വളര്‍ത്തു നായ കുരച്ചതിനെ തുടര്‍ന്ന് ക്രൂര മര്‍ദ്ദനമേറ്റ മുല്ലശേരി കനാല്‍റോഡ് തോട്ടുങ്കല്‍പറമ്പില്‍ സ്വദേശി വിനോദ് (45)മരിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലിക്കെയാണ് വിനോദ് മരിച്ചത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവറാണ് വിനോദ്. സംഭവത്തില്‍ നാല് ഇതരസംസ്ഥാനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നായ കുരച്ചപ്പോള്‍ ഇതരസംസ്ഥാനക്കാര്‍ ആദ്യം നായയെയാണ് ആക്രമിച്ചത്. ഇത് ചോദ്യം ചെയ്‌തെത്തിയപ്പോഴാണ് വിനോദിനും മര്‍ദ്ദനമേറ്റത്.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബറൂത്ത് ശതാബ്ദി നഗര്‍ സ്വദേശി അശ്വിനി ഗോള്‍കര്‍ (27), ഗാസിയാബാദ് രാജേന്ദ്രനഗര്‍ സ്വദേശി കുശാല്‍ ഗുപ്ത (27),രാജസ്ഥാന്‍ ഗംഗാനഗര്‍ വിനോഭാബ സ്വദേശി ഉത്കര്‍ഷ് (25), ഹരിയാന സോനിപറ്റ് ഗോഹാന സ്വദേശി ദീപക് (26) എന്നിവരെയാണ് വധശ്രമത്തിനു പൊലീസ് അറസ്റ്റു ചെയ്തത്.
മാര്‍ച്ച് 25ന് രാത്രി 10.30നായിരുന്നു സംഭവം. മുല്ലശേരി കനാല്‍ റോഡിലുള്ള വിനോദിന്റെ വീട്ടിലെ നായ ഗേറ്റിനകത്തുനിന്ന് കുരച്ചത് അതുവഴി നടന്നുപോയ പ്രതികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. പ്രതികളിലൊരാള്‍ ചെരുപ്പ് കൊണ്ട് നായയെ എറിഞ്ഞു. വിനോദ് ഇതു ചോദ്യം ചെയ്തു. തുടര്‍ന്ന് പ്രതികളും വിനോദുമായി വാക്കേറ്റമുണ്ടായി. രണ്ടുപേര്‍ ചേര്‍ന്ന് വിനോദിനെ അടിക്കുകയും വയറ്റില്‍ ഇടിക്കുകയും ചെയ്തു.
അശ്വിനി ഗോള്‍കര്‍ പിറകിലൂടെ വന്ന് വിനോദിന്റെ കഴുത്തിനു പിടിച്ച് വലതുകൈത്തണ്ട കൊണ്ട് കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു. മുട്ടുകുത്തി വിനോദ് കമിഴ്ന്നു വീണിട്ടും കഴുത്തില്‍നിന്ന് പിടിവിട്ടില്ല. പുറത്തു കയറിയിരുന്ന് വലതു കൈത്തണ്ട കൊണ്ട് കഴുത്തില്‍ അമര്‍ത്തി വലിച്ചു മുറുക്കി. ബഹളം കേട്ട് ഓടിയെത്തിയവരാണ് വിനോദിനെ പ്രതികളില്‍ നിന്നും മോചിപ്പിച്ചത്. വിനോദ് താമസിക്കുന്ന വീടിനു രണ്ട് വീട് അപ്പുറമാണ് പ്രതികള്‍ താമസിച്ചിരുന്നത്. കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ എത്തുന്നത് തടസപ്പെടുകയായിരുന്നു.
ബിജുവിനെ കൊന്ന ഒറ്റയാനെ വെടിവച്ചു കൊല്ലാന്‍ ശുപാര്‍ശ; കുടുംബത്തിന് 10 ലക്ഷം രൂപ ഇന്നു നല്‍കും
തുലാപ്പള്ളിയില്‍ ഓട്ടോഡ്രൈവറായ ബിജുവിനെ ആക്രമിച്ചു കൊന്ന ഒറ്റയാനെ വെടിവച്ചു കൊല്ലാന്‍ ശുപാര്‍ശ നല്‍കും. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ഇന്നു തന്നെ നല്‍കും. 50 ലക്ഷം രൂപ നല്‍കാന്‍ ശുപാര്‍ശ ചെയ്യും. ബിജുവിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കും. പിന്നീട് ഒഴിവു വരുന്ന മുറയ്ക്ക് സ്ഥിരമാക്കും. ഡെപ്യൂട്ടി റേഞ്ചര്‍ കമലാസനനോടു നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കും. ഡെപ്യൂട്ടി റേഞ്ചറെ സസ്പെന്‍ഡ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതോടെ യോഗത്തില്‍ ബഹളമുണ്ടായി. യോഗതീരുമാനങ്ങള്‍ അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
ബിജു കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ആന്റോ ആന്റണി എംപി ഫോറസ്റ്റ് സ്റ്റേഷനു മുന്നില്‍ സമരം തുടങ്ങിയതിനു പിന്നാലെയാണ് ജനകീയ പ്രതിഷേധം സ്റ്റേഷനിലേക്കെത്തിയത്. പ്രതിഷേധത്തിനിടെ പ്രദേശവാസികളും പൊലീസും തമ്മില്‍ പലതവണ വാക്കേറ്റമുണ്ടായി. കാട്ടാനയാക്രമണത്തില്‍ പരിഹാരമില്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്.
ബിജുവിന്റെ വീട് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചു. മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം ഉടന്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ബിജു കൊല്ലപ്പെട്ടത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. വീടിന്റെ മുറ്റത്തെ കൃഷികള്‍ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ആനയെ ഓടിക്കാന്‍ ബിജു ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് വീട്ടില്‍നിന്നും 50 മീറ്റര്‍ അകലെയായി ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പൊലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാര്‍ മൃതദേഹം സ്ഥലത്തുനിന്നും മാറ്റാന്‍ പൊലീസിനെ അനുവദിച്ചിരുന്നില്ല. കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കലക്ടര്‍ എത്തിയതോടെയാണ് രാവിലെ പ്രതിഷേധം തണുത്തത്.
വീണ്ടും ‘കള്ളക്കടല്‍’ പ്രതിഭാസം; കേരള തീരത്തും തമിഴ്‌നാട്ടിലും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന്( തിങ്കളാഴ്ച) രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ വേഗത സെക്കന്‍ഡില്‍ 05 സെന്റീ മീറ്ററിനും, 20 സെന്റി മീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം കടലാക്രമണത്തില്‍ തീരദേശത്തുള്ള നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. തിരുവനന്തപുരത്ത് മാത്രം ഇരുന്നൂറില്‍പ്പരം കുടുംബങ്ങളെയാണ് കടലാക്രമണം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളില്‍ മഴ സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്.
അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ആയതിന്റെ വേഗത സെക്കന്‍ഡില്‍ 05 രാ നും 30 രാ നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്
മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്. കെജ്‌രിവാളിനെ ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ദില്ലി റൗസ് അവന്യു കോടതി ഉത്തരവിട്ടു. 15 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഉടന്‍ തന്നെ കെജ്‌രിവാളിനെ ജയിലിലേക്ക് മാറ്റും. തിഹാര്‍ ജയിലിലേക്കായിരിക്കും കെജ്‌രിവാളിനെ മാറ്റുക.
സുനിത കെജ്രിവാളും റൗസ് അവന്യു കോടതിയിലെത്തിയിരുന്നു.
കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. സെന്തില്‍ ബാലാജി കേസിലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യം. കെജ്‌രിവാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ഭാവിയില്‍ തങ്ങള്‍ക്ക് കസ്റ്റഡി ആവശ്യമായിവരുമെന്നും ഇഡി വ്യക്തമാക്കി. കെജ്‌രിവാള്‍ ഉപയോഗിച്ചിരുന്ന ഡിജിറ്റല്‍ ഡിവൈസുകളുടെ പാസ്വേഡുകള്‍ നല്‍കിയിട്ടില്ലെന്നും ചോദ്യങ്ങള്‍ക്ക് തനിക്ക് അറിയില്ല എന്നത് മാത്രമാണ് മറുപടിയെന്നും ഇഡി കോടതിയില്‍ വാദിച്ചു.
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ 28 ന് ദില്ലി റൗസ് അവന്യൂ കോടതി കെജ്രിവാളിന്റെ കസ്റ്റഡി കാലവധി നാല് ദിവസത്തെക്ക് കൂടി നീട്ടിയിരുന്നു.
അരവിന്ദ് കെജ്രിവാളിന്റെ ഫോണിലെ വിവരങ്ങള്‍ എടുക്കാന്‍ ആപ്പിളിന്റെ സഹായം ഇഡി തേടിയിരുന്നെങ്കിലും കമ്പനി ഇതിന് തയ്യാറായിട്ടില്ല എന്നാണ് സൂചന. അതേസമയം അരവിന്ദ് കെജ്രിവാളിന്റെ ഫോണ്‍ പരിശോധിക്കുന്നത് ഇന്ത്യ സഖ്യവുമായുള്ള ചര്‍ച്ചയുടെ വിശദാംശം ചോര്‍ത്താനാണെന്നായിരുന്നു എഎപിയുടെ പ്രതികരണം.
സംസ്ഥാനത്ത് 12 ജില്ലകളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് 12 ജില്ലകലില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 5 വരെ സാധാരണയെക്കാള്‍ 2 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.
കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 5 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ഗ്യാന്‍വാപി പള്ളിയില്‍ പൂജ വിലക്കണമെന്ന് പള്ളിക്കമ്മിറ്റി; നിസ്‌കാരവും പൂജയും നടക്കട്ടെയെന്ന് സുപ്രീം കോടതി
ഗ്യാന്‍വാപ്പി പൂജ കേസില്‍ പള്ളിക്കമ്മറ്റി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ഹിന്ദു വിഭാഗത്തിന് നോട്ടീസ് നല്‍കി. പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്താണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഹിന്ദു വിഭാഗത്തിന് നോട്ടീസ് നല്‍കിയ സുപ്രീം കോടതി പക്ഷെ, നിലവറയിലെ പൂജയ്ക്ക് സ്റ്റേ അനുവദിച്ചില്ല. ജൂലായില്‍ കേസില്‍ അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ പള്ളിക്ക് അകത്ത് പൂജ തുടരും.
ഗ്യാന്‍വാപിയിലെ തെക്കന്‍ നിലവറയിലെ പൂജ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവറയിലെ പൂജ പള്ളിയിലെ നിസ്‌കാരത്തിന് തടസ്സമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തല്ക്കാലം രണ്ടും തുടരട്ടെ എന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ദ്ദേശം.
ഗ്യാന്‍വാപി പള്ളിയിലെ തെക്കെ നിലവറയില്‍ പൂജയ്ക്ക് അനുമതി നല്‍കിയ ജില്ലാ കോടതി ഉത്തരവില്‍ നിലവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അപ്പീല്‍ തള്ളിയത്. എല്ലാ തെളിവുകളും പരിശോധിച്ചാണ് ജില്ലാ കോടതി ഉത്തരവിട്ടത്. 1993 വരെ നിലവറകളില്‍ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ട്. ഇത് തടഞ്ഞ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണ്. ആരാധന നടത്താനുള്ള വ്യാസ് കുടുംബത്തിന്റെ അവകാശം ഹനിക്കപ്പെട്ടു. ഇത് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ 25ആം ആനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു.
വ്യാസ് കുടുംബത്തിന്റെ കൈവശമായിരുന്നില്ല നിലവറകള്‍ എന്ന പള്ളിക്കമ്മറിയുടെ വാദം കോടതി തള്ളി. നാലു ദിവസം വിശദവാദം കേട്ടാണ് ഹൈക്കോടതി വിധി പറഞ്ഞത്. പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ വിഗ്രഹങ്ങളുണ്ടെന്ന് കാട്ടിയാണ് ആരാധനയ്ക്കുള്ള ഹര്‍ജി എത്തിയത്. ഹിന്ദുവിഭാഗത്തിന്റെ വാദം ഹൈക്കോടതിയും അംഗീകരിച്ചത് തെരഞ്ഞെടുപ്പിലും ബിജെപിക്ക് ആയുധമാണ്. അയോധ്യക്ക് പിന്നാലെ കാശിയും മഥുരയും ചര്‍ച്ചയാക്കാനുള്ള നീക്കത്തിന് യോഗി ആദിത്യനാഥും പരസ്യ പിന്തുണ നല്‍കിയിരുന്നു.
യുവ ഡോക്ടറുടെ ആത്മഹത്യ: ദാമ്പത്യ ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളെന്ന് സൂചന
കല്‍പറ്റന്മ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ദാമ്പത്യബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളെന്നു സൂചന. ഇന്നലെ വൈകിട്ടാണ് ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ.കെ.ഇ.ഫെലിസ് നസീറിനെ (31) ആശുപത്രി ക്യാംപസിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് ഇളയിടത്തുകുന്ന് വയനാടന്‍ വീട്ടില്‍ നസീറിന്റെ മകളാണ്.
ആറ് മാസം മുമ്പാണ് നിയമപരമായി ഫെലിസ് വിവാഹബന്ധം വേര്‍പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. മുന്‍ ഭര്‍ത്താവും ഡോക്ടറാണ്. ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചെന്നാണു വിവരം. മുന്‍ ഭര്‍ത്താവുമായി ഫെലിസിനു സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പൊലീസിനു സൂചന ലഭിച്ചു. ഫെലിസിനു ചെറിയ കുട്ടിയുണ്ട്.
ഫെലിസിന്റെ ഉമ്മ അസ്മാബീവി നഴ്‌സായിരുന്നു. അസ്മാബീവിയും നസീറും ഏറെക്കാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. സഹോദരന്‍ ഷാനവാസും ഗള്‍ഫിലാണ്. തെക്കന്‍ ജില്ലയില്‍നിന്നാണ് ഇവര്‍ ജോലി സംബന്ധമായും പഠന ആവശ്യത്തിനുമായി കോഴിക്കോട് എത്തി ഫറോക്കില്‍ വീട് വാങ്ങിയത്. ഫെലിസ് മെഡിക്കല്‍ കോളജ് ക്യാംപസിലായിരുന്നു താമസം. അതിനാല്‍ നാട്ടുകാരുമായി ഇവര്‍ക്കു വലിയ ബന്ധമുണ്ടായിരുന്നില്ല. ഫറോക്കിലെ വീട്ടില്‍ വല്ലപ്പോഴുമേ ഇവര്‍ താമസത്തിനെത്തിയിരുന്നുള്ളു. വിവാഹമോചനത്തിനുശേഷം ഫെലിസ് മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നാണു പൊലീസിനു ലഭിക്കുന്ന വിവരം.