വിസ്മയ പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പെരിയയിലെ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ റിമാന്‍ഡില്‍. പ്രൊഫസര് ഇഫ്തിക്കര്‍ അഹമ്മദിനെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടക്കുന്നത്. മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്പൂളില്‍ വച്ചാണ് മോശമായി പെരുമാറിയത്. ഇതോടെ യുവതി ബഹളം വച്ചു.
തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി, ഇഫ്തിക്കര്‍ അഹമ്മദിനെതിരെ കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
മുമ്പും ഇദ്ദേഹത്തിനെതിരെ സമാനമായ രീതിയില്‍ ലൈംഗികാതിക്രമ പരാതികളുയര്‍ന്നിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ നവംബറില്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന് പരാതി ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശേഷം തിരികെ സര്‍വീസില്‍ എടുത്തതിന് ഏറെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ശക്തമായ മഴയക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അറിയിപ്പ്. മലയോര മേഖലയിലും ഇടനാടുകളിലും മഴ ശക്തമാകും. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 8 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് മറ്റ് മുന്നറിയിപ്പുകളൊന്നുമില്ല.
നാളെ മെയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മെയ് 16ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മെയ് 17ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മെയ് 18ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടിയോട് കൂടിയുള്ള മഴയ്ക്കാണ് സാധ്യത. കോമറിന് തീരത്തായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. ഞായറാഴ്ച(19) യോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്കും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കും കാലവര്‍ഷം എത്തിച്ചേര്‍ന്നേക്കും.
മുട്ടത്തറയില്‍ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ എംവിഡി ഉദ്യോഗസ്ഥന്റെ മകളെ തടഞ്ഞു; സമരക്കാര്‍ക്കെതിരെ കേസ്
മുട്ടത്തറയില്‍ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെണ്‍കുട്ടിയെ തടഞ്ഞതിന് സമരക്കാര്‍ക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും മാര്‍ഗ തടസ്സം സൃഷ്ടിച്ചതിനുമാണ് കേസെടുത്തത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന സമരക്കാര്‍ക്കെതിരെ കേസെടുത്തത്.
ഇന്നലെ മുട്ടത്തറയില്‍ ഡ്രൈവിംഗ് ടെസ്റ്റിനായി എത്തിയപ്പോഴാണ് മോട്ടോര്‍ വെഹിക്കിള്‍ ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായ വിനോദ് വലിയതുറയുടെ മകളെ സമരക്കാര്‍ തടഞ്ഞത്. അസഭ്യം പറയുകയും തടയുകയും ചെയ്തുവെന്ന് ചൂണ്ടികാട്ടിയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് വലിയതുറ പൊലീസാണ് കേസെടുത്തത്.
10 ദിവസത്തിനിടെ ആദ്യമായാണ് ഇന്നലെ മുട്ടത്തറയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടന്നത്. പരീക്ഷക്കായി കൊണ്ടുവന്ന വാഹനത്തിന്റെ പിന്‍ഭാഗം അപകടത്തില്‍പ്പെട്ട നിലയിലായിരുന്നു. റോഡ് ടെസ്റ്റിനിടെയുണ്ടായ അപകടമാണെന്നും തോറ്റയാള്‍ക്ക് ടെസ്റ്റ് നടത്തുവെന്നും ആരോപിച്ച് വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. സംഘര്‍ഷത്തിനിടെ പെണ്‍കുട്ടിയെയും ഇരുചക്ര വാഹന ടെസ്റ്റിനെത്തിയ മറ്റ് രണ്ടു പേരെയും പൊലീസ് അകത്തേക്ക് കയറ്റിവിട്ടു. പൊലീസ് കാവലിലാണ് മോട്ടോര്‍ വാഹന വകുപ്പ് ടെസ്റ്റ് നടത്തിയത്.
കാറിന്റെ എച്ച് ടെസ്റ്റില്‍ പെണ്‍കുട്ടി പരാജയപ്പെട്ടു. ബൈക്ക് ടെസ്റ്റിനെത്തിയവരും തോറ്റു. ടെസ്റ്റില്‍ പരാജയപ്പെട്ടവരെ തടഞ്ഞ് കൂകി വിളിച്ചുകൊണ്ടാണ് സമരക്കാര്‍ പ്രതിഷേധിച്ചത്.
സിപിഎം പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കാന്‍ കോണ്‍ഗ്രസിനൊപ്പംചേര്‍ന്ന് നാല് പാര്‍ട്ടി മെമ്പര്‍മാര്‍
രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ സിപിഎം പഞ്ചായത്ത് പ്രസിഡന്റായ രാജേന്ദ്രകുമാറിന് സ്ഥാനം നഷ്ടമായി. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് നാല് സിപിഎം അംഗങ്ങളും നാല് കോണ്‍ഗ്രസ് അംഗങ്ങളും വോട്ടുചെയ്തു. രാജേന്ദ്രകുമാറും മറ്റു നാല് സിപിഎം അംഗങ്ങളും അവിശ്വാസത്തെ എതിര്‍ത്തു വേട്ടുരേഖപ്പെടുത്തി.
തുടര്‍ച്ചയായി 25 വര്‍ഷത്തെ സിപിഎം ഭരണമാണ് ഇതോടെ അവസാനിച്ചത്. കുട്ടനാട്ടിലെ സിപിഎം വിഭാഗീയതയുടെ ഭാഗമായി ഏറെ നാളായി രാജേന്ദ്രകുമാര്‍ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു. ഇരുന്നൂറിലധികം പേര്‍ അടുത്തിടെ സിപിഎം വിട്ട് സിപിഐയില്‍ ചേരുകയും ചെയ്തു. എന്നാല്‍ അവിശ്വാസം കൊണ്ടുവന്നത് പാര്‍ട്ടിയുടെ അറിവോടെ അല്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്.
പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പുറത്തുവന്ന രാജേന്ദ്രകുമാറിനെ സിപിഐ പ്രവര്‍ത്തകര്‍ രക്തഹാരമണിയിച്ചാണ് സ്വീകരിച്ചത്. ദുര്‍ബലന്മാര്‍ എന്തും ചെയ്യുമെന്നും സിപിഎയെ ശക്തിപ്പെടുത്തുന്നതിനുള്ള നല്ല നിലപാടുമായി മുന്നോട്ടു പോകുമെന്നും രാജേന്ദ്രകുമാര്‍ പറഞ്ഞു. രാജേന്ദ്രകുമാര്‍ പ്രസിഡന്റായി ഇരിക്കുന്നിടത്തോളം കാലം സിപിഎം ഇവിടെ വളരില്ല എന്നതുകൊണ്ടാണ് ഞങ്ങള്‍ കോണ്‍ഗ്രസിനോടൊപ്പം ഒപ്പിട്ടുകൊടുത്തത് എന്നാണ് പറയുന്നത്. സിപിഎം തന്ന അംഗീകാരമായി ഇതിനെ കാണുന്നതായും അദ്ദേഹം പറഞ്ഞു.
സി.പി.എം നേതൃത്വത്തിന്റെ അവസരവാദ സമീപനം ജനങ്ങള്‍ വിലയിരുത്തുമെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. കോണ്‍ഗ്രസും സി.പി.എമ്മും യോജിച്ച് രാമങ്കരി പഞ്ചായത്ത് പ്രസിഡന്റിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയം പാസായത് ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വങ്ങളുടെ കാര്‍മ്മികത്വത്തിലാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. കേവലം പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി തിരഞ്ഞെടുപ്പിനുപോലും പഞ്ചായത്ത് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുന്ന സി.പി.എം ജില്ലാ നേതൃത്വം രാമങ്കരിയില്‍ വിപ്പ് നല്‍കാതിരുന്നത് ഈ ഒത്തുകളിയുടെ ഭാഗമായിട്ടാണെന്നും ടി.ജെ.ആഞ്ചലോസ് ആരോപിച്ചു.
കെ.എസ് ഹരിഹരന്റെ പരാമര്‍ശം; കാലില്‍ വീണ് മാപ്പ് പറയാന്‍ വേറെ ആളെ നോക്കണം-കെ.മുരളീധരന്‍
ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ വിവാദ സ്ത്രീവിരുദ്ധ പ്രസംഗത്തില്‍ പ്രതികരണവുമായി കെ.മുരളീധരന്‍ എം.പി. ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചു. മാപ്പ് പറഞ്ഞാല്‍ അതില്‍ കൂടുതല്‍ എന്താ ചെയ്യുക. കാലില്‍ വീണ് മാപ്പ് പറയാന്‍ വേറെ ആളെ നോക്കണമെന്നും മുരളി പറഞ്ഞു.
പി.വി.അന്‍വറിന്റെ പ്രസ്താവന സി.പി.എമ്മും മുഖ്യമന്ത്രിയും പിന്താങ്ങിയ പോലെ ഞങ്ങള്‍ ചെയ്തില്ല. തെറ്റ് കണ്ടാല്‍ ഞങ്ങള്‍ തിരുത്തും. ഞങ്ങള്‍ തിരിച്ച് ബോംബെറിയുന്നവരല്ല. സി.പി.എമ്മിനെതിരെ ശക്തമായ പ്രചാരണം നടത്തും. വടകരയില്‍ സര്‍വകക്ഷി യോഗം ആവശ്യമെങ്കില്‍ വിളിക്കട്ടെ. കളക്ടര്‍ വിളിച്ചാല്‍ പങ്കെടുക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രി പോയതില്‍ ഒരു കുഴപ്പവുമില്ലെന്നും പക്ഷേ വിശ്രമിക്കാന്‍ വേണ്ടി പോയി എന്ന് ഒരു വാക്ക് പറഞ്ഞാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോയെന്നും കെ.മുരളീധരന്‍ ചോദിച്ചു. ഓരോരുത്തര്‍ ഓരോ വഴിക്ക് പോയി, ഒരാള് സിംഗപ്പൂരിലേക്ക് പോയി, കൂറേ പേര് ടൂര്‍ പോയി. മഴക്കാല ശുചീകരണം പോയിട്ട് ഇവിടെ ഒന്നും നടക്കുന്നില്ലെന്നും കെ.മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. ആരോടും മിണ്ടാതെ ഒരു സുപ്രഭാതത്തില്‍ പോയപ്പോഴാണ് ചോദിച്ചത് എവിടെപ്പോയി എന്തിനു പോയി ആരെങ്കിലും സ്പോണ്‍സര്‍ ചെയ്തതാണോ അല്ലെങ്കില്‍ സ്വന്തം കാശ് കൊണ്ടാണോ എന്നൊക്കെ.
സംസ്ഥാനത്ത് ഭരണമുണ്ടെങ്കിലേ ഭരണസ്തംഭനം ഉണ്ടാകൂ.. അങ്ങനെ ഒരു സംഭവം ഇവിടെയില്ല. ചൂട് കൂടിയാലും മഴ വന്നാലും മുഖ്യമന്ത്രി പോയല്ലോ. ഇതിനെല്ലാം പരിഹാരമുണ്ടാക്കേണ്ട ആള് സ്ഥലത്തില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാനാ? ആരോട് പറയാനാണെന്നും മുരളി ചോദിച്ചു.
പീഡനക്കേസില്‍ അറസ്റ്റിലായ രണ്ട് മലയാളി അഭിഭാഷകര്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
വിവാഹമോചനക്കേസ് ഫയല്‍ചെയ്യാന്‍ സമീപിച്ച കക്ഷിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ രണ്ട് മലയാളി അഭിഭാഷകര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളും അഭിഭാഷകരുമായ എം.ജെ. ജോണ്‍സന്‍, ഫിലിപ്പ് കെ.കെ എന്നിവര്‍ക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
2021ല്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട് നിയമസഹായം തെടിയെത്തിയ യുവതിയെ അഭിഭാഷകന്‍ മദ്യം നല്‍കി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഭാര്യയെ പോലെ സംരക്ഷിക്കാമെന്നും മകളുടെ തുടര്‍ വിദ്യാഭ്യാസം നോക്കാമെന്നും അഭിഭാഷകന്‍ പറഞ്ഞതായി അതിജീവിത ആരോപിച്ചു.
കോഴിക്കോട് വീട് വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായും പറയുന്നു. ഹൈക്കോടതി ഒക്ടോബറില്‍ ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ അതിജീവിത സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഡിസംബറില്‍ ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം സൂപ്രീംകോടതി തടഞ്ഞിരുന്നു. മെയ് ആറിനാണ് അഭിഭാഷകരെ അറസ്റ്റു ചെയ്തത്.
ജസ്റ്റിസുമാരായ ഹൃശികേശ് റോയി, പങ്കജ് കുമാര്‍ മിശ്ര എന്നിവരാണ് ജാമ്യം അനുവദിച്ചത്. അതിജീവിതയേയോ കേസിലെ സാക്ഷികളെയോ പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് ഉത്തരവില്‍ പറയുന്നുവെന്ന് ലൈവ് ലോ റിപ്പോര്‍ട്ടുചെയ്തു.
കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതിയുടെ സുഹൃത്തുമായ അഭിഭാഷകനും തന്നെ പീഡിപ്പിച്ചുവെന്നും ആരോപണമുണ്ട്. ഒന്നാം പ്രതിക്കെതിരെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയെന്നും പരാതിയുണ്ട്. മുതിര്‍ന്ന അഭിഭാഷകനായ വി. ചിദംബരേഷാണ് അതിജീവിതയ്ക്കുവേണ്ടി ഹാജയായത്.
പോളിങ് ഇടിവ്; നാലാംഘട്ടത്തില്‍ വിടവ് കുറഞ്ഞു, 70 ശതമാനം സീറ്റുകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തുടരുന്ന പോളിങ് ശതമാനത്തിലെ ഇടിവ് നാലാംഘട്ടത്തിലും ഉണ്ടായെങ്കിലും വിടവ് കുറഞ്ഞു. 96 ലോക്സഭാ മണ്ഡലങ്ങളിലേക്ക് തിങ്കളാഴ്ച നടന്ന നാലാംഘട്ടവോട്ടെടുപ്പില്‍ 67.71 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലുണ്ടായ ഇടിവ് വെച്ച് താരതമ്യം ചെയ്യുമ്പോള്‍ നാലാംഘട്ടത്തില്‍ വിടവ് കുറഞ്ഞിട്ടുണ്ട്. 2019-ല്‍ ഈ സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 68.8 ശതമാനമായിരുന്നു പോളിങ്. ഒരു ശതമാനത്തോളം വോട്ടിന്റെ കുറവെ ഇത്തവണ ഉണ്ടായിട്ടുള്ളൂ.
അതേ സമയം 102 സീറ്റുകളിലേക്ക് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 2019നെ അപേക്ഷിച്ച് നാലു ശതമാനത്തിനടുത്ത് വ്യത്യാസം ഉണ്ടായിരുന്നു. 66.14 ശതമാനമായിരുന്നു ഒന്നാംഘട്ടത്തിലെ ഇത്തവണത്തെ പോളിങ്. 2019-ല്‍ 69.89 ശതമാനം പോളിങാണ് ഈ സീറ്റുകളില്‍ രേഖപ്പെടുത്തിയത്. 88 സീറ്റുകളിലേക്ക് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഇത്തവണ 66.71 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 2019-ല്‍ 69.64 ശതമാനമായിരുന്നു പോളിങ്. മൂന്ന് ശതമാനത്തിനടുത്താണ് പോളിങിലെ വ്യത്യാസം. 93 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന മൂന്നാംഘട്ടത്തില്‍ 65.68 ശതമാനമായിരുന്നു പോളിങ്. 2019-നെ അപേക്ഷിച്ച് ഒന്നര ശതമാനത്തിലേറെ വ്യത്യാസമുണ്ട്.
കാലവസ്ഥയും നഗരപരിധിയിലെ വോട്ടര്‍മാരുടെ താത്പര്യമില്ലായ്മയുമാണ് പോളിങ് ശതമാനത്തിലെ കുറവിന് പ്രധാന കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. ആദ്യ രണ്ടുഘട്ടത്തില്‍ പോളിങ് ശതമാനത്തില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതിന പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഓരോ ഘട്ടങ്ങള്‍ പിന്നിടുമ്പോഴും പോളിങ് ശതമാനത്തിലെ വിടവ് കുറഞ്ഞ് വരുന്നതും കമ്മിഷന്‍ ആശ്വാസം നല്‍കുന്നു.
അതേ സമയം ഏഴുഘട്ടങ്ങളിലായുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലുഘട്ടം പിന്നിടുമ്പോള്‍ 69.8 ശതമാനം സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. 543 സീറ്റുകളില്‍ 379 സീറ്റുകളിലെ വോട്ടെടുപ്പാണ് ഇതിനകം പൂര്‍ത്തിയായത്.
ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും വോട്ടെടുപ്പ് തിങ്കളാഴ്ച പൂര്‍ത്തിയായതോടെ ദക്ഷിണേന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും പോളിങ് പൂര്‍ത്തിയായി. ഇവയ്ക്കുപുറമേ കേരളം, കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെയും ലക്ഷദ്വീപ്, പുതുച്ചേരി സ്ഥലങ്ങളിലെയുമായി 131 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പൂര്‍ത്തിയായത്. ഇതിനോടകം 19 സംസ്ഥാനങ്ങളിലെയും നാലു കേന്ദ്രഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുപ്പാണ് പൂര്‍ത്തിയായത്. ഇതുവരെ തിരഞ്ഞെടുപ്പ് നടക്കാത്ത ഹരിയാണ, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് വരുംഘട്ടങ്ങളില്‍ പ്രധാനമായുമുള്ളത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് അടുത്തഘട്ടത്തോടെ പൂര്‍ത്തിയാകും. ഏഴുഘട്ടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന യു.പി., ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍ ഇനിയും പകുതിയോളം സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കാനുണ്ട്.