മെഡിക്കല്‍ വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥി പീഡിപ്പിച്ചതായി പരാതി. വഡോദര ഗോത്രി മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് അവസാനവര്‍ഷ വിദ്യാര്‍ഥിക്കെതിരേ പീഡനപരാതി നല്‍കിയത്. സംഭവത്തില്‍ പ്രതിയായ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.
സീനിയര്‍ വിദ്യാര്‍ഥി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മുകള്‍നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. മെഡിക്കല്‍ കോളേജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടെയാണ് പരാതിക്കാരിയെ സീനിയര്‍ വിദ്യാര്‍ഥി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലായെങ്കിലും പിന്നീട് ബന്ധത്തില്‍ വിള്ളലുണ്ടായി. എന്നാല്‍, ഇതിനുപിന്നാലെ സീനിയര്‍ വിദ്യാര്‍ഥി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഫോണ്‍കോള്‍ റെക്കോഡിങ്ങുകള്‍ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞാണ് വിദ്യാര്‍ഥി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഇവയെല്ലാം ഫോണില്‍നിന്ന് നീക്കംചെയ്യാമെന്ന് ഉറപ്പുനല്‍കി പെണ്‍കുട്ടിയെ ആശുപത്രിയുടെ മുകള്‍നിലയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, ഇവിടെവെച്ച് സീനിയര്‍ വിദ്യാര്‍ഥി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ പെണ്‍കുട്ടി നേരിട്ടെത്തി പരാതി നല്‍കിയതായി പോലീസ് പറഞ്ഞു. കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഡി.വൈ.എഫ്.ഐ. നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
സി.പി.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിലെ മുറിയില്‍ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണലി മൂളിപ്പറമ്പില്‍ വീട്ടില്‍ പരേതനായ ഭരതന്റെ മകന്‍ സുജിത്താണ്(28) മരിച്ചത്. ഡി.വൈ.എഫ്.ഐ. കേച്ചേരി മേഖല പ്രസിഡന്റാണ്.
പാര്‍ട്ടി ഓഫീസില്‍ ആരും ഇല്ലാത്ത സമയത്താണ് സുജിത്ത് ബൈക്കില്‍ എത്തിയത്. കൈയ്യില്‍ കയര്‍ കരുതിയിരുന്നു. സുഹൃത്തിനോട് പാര്‍ട്ടി ഓഫീസിലെത്താന്‍ വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ സുഹൃത്തുക്കള്‍ ഓഫീസില്‍ എത്തിയപ്പോഴാണ് സുജിത്തിനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ കേച്ചേരി ആക്ട്‌സ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുന്നംകുളം പോലീസ് സ്ഥലത്തെത്തി മുറി പരിശോധിച്ചതിനെ തുടര്‍ന്ന് സുജിത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള സൂചനകള്‍ കുറിപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു. സംസ്‌കാരം ബുധനാഴ്ച. അമ്മ: സുജാത ഭാര്യ: ആതിര സഹോദരി: സുരഭി.
അനുവിന്റെ മരണത്തില്‍ തെളിവ്:കൃത്യം നടത്തുന്നതിന് മുന്‍പും ശേഷവും മുജീബ് റഹ്‌മാന്‍ ബൈക്കില്‍ സഞ്ചരിച്ച ദൃശ്യങ്ങള്‍ പുറത്ത്
പേരാമ്പ്ര വാളൂരില്‍ യുവതിയെ തോട്ടില്‍ മുക്കിക്കൊന്നകേസില്‍ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യം. കൃത്യം നടത്തുന്നതിന് മുന്‍പും ഇതിനുശേഷവും പ്രതി മുജീബ് റഹ്‌മാന്‍ ബൈക്കില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസ് കണ്ടെടുത്തത്. ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാകും.
ഹെല്‍മെറ്റ് ധരിച്ചാണ് മുജീബ് റഹ്‌മാന്‍ ബൈക്കോടിച്ചിരുന്നത്. കൊലയ്ക്ക് മുന്‍പ് ബൈക്കില്‍ പോകുമ്പോള്‍ ഇയാളുടെ പാന്റ് മടക്കിവെച്ചനിലയിലായിരുന്നു. തുടര്‍ന്ന് കൊലയ്ക്ക് ശേഷം ഇയാള്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളില്‍ പാന്റ്സിന്റെ മടക്ക് അഴിച്ചിട്ടിരുന്നതായി കാണം. ബൈക്കിന്റെ മുന്നില്‍ ഒരു ബാഗും ഉണ്ടായിരുന്നു. ഈ സമയത്ത് ഇയാളുടെ പാന്റ്സ് നനഞ്ഞിരുന്നതായും സിസിടിവി ദൃശ്യങ്ങളില്‍ സൂചനയുണ്ട്.
കൊല്ലപ്പെട്ട അനു ഒരു ചുവന്ന ബൈക്കില്‍ കയറിപ്പോകുന്നത് കണ്ടതായി നാട്ടുകാര്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. കേസില്‍ ഏറെ പ്രധാനപ്പെട്ട ഈ മൊഴി ലഭിച്ചതോടെ ചുവന്ന ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ഈ അന്വേഷണത്തിലാണ് കൊലയ്ക്ക് മുന്‍പും ശേഷവും പ്രതി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തത്.
അതിനിടെ, കേസിലെ പ്രതി മുജീബ് റഹ്‌മാനെ കോടതി ചൊവ്വാഴ്ച നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു. ഈ ദിവസങ്ങളില്‍ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുമെന്നും തെളിവെടുപ്പ് നടത്തുമെന്നും പോലീസ് പറഞ്ഞു. ബൈക്ക് മോഷ്ടിച്ച മട്ടന്നൂരില്‍ ഉള്‍പ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവസമയം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് പറഞ്ഞു. മുജീബ് റഹ്‌മാന്റെ വീട്ടില്‍നിന്നാണ് ഈ വസ്ത്രങ്ങള്‍ പോലീസ് കണ്ടെത്തിയത്. ഇയാളെ പിടികൂടാനായി പോലീസ് എത്തുമ്പോള്‍ വസ്ത്രങ്ങള്‍ കത്തിച്ചുകളയാന്‍ ഭാര്യ ശ്രമം നടത്തിയിരുന്നു. എന്നാല്‍, പോലീസിന്റെ കൃത്യമായ ഇടപെടല്‍ കാരണം ഇത് വിഫലമായി.
അതേസമയം,മാര്‍ച്ച് 11-ന് രാവിലെ വാളൂര്‍ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് പി.എച്ച്.സി.യുടെ സമീപത്തെ തോട്ടില്‍വെച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ പോകാന്‍ സ്വന്തംവീട്ടില്‍നിന്ന് അനു കാല്‍നടയായി മുളിയങ്ങലിലേക്ക് പോകുന്ന വഴിയിലായിരുന്നു കൊലപാതകം നടന്നത്. പെരിങ്ങണ്ണൂരില്‍നിന്ന് ആശുപത്രിയില്‍ പോകാനായി കാറില്‍ വരുകയായിരുന്നു ഭര്‍ത്താവ് പ്രജില്‍. ഈ വാഹനത്തില്‍ കയറാനാണ് പ്രജില്‍ അനുവിനോട് പറഞ്ഞിരുന്നത്. ഇതിനായി നടക്കുന്നതിനിടയില്‍ ഈവഴിയിലൂടെ മുജീബ് റഹ്‌മാന്‍ ബൈക്കിലെത്തിയത്. അനു ഭര്‍ത്താവിനോട് വേഗത്തിലെത്താമെന്ന് ഫോണില്‍ പറഞ്ഞത് പ്രതിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ മുളിയങ്ങലില്‍ ഇറക്കാമെന്നുപറഞ്ഞ് യുവതിയെ ബൈക്കിന്റെ പിന്നില്‍ കയറ്റി. തോടിന്റെ പാലത്തിനടുത്തെത്തിയപ്പോള്‍ മൂത്രമൊഴിക്കാനെന്നപേരില്‍ നിര്‍ത്തി. ഇരുവരും ഇറങ്ങിയ സമയത്ത് യുവതിയെ തോട്ടിലേക്ക് പിന്നില്‍നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ത്തന്നെ ബോധം പോയതുപോലെയായ അനുവിനെ വെള്ളത്തില്‍ ചവിട്ടിപ്പിടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന്, യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ എല്ലാം കൈക്കലാക്കുകയും പാലത്തിന് അടിവശത്തേക്ക് മാറ്റിയിട്ട് സ്ഥലംവിടുകയും ചെയ്തു.
യുവതിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കവേയാണ് 12-ന് ഉച്ചയോടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയത്. ഒരാള്‍ മുങ്ങിമരിക്കാനുള്ള വെള്ളം തോട്ടിലുണ്ടായിരുന്നില്ല. സി.സി.ടി.വി.യില്‍നിന്ന് ബൈക്കില്‍ സഞ്ചരിക്കുന്ന പ്രതിയുടെ ചിത്രം ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അനു ബൈക്കില്‍ കയറിപ്പോകുന്നത് കണ്ടുവെന്ന നാട്ടുകാരിയുടെ മൊഴിയും പ്രധാനമായി.
കണ്ണൂര്‍ മട്ടന്നൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കിലാണ് മുജീബ് വാളൂരിലേക്ക് എത്തിയത്. സംഭവത്തിനുശേഷം െബെക്ക് മലപ്പുറം എടവണ്ണപ്പാറ അങ്ങാടിക്കടുത്ത് ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്വര്‍ണം മറ്റൊരാള്‍ മുഖേന കൊണ്ടോട്ടിയിലെ സേട്ടുവിന്റെ കടയില്‍ വില്‍പ്പന നടത്തി. 1.70 ലക്ഷം രൂപയ്ക്കാണ് ഇത് വിറ്റത്. സ്വര്‍ണമാല, മോതിരം, പാദസരം, ബ്രേസ്ലെറ്റ് എന്നിവയാണ് മോഷ്ടിച്ചത്. ഇവ ഉരുക്കിയനിലയില്‍ പോലീസ് കണ്ടെടുത്തിരുന്നു.
ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍; മുന്‍ എംഎല്‍എ ശിവദാസന്‍ നായര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍പങ്കെടുത്തില്ല
യുഡിഎഫ് പത്തനംതിട്ട പാര്‍ലമെന്റ് കണ്‍വന്‍ഷനില്‍ നിന്ന് വിട്ടുനിന്ന് ആറന്മുള മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ ശിവദാസന്‍ നായര്‍. യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതിന്റെ കാരണം ഇപ്പോള്‍ പറയാനാകില്ലെന്ന് ശിവദാസന്‍ നായര്‍ പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് പങ്കെടുക്കണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും താന്‍ പത്തനംതിട്ടയില്‍ തന്നെ ഉണ്ടെന്നും ശിവദാസന്‍ നായര്‍ വ്യക്തമാക്കി. വി ഡി സതീശനാണ് പത്തനംതിട്ട പാര്‍ലമെന്റ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.
നേരത്തെ പാര്‍ട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ട് കെ ശിവദാസന്‍ നായര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു ശിവദാസന്‍ നായര്‍. ഇതിന്റെ ഭാഗമായാണ് ശിവദാസന്‍ നായര്‍ കണ്‍വെന്‍ഷനില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് ശിവദാസനോട് അടുപ്പമുള്ളവര്‍ പറയുന്നത്.
കഴിഞ്ഞ കുറച്ച് നാളുകളായി പത്തനംതിട്ട കോണ്‍ഗ്രസില്‍ നില്‍ക്കുന്ന ഗ്രൂപ്പ് തര്‍ക്കമാണ് ഇപ്പോള്‍ മറനീക്കി പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ശിവദാസന്‍ നായര്‍ക്കൊപ്പം ഈ വിഷയങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച മുന്‍ ഡിഡിസി അദ്ധ്യക്ഷന്‍ ബാബു ജോര്‍ജ്ജും ഡിസിസി ഭാരവാഹിയും മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സജി ചാക്കോയും കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു.
ആന്റോ ആന്റണിയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് വിട്ടെത്തിയ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാത്ഥിയായി മത്സരിക്കുന്നത് തോമസ് ഐസക്കാണ്.
മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന് പറഞ്ഞു, വാക്കുപാലിച്ച് ബോയ്‌സ് : 200 കോടി നേടിയെന്ന് റിപ്പോര്‍ട്ടുകള്‍
മലയാള സിനിമ ഇന്‍ഡസ്ട്രിയെ ലോകശ്രദ്ധയിലേക്കു കൊണ്ടുവന്ന ഈ വര്‍ഷത്തെ മികച്ച ഒരു റിലീസായിരുന്നു ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ചിദംബരം സംവിധാനം നിര്‍വഹിച്ച ചിത്രം പല റെക്കോര്‍ഡുകളും ഭേദിച്ച് മലയാള സിനിമയുടെ സീന്‍ തന്നെ മാറ്റിയിരിക്കുകയാണ്. ഇറങ്ങി വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ത്തന്നെ ചിത്രം 100 കോടി കടന്നിരുന്നു. പിന്നീടുള്ള ഓരോ ദിവസങ്ങളും മഞ്ഞുമ്മല്‍ ബോയ്‌സ് പുതിയ നേട്ടങ്ങള്‍ക്കായിരുന്നു സാക്ഷ്യം വഹിച്ചത്. ഇപ്പോള്‍ ചിത്രം 200 കോടി എന്ന സുവര്‍ണ നേട്ടം തൊട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫോറം കേരള എന്ന എക്‌സ് പേജിലാണ് ചിത്രം 200 കോടി നേടിയെന്ന റിപ്പോര്‍ട്ട് വന്നിട്ടുള്ളത്.
ചിത്രം പ്രദര്‍ശനത്തിനെത്തി 26 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഈ നേട്ടത്തിനരികെ എത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോ?ഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ലൂസിഫര്‍, പുലിമുരുഗന്‍, തുടങ്ങിയ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ മോഹന്‍ലാല്‍ സിനിമകളെ ബോയ്‌സ് പിന്നിലാക്കിയിരുന്നു. അവസാനം ടോവിനോ നായകനായ 2018 നെയും ചിത്രം കടത്തിവെട്ടി. കേരളത്തിലെ ജനത നേരിട്ട് അനുഭവിച്ച പ്രളയ ദുരന്തത്തിന്റെ കഥയാണ് ടോവിനോ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്‌സോഫീസ് കളക്ഷനില്‍ നൂറുകോടി കടന്ന ചിത്രം എന്ന ഖ്യാതിയും 2018 ന് ഉണ്ട്. വെറും പത്തു ദവസങ്ങള്‍കൊണ്ടാണ് ചിത്രം നൂറുകോടി കടന്നത്. എന്നാല്‍ ഏറ്റവും വേഗതയില്‍ നൂറു കോടി നേടുന്ന രണ്ടാമത്തെ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. കാരണം ചിത്രം പ്രദര്‍ശനത്തിന് എത്തി പന്ത്രണ്ട് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം നൂറുകോടി നേടിയത്.
ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ മഞ്ഞുമ്മല്‍ ബോയ്‌സ് വളരെ വിജയകരമായാണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ ഒരുകൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം സംസാരിക്കുന്നത്. ബേസില്‍ ജോസഫ് നായകനായ ജാനേമന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്‌മാന്‍, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, വിഷ്ണു രഘു, അരുണ്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. സൗഹൃദത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രത്തി?ന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ചിത്രത്തിലെ കുതന്ത്രം എന്ന ?ഗാനത്തിന് ഏറെ പ്രേക്ഷക സ്വീകാര്യത നേടാന്‍ സാധിച്ചിരുന്നു.
പൗരത്വ നിയമ ഭേദഗതിക്ക് തത്കാലം സ്റ്റേ ഇല്ല; കേന്ദ്രത്തിന് മറുപടി നൽകാൻ 3 ആഴ്ച; ഏപ്രിൽ 9ന് വീണ്ടും വാദം
പൗരത്വ നിയമത്തിൻറെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തത്കാലം അംഗീകരിച്ചില്ല. കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം നൽകി. ഹർജികളിൽ ഏപ്രിൽ 9ന് വീണ്ടും വാദം കേൾക്കും. ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുൻ വിധിയോടുള്ള ഹർജികളാണ് കോടതിക്കു മുന്നിലുള്ളതെന്നും കേന്ദ്രം വാദിച്ചു.
നാല് വർഷത്തിന് ശേഷമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്ന് മുസ്ലിം ലീഗിനായി കപിൽ സിബൽ വാദിച്ചു. ആർക്കെങ്കിലും പൗരത്വം കിട്ടിയാൽ ഹർജികൾ നിലനിൽക്കില്ല. അതിനാൽ സ്റ്റേ വേണം. സ്റ്റേ നൽകിയ ശേഷം വിശദമായ വാദം ഏപ്രിലിൽ കേട്ടുകൂടേ എന്ന് സിബിൽ ചോദിച്ചു. മൂന്ന് മാസം നീണ്ടു നിൽക്കുന്ന നടപടിയെന്നും സ്റ്റേ നൽകിയാൽ അഭയാർത്ഥികളുടെ അവകാശം ലംഘിക്കപ്പെടുമെന്നും കേന്ദ്രം വാദിച്ചു.
തുടർന്ന്, സ്റ്റേ വേണമെന്ന അപേക്ഷകളിൽ ഏപ്രിൽ 9ന് വാദം കേൾക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതുവരെ പൗരത്വം നൽകില്ലെന്ന് കേന്ദ്രം ഉറപ്പു നൽകിയില്ല. പൗരത്വ നിയമത്തിൻറെ ചട്ടം വിജ്ഞാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ആകെ 236 ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണയിലുള്ളത്. സിപിഎം സിപിഐ, ഡിവൈഎഫ്‌ഐ, മുസ്ലീം ലീഗ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലീം സംഘടനകൾ എന്നിവരാണ് ഹർജിക്കാർ. പൗരത്വ നിമയം നടപ്പാക്കില്ലെന്ന് നേരത്തെ കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിട്ട് തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ചട്ടം വിജ്ഞാപനം ചെയ്തതാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.
യാത്രക്കിടയില്‍ വീട്ടമ്മയ്ക്ക് അപസ്മാരം, ബസ് ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍
ബസ് യാത്രക്കിടയില്‍ അപസ്മാരം അനുഭവപ്പെട്ട വീട്ടമ്മയെ അതിവേഗം ആശുപത്രിയില്‍ എത്തിച്ച് സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും. കോതമംഗലം – ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കോക്കടന്‍സ് എന്ന സ്വകാര്യ ബസില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം ഉണ്ടായത്. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിനൊപ്പം യാത്രക്കാരും കൂടെ നിന്നതാണ് യാത്രക്കാരിക്ക് തുണയായത്.
കണ്ണമാലി പളളിയിലെ പെരുന്നാളിന് പങ്കെടുക്കാന്‍ ആയിരുന്നു കോതമംഗലം നെല്ലിമറ്റം സ്വദേശി എല്‍സി ഭര്‍ത്താവ് തോമസിനൊപ്പം യാത്ര പുറപ്പെട്ടത്. കോതമംഗലം സ്റ്റാന്റില്‍ നിന്നായിരുന്നു ഇരുവരും യാത്ര ആരംഭിച്ചത്. ബസ് ചെമ്പറക്കിയില്‍ എത്തിയപ്പോഴാണ് എല്‍സിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. കണ്ടക്ടര്‍ അനൂപ് വിവരം അറിയിച്ചതിനെ തുടര്‍ന്നു ഡ്രൈവര്‍ ബേസില്‍ ബസ് നേരെ രാജഗിരി ആശുപത്രിയിലേക്ക് വിട്ടു. ഗതാഗതക്കുരുക്ക് മറികടന്ന് ലൈറ്റ് തെളിച്ചും, ഹോണ്‍ അടിച്ചും മിനിറ്റുകള്‍ക്കകം രോഗിയുമായി ബസ് ആശുപത്രിയിലെത്തി.
ചെമ്പറക്കി മുതല്‍ സ്റ്റോപ്പില്‍ നിന്നും യാത്രക്കാരെ കയറ്റാതെ സമയം ലാഭിക്കാനും ബസ് ജീവനക്കാര്‍ ശ്രദ്ധിച്ചു. ഇതിനകം ബസ് ഉടമ സുല്‍ഫി വഴി രോഗിയെ സ്വീകരിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ രാജഗിരി ആശുപത്രിയില്‍ ഒരുക്കിയിരുന്നു. ബസ് രാജഗിരി ആശുപത്രിയില്‍ എത്തുമ്പോള്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരും, നഴ്‌സുമാരും സജ്ജരായിരുന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച എല്‍സിയെ തുടര്‍ന്ന് വിദ്ഗദ പരിശോധനക്കായി തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. എല്‍സി സുഖം പ്രാപിച്ച് വരുന്നതായി രാജഗിരി ആശുപത്രി ന്യൂറോളജി വിഭാഗത്തിലെ ഡോ. ശ്രീറാം പ്രസാദ് പറഞ്ഞു.
ജോലിക്കിടയില്‍ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്നും, യാത്രക്കാരെല്ലാം പിന്തുണയുമായി കൂടെ ഉണ്ടായിരുന്നുവെന്നും ഡ്രൈവര്‍ ബേസില്‍ പറഞ്ഞു. സമയോചിത ഇടപെടല്‍ നടത്തിയ ബസ് ജീവനക്കാര്‍ക്ക് എല്‍സിയുടെ കുടുംബാംഗങ്ങളും, യാത്രക്കാരും നന്ദി പറഞ്ഞു. എല്‍സിക്ക് ചികിത്സ ഉറപ്പാക്കിയ ശേഷമാണ് ബസ് ജീവനക്കാര്‍ സര്‍വ്വീസ് പുനരാരംഭിച്ചത്.