തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയിലാണ് കോടതി ഉത്തരവ്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്റെ പരാതി. കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതി 3 നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. പരാതി കോടതി പൊലീസിന് കൈമാറി.
ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കോടതിയെ സമീപിച്ചത്. ആര്യ രാജേന്ദ്രന്‍, സച്ചിന്‍ ദേവ്, വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കെതിരെയാണ് പരാതി. എന്നാല്‍ സമാനസ്വഭാവമുളള ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം എടുത്ത കേസില്‍ അന്വേഷണം നടത്തുന്ന കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിക്കാനാണ് സാധ്യത. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം, ബസ്സിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ പൊലിസ് അന്വേഷണം തുടരുകയാണ്. പാപ്പനംകോടുളള കെഎസആടിസി വര്‍ക്ക്‌ഷോപ്പില്‍ വെച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇവിടെ നിന്നുള്ള രേഖകള്‍ പൊലീസ് ശേഖരിച്ചു. യദു ഉള്‍പ്പെടെ ബസ് ഓടിച്ചവര്‍ ബസിലുണ്ടായിരുന്ന കണ്ടക്ടര്‍മാര്‍ എന്നിവരുടെ മൊഴി പൊലീസ് വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.
കെപിസിസി പ്രസിഡന്റ് സ്ഥാനം കെ സുധാകരന് തിരികെ കിട്ടാന്‍ തെരഞ്ഞെടുപ്പ് ഫലമറിയണം: എഐസിസി വൃത്തങ്ങള്‍
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരന്റെ മടങ്ങിവരവ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമേ തീരുമാനിക്കൂവെന്ന് എഐസിസി വൃത്തങ്ങള്‍. തെരഞ്ഞെടുപ്പ് ഫലം കൂടി നോക്കിയ ശേഷമാകും തീരുമാനം. എഐസിസി നിര്‍ദ്ദേശിച്ചെങ്കില്‍ മാത്രമേ കെ സുധാകരന് മടങ്ങി വരാനാകൂയെന്നും നേതാക്കള്‍ വ്യക്തമാക്കി. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലവും കണ്ണൂരിലെ തെരഞ്ഞെടുപ്പ് ഫലവും പരിഗണിച്ചാവും തീരുമാനം. കണ്ണൂരില്‍ പരാജയപ്പെടുകയോ, മുന്നണിക്ക് കേരളത്തില്‍ മുന്നേറ്റം തുടരാനാകാതെ വരികയോ ചെയ്താല്‍ കെ സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടമാകുന്ന സ്ഥിതിയുണ്ടാകുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കണ്ണൂര്‍ മണ്ഡലത്തില്‍ കെ സുധാകരനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. എഐസിസി തീരുമാനം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരും. എംഎം ഹസ്സനാണ് നിലവില്‍ കെപിസിസി ആക്ടിങ് പ്രസിഡന്റ്. അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ സുധാകരനും തമ്മിലുണ്ടായ ഭിന്നതയും ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് കാരണമാണെന്ന് കരുതുന്നുണ്ട്. സുധാകരനുമായി ബന്ധപ്പെട്ട് കെപിസിസി ഫണ്ട് വിതരണ വിഷയത്തില്‍ പുറത്തുവന്ന ശബ്ദസന്ദേശങ്ങളും എഐസിസി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
പ്രജ്വലിന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്താല്‍ കേസ്
ജെഡിഎസ് നേതാവും എംഎല്‍എയുമായ എച്ച് ഡി രേവണ്ണയുടെ മകനും ഹാസന്‍ സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്താല്‍ കേസെടുക്കുമെന്നറിയിച്ച് പ്രത്യേത അന്വേഷണ സംഘം.
ഇരകളുടെ സ്വകാര്യത ഉറപ്പുവരുത്താനാണ് ഈ തീരുമാനം. ദൃശ്യങ്ങള്‍ പങ്കുവച്ചാലോ ഡൗണ്‍ലോഡ് ചെയ്താലോ ഐടി ആക്ട് 67 (എ) പ്രകാരം കേസെടുക്കും. ദൃശ്യമാധ്യമങ്ങള്‍ ഇരകളുടെ പേരോ തിരിച്ചറിയാവുന്ന മറ്റേതെങ്കിലും വിവരങ്ങളോ പങ്കുവച്ചാലും കേസെടുക്കുമെന്ന് പ്രത്യേകാന്വേഷണസംഘം അറിയിച്ചിട്ടുണ്ട്.
രണ്ടായിരത്തിലധികം ക്ലിപ്പുകളാണ് ഇതിനോടകം തന്നെ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ നിരവധി സ്ത്രീകള്‍ പീഡനത്തിനിരയാകുന്ന ദൃശ്യങ്ങളുണ്ട്. ഇവ കര്‍ണാടകയില്‍ പ്രചരിക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിന്റെ പുതിയ അറിയിപ്പ് വരുന്നത്.
പ്രജ്വലിനെതിരെ മാത്രമല്ല രേവണ്ണയ്‌ക്കെതിരെയും പീഡന പരാതി വന്നു. രേവണ്ണയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട പഴയ പല പരാതികളും ഇപ്പോള്‍ ഉയര്‍ന്നുവരുന്നുമുണ്ട്. ഇംഗ്ലണ്ടില്‍ ഇത്തരത്തില്‍ ഒതുക്കിത്തീര്‍ത്ത കേസിനെ കുറിച്ചും ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നുണ്ട്.
തനിക്കെതിരെ ആരോപണങ്ങള്‍ ശക്തമായതിന് പിന്നാലെ പ്രജ്വല്‍ നാടുവിട്ടെങ്കിലും രേവണ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. രേവണ്ണയും അച്ഛനും ജെഡിഎസ് ദേശീയാധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡയുടെ വസതിയില്‍ നിന്നാണ് ശനിയാഴ്ച രേവണ്ണയെ പൊലീസ് അറസ്റ്റ് ചെയ്തത്.
മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണമില്ല; മാത്യു കുഴല്‍നാടന്റെ ഹര്‍ജി കോടതി തള്ളി
ാേമാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടിയായി പണം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന കേസില്‍ സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം. എന്നാല്‍ തെളിവില്ലെന്ന് കണ്ടെത്തിയാണ് വിജിലന്‍സ് കോടതി ഈ ആവശ്യം നിരാകരിച്ചത്.
സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവുകള്‍ ഹാജരാക്കാന്‍ മാത്യുകുഴല്‍ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.ചില രേഖകള്‍ കുഴല്‍നാടന്റെ അഭിഭാഷകന്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സും വാദിച്ചു.
താപനില ഇനിയുമുയരും; പാലക്കാട്ട് നിയന്ത്രണങ്ങള്‍ തുടരും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം
ജില്ലയില്‍ ഇനിയും താപനില ഉയരുമെന്നതിനാല്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അറിയിപ്പ്. യെല്ലോ അലര്‍ട്ടാണ് നിലവില്‍ ജില്ലയിലുള്ളത്. 39ത്ഥഇ വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. മെയ് 6 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ 2- 4ത്ഥഇ വരെ താപനില ഉയരാനാണ് സാധ്യത.
ഇക്കാരണത്താല്‍ തന്നെ മെയ് 8 വരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്. പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം. പ്രൊഫഷണല്‍ കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, ട്യൂട്ടോറിയല്‍സ്, അഡീഷണല്‍ ക്ലാസുകള്‍, സമ്മര്‍ ക്ലാസുകള്‍ ഒന്നും പാടില്ല.
ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താനാണ് നിര്‍ദേശം. കായിക പരിപാടികള്‍, പരേഡുകള്‍ എന്നിവ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയം പാടുള്ളതല്ല. പൊതുജനങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു, സംഭവം കന്യാകുമാരിയില്‍
കന്യാകുമാരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവര്‍. തഞ്ചാവൂര്‍ സ്വദേശി ചാരുകവി, നെയ്വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സര്‍വദര്‍ശിത്, ദിണ്ടിഗല്‍ സ്വദേശി പ്രവീണ്‍ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. കരൂര്‍ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവര്‍ ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ലെമൂര്‍ (ഗണപതിപുരം) ബീച്ചില്‍ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കടല്‍ക്ഷോഭ മുന്നറിയിപ്പിനെ തുടര്‍ന്ന് ബീച്ചില്‍ പ്രവേശനം വിലക്കിയിരുന്നു. തെങ്ങിന്‍ തോപ്പിലൂടെയാണ് സംഘം ബീച്ചില്‍ എത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് ഇ സുന്ദരവതനം പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ എസ്ആര്‍എം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളാണ് ഇവര്‍. ഞായറാഴ്ച കന്യാകുമാരിയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് കോളേജില്‍ നിന്ന് വിദ്യാര്‍ഥികളുടെ സംഘം എത്തിയത്. ഞായറാഴ്ച ചെന്നൈയില്‍ നിന്നുള്ള മറ്റ് മൂന്ന് പേര്‍ മറ്റൊരു ബീച്ചില്‍ മുങ്ങിമരിച്ചിരുന്നു.
കനത്ത ചൂട് തുടരും; ഇന്ന് മൂന്ന് ജില്ലകളില്‍ മഴയില്ല, ഒറ്റപ്പെട്ട ശക്തമായ മഴ, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ചൂട് കൂടുന്നതിനിടെ സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ മഴയെത്തുമെന്ന് പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് ആലപ്പുഴ, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളൊഴികെ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ കാസര്‍കോടൊഴികെ എല്ലായിടത്തും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ സംസ്ഥാനത്താകെയും മഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 9ാം തിയ്യതി മലപ്പുറം, വയനാട് ജില്ലകളിലും 10ന് ഇടുക്കിയിലുമാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മഞ്ഞ അലര്‍ട്ട് ആണ് പ്രവചിച്ചിട്ടുള്ളത്. ഇന്ന് മുതല്‍ 8 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39ത്ഥഇ വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38ത്ഥഇ വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37ത്ഥഇ വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36ത്ഥഇ വരെയും (സാധാരണയെക്കാള്‍ 2 – 4ത്ഥഇ കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇന്ന് രാത്രി താപനില തുടരാനും സാധ്യതയുണ്ട്.
യദുവിനെതിരെ തിരുവനന്തപുരം നഗരസഭ പാസാക്കിയ പ്രമേയം പിന്‍വലിക്കണമെന്ന് ബിജെപി;പ്രമേയമില്ലെന്ന് മേയര്‍
മേയര്‍ ഡ്രൈവര്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭ കൗണ്‍സിലില്‍ തര്‍ക്കം. ഡ്രൈവര്‍ യദുവിന് എതിരെ നഗരസഭ പാസാക്കിയ പ്രമേയം പിന്‍വലിക്കണം എന്നായിരുന്നു ബിജെപി അംഗങ്ങളുടെ ആവശ്യം. അങ്ങനെയൊരു പ്രമേയം പാസാക്കിയിട്ടില്ലെന്നായിരുന്നു മേയറുടെ വാദം. ബിജെപി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളിന്റെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും പിന്നീട് കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ പുറത്തിറങ്ങി. മുദ്രാവാക്യം വിളികളോടെയായിരുന്നു ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചത്.
മേയറെ അനുകൂലിച്ച് നഗരസഭ പ്രമേയം പാസാക്കിയെന്ന് ബിജെപി നഗരസഭാ കക്ഷി നേതാവ് എംആര്‍ ഗോപന്‍ ആരോപിച്ചു. വാക്കാലുള്ള പ്രമേയമാണ് പാസാക്കിയതെന്നും ഇത് നിയമങ്ങള്‍ക്ക് എതിരാണെന്നുമാണ് ബിജെപിയുടെ ആരോപണം.
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരുന്നു. യദുവിന്റെ പരാതി കോടതി പൊലീസിന് കൈമാറിയിരുന്നു. എഫ്ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എ സച്ചിന്‍ ദേവ് എന്നിവരടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു യദുവിന്റെ ഹര്‍ജി. വിധിയില്‍ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാര്‍ത്ഥമായി കോടതി ഇടപെട്ടതില്‍ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യദു വ്യക്തമാക്കിയിരുന്നു.
പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു
പൂഞ്ച ഭീകരാക്രമണത്തില്‍ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു. വിവരം നല്‍കിയാല്‍ 20 ലക്ഷം രൂപ പ്രതിഫലം ലഭിക്കും. വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ഭീകരാക്രമണത്തില്‍ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് നിര്‍മിത ബുള്ളറ്റുകളാണെന്നാണ് കണ്ടെത്തല്‍. ആക്രമണത്തില്‍ ഭീകരര്‍ ഉപയോഗിച്ചത് M4A1, Type561 അസോള്‍ട്ട് റൈഫിളുകളുകളാണ്. ഇവയില്‍ ഉപയോഗിച്ചത് ചൈനീസ് സ്റ്റീല്‍ കോര്‍ ബുള്ളറ്റുകളാണെന്ന് കണ്ടെത്തി. ചൈനീസ് സൈബര്‍ വാര്‍ഫെയര്‍ വിദഗ്ധര്‍ കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ മിലിട്ടറിയുടെ സ്ട്രാറ്റജിക്ക് പ്ലാനിങ് ഡിവിഷന്‍ സന്ദര്‍ശിച്ചിരുന്നു.
ആക്രമണം നടത്തിയ ഭീകരര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. പൂഞ്ചിലെ ഷാസിതാര്‍ മേഖലയില്‍ പ്രത്യേക സംഘത്തെ ഹെലിക്കോപ്റ്ററില്‍ എയര്‍ ഡ്രോപ്പ് ചെയ്തു. ഭീകരര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. പൂഞ്ച് ദേശീയ പാതയില്‍ വാഹന പരിശോധന കര്‍ശനമാക്കി.പൂഞ്ച് ഭീകരാക്രമണത്തില്‍ ഭീകരര്‍ക്ക് മറുപടി നല്‍കാന്‍ സൈന്യം ഒരുങ്ങുകയാണ്. വാഹനവ്യൂഹത്തിന് നേരെ വെടിവൈപ്പ് ഉണ്ടായ ഷാസിതാറിന് സമീപമുള്ള വനമേഖലയില്‍ തിരച്ചിലിനായി കൂടുതല്‍ സംഘത്തെ ഏര്‍പ്പെടുത്തി. ആക്രമണം നടത്തിയ ഭീകരന്‍ പ്രദേശത്തെക്കുറിച്ച് ധാരണയുള്ളവരെന്ന് സൈനിക വൃത്തങ്ങള്‍.
ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെയാണ് സൈനിക നടപടി വനമേഖല കേന്ദ്രീകരിച്ച് പുരോഗമിക്കുന്നത്. സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതി നേരിട്ട എത്തി വിലയിരുത്തിയിട്ടുണ്ട്. നിയന്ത്രണ രേഖയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ സൈന്യത്തിന്റെ പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
കൊടും ചൂട്, മഴ പെയ്യാന്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി പത്തനംതിട്ട സലഫി മസ്ജിദ്
സംസ്ഥാനം വേനല്‍ ചൂടില്‍ വെന്തുരുകുമ്പോള്‍ മഴപെയ്യിക്കാനായി പ്രത്യേക പ്രാര്‍ത്ഥന നടത്തി പത്തനംതിട്ട സലഫി മസ്ജിദ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു പ്രാര്‍ത്ഥന ചടങ്ങ്. പള്ളി മുറ്റത്താണ് വിശ്വാസി സമൂഹം ഒത്തുകൂടിയത്. സമൂഹത്തിനാകെ ആശ്വാസമേകി മഴ പെയ്യട്ടെ എന്ന ആഗ്രഹത്തോടെയാണ് ഒത്തൊരുമിച്ചുള്ള പ്രാര്‍ത്ഥനയെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു.
വിശ്വാസി സമൂഹം പള്ളി മുറ്റത്താണ് പ്രാര്‍ത്ഥനക്കായി ഒത്തുകൂടിയത്. രൂക്ഷമായ ചൂടും വരള്‍ച്ചയും മാറാനാണ് മഴയുടെ ഉടമസ്ഥനായ ദൈവത്തോട് പ്രാര്‍ത്ഥിച്ചതെന്ന് റഷീദ് മൌലവി പറഞ്ഞു.തങ്ങളുടെ പ്രാര്‍ത്ഥനയിലൂടെ എല്ലാ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും പ്രയോജനം ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നേരിയ മഴ ലഭിച്ചുണ്ടെങ്കിലും അതൊന്നും കൊടുംചൂടില്‍ നിന്നും ആശ്വാസമേകിയില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ പെയ്യും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.