വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍:ഭക്തരുടെ സംഭാവനയില്‍ നിന്ന് സര്‍ക്കാര്‍ ഒന്നും എടുക്കുന്നില്ല:സലിം കുമാറിന് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണന്‍

ദേവസ്വം വരുമാനത്തെ മിത്ത് മണിയെന്ന് വിളിക്കണമെന്ന ചലച്ചിത്ര താരം സലിം കുമാറിന്റെ പരിഹാസത്തോട് പ്രതികരിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ‘ദേവസ്വം ബോര്‍ഡ് വരുമാനത്തെ പരിഹസിക്കുന്നത് ശരിയല്ല. മിത്ത് മണി എന്ന പരാമര്‍ശത്തോട് യോജിപ്പില്ല. ഭക്തര്‍ നല്‍കുന്ന സംഭാവനയെ കളിയാക്കേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി.

‘ഭക്തരുടെ സംഭാവനയും വഴിപാടുമാണ് ദേവസ്വത്തിന്റെ വരുമാനം. ഇതില്‍ നിന്ന് സര്‍ക്കാര്‍ ഒന്നും എടുക്കുന്നില്ല. എന്നാല്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പണം ചിലവിടുന്നുണ്ട്. കോവിഡ് കാലത്ത് ക്ഷേത്രങ്ങള്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു,’ മന്ത്രി ഓര്‍മ്മപ്പെടുത്തി.

‘എല്ലാ ഇടതുപക്ഷ സര്‍ക്കാരുകളും വിശ്വാസികളെ മാനിക്കുകയും സഹായിക്കുകയുമാണ് ചെയ്തിട്ടുള്ളത്. വിശ്വാസത്തെ തകര്‍ക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ സര്‍ക്കാരിന് ആഗ്രഹമില്ല. മിത്തില്‍ ശാസ്ത്രമുണ്ടോയെന്ന് പരിശോധിക്കേണ്ടത് ദേവസ്വം മന്ത്രിയുടെ ഉത്തരവാദിത്തമല്ല,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് വിവാദം കത്തി നില്‍ക്കെയായിരുന്നു ഫെയ്‌സ്ബുക്കിലൂടെയുള്ള സലിം കുമാറിന്റെ പരിഹാസം ഉണ്ടായത്. മന്ത്രി രാധാകൃഷ്ണന്റെ ചിത്രം ഉള്‍പ്പടെ ചേര്‍ത്തുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്

മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്.മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇതെന്ന് സലിംകുമാര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ഗണപതി എന്നത് ‘മിത്ത്’ (കെട്ടുകഥ) ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്ന സ്പീക്കര്‍ ഷംസീറിന്റെ വിവാദ പരാമര്‍ശം കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുകയും ഗണപതി ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുകയുമുണ്ടായി. സ്പീക്കര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നാമജപയാത്രയും നടത്തി.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. ‘ചിലര്‍ പറയുമ്പോള്‍ വിവാദമാക്കുകയും മറ്റ് ചിലര്‍ പറയുമ്പോള്‍ വിവാദമല്ലാതിരിക്കുകയും ചെയ്യുന്നത് എങ്ങനെയാണ്? ആ നിലപാട് ശരിയല്ല. വിഷയം വിവാദമാണെങ്കില്‍ അത് ആദ്യം തുടങ്ങിയത് സയന്‍സ് കോണ്‍ഗ്രസില്‍ അല്ലേ. സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാകാന്‍ പാടില്ല. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും’ മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സിനും കേസെടുക്കാം; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി

അഴിമതി നിരോധന നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന വിജിലന്‍സിന് കേസ് എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര ഏജന്‍സിയായ സിബിഐയ്ക്ക് മാത്രമേ അന്വേഷണത്തിന് അധികാരമുള്ളൂവെന്ന വാദം തെറ്റാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന വിജിലന്‍സ് മാനുവല്‍ കേസ് അന്വേഷണത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശം മാത്രമാണെന്നും നിയമത്തിന് വിരുദ്ധമായ പരാമര്‍ശം മാനുവലില്‍ പാടില്ലെന്നും സിംഗിള്‍ ബഞ്ച് ഉത്തരവിലുണ്ട്.

തലയോലപ്പറമ്പ് പഞ്ചായത്തിലെ ഭവന നിര്‍മ്മാണ അഴിമതിയില്‍ പ്രതിയായ ബാങ്ക് ഉദ്യോഗസ്ഥരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ അപ്പീലിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയാല്‍ കേസ് എടുക്കാന്‍ വിജിലന്‍സ് മാനുവലില്‍ പറയുന്നില്ലെന്നും സിബിഐയെ അറിയിക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കിയായിരുന്നു വിചാരണ കോടതി പ്രതികളെ ഒഴിവാക്കിയത്.

എന്നാല്‍ വിജിലന്‍സ് മാനുവല്‍ കേസ് അന്വേഷണത്തിനുള്ള മാര്‍ഗരേഖ മാത്രമാണെന്നും നിയമത്തിന് വിരുദ്ധമായ പരമാര്‍ശം മാനുവലില്‍ പാടില്ലെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. സംസ്ഥാന പരിധിയില്‍ ജോലി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയാല്‍ അഴിമതി നിരോധന നിയമ പ്രകാരവും അതുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും വിജിലന്‍സിന് കേസ് എടുക്കാനും അന്വേഷണം നടത്തി കുറ്റപത്രം നല്‍കാനും കഴിയുമെന്ന് സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു.

ഇതുമായി ബന്ധപ്പെട്ട് 2016 ല്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും പുതിയ ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. തലയോലപ്പറമ്പ് അഴിമതി കേസില്‍ രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളെ ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

പ്രതികളോട് വിചാരണ നേരിടാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഗ്രാമസേവികയുമായി ചേര്‍ന്ന് നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ഒരുലക്ഷത്തി എണ്‍പത്തി അയ്യായിരം രൂപ തട്ടിയെടുത്ത കേസിലാണ് വിജിലന്‍സ് അഴിമതി നിരോധന നിയമ പ്രകാരം ഉദ്യോഗസ്ഥരെ പ്രതിയാക്കിയത്.

ആളിക്കത്തി മണിപ്പൂര്‍; 24 മണിക്കൂറിനിടെ കൊല്ലപ്പട്ടത് 6 പേര്‍, കൊള്ളയടിക്കപ്പെട്ട ആയുധങ്ങള്‍ തിരികെ പിടിച്ച് സൈന്യം

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷമാകുകയാണ്. ശനിയാഴ്ച നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. അക്രമികള്‍ നിരവധി വീടുകള്‍ക്ക് തീയിട്ടു. ബിഷ്ണുപൂരില്‍ സൈന്യത്തിന് നേരെയും ആക്രമണം നടന്നു. വീണ്ടും ആളിക്കത്തുകയാണ് മണിപ്പൂര്‍. ഇംഫാല്‍ മുതല്‍ ബിഷ്ണുപൂര്‍ വരെയുള്ള മേഖലകളില്‍ വ്യാപക അക്രമങ്ങളാണ് നടന്നത്. ക്വാക്ടയില്‍ മെയ്‌തേയി വിഭാഗത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്നലെ സ്ഥിതി രൂക്ഷമായത്.

തുടര്‍ന്ന് കുക്കി മേഖലകളിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ കൂടി കൊല്ലപ്പെട്ടു. ഇംഫാലില്‍ 22 വീടുകള്‍ക്ക് തീയിട്ടു. 18 പേര്‍ക്ക് ശനിയാഴ്ചച നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇതില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു. ഇംഫാലില്‍ ഇന്നും പ്രതിഷേധം നടന്നു. ലാംഗോലില്‍ കുകികളുടെ ആളൊഴിഞ്ഞ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമുണ്ടായി. ചുരചന്ദ്പ്പൂര്‍, ബീഷ്ണുപൂര്‍ എന്നിവിടങ്ങളില്‍ ഇന്നും വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ബിഷ്ണൂപൂരില്‍ പരിശോധന നടക്കുന്നതിനിടെയാണ് സൈന്യത്തിന് നേരെ വെടിവെപ്പുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. സര്‍ക്കാരുമായി സമാധാന കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത കിയ ഗ്രൂപ്പിലെ ഒരാളെ പരിക്കുകളോടെ പിടികൂടി. ഇതിനിടെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങള്‍ക്കായി സുരക്ഷസേനയുടെയും പൊലീസിന്റെയും പരിശോധന തുടരുകയാണ്. 1057 തോക്കുകളും 14000 വെടിയുണ്ടകളും മെയ്‌തെ മേഖലകളില്‍ നിന്ന് പിടികൂടി. കുക്കി മേഖലയില്‍ നിന്ന് 138 തോക്കുകളും കണ്ടെത്തി. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് 10 കമ്പനി കേന്ദ്രസേനയെ കൂടി സംസ്ഥാനത്ത് വിന്യസിച്ചു.അതേസമയം, മൂന്നുമാസമായി അറുതിയില്ലാതെ കലാപം തുടരുന്ന മണിപ്പുരില്‍ അച്ഛനും മകനുമടക്കം മൂന്നുപേരെ വീട്ടില്‍നിന്ന് പിടിച്ചിറക്കി വെടിവച്ചുകൊന്നു. പിന്നാലെ പൊലീസുമായുണ്ടായ വെടിവയ്പില്‍ കമാന്‍ഡോ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബിഷ്ണുപുര്‍ ജില്ലയിലെ ക്വാക്ത ഗ്രാമത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.

മെയ്ത്തീ വിഭാഗത്തിന്റെ ഗ്രാമത്തിന് സുരക്ഷ നല്‍കുന്ന സംഘത്തില്‍പ്പെട്ട യുംനം പ്രേംകുമാര്‍ (37), അച്ഛന്‍ യുംനം പിഷക്ക്, സമീപത്തെ വീട്ടില്‍ ഉണ്ടായിരുന്ന യുംനം ജിതേന്‍ (58)എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങളില്‍ വാള്‍ ഉപയോഗിച്ച് വെട്ടിയതായും റിപ്പോര്‍ട്ടുണ്ട്. ഗ്രാമത്തിലുള്ളവര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുമ്പോള്‍ ഊഴമനുസരിച്ച് ഗ്രാമത്തിന് കാവല്‍നിന്നവരാണ് കൊല്ലപ്പെട്ടത്.

കേന്ദ്രസേന സംരക്ഷണം നല്‍കിയില്ലെന്ന് ആരോപിച്ച മെയ്ത്തീകള്‍, കുക്കി മേഖലയായ ചുരാചന്ദ്പുരിലേക്ക് സംഘടിച്ചുനീങ്ങിയെങ്കിലും പൊലീസ് തടഞ്ഞു. ഇംഫാലിലെ ലംഗോളിലുള്ള ഉപേക്ഷിച്ചുപോയ വീടുകള്‍ ശനിയാഴ്ച വൈകിട്ട് മെയ്ത്തീകള്‍ അഗ്‌നിക്കിരയാക്കി. കൊലപാതകത്തിനു പിന്നാലെ പ്രദേശത്ത് വിമതരും പൊലീസും തമ്മില്‍ രൂക്ഷമായ വെടിവയ്പ് നടന്നു.

ഇതിലാണ് കമാന്‍ഡോ പവോനം അപ്പല്ലോയ്ക്ക് (32) ഗുരുതര പരിക്കേറ്റത്. ഒരു സ്ത്രീയടക്കം മറ്റ് രണ്ടുപേര്‍ക്കും വെടിയേറ്റു. കൊല്ലപ്പെട്ട 35 കുക്കികളുടെ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മെയ്ത്തീകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തടയപ്പെട്ടിരുന്നു. സമാധാനം പുനസ്ഥാപിക്കുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

രാജ്യാന്തര അവയവക്കടത്ത്; അന്വേഷണ സംഘം വിപുലീകരിച്ചു, തീവ്രവാദ ബന്ധം പരിശോധിക്കും, കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും

രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തേക്കും. സംസ്ഥാന പൊലീസ്...

Finest Live Roulette Bonus Offer: Maximizing Your Earnings

Are you all set to spin the wheel and...

ജിഷ വധകേസ്: അമീറുൽ ഇസ്ലാമിന് തൂക്കുകയർ

സംസ്ഥാനത്ത് വൻ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകക്കേസിൽ പ്രതി അമീറുൽ...

No Download No Deposit Bonus Round – Free Slots

Play for free without registration, for pure fun The...