മണിപ്പൂരിൽ സംഘർഷാവസ്ഥ നിലനിൽക്കെ സംസ്ഥാനത്തു നിലനിന്നിരുന്ന ഇന്റർനെറ്റ് നിരോധനം മണിപ്പൂർ സർക്കാർ ഭാഗികമായി നീക്കി. ബ്രോഡ്‌ബാൻഡ് സേവനം ഭാഗികമായി അനുവദിച്ചുകൊണ്ടാണ് ഇന്റർനെറ്റ് നിരോധനം ഭാഗികമായെങ്കിലും നീക്കം ചെയ്തത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സൗകര്യങ്ങൾ, പാചക വാതക ബുക്കിംഗ്, മറ്റ് ഓൺലൈൻ കേന്ദ്രീകൃത സേവനങ്ങൾ എന്നീ മേഖലകളെ ബാധിച്ചതിനാലാണ് ഇന്റർനെറ്റ് നിരോധനം ഭാഗികമായി നീക്കുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചത്. എന്നാൽ സംസ്ഥാനത്തുടനീളമുള്ള മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം തുടരുന്നുണ്ട്.
മേയ്റ്റി സമുദായവും ന്യൂനപക്ഷമായ കുക്കി ഗോത്രവും തമ്മിലുള്ള വംശീയ സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് സർക്കാർ ഇന്റർനെറ്റ് നിരോധനത്തിന് തുടക്കമിട്ടത്. ഏകദേശം 80 ദിവസത്തോളമായി സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനം വിലക്കിയിട്ട് .വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന കാര്യത്തിൽ ആശങ്കകളുള്ളതിനാലാണ് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതെന്നു പുറത്തുവിട്ട ഉത്തരവിൽ പറയുന്നുണ്ട്.
എന്തുകൊണ്ട് ആരും ഇവരെ സന്ദർശിച്ചില്ല ? മണിപ്പൂർ സർക്കാരിനെ വിമർശിച്ച് ഡൽഹി വനിതാ കമ്മീഷൻ മേധാവിയായ സ്വാതി മലിവാൾ
മണിപ്പൂരിൽ രണ്ടു കുക്കി ഗോത്രവിഭാഗം സ്ത്രീകളെ നഗ്നയാക്കി റോഡിലൂടെ നടത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. അന്ന് ആക്രമിക്കപ്പെട്ട രണ്ടു സ്ത്രീകളുടെയും കുടുംബങ്ങളെ സന്ദർശിച്ചിരിക്കുകയാണ് ഡൽഹി വനിതാ കമ്മീഷൻ മേധാവിയായ സ്വാതി മലിവാൾ
“മണിപ്പൂരിൽ ക്രൂരതയ്ക്ക് ഇരയായ പെൺമക്കളുടെ കുടുംബത്തെ കണ്ടു, അവരുടെ കണ്ണുനീർ എന്നെ അധികനേരം ഉറങ്ങാൻ അനുവദിച്ചിരുന്നില്ല ,” അവരുടെ കുടുംബത്തെ കണ്ടുമുട്ടിയ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കിട്ടുകൊണ്ട് മലിവാൾ പറഞ്ഞതിങ്ങനെയുമാണ്. ഇതുവരെയ്ക്കും ആരും അവരെ സന്ദർശിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
मणिपुर की बर्बरता की पीड़ित बेटियों के परिवार से मिली… इनके ये आंसू बहुत दिन तक सोने नहीं देंगे। अब तक इनसे कोई मिलने तक नहीं आया। pic.twitter.com/cohdZRAnQy
— Swati Maliwal (@SwatiJaiHind) July 25, 2023
നഗ്നയാക്കി ഉപദ്രവിക്കപ്പെട്ട സ്ത്രീയുടെ കുടുംബത്തിലെ ഒരംഗത്തെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന മലിവാളിനെ വീഡിയോയിൽ കാണാം. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനും സർക്കാരിലെ മറ്റ് ഉദ്യോഗസ്ഥർക്കും എതിരെ വിമര്ശനമുന്നയിച്ചുകൊണ്ടാണ് എന്തുകൊണ്ട് ഇവരെ ആരും സന്ദർശിച്ചില്ല എന്ന് ചോദിച്ചത്. “മണിപ്പൂരിലെ ക്രൂരതയ്ക്ക് ഇരകളായ രണ്ട് പെൺമക്കളുടെ കുടുംബങ്ങളെ ഞാൻ ഇന്ന് കണ്ടു. ഒരു പെൺകുട്ടിയുടെ ഭർത്താവ് സൈനികനായി രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിച്ച ഒരാളാണ് . ഇതുവരെ ആരും തങ്ങളെ കാണാൻ വന്നിട്ടില്ലെന്നും ഞാനാണ് ആദ്യം അവനെ സമീപിക്കുന്നതെന്നും അദ്ദേഹം എന്നോട് പറഞ്ഞു, ”എന്നാണ് മലിവാൾ തന്റെ ട്വീറ്റിൽ പറയുന്നത്.
ഇരകളുടെ കുടുംബങ്ങളെ കണ്ടതിന് ശേഷം, മലിവാൾ മൊയ്‌റാംഗിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ചെയ്തിരുന്നു . സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആളുകൾ അവിടെ വളരെ ദുഷ്കരമായ സാഹചര്യത്തിലാണ് കഴിയുന്നതെന്നും അവർ ചൂണ്ടിക്കാട്ടി .
ചൈനയിൽ മഴ കനത്തു, മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷം ;പല സ്ഥലങ്ങളിൽ നിന്നും ആളുകൾ പലായനം ചെയ്യുന്നു
ശക്തമായ മഴയും കാറ്റും കാരണം ചൈനയിലെ നിരവധി പ്രവിശ്യകളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമായി . ഇതേതുടർന്ന് പല സ്ഥലങ്ങളിൽ നിന്നും ആളുകൾ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.
ചൈനയിലെ വടക്കൻ പ്രവിശ്യകളായ ലിയോണിംഗ്, ജിലിൻ, ഹീലോംഗ്ജിയാങ്, മംഗോളിയൻ ഉൾപ്രദേശങ്ങൾ എന്നിവയിലും തെക്ക് പടിഞ്ഞാറ് ചോങ്‌കിംഗിലും കനത്ത മഴ പെയ്തു. കൂടാതെ യാങ്‌സി നദിയുടെ തെക്ക് പ്രദേശങ്ങളിലും മഴ തുടർച്ചയായി പെയ്തിരുന്നു. അതേസമയം 11 പ്രദേശങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി ചൈനയുടെ ഔദ്യോഗിക കാലാവസ്ഥാ പ്രവചന കേന്ദ്രം ശനിയാഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നുണ്ട് .
തീരപ്രദേശമായ ചോങ്‌കിംഗിൽ നിന്ന് ഏകദേശം 4,500 പേരെ വാൻഷൗ ജില്ലയിലെ വീടുകളിൽ നിന്ന് ഒഴിപ്പിക്കേണ്ടിവന്നിട്ടുണ്ട്. ഈ മാസം ആദ്യംതന്നെ അയൽരാജ്യമായ സിചുവാൻ പ്രവിശ്യയിലെ നാലായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചിരുന്നു. അതുപോലെതന്നെ വടക്കുകിഴക്കൻ ലിയോണിംഗിൽ 2400 ഓളം പേരെ ശനിയാഴ്ച മാറ്റിപ്പാർപ്പിചിരുന്നു .
സാധാരണ രീതിയിൽ ചൈനയിൽ കനത്ത മഴ ലഭിക്കുക ജൂലൈ അവസാനത്തിലും ഓഗസ്റ്റ് ആദ്യഭാഗത്തുമാണ്. എന്നാൽ ഏപ്രിൽ മുതൽതന്നെ പെയ്ത കനത്ത മഴ ചൈനയിലെ വിവിധ പ്രദേശങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ വിതച്ചു. ഇതിനെത്തുടർന്ന് സുരക്ഷാ അറിയിപ്പുകൾ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.
തെക്കൻ യൂറോപ്പിൽ ചുട്ടുപൊള്ളുന്ന താപനില; തീപിടിത്തത്തെ തുടർന്ന് അടച്ചിട്ട പലേർമോ വിമാനത്താവളം ഭാഗികമായി തുറന്നു
ഇറ്റലിയിലെ മിലാൻ എന്ന പട്ടണത്തിലെ സിസിലിയിലുണ്ടായ കാട്ടുതീയെ തുടർന്ന് പലേർമോ വിമാനത്താവളം അടച്ചിട്ടിരുന്നു. ഇറ്റലിയിൽ മോശം കാലാവസ്ഥ തുടരുന്നതിനാലും രാജ്യത്തിന്റെ വടക്ക് ഭാഗത്ത് നിരവധി നാശനഷ്ടങ്ങളും കുറഞ്ഞത് രണ്ട് മരണങ്ങളെങ്കിലും ഉണ്ടായതോടെയാണ് വിമാനത്താവളം അടച്ചിടേണ്ടി വന്നത് . എന്നാൽ ഇപ്പോൾ വിമാനത്താവളം വീണ്ടും ഭാഗികമായി തുറന്നിരിക്കുകയാണ്.
വിമാനത്താവളം തുറന്നെങ്കിലും താത്കാലികമായി പരിമിതമായ എണ്ണം ഔട്ട്ബൗണ്ട് ഫ്ലൈറ്റുകൾ മാത്രമേ അനുവദിക്കൂ എന്ന് എയർപോർട്ട് ഓപ്പറേറ്റർ ട്വീറ്റിൽ പറഞ്ഞു. എന്നിരുന്നാലും, വടക്കൻ ഇറ്റലിയിലെ ടൂറിനിൽ നിന്നുള്ള ഒരു വിമാനം ലാൻഡ് ചെയ്യിക്കാൻ കഴിഞ്ഞതായി പിന്നീട് അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനത്താവളത്തിന് സമീപത്തെ പ്രദേശത്ത് വലിയ തീപിടിത്തം ഉണ്ടാവുകയും തീയണയ്ക്കാൻ വേണ്ടി അഗ്നിശമന സേന എത്തുകയും ചെയ്തതോടെയാണ് വിമാനത്താവളം അടച്ചിട്ടത്. തീപിടിത്തത്തെ തുടർന്ന് പ്രാദേശിക റോഡുകളും റെയിൽ ഗതാഗതവും തടസപ്പെട്ടിരുന്നു. ഗതാഗതം തടസപ്പെട്ടതുകൊണ്ട് ആംബുലൻസിനു വീട്ടിലെത്താൻ കഴിയാതെ ഒരു സ്ത്രീ മരിച്ചതായി പ്രാദേശിക വാർത്തകളിൽ പറയുന്നുണ്ട്.
തെക്കൻ യൂറോപ്പിൽ തുടരുന്ന ചുട്ടുപൊള്ളുന്ന താപനില തീപിടുത്തങ്ങൾക്കും മരണങ്ങൾക്കും സാധ്യത വർദ്ധിപ്പിക്കുന്നുണ്ട് . കിഴക്കൻ സിസിലിയുടെ ചില ഭാഗങ്ങളിൽ, തിങ്കളാഴ്ച 47.6 സെൽഷ്യസ് ആയിരുന്നു താപനില . ഉയർന്ന താപനില കാരണം ചൊവ്വാഴ്ച ഇറ്റലിയിലെ 16 നഗരങ്ങളിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയിൽ പലേർമോയും കാറ്റാനിയ നഗരവും ഉൾപ്പെടുന്നു.
ഗ്യാൻവാപി പള്ളി സമുച്ചയത്തിന്റെ സർവേ ജൂലൈ 26 വൈകുന്നേരം വരെ നടപ്പിലാക്കരുതെന്നു സുപ്രീം കോടതി
തർക്കത്തിലിരിക്കുന്ന ഗ്യാൻവാപി പള്ളി സമുച്ചയത്തിന്റെ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് വാരണാസി ജില്ലാ കോടതി നിർദ്ദേശിചിരുന്നു. എന്നാൽ ഈ ഉത്തരവ് ജൂലൈ 26 വൈകുന്നേരം 5 മണി വരെ നടപ്പിലാക്കരുതെന്നു സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ്. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഗ്യാൻവ്യാപി പള്ളി സമുച്ചയത്തിന്റെ സർവേ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ തുടങ്ങിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് സർവേ നിർത്തിവെക്കണമെന്ന് ഉത്തരവിട്ടത്.
കഴിഞ്ഞ കുറേ കാലങ്ങളായി സർവേ നടത്താതിരുന്നിട്ട് ഇപ്പോൾ നടത്താനുള്ള തിരക്ക് എന്താണെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദി ചോദിച്ചിരുന്നു .
ആഗ്രയിൽ നിന്നും ലഖ്‌നൗവിൽ നിന്നുമുള്ള ഏകദേശം 20 ഓളം ഉദ്യോഗസ്ഥരടങ്ങുന്ന എഎസ്‌ഐ സംഘം, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സർവേ നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങളുമായി തിങ്കളാഴ്ച രാവിലെ പരിസരത്ത് എത്തിയിരുന്നു.
വടക്കൻ അൾജീരിയയിൽ പടരുന്ന കാട്ടുതീ പത്തു സൈനികരുൾപ്പെടെ 34 പേരുടെ മരണത്തിനു കാരണമായി
വടക്കൻ അൾജീരിയയിലെ വനങ്ങൾ, പർവത ഗ്രാമങ്ങൾ, പട്ടണങ്ങൾ എന്നിവയിലൂടെ പടരുന്ന തീയിൽ ഏകദേശം 34 പേർ മരിച്ചു . ബെജായയുടെ തീരപ്രദേശത്തുള്ളവരും അതിലുൾപ്പെടുന്നുണ്ട്. പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച രാത്രി പുറത്തുവിട്ട വിവരങ്ങളനുസരിച്ച് കൊല്ലപ്പെട്ടവരിൽ പത്തു സൈനികരും ഉൾപ്പെടുന്നുണ്ട്. തീപിടുത്തത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനിടെ പൊള്ളലേറ്റു മരിച്ചു എന്നാണ് റിപോർട്ടുകൾ.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശം ബെജയയാണ്. ഗ്രാമങ്ങളിലൂടെ കടൽത്തീരത്തേക്ക് വീശിയടിച്ച കാറ്റിൽ നിന്നുള്ള തീപിടുത്തം കാരണം 197 പേർക്ക് പരിക്കേറ്റതായി പ്രദേശത്തെ പ്രാദേശിക റേഡിയോ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷം അൾജീരിയയുടെ വടക്കൻ അതിർത്തിയായ ടുണീഷ്യയിൽ ഉണ്ടായ കാട്ടുതീയിൽ 37 പേർ കൊല്ലപ്പെട്ടിരുന്നു. ശക്തമായ കാറ്റും തുടർച്ചയായ ഉഷ്ണതരംഗങ്ങളും കാരണം ഈ വേനൽക്കാലത്ത് ഗ്രീസിലും മെഡിറ്ററേനിയന് ചുറ്റുമുള്ള മറ്റിടങ്ങളിലും വലിയതോതിൽ തീപിടുത്തമുണ്ടായിരുന്നു .
തീപിടുത്തമുണ്ടായ ചില പ്രദേശങ്ങളിൽ ഏകദേശം 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. ചൊവ്വാഴ്ച മുതൽ താപനിലയിൽ കുറവുവരുമെന്നു പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ ഓഫീസിനെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് നൽകുന്നുണ്ട്.
ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ സൈന്യം മൂന്ന് പലസ്തീനികളെ കൊലപ്പെടുത്തി
ഇസ്രായേൽ അധിനിവേശ പ്രദേശമായ വെസ്റ്റ് ബാങ്കിൽ ചൊവ്വാഴ്ച ഇസ്രായേൽ സൈന്യം മൂന്ന് പലസ്തീനികളെ കൊലപ്പെടുത്തി. കഴിഞ്ഞ വർഷം ആദ്യം മുതൽ പ്രദേശത്തു തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ ഭാഗമാണ് ഈ മരണങ്ങളെന്നു മാത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരുടെ ഐഡന്റിറ്റി ഇപ്പോഴും അജ്ഞാതമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
നാബ്ലസ് പരിസരത്ത് ഒരു വാഹനത്തിൽ നിന്ന് ആയുധധാരികളായ മൂന്ന് ഭീകരർ തങ്ങളുടെ സൈനികർക്ക് നേരെ വെടിയുതിർത്തതായും അവരെ നിർവീര്യമാക്കാൻ സൈന്യം തിരിച്ചടിച്ചതായുമാണ് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയത്. മൂന്ന് എം-16 റൈഫിളുകൾ, ഒരു തോക്ക്, വെടിയുണ്ടകൾ തുടങ്ങി മറ്റ് സൈനിക ഉപകരണങ്ങളും കണ്ടെടുത്തതായി പ്രസ്താവനയിൽ സൈന്യം പറയുന്നുണ്ട്.
പലസ്തീനികളെ കൊലപ്പെടുത്തിയ സംഭവം യുദ്ധക്കുറ്റത്തിന് തുല്യമാണെന്ന് ഫലസ്തീൻ പ്രസിഡന്റിന്റെ വക്താവ് നബീൽ അബു റുദീനെ പറഞ്ഞിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ ഏകദേശം മൂന്ന് ദശലക്ഷം പലസ്തീനികൾ താമസിക്കുന്നുണ്ട് , കൂടാതെ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി 490,000 ഇസ്രായേലികളും അവിടെ താമസിക്കുന്നുണ്ട്.
മോസ്കോയ്ക്കുനേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വെളിപ്പെടുത്തലുമായി റഷ്യ
തിങ്കളാഴ്ച രാവിലെ മോസ്കോയ്ക്കുനേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വെളിപ്പെടുത്തലുമായി റഷ്യ രംഗത്തുവന്നു . 2 കെട്ടിടങ്ങളിൽ ബോംബ് വീണെങ്കിലും ആളുകൾക്ക് അപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് മോസ്കോ മേയർ അറിയിച്ചിട്ടുണ്ട് . ഡ്രോണുകളുടെ സിഗ്നൽ, സേന നിയന്ത്രണത്തിലാക്കിയതോടെ ഇവ തകർന്നുവീഴുകയായിരുന്നുവെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്.
മധ്യ മോസ്കോയിലെ കോംസോമോസ്കി ഹൈവേയ്ക്കു സമീപമാണ് ഒരു ഡ്രോൺ തകർന്നു വീണത് . പ്രതിരോധ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽനിന്ന് ഏകദേശം 200 മീറ്റർ മാത്രം അകലെയുള്ള ഒരു വീടിന്റെ മേൽക്കൂര ഇതുകാരണം തകർന്നു. തെക്കൻ മോസ്കോയിലെ രണ്ടുനിലയുള്ള ഓഫിസ് കെട്ടിടത്തിലാണു രണ്ടാമത്തെ ഡ്രോൺ ചെന്നുവീണത്. ഇതുമൂലം ഓഫീസിന്റെ മുകൾ നിലകൾക്കു തീപിടിച്ചിരുന്നു.
അതേസമയം വടക്കൻ ക്രൈമിയയിലെ ആയുധശാലയ്ക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്നു റഷ്യ–ക്രൈമിയ പ്രധാന പാതകളിലൂടെയുള്ള ഗതാഗതവും റെയിൽ ഗതാഗതവും നിർത്തിവെച്ചിരുന്നു. അതുകൂടാതെ പ്രദേശത്തെ ഗ്രാമവാസികളെയും ഒഴിപ്പിച്ചിരുന്നു. 17 ഡ്രോണുകളിൽ 11 എണ്ണത്തിന്റെ സിഗ്നൽ റഷ്യ നിയന്ത്രണത്തിലാക്കിയതോടെ ഇവ കരിങ്കടലിൽചെന്ന് പതിച്ചെന്നും 3 എണ്ണം വെടിവച്ചിട്ടെന്നും റഷ്യ അവകാശപ്പെടുന്നുണ്ട്.
അതിനിടയിൽ തെക്കൻ യുക്രെയ്നിൽ ഡാന്യൂബ് നദിയിലെ തുറമുഖത്തു സ്ഥിതിചെയ്യുന്ന ധാന്യസംഭരണ കേന്ദ്രത്തിൽ റഷ്യ ഡ്രോൺ ആക്രമണം നടത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതേതുടർന്ന് മൂന്ന് സംഭരണശാലകൾ തകർന്നിട്ടുണ്ട് . ഇതിനു മുൻപ് ഒഡേസ തുറമുഖത്തും കനത്ത ആക്രമണം റഷ്യ അഴിച്ചുവിട്ടിരുന്നു. കരിങ്കടൽ വഴിയുള്ള ധാന്യക്കയറ്റുമതിക്കരാറിൽനിന്നു പിന്മാറിയതിനു പിന്നാലെയാണു തുറമുഖങ്ങൾക്കുനേരെ റഷ്യ ആക്രമണം ശക്തമാക്കിയത്.
മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്കു സഹകരണമാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്കു സഹകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾക്ക് ചൊവ്വാഴ്ച കത്തെഴുതി. പാർലമെന്റ് സമ്മേളനം തുടർച്ചയായി നാലാം ദിവസവും തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ ഇത്തരമൊരു നടപടി
Today, I wrote to the opposition leaders of both houses, Shri @adhirrcinc Ji of Lok Sabha, and Shri @kharge Ji of Rajya Sabha, appealing to them for their invaluable cooperation in the discussion of the Manipur issue.
The government is ready to discuss the issue of Manipur and… pic.twitter.com/IpGGtYSNwT
— Amit Shah (@AmitShah) July 25, 2023
“മണിപ്പൂരിലെ പ്രശ്നം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. വളരെ പ്രധാനപ്പെട്ട ഈ പ്രശ്നം പരിഹരിക്കുന്നതിന് എല്ലാ പാർട്ടികളും സഹകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാണ് ട്വിറ്റിൽ പങ്കുവെച്ച കത്തിനോടൊപ്പമുള്ള കുറിപ്പിൽ അമിത് ഷാ പറയുന്നത്. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി എന്നിവരെ പ്രത്യേകം അഭിസംബോധന ചെയ്ത കത്തിൽ മണിപ്പൂർ വളരെ പ്രധാനപ്പെട്ട അതിർത്തി സംസ്ഥാനമാണെന്നും അതിന്റെ സാംസ്കാരിക പൈതൃകം മണിപ്പൂരിന്റെ മാത്രമല്ല, ഇന്ത്യയുടെ മുഴുവൻ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.