മേയര്‍ ആര്യാ രാജേന്ദ്രനും പങ്കാളിയും എംഎല്‍എയുമായ സച്ചിന്‍ ദേവും കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായി റോഡില്‍ നടത്തിയ തര്‍ക്കവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്. എംഎല്‍എ സച്ചിന്‍ ദേവ് ബസില്‍ കയറിയെന്നാണ് സാക്ഷി മൊഴി. ബസിലെ യാത്രക്കാരാണ് മൊഴി നല്‍കിയത്. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്നും മൊഴിയുണ്ട്.
എംഎല്‍എ ബസില്‍ കയറിയ കാര്യം കണ്ടക്ടര്‍ ബസിന്റെ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍വീസ് തടസപ്പെട്ടതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയപ്പോഴാണ് എം.എല്‍.എ ബസില്‍ കയറിയതും രേഖപ്പടുത്തിയത്. ഈ രേഖ കെഎസ്ആര്‍ടിസിയില്‍ നിന്നും പൊലീസ് ശേഖരിച്ചു.
അതേ സമയം, മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുളള തര്‍ക്കത്തിലെ സംഭവങ്ങള്‍ പൊലീസ് പുനരാവിഷ്‌കരിച്ചു. ഡ്രൈവര്‍ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടിയെടുത്തിരിക്കുന്നത്.
പട്ടം പ്ലാമൂട് മുതല്‍ പി. എം. ജി വരെയാണ് ബസും കാറും ഓടിച്ച് പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവര്‍ മോശമായി ആഗ്യം കാണിച്ചാല്‍ കാറിന്റെ പിന്‍സീറ്റിലിരിക്കുന്നയാള്‍ക്ക് കാണാന്‍ കഴിയുമെന്നാണ് പൊലീസ് കണ്ടെത്തല്‍.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ ഒന്നാംക്ലാസ് രമജിസ്‌ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നല്‍കിയത്. രഹസ്യമൊഴി നല്‍കാനായി മ്യൂസിയം പൊലീസ് മേയര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. യദു അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയര്‍ പരാതി നല്‍കിയിരിക്കുന്നത്. ആദ്യം കന്റോണ്‍മെന്റ് പൊലീസ് അന്വേഷിച്ച കേസ് നിലവില്‍ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്.
കഴുത്തിന് കുത്തിപ്പിടിച്ചു, രാത്രി മുഴുവന്‍ അടിവസ്ത്രത്തില്‍ നിര്‍ത്തി; റൂബിന്‍ ലാലിന് ലോക്കപ്പ് മര്‍ദനം
അതിരപ്പിള്ളിയില്‍ വനംവകുപ്പിന്റെ വ്യാജ പരാതിയില്‍ ട്വന്റിഫോര്‍ പ്രാദേശിക ലേഖകനെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ ലോക്കപ്പ് മര്‍ദനവും. അതിരപ്പിള്ളി സിഐ ആന്‍ഡ്രിക് സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചെന്ന് റൂബിന്‍ ലാല്‍ പറഞ്ഞു. രാത്രി മുതല്‍ റൂബിനെ അടിവസ്ത്രത്തിലാണ് നിര്‍ത്തിയത്. വനിതാ പൊലീസുകാരടക്കം ഡ്യൂട്ടി ചെയ്യുമ്പോഴും വസ്ത്രം നല്‍കിയില്ല. പിന്നീട് ഉന്നത പൊലീസുദ്യോഗസ്ഥര്‍ ഇടപെട്ടതോടെയാണ് വസ്ത്രം പോലും നല്‍കിയത്.
വനംവകുപ്പിന്റെ വ്യാജ പരാതിയില്‍ ട്വന്റിഫോര്‍ അതിരപ്പള്ളി പ്രാദേശിക ലേഖകന്‍ റൂബിന്‍ ലാലിനെ ഇന്നലെ അര്‍ധരാത്രി വീട് വളഞ്ഞായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ കാട്ടുപന്നി വാഹനം ഇടിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റൂബിന്‍ ലാലിനെ വനം ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തിരുന്നു. ഇതിന് പിന്നാലെ വനമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിക്കുന്നതിനായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയത്. റൂബിന്‍ ലാല്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നായിരുന്നു പരാതി.
ഇന്നലെ രാവിലെയാണ് അതിരപ്പള്ളിയില്‍ വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാന്‍ റൂബിന്‍ ലാല്‍ എത്തിയത്. എന്നാല്‍ ഇതിനിടെ റൂബിനോടുള്ള മുന്‍വൈരാഗ്യമൂലം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. അതിരപ്പള്ളി ട്വന്റിഫോര്‍ ഒബിടി അംഗമാണ് റൂബിന്‍ ലാല്‍. ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന വനംമന്ത്രി എകെ ശശീന്ദ്രന്റെ ഉത്തരവിനെ മറികടക്കാന്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയുമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിനെ സമീപിച്ചത്. പിന്നാലെ ഇന്നലെ അര്‍ധരാത്രിയോടെ റൂബിനെതിരെ നടപടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ വനംവകുപ്പ് വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
പൊലീസുകാര്‍ക്ക് വിരുന്നൊരുക്കി ഗുണ്ടാനേതാവ്; തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിനെത്തി ആലപ്പുഴ ഡിവൈഎസ്പി
എറണാകുളം:അങ്കമാലിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിരുന്നൊരുക്കി ഗുണ്ടാനേതാവ്. ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നില്‍ പങ്കെടുക്കാന്‍ ആലപ്പുഴ ക്രൈം ഡിറ്റാച്‌മെന്റ് ഡിവൈഎസ്പി എംജി സാബുവും പൊലീസുകാരും എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിച്ചു. അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തമ്മനം ഫൈസല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ആളാണ്.
നാട്ടില്‍ അടുത്തിടെ ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ ആഗ് എന്ന് പേരിട്ട് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തുടനീളമുള്ള ഗുണ്ടാലിസ്റ്റില്‍ പെട്ടവരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് തമ്മനം ഫൈസലിന്റെ വീട്ടിലും പൊലീസ് പരിശോധനക്കെത്തിയത്. ഈ വീട് കുറച്ചുദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് വീട്ടില്‍ പൊലീസ് ജീപ്പ് എത്തിയതായി ഉദ്യോഗസ്ഥര്‍ അറിയുന്നത്. ഡിവൈഎസ്പിയും രണ്ട് പൊലീസുകാരും ഒരു പൊലീസ് ഡ്രൈവറുമാണ് വീട്ടിലുണ്ടായിരുന്നത്.
ലൈംഗികാതിക്രമകേസില്‍ പ്രജ്വല്‍ രേവണ്ണ നാട്ടിലേക്ക്, മെയ് 31ന് ബെംഗളുരുവിലെത്തി കീഴടങ്ങും
ബെംഗളൂരു: ലൈംഗികാതിക്രമകേസില്‍ പ്രതിയായ ബിജെപി സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണ ഒടുവില്‍ നാട്ടിലേക്ക്. മെയ് 31-ന് ബെംഗളുരുവിലെത്തി കീഴടങ്ങും. കഴിഞ്ഞ ഏപ്രില്‍ 27 മുതല്‍ പ്രജ്വല്‍ ഒളിവിലാണ്. പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യമന്ത്രാലയം. ഇത് ഒഴിവാക്കാനാണ് പ്രജ്വലിന്റെ നീക്കം. നാട്ടിലേക്ക് തിരികെ ടിക്കറ്റ് ബുക്ക് ചെയ്തതായി സൂചനയുണ്ട്.
പറയാതെ വിദേശത്ത് പോയതിന് കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന് പ്രജ്വല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. താന്‍ വിദേശത്ത് പോയ സമയത്ത് തനിക്കെതിരെ ഒരു കേസുമുണ്ടായിരുന്നില്ല. 26-ന് വിദേശത്തേക്ക് പോകുമെന്ന് നേരത്തേ തീരുമാനിച്ചതാണ്. കുടുംബത്തെ ഇത് അറിയിച്ചിരുന്നില്ല. ജര്‍മനിയിലെത്തി യൂട്യൂബ് നോക്കിയപ്പോഴാണ് തനിക്കെതിരെ കേസെടുത്തെന്ന് അറിയുന്നത്. അതോടെയാണ് ഏഴ് ദിവസം ഹാജരാകാന്‍ സമയം ചോദിച്ചത്.
രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടി എന്‍ഡിഎയ്ക്ക് എതിരെ പ്രചാരണം കടുപ്പിക്കുന്നത് കണ്ടു. കടുത്ത വിഷാദത്തിലേക്ക് വഴുതി വീണ താന്‍ അതിനാലാണ് നിശബ്ദത പാലിച്ചത്. ഹാസനില്‍ ചില ദുഷ്ടശക്തികള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചു. തന്നെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയെന്നും പ്രജ്വല്‍ ആരോപിച്ചു. മെയ് 31-ന് രാവിലെ 10 മണിക്ക് എസ്‌ഐടിക്ക് മുമ്പാകെ ഹാജരാകുമെന്ന് പ്രജ്വല്‍ വ്യക്തമാക്കി. വിചാരണ നേരിടും. നിയമപോരാട്ടം നടത്തി സത്യം തെളിയിക്കും. ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും സത്യം ജയിക്കുമെന്നും പ്രജ്വല്‍ പറഞ്ഞു.