിന്ന് അങ്ങനെയങ്കില്‍ രാഹുലിന്റെ യാത്ര അമേഠിയിലേക്കായിരിക്കും. റായ്ബറേലിയില്‍ മത്സരിക്കാന്‍ ഇരുവരും താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സോണിയ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് മാനേജരും ഉത്തര്‍പ്രേദശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമൊക്കെയായിരുന്ന പ്രിയങ്കക്കാണ് മണ്ഡലം കൂടുതല്‍ പരിചിതമെന്നാണ് വിലയിരുത്തല്‍. റായ്ബറേലി സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടെന്ന റിപ്പോര്‍ട്ടുകളോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.
പേരാമ്പ്രയില്‍ സംഘര്‍ഷം: പരുക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയിലുണ്ടായ സംഘട്ടനത്തില്‍ സാരമായി പരുക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പേരാമ്പ്ര പൊലീസ്. തലയ്ക്കും വയറിനുമുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റവരെയാണ് ഇന്ന് രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലടച്ചത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ 4 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും 2 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇതില്‍ യുഡിഎഫ് പ്രവര്‍ത്തകരായ ലിജാസ് മാവട്ടയില്‍, ജാസര്‍ തയ്യുള്ളതില്‍, സമീര്‍ മാപ്പറ്റ, വികാസ് മരുതോടി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
പൊലീസ് നടപടിക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയില്‍നിന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. നില്‍ക്കാന്‍ പോലും സാധിക്കുന്ന അവസ്ഥയിലല്ല ഇവരുള്ളത്. മുകളില്‍ നിന്നുള്ള ഇടപെടല്‍ മൂലമാണ് പൊലീസ് സാരമായി പരുക്കേറ്റവരെ ആശുപത്രിയില്‍ പോയി കസ്റ്റഡിയിലെടുത്തത്.
അതേസമയം എല്‍ഡിഎഫ് പ്രവര്‍ത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും യുഡിഎഫ് ആരോപിച്ചു. പരുക്കേറ്റവരെ തിരികെ ആശുപത്രിയിലെത്തിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ സംഘടിച്ചിരിക്കുകയാണ്. മുകളില്‍ നിന്നുള്ള നിര്‍ദേശമായതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.
‘മോദിയുടെ ഗ്യാരന്റി കേരളത്തിലെത്തിക്കാന്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് അഹോരാത്രം പ്രയത്‌നിച്ചത്’: കെ സുരേന്ദ്രന്‍
സമ്മതിദാന അവകാശം വിനിയോഗിച്ചവരെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. ജനാധിപത്യത്തിന്റെ മഹോത്സവത്തില്‍ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.
നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയം കേരളത്തിലുമെത്തിക്കാന്‍ കഴിഞ്ഞ 41 ദിവസങ്ങളായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് അഹോരാത്രം പ്രയത്‌നിച്ചതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
പ്രചരണത്തില്‍ ഇടതു- വലത് മുന്നണികളേക്കാള്‍ ഒരുപടി മുമ്പിലെത്താന്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് സാധിച്ചത് പ്രതിഫലേച്ഛയില്ലാതെ സര്‍വ്വം സമര്‍പ്പിച്ച് പോരാടിയ പ്രവര്‍ത്തകരുള്ളതുകൊണ്ട് മാത്രമാണ്. മോദിയുടെ ഗ്യാരന്റി ജനങ്ങളിലെത്തിക്കാന്‍ കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളില്‍ നിരവധി തവണയാണ് പ്രവര്‍ത്തകരെത്തിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഒരുവര്‍ഷം മുമ്പേ ഒരുങ്ങാന്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് സാധിച്ചു. നല്ല തയ്യാറെടുപ്പുകളോടെ മത്സരരംഗത്തിറങ്ങിയത് കൊണ്ട് അവസാന ലാപ്പിലെ എല്‍ഡിഎഫ്- യുഡിഎഫ് കുതന്ത്രങ്ങളെ മറികടന്ന് മുന്നേറാനും എന്‍ഡിഎക്ക് സാധിച്ചു. ഒരിക്കല്‍ കൂടി രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളായ വോട്ടര്‍മാര്‍ക്കും ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വിജയത്തിന് വേണ്ടി അക്ഷീണം പോരാടിയ പ്രവര്‍ത്തകര്‍ക്കും നന്ദിയെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്
ജനാധിപത്യത്തിന്റെ മഹോത്സവത്തില്‍ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.
നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയം കേരളത്തിലുമെത്തിക്കാന്‍ കഴിഞ്ഞ 41 ദിവസങ്ങളായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് അഹോരാത്രം പ്രയത്‌നിച്ചത്. പ്രചരണത്തില്‍ ഇടതു- വലത് മുന്നണികളേക്കാള്‍ ഒരുപടി മുമ്പിലെത്താന്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് സാധിച്ചത് പ്രതിഫലേച്ഛയില്ലാതെ സര്‍വ്വം സമര്‍പ്പിച്ച് പോരാടിയ പ്രവര്‍ത്തകരുള്ളതുകൊണ്ട് മാത്രമാണ്. മോദിയുടെ ഗ്യാരന്റി ജനങ്ങളിലെത്തിക്കാന്‍ കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളില്‍ നിരവധി തവണയാണ് പ്രവര്‍ത്തകരെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഒരുവര്‍ഷം മുമ്പേ ഒരുങ്ങാന്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് സാധിച്ചു. നല്ല തയ്യാറെടുപ്പുകളോടെ മത്സരരംഗത്തിറങ്ങിയത് കൊണ്ട് അവസാന ലാപ്പിലെ എല്‍ഡിഎഫ്- യുഡിഎഫ് കുതന്ത്രങ്ങളെ മറികടന്ന് മുന്നേറാനും എന്‍ഡിഎക്ക് സാധിച്ചു. ഒരിക്കല്‍ കൂടി രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളായ വോട്ടര്‍മാര്‍ക്കും ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വിജയത്തിന് വേണ്ടി അക്ഷീണം പോരാടിയ പ്രവര്‍ത്തകര്‍ക്കും നന്ദി.
-കെ.സുരേന്ദ്രന്‍
‘ജയരാജനെ മുഖ്യമന്ത്രി ഒറ്റി, പിണറായി പറഞ്ഞിട്ടാണ് ജയരാജന്‍ ജാവദേക്കറെ കണ്ടത്’: വിഡി സതീശന്‍
ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ജയരാജന്‍ ജാവദേക്കറെ കണ്ടത്. എന്നിട്ടിപ്പോള്‍ കൂട്ടുപ്രതിയെ ഒറ്റുകൊടുക്കുകയാണ്. കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന സ്ഥിതിയാണെന്നും വിഡി സതീശന്‍ പറഞ്ഞു. ഇപി ജയരാജന്‍ ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി വിഡി സതീശന്‍ രംഗത്തെത്തിയത്.
കരുവന്നൂര്‍ അന്വേഷണം കടുപ്പിച്ചത് വോട്ടിനായാണ്. ഇപ്പോള്‍ അറസ്റ്റ് എന്ന് ഭീഷണിപ്പെടുത്തി പൊളിറ്റിക്കല്‍ ഡീലുണ്ടാക്കി. മുഖ്യമന്ത്രി എന്താണ് പ്രകാശ് ജാവദേക്കറുമായി സംസാരിച്ചത് .സി.പി.എം നേതൃത്വം മറുപടി പറയണമെന്നും സതീശന്‍ പറഞ്ഞു. ഇ.പി.ജയരാജനെതിരെ ഏതു വരെ സിപിഎമ്മിന് പോകാന്‍ കഴിയുമെന്ന് സംശയമുണ്ട്. പിണറായിക്ക് എല്ലാം അറിയാമെന്നും സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇത്ര മോശമായ തെരെഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. വോട്ടിംഗ് മെഷീന്‍ വ്യാപകമായി കേടായി. തെരെഞ്ഞെടുപ്പില്‍ ഇതനുസരിച്ച് സമയം നീട്ടി നല്‍കിയില്ല. വിശദമായ അന്വേഷണം വേണം. ആര്‍ക്കും ഉത്തരവാദിത്വമില്ലാത്ത അവസ്ഥ ഉണ്ടായെന്നും സതീശന്‍ പറഞ്ഞു.
വോട്ടെടുപ്പില്‍ നടന്നത് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമോ . ഒറ്റപ്പെട്ട സംഭവമല്ല. വ്യാപകമായി പ്രശ്‌നം ഉണ്ടായി. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പോളിംഗ് ശതമാനം കുറഞ്ഞതില്‍ ഇതും ഒരു കാരണമാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടവരെ ഒഴിവാക്കിയില്ല. തെരെഞ്ഞെടുപ്പില്‍ 20-20 വിജയം ഉറപ്പാണ്. മുന്നണിയില്‍ ഒരു അപസ്വരവുമില്ലാതെയാണ് തെരെഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്. അതാ ണ് 20-20 ആത്മവിശ്വാസത്തിന് കാരണം. അത് കൂട്ടായ്മയുടെ വിജയമാണ്. ഒരു സീറ്റെങ്കിലും പോയാല്‍ പരിശോധിക്കും. തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മാസങ്ങളോളം പരിഗണനയില്‍; അഞ്ച് ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍
മാസങ്ങളായി പരിഗണനയിലുണ്ടായിരുന്ന ബില്ലുകളില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെയുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളായിരുന്നു ഗവര്‍ണറുട പരിഗണനയില്‍ ഉണ്ടായിരുന്നത്.
വിവാദങ്ങള്‍ ഇല്ലാത്ത അഞ്ചു ബില്ലുകളിലാണ് ഗവര്‍ണര്‍ ഇപ്പോള്‍ ഒപ്പുവെച്ചിരിക്കുന്നത്. സര്‍ക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന യൂണിവേഴ്‌സിറ്റി ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. നിലവില്‍ ഒപ്പുവെച്ച അഞ്ച് ബില്ലുകളിലും സര്‍ക്കാരുമായി ഗവര്‍ണര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല.
ഇടുക്കിയിലെ കര്‍ഷകര്‍ ആശങ്ക ഉന്നയിച്ച സാഹചര്യത്തില്‍ ഭൂഭേദഗതി ബില്ലില്‍ മാത്രമായിരുന്നു ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നത്. അതില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ബില്ല് തടഞ്ഞുവെക്കേണ്ട തരത്തില്‍ മറ്റ് ആശങ്ക ഉണ്ടായിരുന്നില്ല.
ആറ് മാസത്തോളമായി രാജ്ഭവനില്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ട്. എന്നാല്‍ ബില്ല് ഗവര്‍ണര്‍ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. തര്‍ക്കത്തിലുള്ള ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. അതില്‍ കേന്ദ്രത്തില്‍ നിന്നാണ് തീരുമാനം ഉണ്ടാകേണ്ടത്.
ചൂട് കനക്കും, വിവിധ ജില്ലകളിലേക്ക് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗം മുന്നറിയിപ്പും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും ചൂട് ഉയരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത.
പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41ത്ഥസെല്‍ഷ്യസ് വരെയും, കൊല്ലം- തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 40ത്ഥസെല്‍ഷ്യസ് വരെയും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38ത്ഥസെല്‍ഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട്, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 37ത്ഥഇ വരെയും, തിരുവനന്തപുരം ജില്ലയില്‍ ഉയര്‍ന്ന താപനില 36ത്ഥസെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 3 – 5ത്ഥസെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന് വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാകട്ടെ ഉഷ്ണതരംഗ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഏപ്രില്‍ 27, 28 തീയതികളിലാണ് ഉഷ്ണതരംഗ സാധ്യതയുള്ളത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര ചൂട് രേഖപ്പെടുത്തിയതിന്റെയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും- കൊല്ലം-തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ ഈ സമയത്ത് സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന അത്രയും ഗുരുതരമായ അവസ്ഥയാണ്.