എല്ലാ വര്‍ഷവും ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. എച്ച് ഐ വി അണുബാധ മൂലമുണ്ടാകുന്ന എയ്ഡ്സിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനാണ് ഈ ദിവസം സമര്‍പ്പിച്ചിരിക്കുന്നത്. 1988-ലാണ് ലോകാരോഗ്യ സംഘടന ലോക എയ്ഡ്സ് ദിനം ഔദ്യോഗിക ആഗോള ആരോഗ്യ ആചരണമായി പ്രഖ്യാപിച്ചത്.
ബോധവല്‍ക്കരണത്തിലൂടെ, മാരകമായ രോഗത്തെ തോല്‍പ്പിക്കാന്‍ ലോകത്തിന് ഒറ്റക്കെട്ടായി പോരാടാനാകും എന്നതാണ് ഈ ദിനത്തിന്റെ പ്രാധാന്യം. ‘സമൂഹങ്ങള്‍ നയിക്കട്ടെ’ അതായത് ലെറ്റ് കമ്യൂണിറ്റീസ് ലീഡ് എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം. സമൂഹങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എച്ച്.ഐ.വി അണുബാധിതര്‍, എച്ച്.ഐ.വി അണുബാധയ്ക്ക് സാധ്യത കൂടിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ലൈംഗിക ന്യൂനപക്ഷങ്ങളായ ലൈംഗിക തൊഴിലാളികള്‍, സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍, ട്രാന്‍സ്‌ജെണ്ടറുകള്‍ തുടങ്ങിയവരാണ്. അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കുന്നതിന് വര്‍ണ്ണ, വര്‍ഗ്ഗ, ലിംഗ അസമത്വങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും നിയമപരവുമായ സമത്വം ഉറപ്പാക്കിയുമാണ്. അവരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താതെ അവര്‍ക്ക് ആവശ്യമായ പരിരക്ഷയും പരിഗണനയും നല്‍കുകയും സ്വയം ശാക്തീകരിക്കപ്പെടുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുകയാണ് ലോക എയ്ഡ്‌സ് ദിനത്തില്‍ ചെയ്യേണ്ടത്.
കുടിയേറ്റ മലയോര മേഖലയിലെ ജനകീയ നേതാവ്
കുടിയേറ്റ മലയോര മേഖലയില്‍ കോണ്‍ഗ്രസിന് വേരോട്ടമുണ്ടാക്കിയ ജനകീയ നേതാവായിരുന്നു പി.സിറിയക് ജോണ്‍. മലയോര മേഖലയുടെ വികസനത്തിനായി ജീവിതം നീക്കിവച്ച നേതാവ്. മികച്ച നിയമസഭാ സമാജികന്‍. അങ്ങനെ നിരവധി വിശേഷണങ്ങള്‍. തിരുവമ്പാടിയില്‍ ഹാട്രിക് വിജയം നേടിയ സിറിയക്, കെ.കരുണാകരന്‍ മന്ത്രിസഭയിലെ മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് (ആര്‍) പ്രതിനിധിയായി നാലാം കേരള നിയമസഭയിലും, തിരുവമ്പാടിയില്‍ നിന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി.
1982-83 കാലഘട്ടത്തില്‍ കരുണാകരന്‍ മന്ത്രിസഭയില്‍ കൃഷിവകുപ്പ് മന്തിയായിരുന്നു. തുടര്‍ച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും ചെയ്തിരുന്നു. സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാള്‍ പ്രവര്‍ത്തിച്ച സിറിയക് ജോണ്‍, താമരശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സംസ്ഥാന മാര്‍ക്കറ്റിങ് സഹകരണ ഫെഡറേഷന്‍ പ്രസിഡന്റ്, ഇന്ത്യന്‍ റബര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കെപിസിസി, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു.
തലവടിയില്‍ അച്ഛനും അമ്മയും ഇരട്ടക്കുട്ടികളും മരിച്ച നിലയില്‍
ആലപ്പുഴ: തലവടിയില്‍ അച്ഛനും അമ്മയും ഇരട്ടക്കുട്ടികളും മരിച്ച നിലയില്‍. മൂന്നുവയസ്സുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാര്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് സൂചന.
തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ മൂലേപ്പറമ്പില്‍ വീട്ടില്‍ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദില്‍ എന്നിവരാണു മരിച്ചത്. കടബാധ്യതയും രോഗവുമാണു കാരണമെന്നാണ് മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിയതിനുശേഷം തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കും.
ഭാര്യക്ക് കാന്‍സര്‍ ബാധിച്ചതും സാമ്പത്തിക ബാധ്യതകളുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന സൗമ്യ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. വീണ്ടും ഗള്‍ഫിലേക്ക് പോകാനായി മെഡിക്കല്‍ ചെക്കപ്പ് നടത്തിയപ്പോഴാണ് ക്യാന്‍സര്‍ ആണെന്ന് അറിയുന്നത്.
ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന സുനു നാട്ടിലെത്തി വെല്‍ഡിങ് ജോലികള്‍ ചെയ്തുവരികയായിരുന്നു. രാവിലെ വീട് തുറക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയ നാട്ടുകാര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍
സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറിയെടുക്കാന്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി. അത്യാവശ്യ നിത്യ ചെലവുകള്‍ മുടങ്ങാതിരിക്കാനെന്നാണ് ധനവകുപ്പ് വിശദീകരണം.
ഒക്ടോബര്‍ 15 വരെയുള്ള ബില്ലുകളെല്ലാം പരിധിയില്ലാതെ മാറി നല്‍കും. ഒരു ലക്ഷം വരെയുള്ള തുക അപ്പപ്പോള്‍ നല്‍കും. അതിനു മുകളിലേക്കുള്ള ബില്ലുകളെങ്കില്‍ ഇലട്രോണിക് ടോക്കണ്‍ സംവിധാനമായിരിക്കും. പരിധിയും മുന്‍ഗണനയും ധനവകുപ്പ് തീരുമാനിച്ച ശേഷം മാത്രം തുക അനുവദിക്കും.അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന കഴിഞ്ഞ ഓഗസ്റ്റ് മുതലുണ്ട്.
സാമ്പത്തിക സ്ഥിതി പിന്നെയും മോശമാകുകയും അത്യാവശ്യ ചിലവുകള്‍ക്ക് പണം തികയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാന്‍ ഏര്‍പ്പെടുത്തിയ ചിട്ടയെന്നാണ് ധനവകുപ്പ് വിശദീകരണം.
സംസ്ഥാനത്ത് പൊലീസുകാരുടെ വര്‍ധിച്ചുവരുന്ന ആത്മഹത്യക്ക് കാരണം സമ്മര്‍ദ്ദമെന്ന് കണ്ടെത്തി ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്
സംസ്ഥാനത്ത് പൊലീസുകാരുടെ വര്‍ധിച്ചുവരുന്ന ആത്മഹത്യക്ക് കാരണം സമ്മര്‍ദ്ദമെന്ന് കണ്ടെത്തി ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. സമ്മര്‍ദ്ദം കാരണം പൊലീസിന്റെ ജോലി കഠിനമാകുന്നുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പൊലീസില്‍ ആത്മഹത്യ കുറയ്ക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ആഭ്യന്തരവകുപ്പും ജോലി ഭാരം സമ്മതിക്കുന്നത്. സംസ്ഥാനത്ത് പൊലീസുകാരുടെ ആത്മഹത്യ വര്‍ധിക്കുന്നത് സമീപകാലങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് അന്വേഷണം ആരംഭിച്ചത്.
ആത്മഹത്യയും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാന്‍ 9 നിര്‍ദ്ദേശമാണ് ആഭ്യന്തരവകുപ്പ് സംസ്ഥാന പൊലിസ് മേധാവിക്ക് നല്‍കിയത്. പൊലീസില്‍ ആത്മഹത്യ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുര്‍ന്നാണ് ഡിജിപിയോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആശ്യപ്പെട്ടത്. 2019 ജനുവരി മുതല്‍ ഈ വര്‍ഷം സെപ്തംബര്‍ 30വരെയുള്ള ആത്മഹത്യ കുറിച്ച് ഇന്റലിജന്‍സാണ് പഠനം നടത്തിയത്. ജോലിയിലെ പരിമുറുക്കമാണ് കുടുംബ പ്രശ്‌നങ്ങള്‍ക്കുള്ള കാരണമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
മാനസിക സംഘര്‍ഷം കാരണം 20 ഉം, അമിത ജോലി ഭാരം കാരണം 7 പേരും ആത്മഹത്യ ചെയ്തുവെന്നും പരിശോധനയില്‍ കണ്ടെത്തി. സാമ്പത്തിക പ്രശ്‌നം, രോഗം തുടങ്ങിയവാണ് മറ്റ് കാരണങ്ങളായി ചൂണ്ടികാട്ടിയത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് പൊലീസുകാര്‍ക്ക് സമ്മര്‍ദ്ദം കുറയക്കാനായി 9 നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയത്.
ഇതേ ഉത്തരവില്‍ തന്നെ പൊലിസ് ജോലിക്ക് അനുയോജ്യമായ സഹാചര്യം ഇപ്പോഴില്ലെന്ന് ആഭ്യന്തരവകുപ്പ് സമ്മതിക്കുന്നത്. സമ്മര്‍ദ്ദങ്ങളേറുമ്പോഴും ജോലി കഠിനമായി തുടരുന്നത് യാഥാര്‍ത്ഥ്യമാണെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. വ്യക്തിപരമായതും ജോലി സംബന്ധവുമായ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മെന്ററിംഗ് സംവിധാനം ശക്തിപ്പെടുത്തണം, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അനുയോജ്യമായ വേദി ഒരുക്കണം, വീക്കിലി ഓഫും, അനുവദിച്ചുളള അവധികളും നല്‍കുക, മാനസിക പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ആത്മാര്‍ത്ഥമായ ഇടപടെലുകള്‍ ഉണ്ടാകാന്‍ ശ്രദ്ധിക്കണം, യോഗ പരിശീലനം വേണം, ആവശ്യമായ സമയങ്ങളില്‍ ചികിത്സ നല്‍കണം, മാനസിക പരിമുറുക്കം കുറയ്ക്കാന്‍ ഉദ്യോഗസ്ഥരെ സ്വയം പ്രാപ്തരാക്കണം, തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നടത്തുന്നതുപോലെ മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള കൗണ്‍സിലിംഗ് സെന്ററുകള്‍ എല്ലാ ജില്ലയിലും ആരംഭിക്കണം എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍.
കണ്ണൂര്‍ വിസിയുടെ ചുമതല കുസാറ്റ് പ്രൊഫസര്‍ ബിജോയ് നന്ദന്
കണ്ണൂര്‍ വിസിയുടെ ചുമതല കുസാറ്റ് പ്രൊഫസര്‍ ബിജോയ് നന്ദന്. സര്‍ക്കാരുമായി ആലോചിക്കാതെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനമെടുത്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നല്‍കിയത്. അതേസമയം, കണ്ണൂര്‍ വിസി സ്ഥാനത്ത് നിന്ന് പുറത്തായ ഡോക്ടര്‍ ഗോപിനാഥ് രവീന്ദ്രന്‍ ഇന്ന് ദില്ലിയിലേക്ക് മടങ്ങും.
വൈസ് ചാന്‍സലരെ പുനര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവര്‍ണ്ണര്‍ ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലിനെത്തുടര്‍ന്ന് ഗവര്‍ണര്‍ക്ക് തീരുമാനം ദുസ്സഹമായി. വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം അട്ടിമറിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലാണ് പുനര്‍നിയമനം അട്ടിമറിച്ചതെന്നും കോടതി നിരീക്ഷിച്ചു.
സര്‍ക്കാരിനും കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രനും ഏറെ നിര്‍ണ്ണായകമായിരുന്ന ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ സുപ്രീംകോടതി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ പ്രക്രിയയെ ദുഷിപ്പിച്ചു. വിസിയുടെ പുനര്‍ നിയമനം ചാന്‍സിലറിന്റെ അധികാരമാണ്. അതില്‍ സര്‍ക്കാര്‍ ഇടപെടല്‍ വന്നുവെന്നും കോടതി വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം കേസില്‍ അന്തിമവാദം കേള്‍ക്കുന്നതിനിടയില്‍ 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനര്‍നിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചിരുന്നു.
കേസില്‍ ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകരായ ദമാ ഷേഷാദ്രി നായിഡു, ജോര്‍ജ്ജ് പൂംത്തോട്ടം, അഭിഭാഷകന്‍ അതുല്‍ ശങ്കര്‍ വിനോദ്, ചാന്‍സിലറായ ഗവര്‍ണര്‍ക്കായി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി, അഭിഭാഷകന്‍ വെങ്കിട്ട് സുബ്രഹ്യമണ്യം എന്നിവരും, സംസ്ഥാനസര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍, സ്റ്റാന്‍ഡിംഗ് കൌണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍, അഭിഭാഷകരായ ആലിം അന്‍വര്‍, അനു കെ ജോയി എന്നിവരും ഹാജരായി.
60 വയസ് കഴിഞ്ഞ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് സര്‍ക്കാര്‍ പുനര്‍ നിയമനം നല്‍കിയതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് നിയമനം നടത്തിയെന്നായിരുന്നു ആരോപണം. 2021 നവംബര്‍ 23 നാണ് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ച് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് നാലു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കിയത്. കീഴ്വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ടുളള നടപടിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി.ജോസ് എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 2021 ഡിസംബര്‍ 15 ന് വിസിയുടെ പുനര്‍നിയമനം ഹൈക്കോടതി ശരിവച്ചു.
2021 ഡിസംബര്‍ 16 ന് ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഹര്‍ജിക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. 2021 ഡിസംബര്‍ 17 ന് നല്‍കിയ അപ്പീലില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി. സംസ്ഥാന സര്‍ക്കാരിനോടും നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. പുനര്‍നിയമനത്തിന് രാജ്ഭവന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. താന്‍ നിര്‍ദേശിച്ചതുകൊണ്ടാണ് പുനര്‍നിയമനത്തിന് ഗോപിനാഥിന്റെ പേര് ശുപാര്‍ശ ചെയ്തു കൊണ്ടുളള കത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നതെന്ന വാര്‍ത്തയും ഗവര്‍ണര്‍ നിഷേധിച്ചു.
പിന്നാലെ പുനര്‍ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു. പിന്നാലെ ഹൈക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി.ജോസ് എന്നിവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പുനര്‍ നിയമനത്തിനെതിരായ ഹര്‍ജിയില്‍ ഗവര്‍ണര്‍ക്കും സംസ്ഥാന സര്‍ക്കാരിനും കണ്ണൂര്‍ സര്‍വകലാശാലയ്ക്കും വിസിക്കും സുപ്രീംകോടതി നോട്ടീസ് നല്‍കി. യുജിസി ചട്ടങ്ങള്‍ പാലിച്ചാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ തനിക്ക് പുനര്‍നിയമനം നല്‍കിയതെന്ന് ഗോപിനാഥ് രവീന്ദ്രന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. വാദം പൂര്‍ത്തിയായ ശേഷം ഇന്ന് വിധി പറയുകയായിരുന്നു.
പ്രോചാന്‍സിലര്‍ ചാന്‍സിലര്‍ക്കയച്ച കത്തെങ്ങനെ ബാഹ്യസമ്മര്‍ദ്ദമാകും, കണ്ണൂര്‍ വിസി കേസിലെ വിധി സര്‍ക്കാരിന് തിരിച്ചടിയല്ല
കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന് നിയമ പ്രശ്‌നമാണ് കോടതി പരിശോധിച്ചത്. പുനര്‍ നിയമനം ആകാമെന്ന് കോടതി വ്യക്തമാക്കി.
ഗോപിനാഥിന് വിസി ആയി പുനര്‍ നിയമനം നല്‍കാന്‍ പ്രായപരിധി ബാധകമല്ലെന്ന് കോടതി നിരീക്ഷിച്ചു. പുനര്‍ നിയമനത്തിലും സേര്‍ച്ച് പാനല്‍ പ്രകാരം നടപടി വേണോയെന്ന നിയമപ്രശ്‌നത്തിലും ഈ പ്രക്രിയ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. പുനര്‍ നിയമനം നിയമപ്രകാരമെന്ന ഹൈകോടതി വിധി സുപ്രീം കോടതി പൂര്‍ണമായി അംഗീകരിച്ചു. ഗവര്‍ണര്‍ പറഞ്ഞത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് നിയമനമെന്നാണ്. അത് കോടതി തള്ളി. ഗവര്‍ണറാണ് വിസിയെ നിയമിച്ചത്. അതേ ഗവര്‍ണര്‍ തന്നെ ചട്ടപ്രകാരമല്ല നിയമനമെന്ന് പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിധിക്കു ശേഷമുള്ള ഗവര്‍ണറുടെ പ്രസ്താവന മറ്റേതെങ്കിലും സ്വാധീനത്തിന് വഴങ്ങിയാണോയെന്ന് സംശയമുണ്ട്. പ്രോ- ചാന്‍സിലര്‍, ചാന്‍സിലര്‍ക്കയച്ച കത്താണ് ബാഹ്യസമ്മര്‍ദ്ദമായി പറയുന്നത്. അതെങ്ങനെ ബാഹ്യസമ്മര്‍ദ്ദമാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇല്ലാത്ത ബാഹ്യസമ്മര്‍ദ്ദം ഉണ്ടെന് വരുത്താനാണ് ഗവര്‍ണര്‍ ശ്രമിച്ചത്. അതിലുള്ള തിരിച്ചടിയാണിത്. വിധി സര്‍ക്കാരിന് തിരിച്ചടിയാണെന്ന പ്രചരണം ശരിയല്ല. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ സുപ്രീം കോടതി വിധി വായിച്ചു നോക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.