വാര്‍ത്തകള്‍ ചുരുക്കത്തില്‍; ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു; വെടിനിര്‍ത്താന്‍ ആവശ്യപ്പെടില്ലെന്ന് അമേരിക്ക

ടെല്‍അവീവ്: 18 ദിവസമായി ഗാസയില്‍ തുടരുന്ന ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു. 2009 കുട്ടികളും1044 സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലും വെടിനിര്‍ത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അതേസമയം, ഹമാസ് ഇന്നലെ മോചിപ്പിച്ച രണ്ട് വനിതകള്‍ ഇസ്രയേലില്‍ തിരിച്ചെത്തി.

രണ്ടര ആഴ്ച പിന്നിടുന്ന വ്യോമാക്രമണങ്ങളില്‍ ഗാസ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഇന്ധനം കടത്തിവിടില്ലെന്ന് പിടിവാശി തുടരുന്ന ഇസ്രയേല്‍ ഗാസയെ കൂട്ടമരണത്തിലേക്ക് തള്ളിവിടുകയാണെന്ന് സന്നദ്ധസംഘടനകള്‍ പറയുന്നു. അതിനിടെ, ഇസ്രയേലിനോട് വെടിനിര്‍ത്താന്‍ ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എല്ലാ ബന്ദികളെയും മോചിപ്പിക്കുംവരെ വെടിനിര്‍ത്തലിനെപ്പറ്റി ചര്‍ച്ചപോലും ഇല്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ഇന്നലെ വ്യോമാക്രമണത്തില്‍ മൂന്നു ഹമാസ് കമ്മാണ്ടര്‍മാരെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.

ഇസ്രായേലിന് പിന്തുണ അറിയിക്കാനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ടെല്‍ അവീവില്‍ എത്തി. യുദ്ധ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യാഴാഴ്ച അമേരിക്കയിലെത്തും. ലെബനോനില്‍ ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ഇന്നലെയും വ്യോമാക്രമണം നടത്തി. ഇറാഖിലും സിറിയയിലും അമേരിക്കയുടെ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ അനുകൂല സംഘങ്ങള്‍ ആക്രമണം നടത്തിയതായി വൈറ്റ് ഹൌസ് അറിയിച്ചു.

ഹമാസ് ഇന്നലെ മോചിപ്പിച്ച രണ്ടു വനിതകള്‍ സുരക്ഷിതരായി ഇസ്രയേലില്‍ എത്തി. ഇസ്രയേലികളായ വനിതകളെ മാനുഷിക പരിഗണന നല്‍കി വിട്ടയച്ചു എന്നാണു ഹമാസ് പറയുന്നത്. 18 ദിവസമായി ഹമാസിന്റെ തടവിലുള്ള ഇരുന്നൂറിലേറെ ബന്ദികളുടെ അവസ്ഥ എന്തെന്ന് വ്യക്തമല്ല. ബന്ദികളുടെ സുരക്ഷയെ കരുതി കരയുദ്ധം വേണ്ടെന്ന് വെക്കില്ലെന്ന് ഇസ്രയേല്‍ ഊര്‍ജ മന്ത്രി കാട്‌സ് വ്യക്തമാക്കി. വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ സംഘത്തിന്റെ ആക്രമണത്തില്‍ ഇസ്രയേല്‍ സൈനികന് ഗുരുതരമായി പരിക്കേറ്റു. പലസ്തീന്‍ അതോറിറ്റിയുടെ ഭാഗിക നിയന്ത്രണത്തില്‍ ഉള്ള വെസ്റ്റ് ബാങ്കില്‍ ഇന്നലെയും ഇസ്രയേല്‍ സൈന്യം നിരവധി കേന്ദ്രങ്ങളില്‍ തെരച്ചില്‍ നടത്തി പലസ്തീനികളെ പിടികൂടി.

സര്‍ക്കാര്‍ ആശുപത്രിയില്‍ കാലാവധി കഴിഞ്ഞ മരുന്ന്; കോടികളുടെ അഴിമതി, നിഷ്പക്ഷ അന്വേഷണം വേണമെന്ന് സതീശന്‍


മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്തുവെന്ന സിഎജി റിപ്പോര്‍ട്ടിലും, വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിലുംമാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചാത്തന്‍ മരുന്ന് വിതരണം ചെയ്‌തെന്നത് ഞെട്ടിക്കുന്നതാണെന്നും കൃത്യമായ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുന്നു. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലെ സിഎജി റിപ്പോര്‍ട്ട് പ്രകാരം1610 ബാച്ച് മരുന്നുകള്‍ക്ക് കാലാവധി സംബന്ധിച്ച് നിബന്ധന പാലിക്കപ്പെട്ടില്ല. 26 ആശുപത്രികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ പല ആശുപത്രികളിലും വിതരണം ചെയ്തു. രോഗികള്‍ക്ക് ജീവഹാനി വരുത്തുന്ന രീതിയില്‍ പണം തട്ടി. ഗുണനിലവാര പരിശോധനയില്‍ ഗുരുതരമായ അലംഭാവമുണ്ടായി. ചില കമ്പനികളുടെ മരുന്ന് പരിശോധിച്ചിട്ടില്ല. ചാത്തന്‍ മരുന്നുകള്‍ സുലഭമായി. പര്‍ച്ചേസുകള്‍ക്ക് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അംഗീകാരം നല്‍കി.നിഷ്പക്ഷമായ അന്വേഷണം വേണം.

മുഖ്യമന്ത്രി സോഷ്യല്‍ മീഡിയാ മാനേജ്‌മെന്റിന് വേണ്ടി ലക്ഷങ്ങള്‍ ചിലവഴിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടാന്‍ മാത്രമം 6,67,260 രൂപ മാസം ചിലവഴിക്കുന്നു. സര്‍ക്കാര്‍ പണമാണ് ഇങ്ങനെ ധൂര്‍ത്തടിച്ച് ചിലവഴിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ മാത്രം 12 പേരെയാണ് നിയോഗിച്ചത്. ഒരു മാസം പരമാവധിയിടുന്നത് 20 പോസ്റ്റുകളാണ്. അതിനാണ് ഈ പണമെല്ലാം ചിലവഴിക്കുന്നത്. സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്ന മുഖ്യമന്ത്രി, സുനില്‍ കനഗോലുവിനെ കുറ്റപ്പെടുത്തുന്നു. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ ഗോഡൗണുകളില്‍ നടന്ന തീപിടുത്തത്തിലും ദുരൂഹതയുണ്ട്. മരുന്ന് കൊള്ളയില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

അതേസമയം, സിഎംആര്‍എലും വീണാ വിജയന്റെ കമ്പനി എക്‌സലോജിക്കും തമ്മില്‍ നടന്നത് കള്ളപ്പണ ഇടപാടാണ്. മാസപ്പടി വിവാദത്തില്‍ വീണ വിജയന്റെ കമ്പനിയുടെ ഇടപാടുകളില്‍ ഇഡി അന്വേഷണം നടന്നോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ലിയോ പ്രൊമോഷന് കേരളത്തില്‍ എത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് പരിക്ക്

പാലക്കാട്: തിയറ്ററില്‍ വന്‍ ആവേശമായി പ്രദര്‍ശനം തുടരുന്ന ലിയോ പ്രൊമോഷന് കേരളത്തില്‍ എത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് പരിക്ക്. കാലിന് പരിക്കേറ്റ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി. കേരളത്തിലെ മറ്റു പ്രൊമോഷന്‍ പരിപാടികള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. പാലക്കാട് അരോമ തിയേറ്ററില്‍ വച്ചായിരുന്നു സംഭവം.

ഇന്ന് രാവിലെയാണ് ലിയോ പ്രൊമോഷന്റെ ഭാഗമായി ലോകേഷ് കനകരാജ് കേരളത്തില്‍ എത്തിയത്. പാലക്കാട് അരോമ തിയറ്ററില്‍ എത്തിയ സംവിധായകനെ കാണാന്‍ നൂറ്കണക്കിന് ആരാധകരാണ് തടിച്ചു കൂടിയത്. പൂര്‍ണ്ണ രീതിയിലുള്ള സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഗോകുലം മൂവീസ് ഒരുക്കിയിട്ടും ലോകേഷിനെ കാണാനെത്തിയ പ്രേക്ഷകരുടെ നിലക്കാത്ത ജനപ്രവാഹമായിരുന്നു തിയറ്ററിലേക്ക്.

തിരക്കിനിടയില്‍പ്പെച്ച ലോകേഷിന്റെ കാലിന് പരിക്കേല്‍ക്കുക ആയിരുന്നു. നിയന്ത്രണങ്ങള്‍ മറികടന്ന് അതിരുവിട്ട ജനത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. ഇന്ന് നടത്താനിരുന്ന തൃശൂര്‍ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും വിസിറ്റുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നടത്താനിരുന്ന പ്രെസ്സ് മീറ്റ് മറ്റൊരു ദിവസത്തില്‍ നടത്താനായി എത്തിച്ചേരുമെന്ന് ലോകേഷ് അറിയിച്ചു.

അവധി ദിവസമായ ഇന്നും ഹൗസ്ഫുള്‍ ഷോകളുമായി റെക്കോര്‍ഡ് കളക്ഷനിലേക്ക് കുതിക്കുകയാണ് ലിയോ. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ലിയോയില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയിരുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചിരിക്കുന്നത്.

അക്രമകാരികളായ നായ വര്‍ഗങ്ങളെ നിരോധിക്കും; പട്ടിക തയ്യാറാക്കാനൊരുങ്ങി ഗോവാ സര്‍ക്കാര്‍

ഗോവ: അക്രമകാരികളായ നായ വര്‍ഗങ്ങളെ നിരോധിക്കാനൊരുങ്ങി ഗോവാ സര്‍ക്കാര്‍. ഇത്തരം നായ വര്‍ഗങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പട്ടിക കിട്ടിയാല്‍ നിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ് പറഞ്ഞു. തലേഗാവില്‍ രണ്ട് കുട്ടികളെ റോട്വീലര്‍ ഇനത്തില്‍പെട്ട നായ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം.

രാജ്യത്തുടനീളം തെരുവുനായ ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. കേരളത്തിലും തെരുവുനായയുടെ ആക്രമണത്തില്‍ ഒട്ടേറെ മരണങ്ങളുണ്ടായിട്ടുണ്ട്. തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വ്യവസായി പരാഗ് ദേശായി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് 49കാരനായ പരാഗ് ദേശായി.

ഒക്ടോബര്‍ 15നാണ് ദേശായിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്. പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോള്‍ വസതിക്ക് പുറത്തു വച്ചാണ് പരാഗ് ദേശായി തെരുവ് നായ്ക്കളുടെ ആക്രമണം നേരിട്ടത്. നായ്ക്കളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ ദേശായിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

കാര്‍ഷിക വായ്പ എഴുതിത്തള്ളും, ജാതി സെന്‍സസ്, ദരിദ്രര്‍ക്ക് വീട്; ഛത്തീസ്ഗഡില്‍ തുടര്‍ഭരണത്തിന് കോണ്‍ഗ്രസ്

 

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡില്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനത്ത് തുടര്‍ഭരണം ലക്ഷ്യമിട്ടാണ് ബാഗേലിന്റെ പ്രഖ്യാപനം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഉടന്‍തന്നെ വായ്പകള്‍ എഴുതിത്തള്ളുന്നതിനായി ഉത്തരവിറക്കുമെന്ന് സക്തിയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് ബാഗേല്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം എക്‌സ് പ്ലാറ്റ്ഫോമില്‍ (ട്വിറ്റര്‍) അദ്ദേഹം പോസ്റ്റും പങ്കുവച്ചു. ഇതിനു പുറമെ കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിക്കുന്നത് 15 ക്വിന്റലില്‍ നിന്ന് 20 ക്വിന്റലായി ഉയര്‍ത്തുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

‘കര്‍ഷകര്‍ക്ക് ആശ്വാസകരമായ നടപടികളാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചത്. കര്‍ഷകരുടെ ക്ഷേമമാണ് പ്രധാനം. കര്‍ഷകരെ ശാക്തീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി.’ ബാഗേല്‍ പറഞ്ഞു. അതിനിടെ, തുടര്‍ഭരണം ലഭിച്ചാല്‍ സംസ്ഥാനത്തെ 17.5 ദരിദ്രര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന പ്രഖ്യാപനം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആവര്‍ത്തിച്ചു.

അതേസമയം, 2018ലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതാണ് 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. 18.82 ലക്ഷം കര്‍ഷകരില്‍ നിന്നായി 9,270 കോടിയോളം രൂപയുടെ വായ്പ എഴുതിത്തള്ളിയെന്ന് മുന്‍പ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഛത്തീസ്ഗഡിലെ 90 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളായെങ്കിലും പ്രകടന പത്രിക കോണ്‍ഗ്രസ് പുറത്തിറക്കിയിട്ടില്ല.

സംസ്ഥാനത്ത് തുടര്‍ഭരണം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് പ്രചാരണം. 75ലധികം സീറ്റുകളില്‍ വിജയം ഉറപ്പാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. വീണ്ടും അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെ 866.16 കോടി രൂപയുടെ ജനോപകാരപ്രദമായ പദ്ധതികള്‍ക്കും മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തില്‍ തുടക്കമിട്ടിരുന്നു. ഛത്തീസ്ഗഡില്‍ 90 സീറ്റുകളിലേക്ക് നവംബര്‍ 7, 17 തീയതികളിലായി രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്.

 

വിരമിച്ചതിന് പിന്നാലെ ക്യാബിനറ്റ് പദവി; ഒഡീഷയില്‍ ഭരണം നടത്തുന്നത് പാണ്ഡ്യനെന്ന് ആരോപണം

ന്യൂഡല്‍ഹി: സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചതിനു പിന്നാലെ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ പ്രൈവറ്റ് സെക്രട്ടറി വി.കെ. പാണ്ഡ്യന് ക്യാബിനറ്റ് പദവിയോടെ നിയമനം. 2011-മുതല്‍ നവീന്‍ പട്നായികിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വന്ന വി.കെ. പാണ്ഡ്യന്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് വിരമിച്ചത്. പിന്നാലെ പാണ്ഡ്യനെ ക്യാബിനറ്റ് പദവിയോടെ ഒഡിഷ ട്രാന്‍സ്ഫമേഷണല്‍ ഇനിഷ്യേറ്റിവ്സ്(5ടി), നബീന്‍ ഒഡിഷ എന്നിവയുടെ ചെയര്‍മാനായി നിയമിച്ചതായി ചൊവ്വാഴ്ച ഉത്തരവിറങ്ങി. തമിഴ്നാട് സ്വദേശിയായ വി.കെ. പാണ്ഡ്യന്‍ 2000 ഐ.എ.എസ്. ബാച്ചിലെ ഒഡിഷ കേഡര്‍ ഉദ്യോഗസ്ഥനായിരുന്നു. കാളഹന്ദിയിലെ ധര്‍മഗഢ് സബ്കളക്ടറായാണ് ആദ്യനിയമനം. പിന്നീട് 2011-ല്‍ നവീന്‍ പട്നായികിന്റെ പ്രൈവറ്റ് സെക്രട്ടറിയായി.

2019-ല്‍ പട്നായിക് അഞ്ചാം തവണയും മുഖ്യമന്ത്രിയായപ്പോള്‍ 5ടിയുടെ സെക്രട്ടറി സ്ഥാനം പാണ്ഡ്യനു നല്‍കി. സെക്രട്ടറി സ്ഥാനം പ്രയോജനപ്പെടുത്തി ഭൂരിഭാഗം സര്‍ക്കാര്‍ പദ്ധതികളിലും പാണ്ഡ്യന്‍ ഇടപ്പെട്ടു. പല പ്രധാന പദ്ധതികളിലും ഇടനിലക്കാരന്റെ വേഷത്തിലും പാണ്ഡ്യന്‍ പ്രവര്‍ത്തിച്ചു.

സ്‌കൂളുകളുടെ പരിഷ്‌കരണം, ക്ഷേത്ര നവീകരണം, ഒഡീഷയെ സ്പോര്‍ട്സ് ഹബ്ബാക്കാനുള്ള പ്രര്‍ത്തനങ്ങള്‍, വന്‍കിട പദ്ധതികള്‍ക്കായി സര്‍ക്കാരിന്റെ സഹകരണം എന്നീ ശ്രമങ്ങളുടെയെല്ലാം ആണിക്കല്ലായി പ്രവര്‍ത്തിച്ച പാണ്ഡ്യന്‍ ബിജെഡിയിലും സര്‍ക്കാരിലും വിശ്വാസം നേടി. മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായും മാറി. പിന്‍ഗാമിയായി നവീന്‍ പട്നായിക് വി.കെ പാണ്ഡ്യനെ പരിഗണിക്കാന്‍ ഇത് തന്നെ പ്രധാന കാരണം.

എന്നാല്‍ തമിഴ്നാട്ടില്‍ ജനിച്ച വി.കെ പാണ്ഡ്യനെ പ്രാദേശിക വാദം നന്നായുയര്‍ത്തുന്ന ഒഡീഷക്കാര്‍ എങ്ങനെ സ്വീകരിക്കും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. പട്നായിക്കല്ല പാണ്ഡ്യനാണ് ഭരണം നടത്തുന്നുതെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ പരക്കെയുള്ള ആക്ഷേപം. പാണ്ഡ്യന്‍ തന്റെ പദവി രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നതായും വിമര്‍ശനങ്ങളുയര്‍ന്നു.

ഏറെ ചൂടുപിടിച്ച വിവാദമായിരുന്നു സംസ്ഥാനത്തെ 30 ജില്ലകളില്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പാണ്ഡ്യന്‍ നടത്തിയ സന്ദര്‍ശനം. ബി.ജെ.ഡി.യുടെ രാഷ്ട്രീയ പ്രചരണത്തിനായി പാണ്ഡ്യന്‍ നടത്തിയ റാലികളാണിതെന്നായിരുന്നു പ്രതിപക്ഷം കുറ്റപ്പെടുത്തിയത്. സര്‍വീസ് നിബന്ധനകള്‍ ലംഘിച്ച പാണ്ഡ്യനെതിരെ നടപടികള്‍ വേണമെന്നാവശ്യവുമായി ബി.ജെ.പി.യുള്‍പ്പടെയുള്ള കക്ഷികള്‍ രംഗത്തെത്തി. താമസിയാതെ പാണ്ഡ്യന്റെ രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്നും പ്രതിപക്ഷം ആരോപിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Online Online Casino Repayment Approaches in Canada

When it pertains to online gaming in Canada, among...

1win Azerbaycan Proloq Login Və Qeydiyyat Yukle Hệ Thống Trung Tâm Anh Ngữ Trẻ Em Vietchild 876</tg

1win Azerbaycan Proloq Login Və Qeydiyyat Yukle Hệ Thống...

Login Online Casino India 75,000 Bonus</tg

Login Online Casino India 75,000 BonusIOs cihazına 1Win Azerbaycan...

Globalsoft Saytların Və Mobil Tətbiqlərin Hazırlanması, Hostinq Satışı, Crm Sistemlər</tg

Globalsoft Saytların Və Mobil Tətbiqlərin Hazırlanması, Hostinq Satışı, Crm...