വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമാകുന്നു. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശി. ഇതോടെ വിവിധ ഭാഗത്ത് നിന്നും പോലീസിന് നേരെ കുപ്പിയേറുണ്ടായി.
അനുനയ ശ്രമങ്ങളൊന്നും വിജയിക്കാതെ വന്നതിന് പിന്നാലെയായിരുന്നു പോലീസ് നടപടി. എന്നാല്‍, ആദ്യഘട്ടത്തില്‍ പോലീസ് ലാത്തി വീശിയെങ്കിലും ഉടന്‍ തന്നെ പിന്മാറേണ്ടി വന്നു. അത്രയധികം ജനങ്ങളാണ് നഗരമധ്യത്തില്‍ സമരവുമായി ഇരമ്പിയെത്തിയിരിക്കുന്നത്. സ്ത്രീകളും, യുവതീയുവാക്കളും വൈദികന്മാരുമടക്കമുള്ളവര്‍ പ്രദേശത്തുണ്ട്. പോലീസ് നടപടിയില്‍ ചില നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ത്തും പരിക്കുകളുണ്ട്. വനംവകുപ്പിന് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെയാണ് നിലവില്‍ പുല്‍പ്പള്ളി പ്രദേശത്ത് ജനങ്ങള്‍ പോലീസിനെതിരെ തിരിഞ്ഞിരിക്കുന്നത്.
വയനാട് പുല്‍പ്പള്ളി ആക്രമണം: ചികിത്സാ പിഴവില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്
വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വനംസംരക്ഷണസമിതി ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സാധ്യമായതെല്ലാം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എല്ലാ ചികിത്സയും നല്‍കിയെന്നാണ് ഡോക്ടര്‍മാര്‍ വാക്കാല്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരന്‍ വെള്ളച്ചാലില്‍ പോള്‍ (55) ആണ് വെള്ളിയാഴ്ച കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പിന്നാലെ പോളിന് വിദഗ്ധ ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്ന ആരോപണം കുടുംബാംഗങ്ങള്‍ ഉന്നയിച്ചിരുന്നു.
പോളിന്റെ ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി നേരത്തെ വയനാട് മെഡിക്കല്‍ കോളേജ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ശ്വാസകോശത്തിലെ പരിക്ക് സാരമായതിനാലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള തീരുമാനമെടുത്തതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. ചികിത്സയില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമികമായി ലഭിച്ച റിപ്പോര്‍ട്ടെന്നും എങ്കിലും ആരോപണത്തില്‍ എന്തെങ്കിലും കഴമ്പ് ഉണ്ടോയെന്ന് അന്വേഷിക്കാന്‍ സര്‍ക്കാറിന് യാതൊരു മടിയില്ലെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും പറഞ്ഞിരുന്നു.
ആളിക്കത്തി ജനരോഷം, ഇടപെട്ട് മുഖ്യമന്ത്രി; വന്യജീവി ആക്രമണത്തില്‍ 20ന് വയനാട്ടില്‍ ഉന്നതല യോഗം
വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ പ്രതിഷേധം ആളിക്കത്തിയതോടെ വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതല യോഗം ചേരാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്.
ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഈ മാസം 20ന് രാവിലെ വയനാട്ടില്‍ ഉന്നതല യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
പെണ്‍കുഞ്ഞിനെ മരിച്ചനിലയില്‍: അമ്മ കസ്റ്റഡിയില്‍
ഷൊര്‍ണൂര്‍(പാലക്കാട്): ഒരുവയസ്സുള്ള പെണ്‍കുഞ്ഞിനെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. കോട്ടയം സ്വദേശിയായ ശില്‍പയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ശില്‍പയുടെ മകള്‍ ശികന്യയാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
ഒപ്പംതാമസിച്ചിരുന്ന യുവാവ് ജോലിചെയ്യുന്ന സിനിമാ തിയേറ്ററിലേക്കാണ് ശനിയാഴ്ച രാവിലെ കുഞ്ഞുമായി ശില്‍പ ആദ്യംവന്നത്. കുഞ്ഞിനെ തിയേറ്ററില്‍ നിലത്തുകിടത്തിയതോടെ യുവാവ് പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ ഒമ്പതോടെയാണ് കുഞ്ഞുമായി ശില്‍പ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുഞ്ഞ് മരിച്ചിരുന്നതായി ഡോക്ടര്‍ പറഞ്ഞു. ഇതോടെ പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
വനംമന്ത്രി നിഷ്‌ക്രിയന്‍, കേരളത്തില്‍ ഒരു സര്‍ക്കാരില്ലേ? വയനാട്ടിലേത് സ്വാഭാവിക പ്രതികരണം: കോണ്‍ഗ്രസ്
വന്യജീവികളില്‍നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ഒരു പദ്ധതിയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സമാരാഗ്‌നി ജാഥയുടെ ഭാഗമായി പാലക്കാട് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ നിലവിലെ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. വയനാട്ടില്‍ നടക്കുന്നത് ജനങ്ങളുടെ സ്വഭാവികമായ വൈകാരിക പ്രതികരണമാണ്. കേരളത്തില്‍ ഒരു സര്‍ക്കാരില്ലേ? ഇത്രയും നിഷ്‌ക്രിയമായിരുന്നാല്‍ എന്താണ് സ്ഥിതി?- വി.ഡി. സതീശന്‍ ചോദിച്ചു.
മുസ്ലീം ലീഗ് നേതാക്കള്‍ ഡല്‍ഹിയില്‍ കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്താന്‍ പോയതുകൊണ്ടാണ് അവരുമായുള്ള തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ വൈകിയതെന്നും നാളെയും മറ്റന്നാളുമായി ചര്‍ച്ച തുടരുമെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു.
വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നത്തില്‍ ഒന്നും ചെയ്യാതെ വനംമന്ത്രിയും സര്‍ക്കാരും നിഷ്‌ക്രിയരായിരിക്കുകയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ വിമര്‍ശിച്ചു. അഴിമതിയില്‍ മുങ്ങിത്താഴുന്ന പിണറായിയെ ഇനിയും താങ്ങണോ എന്ന് എല്‍.ഡി.എഫ്. ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി. സമരാഗ്‌നി ജാഥയുടെ ഭാഗമായി പാലക്കാട് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
പിണറായി വിജയന്റെ മകളുടെ എക്‌സാലോജിക് കമ്പനി, കരിമണല്‍ ഖനന കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതിന് തെളിവുണ്ടെന്നും ഇത് അതീവ ഗുരുതരമായ സാമ്പത്തിക കുറ്റമാണെന്നുമാണ് കര്‍ണാടക ഹൈക്കോടതി വിധിയില്‍ നിന്ന് മനസിലാക്കേണ്ടത്. ഇതേക്കുറിച്ച് എം.വി. ഗോവിന്ദന്റെ കഴിഞ്ഞദിവസത്തെ നിലപാടും ചേര്‍ത്ത് വായിച്ചാല്‍ സി.പി.എമ്മിലും ചില ആലോചനകളുണ്ടെന്ന തോന്നലാണ് ഉയരുന്നത്. അല്‍പ്പമെങ്കിലും ധാര്‍മിക ബോധമുണ്ടെങ്കില്‍ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരരുത്. സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറിയും പോളിറ്റ്ബ്യൂറോയും ഉള്‍പ്പെടെ സകലരും അഴിമതിയില്‍ കൂട്ടുപ്രതികളാണ്- സുധാകരന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥികളില്‍ ധാരണയായി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥികളില്‍ ധാരണയായി. സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളില്‍ അതത് ജില്ലാ കമ്മറ്റികള്‍ സിപിഎം സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച്, സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്ത പട്ടികയിലെ പേരുകളാണ് പുറത്ത് വന്നത്. പോളിറ്റ്ബ്യൂറോ അംഗം, എംഎല്‍എമാര്‍, ജില്ലാ സെക്രട്ടറിമാര്‍ മുതിര്‍ന്ന നേതാക്കള്‍ അടക്കം പ്രമുഖരെയാണ് സിപിഎം മത്സരരംഗത്തിറക്കുന്നത്. പരിചയസമ്പന്നരെ കളത്തിലിറക്കി പരമാവധി സീറ്റുറപ്പാക്കാനാണ് സിപിഎം നീക്കം.
കൊല്ലത്ത് നടനും എംഎല്‍എയുമായ മുകേഷ് മത്സരിക്കാനാണ് ധാരണ. പത്തനംതിട്ടയില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ തോമസ് ഐസക്ക് ആലപ്പുഴയില്‍ സിറ്റിംഗ് എംപി എ എം ആരിഫ് എന്നിവര്‍ മത്സരിക്കാനാണ് ധാരണ. പാലക്കാട്ട് എ വിജയരാഘവന്‍ മത്സര രംഗത്തേക്ക് വരും. ആലത്തൂര്‍ കെ രാധാകൃഷ്ണന്‍ മത്സരിക്കാനാണ് സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണയായത്.
കോഴിക്കോട്ട് മുതിര്‍ന്ന നേതാവ് എളമരം കരീം മത്സരിക്കുമെന്നാണ് സൂചന. ജില്ലാ കമ്മറ്റിയുടെ പട്ടികയില്‍ എളമരം കരീമാണ് ഇടം പിടിച്ചത്. വടകരയില്‍ മുന്‍ മന്ത്രി കെ കെ ശൈലജയെ മത്സരിപ്പിക്കാനാണ് ധാരണ. കണ്ണൂര്‍ എം വി ജയരാജനും കാസറകോട് എന്‍ വി ബാലകൃഷ്ണനുമാണ് പട്ടികയിലിടം പിടിച്ചത്. എറണാകുളം, ചാലക്കുടി സീറ്റില്‍ ധാരണ ആയില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ചിത്രം തെളിയുന്നു. ഇടത് സ്ഥാനാര്‍ഥിയായി സിപിഎം ജില്ലാ സെക്രട്ടറിയും വര്‍ക്കല എംഎല്‍എയുമായ വി. ജോയി വരാന്‍ സാധ്യത. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റില്‍ നടന്ന ചര്‍ച്ചകളില്‍ ജോയിയുടെ പേരാണ് ഉയര്‍ന്നത്. മറ്റുപേരുകളൊന്നും ഉയര്‍ന്നില്ല.
കഴിഞ്ഞ തവണ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥി എ. സമ്പത്തായിരുന്നു. ഇടത് സിറ്റിങ് മണ്ഡലമായിരുന്ന ആറ്റിങ്ങല്‍ അടുര്‍ പ്രകാശിനെ ഇറക്കി കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായി അടൂര്‍ പ്രകാശ് ഇത്തവണയും തുടര്‍ന്നേക്കും.
കേന്ദ്രമന്ത്രി വി. മുരളീധരന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അദ്ദേഹം ഇതിനോടകം തന്നെ മണ്ഡലത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങളിലേക്കും കടന്നിട്ടുണ്ട്. ജോയി നിലവില്‍ എംഎല്‍എ ആയിരിക്കുന്ന വര്‍ക്കല നിയോജക മണ്ഡലം ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നതാണ്. ആറ്റിങ്ങല്‍ മണ്ഡലത്തിലുള്ള ഏഴ് നിയമസഭാ സീറ്റുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ആണ് ജയിച്ചത്. മണ്ഡലത്തിലെ ഈ മുന്‍തൂക്കം എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
2009,2014 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സമ്പത്ത് വിജയിച്ച മണ്ഡലം 2019-ല്‍ അടൂര്‍ പ്രകാശിലൂടെ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. മണ്ഡലത്തില്‍ കാലേക്കൂട്ടി പ്രവര്‍ത്തനം കേന്ദ്രമന്ത്രി മുരളീധരന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം വേദിയാകാനൊരുങ്ങുന്നത്.
അനിൽ ആന്റണി എറണാകുളത്ത് എൻ.ഡി.എ. സ്ഥാനാർഥിയാകുന്നു
കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകൻ, ബി.ജെ.പി. ദേശീയ സെക്രട്ടറി അനിൽ ആന്റണി എറണാകുളത്ത് എൻ.ഡി.എ. സ്ഥാനാർഥിയാകുന്നു.
കുറച്ചുനാളായി ജില്ലയിലെ നേതാക്കളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അനിൽ, ക്രൈസ്തവസമുദായത്തിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ അനുയോജ്യമായിരിക്കുമെന്നാണ് പാർട്ടിനേതൃത്വം വിലയിരുത്തുന്നത്.
എറണാകുളം മണ്ഡലത്തേക്കാൾ, ജില്ലയുടെ കിഴക്കൻമേഖല ഉൾപ്പെടുന്ന ചാലക്കുടിയായിരിക്കും കൂടുതൽ സുരക്ഷിതമെന്നു കരുതുന്ന നേതാക്കളുമുണ്ട്. തൃശ്ശൂരിൽ സുരേഷ് ഗോപി വരുമ്പോൾ സാമുദായിക സന്തുലനത്തിനായി ചാലക്കുടിയിൽ ക്രൈസ്തവസമുദായത്തിൽനിന്നുള്ള സ്ഥാനാർഥിവേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞതവണ അൽഫോൺസ് കണ്ണന്താനം എറണാകുളത്ത് 15 ശതമാനത്തോളം വോട്ടുകൾ നേടിയിരുന്നു.
ആലപ്പുഴയിൽ ക്രൈസ്തവവോട്ടുകളുടെ ഏകീകരണത്തിന് അനിലിനു സാധിക്കുമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്. അവിടെ കോൺഗ്രസ് സ്ഥാനാർഥി ആരായിരിക്കുമെന്നതാണ് കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.