ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ നൂലേലി മുടശേരി സവാദിനെ പിടികൂടുന്ന കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ പോലും പ്രതീക്ഷ കൈവിട്ട സമയത്താണ് ദേശീയ അന്വേഷണ ഏജന്‍സി അപ്രതീക്ഷിത വഴിത്തിരിവുണ്ടാക്കിയത്. കുറ്റകൃത്യം നടന്ന 2010 ജൂലൈ 4നു ആലുവയില്‍ നിന്നു സവാദ് ബെംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിദേശത്തേക്കു കടന്ന സവാദ് നേപ്പാളിലും അവിടെനിന്ന് അഫ്ഗാനിസ്ഥാനിലും എത്തിയതായി അഭ്യൂഹം പ്രചരിച്ചിരുന്നു. ഈ വഴിക്കെല്ലാം സര്‍വ സന്നാഹവുമായി അന്വേഷിച്ച് നിരാശപ്പെട്ടിരിക്കുമ്പോഴാണ് സവാദ് വലയിലായത്; അതും കണ്ണൂര്‍ മട്ടന്നൂരില്‍നിന്ന്.
ഇന്ന് വൈകിട്ടോടെ സവാദിനെ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. സുപ്രധാന കേസായതിനാല്‍ പ്രതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിട്ടില്ല. സവാദ് പിടിയിലായ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനാണ് സാധ്യത. സവാദിന് ഒളിയിടം നല്‍കിയവര്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലാണ്.
13 വര്‍ഷം വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തിനു ശേഷവും സവാദ് കാണാമറയത്തു തന്നെ തുടര്‍ന്നതോടെയാണ് ഇനി പിടികൂടാനായേക്കില്ലെന്ന് വിലയിരുത്തപ്പെട്ടത്. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയര്‍ത്തിയത്.
മട്ടന്നൂര്‍ ബേരത്തെ വാടക വീട്ടില്‍ നിന്നാണ് സവാദിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ എത്തിയ ഏഴംഗ സംഘമാണ് ഇയാളെ പിടിച്ചുകൊണ്ടുപോയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തലയില്‍ കറുത്ത തുണിയിട്ടു മൂടിയാണ് കൊണ്ടുപോയതെന്നും അയല്‍ക്കാര്‍ വെളിപ്പെടുത്തി.
മാസങ്ങളായി ഇവിടെ ഷാജഹാന്‍ എന്ന വ്യാജ പേരില്‍ ആശാരിപ്പണി ചെയ്തു ജീവിക്കുകയായിരുന്നുവെന്നാണ് വിവരം. എട്ടു മാസമായി കൂരിമുക്ക് എന്ന സ്ഥലത്താണ് മരപ്പണി ചെയ്തിരുന്നത്. മട്ടന്നൂരില്‍ എത്തിയ ശേഷമാണ് മരപ്പണി പഠിച്ചതെന്നാണ് വിവരം. ഭാര്യയും രണ്ടു മക്കളും ഒപ്പമുണ്ടായിരുന്നു. ഇയാള്‍ വിവാഹം കഴിച്ചിരിക്കുന്നത് കാസര്‍കോട്ടു നിന്നാണെന്നും അയല്‍വാസികള്‍ പറഞ്ഞു. ചെറിയ രണ്ടു കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടാമത്തെ കുട്ടിക്ക് ഒരു വയസ്സില്‍ താഴെ മാത്രമാണ് പ്രായമെന്നും അവര്‍ പറഞ്ഞു.
അതേസമയം, നാട്ടുകാരുമായി സവാദ് കാര്യമായ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ലെന്നാണ് അയല്‍ക്കാര്‍ നല്‍കുന്ന വിവരം. ആദ്യം കണ്ണൂര്‍ ജില്ലയിലെ തന്നെ വിളക്കോടാണ് സവാദ് ഒളിവില്‍ കഴിഞ്ഞിരുന്നത്. പിന്നീട് ബേരത്തേക്കു മാറുകയായിരുന്നു. ഏറെക്കുറെ ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി കുടുംബസമേതം ഇവിടെ താമസിച്ചിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഇത്ര പ്രമാദമായ കേസിലെ പ്രതിയാണ് ഇയാളെന്ന് ഒരു ഘട്ടത്തിലും അറിഞ്ഞിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
കേസില്‍ കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തിയ ആദ്യഘട്ടത്തില്‍ സവാദിനെ ബെംഗളൂരുവില്‍ നിന്നു കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച സ്ഥിരീകരണം പിന്നീടുണ്ടായില്ല. ബെംഗളൂരുവില്‍ സവാദ് ചികിത്സ തേടിയ നഴ്‌സിങ് ഹോമില്‍ നിന്നു കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് അന്നു പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ അന്നത്തെ അന്വേഷണ സംഘം ഇക്കാര്യം നിഷേധിച്ചിരുന്നു.
പിന്നീടു കീഴടങ്ങിയ മുഖ്യസൂത്രധാരന്‍ എം.കെ.നാസറിനൊപ്പം സവാദിനെ നേപ്പാളില്‍ കണ്ടതായുള്ള രഹസ്യവിവരം എന്‍ഐഎക്കു ലഭിച്ചിരുന്നു. കേസില്‍ നാസര്‍ കീഴടങ്ങിയ ശേഷം സവാദ് അഫ്ഗാനിസ്ഥാനിലേക്കു കടന്നതായും വിവരം ലഭിച്ചു. അഫ്ഗാന്‍ സ്വദേശിയായി വ്യാജയാത്രാ രേഖകള്‍ തരപ്പെടുത്തി മറ്റൊരു പേരില്‍ സവാദ് വിദേശത്ത് കഴിയുന്നുണ്ടാകുമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ഊഹം. സിറിയയിലേക്കു കടന്നതായും ഇടയ്ക്ക് പ്രചാരണമുണ്ടായി. ഇതിനിടെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ സഹായത്തോടെ എന്‍ഐഎ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ കേസില്‍ പിടിക്കപ്പെട്ട ചില പ്രതികളെ ചോദ്യം ചെയ്ത ഘട്ടത്തില്‍ ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ ഭാഗമായി സവാദുണ്ടെന്നും ആഫ്രിക്കയിലെ സ്വര്‍ണഖനികളില്‍ നിന്നു സ്വര്‍ണം ദുബായിലേക്കു കടത്തുന്ന സംഘത്തില്‍ സവാദിനെ കണ്ടിട്ടുണ്ടെന്നും ചില പ്രതികള്‍ മൊഴി നല്‍കി. ആ സൂചനകളുടെ പിന്നാലെ പോയപ്പോഴും എന്‍ഐഎ സംഘം നിരാശരായി.
കാമുകനെ കൊലപ്പെടുത്തിയ കേസ്: അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹൈക്കോടതിയില്‍
കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനെ കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഫയല്‍ ചെയ്ത അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മയടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സര്‍ക്കാരിന്റെ വിശദീകരണം തേടി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവും പോലീസ് ഫയല്‍ ചെയ്ത അന്തിമ റിപ്പോര്‍ട്ടും തുടര്‍ നടപടികളും റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഹര്‍ജി 22-ന് വീണ്ടും പരിഗണിക്കും.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.ക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നാണ് വാദം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കേ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂ എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. അന്തിമ റിപ്പോര്‍ട്ടിനെതിരേ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയം വിചാരണക്കോടതിയില്‍ ഉന്നയിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി അന്ന് ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. തുടര്‍ന്നു നല്‍കിയ ഹര്‍ജി വിചാരണക്കോടതി തളളിയതിനെതിരേയാണ് വീണ്ടും ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.
ഗ്രീഷ്മയ്ക്കു പുറമെ കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരുമാണ് ഹര്‍ജിക്കാര്‍. പ്രണയബന്ധത്തില്‍നിന്നു പിന്മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 2022 ഒക്ടോബര്‍ 14-ന് ഗ്രീഷ്മ കാമുകന്‍ ഷാരോണ്‍ രാജിനെ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണു കേസ്.
രാഹുലിന്റെ യാത്രയ്ക്ക് മണിപ്പുരില്‍ അനുമതിയില്ല; സംസ്ഥാനത്ത് പ്രതികൂല സാഹചര്യമെന്ന് മുഖ്യമന്ത്രി
ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിക്ക് ഇംഫാലില്‍ അനുമതി നിഷേധിച്ച് മണിപ്പുര്‍ സര്‍ക്കാര്‍. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിക്കാനുള്ള അനുമതിയാണ് നിലവില്‍ നിഷേധിച്ചിരിക്കുന്നത്. മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്നും ജനുവരി 14-ന് യാത്ര ആരംഭിക്കാനായിരുന്നു തീരുമാനം.
സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് അറിയിച്ചു. അനുമതിയുടെ വിഷയം പരിഗണനയിലുണ്ട്. വിവിധ സുരക്ഷാ ഏജന്‍സികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യാത്രയ്ക്ക് മണിപ്പുര്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി വിവരം ലഭിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലും അറിയിച്ചു. കിഴക്ക് നിന്നും പടിഞ്ഞാറോട്ട് യാത്ര ആരംഭിക്കുമ്പോള്‍ മണിപ്പുര്‍ എങ്ങിനെ ഒഴിവാക്കാന്‍ സാധിക്കും. എന്ത് സന്ദേശമാണ് ഇത്തരമൊരു തീരുമാനത്തിലൂടെ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നത്. മണിപ്പുരിലെ മറ്റൊരു പ്രദേശത്ത് നിന്നും യാത്ര ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഭരണഘടനയെ സംരക്ഷിക്കൂ’ എന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ നേതൃത്വം നല്‍കുന്ന ഭാരത് ന്യായ് യാത്രയുടെ മുദ്രാവാക്യം. മണിപ്പുരില്‍ നിന്നും ആരംഭിക്കാനിരുന്ന യാത്ര 55 ദിവസം നീളും. മുംബൈയില്‍ മാര്‍ച്ച് 20-ന് സമാപിക്കും. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന രണ്ടാംഘട്ട ഭാരതപര്യടനത്തില്‍ രാഹുലും സംഘാംഗങ്ങളും ദിവസം ശരാശരി 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ലോക്സഭാ തിരഞ്ഞെടുപ്പ്: കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം ഉടന്‍ പുറത്തുവിടുമെന്ന് സൂചന
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം ഉടന്‍ പുറത്തുവിടുമെന്ന് സൂചന. ഈ മാസംതന്നെ ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന വ്യക്തമായ സൂചന സംസ്ഥാന നേതൃത്വത്തിന് പാര്‍ട്ടി കേന്ദ്ര നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ കേരള സന്ദര്‍ശനത്തിലൂടെ ലഭിച്ച മുന്‍തൂക്കം തിരഞ്ഞെടുപ്പില്‍ മുതലാക്കാനാണ് ബിജെപിയുടെ ശ്രമം.
കേരളത്തില്‍ ചില അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനാണ് ബിജെപി നീക്കം. നിലവില്‍ സുരേഷ് ഗോപി മത്സരിക്കുന്ന തൃശ്ശൂരും കേന്ദ്രമന്ത്രി വി. മുരളീധരന് സാധ്യതയുള്ള ആറ്റിങ്ങലും ഒഴികെ സംസ്ഥാനത്തെ ഒരു എ ക്ലാസ് മണ്ഡലത്തില്‍ പോലും ഉചിതമായ സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ഇതിനിടെയാണ് പത്തനംതിട്ടയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചന പുറത്തുവരുന്നത്.
പത്തനംതിട്ടയില്‍ മൂന്ന് പേരുകളാണ് ബിജെപി നേതൃത്വത്തിന്റെ മുന്നിലുള്ളത്. ഇതില്‍ കുമ്മനം രാജശേഖരന്റെ പേരിനാണ് മുന്‍തൂക്കം. കുമ്മനം പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മാളികപ്പുറം ചിത്രത്തിലൂടെ കരിയര്‍ ബ്രേക്ക് സൃഷ്ടിച്ച ഉണ്ണി മുകുന്ദനെ സ്ഥാനാര്‍ഥിയാക്കുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്.
സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഉണ്ണി മുകുന്ദനുമായി ആശയവിനിമയം നടന്നിട്ടുണ്ടെന്നാണ് വിവരം. ബിജെപിയെ പരസ്യമായി പിന്തുണയ്ക്കുന്ന ഉണ്ണി മുകുന്ദന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത തള്ളാനാകില്ലെന്ന് ചുരുക്കം. പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു പേര് പി.സി. ജോര്‍ജിന്റെതാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ശക്തമായ മത്സരം നടന്ന തിരുവനന്തപുരത്ത് ഇത്തവണ ആര് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് സംസ്ഥാന നേതൃത്വത്തിനുതന്നെ വ്യക്തമായ ചിത്രമില്ല. ശശി തരൂരിനെ നേരിടാന്‍ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ വരണമെന്ന ആഗ്രഹമാണ് കേന്ദ്ര നേതാക്കളോട് സംസ്ഥാന നേതാക്കള്‍ പലരും പ്രകടിപ്പിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കര്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒരു വിഐപി മണ്ഡലത്തിന് തക്കവിധം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ശക്തമായ മത്സരത്തിന് കളമൊരുക്കി അപ്രതീക്ഷിത സ്ഥാനാര്‍ഥി തിരുവനന്തപുരത്ത് എത്തിയേക്കുമെന്നാണ് സൂചന.
പ്രധാനമന്ത്രി നേരിട്ടിറങ്ങിയതിനാല്‍ കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ വെടി മുഴക്കാനായെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഈ മേല്‍കൈ നേടാനുള്ള നീക്കങ്ങളാണ് കേന്ദ്ര നേതൃത്വം നടത്തുന്നത്.
കൂടത്തായി: റോയ് തോമസ് വധക്കേസില്‍ ഒരു സാക്ഷികൂടി പ്രതിഭാഗത്തേക്ക് കൂറുമാറി
കൂടത്തായി റോയ് തോമസ് വധക്കേസില്‍ ഒരു സാക്ഷികൂടി പ്രതിഭാഗത്തേക്ക് കൂറുമാറി. അറുപതാംസാക്ഷിയും കേസിലെ മൂന്നാംപ്രതി പ്രജികുമാറിന്റെ ഭാര്യയുമായ താമരശ്ശേരി തച്ചംപൊയില്‍ ശരണ്യയാണ് പ്രതികള്‍ക്ക് അനുകൂലമായി കോടതിയില്‍ മൊഴിമാറ്റിയത്.
പ്രജികുമാറിന്റെ കുറ്റസമ്മതമൊഴിപ്രകാരം താമരശ്ശേരിയിലെ ദൃശ്യകല ജ്വല്ലറി വര്‍ക്സ് എന്ന സ്ഥാപനത്തില്‍നിന്നും പോലീസ് സയനൈഡ് കണ്ടെടുത്തിരുന്നു. രണ്ടാംപ്രതി എം.എസ്. മാത്യു, പ്രജികുമാറിന്റെ സുഹൃത്താണെന്നും കടയില്‍ സ്വര്‍ണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴിനല്‍കിയിരുന്നു. അറസ്റ്റിനുശേഷം പോലീസ് പ്രജികുമാറിനെയുമായി വന്നപ്പോള്‍ താന്‍ നല്‍കിയ താക്കോലുപയോഗിച്ച് കടതുറന്നു പ്രജികുമാര്‍ സയനൈഡ് എടുത്ത് പോലീസിന് നല്‍കിയിരുന്നുവെന്നും ശരണ്യ പോലീസില്‍ മൊഴിനല്‍കിയിരുന്നു. പ്രജികുമാറിന്റെ കടയില്‍നിന്നും സയനൈഡ് കണ്ടെടുത്തതിന്റെ പരിശോധനപ്പട്ടികയില്‍ സാക്ഷിയായിരുന്നു ശരണ്യ. കൂറുമാറിയതിനെത്തുടര്‍ന്ന് പ്രോസിക്യൂഷനുവേണ്ടിയുള്ള ക്രോസ് വിസ്താരത്തില്‍ പട്ടികയിലെ ഒപ്പ് തന്റേതാണെന്ന് ശരണ്യ സമ്മതിച്ചു.
അന്വേഷണസംഘത്തില്‍ അംഗമായ കണ്ണൂര്‍ ആലക്കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ 150-ാം സാക്ഷി എ.പി. വിനീഷ് കുമാറിനെയും കോടതിയില്‍ വിസ്തരിച്ചു. ഒന്നാംപ്രതി ജോളിയുടെ ഇടുക്കി ജില്ലയിലെ തറവാട്ടുവീട്ടിലും ബന്ധുവീടുകളിലും പരിശോധന നടത്തിയിരുന്നുവെന്നും ജോളി പഠിച്ച വാഴവര സെയ്ന്റ് മേരീസ് ഹൈസ്‌കൂളില്‍നിന്ന് അഡ്മിഷന്‍ രജിസ്റ്ററും ടി.സി. കൗണ്ടര്‍ഫോയലും ഉള്‍പ്പെടെയുള്ള രേഖകള്‍ ശേഖരിച്ചുവെന്നും വിനീഷ് കുമാര്‍ മൊഴിനല്‍കി. ജോളി ബി.എഡിന് പഠിച്ചിട്ടുണ്ടോ എന്നറിയാന്‍ പാലാ സെയ്ന്റ് തോമസ് ടീച്ചേഴ്സ് എജുക്കേഷന്‍ കോളേജില്‍ പോയി അന്വേഷണംനടത്തിയെന്നും ജോളി ജോസഫ് ആ കോളേജില്‍ പഠിച്ചിട്ടില്ലെന്ന് വ്യക്തമായെന്നും സാക്ഷി കോടതിയില്‍ പറഞ്ഞു.
അതുസംബന്ധിച്ച് പ്രിന്‍സിപ്പലില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്നും സാക്ഷി മാറാട് പ്രത്യേകകോടതി ജഡ്ജി എസ്.ആര്‍. ശ്യാംലാല്‍ മുമ്പാകെ മൊഴിനല്‍കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍ അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇ. സുഭാഷ് എന്നിവര്‍ ഹാജരായി. അന്വേഷണസംഘത്തിലെ അംഗമായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.കെ. ബിജുവിനെ വ്യാഴാഴ്ച കോടതിയില്‍ വിസ്തരിക്കും.