മണിപ്പൂരിൽ രണ്ട് കുക്കി സ്ത്രീകളെ നഗ്നമാക്കി റോഡിലൂടെ നടത്തിച്ച് ഉപദ്രവിക്കുന്നതിന്റെ വീഡിയോയെ തുടർന്നുണ്ടായ രോഷം മിസോറാമിൽ താമസിക്കുന്ന മെയ്തികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. അവരിൽ പലരും ശനിയാഴ്ച സംസ്ഥാനം വിട്ടുപോകുന്ന അവസ്ഥയാണിപ്പോൾ. ഈ അവസ്ഥയിൽ ചാർട്ടേഡ് വിമാനം വഴി അവരെ സംസ്ഥാനത്ത് നിന്ന് ഒഴിപ്പിക്കാൻ തയ്യാറാണെന്ന് മണിപ്പൂർ സർക്കാർ അറിയിച്ചിട്ടുണ്ട്.
മിസോറാമിലെ മിസോ വിഭാഗത്തിൽപെടുന്ന ആളുകൾ മണിപ്പൂരിലെ കുക്കി ഗോത്രവർഗക്കാരുമായി വംശീയ ബന്ധം പങ്കിടുന്നവരാണ്. അയൽ സംസ്ഥാനത്തിൽ നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങളും പ്രശ്നങ്ങളുമെല്ലാം അവർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. മെയ് ആദ്യവാരങ്ങളിൽതന്നെ മണിപൂരിൽ കലാപം ആരംഭിച്ചിരുന്നു. അതിനു ശേഷം മണിപ്പൂരിൽ നിന്നും ഏകദേശം 12,584 കുക്കി-സോമി ആളുകളാണ് മിസോറാമിൽ അഭയം തേടിയത്.
മിസോറാമിൽ താമസിക്കുന്ന മെയ്തി വിഭാഗത്തോട് സ്വന്തം സുരക്ഷയ്ക്കായി അവിടെനിന്നും പോകണമെന്ന് ആവശ്യപ്പെട്ട് പീസ് അക്കോർഡ് എംഎൻഎഫ് റിട്ടേണീസ് അസോസിയേഷനും , മുൻ ഭൂഗർഭ മിസോ നാഷണൽ ഫ്രണ്ട് മിലിറ്റന്റുകളുടെ സംഘടനയും ഒരു പ്രസ്താവന വെള്ളിയാഴ്ച്ച പുറപ്പെടുവിച്ചിരുന്നു. അതിനുശേഷമാണ് നിലവിലെ പരിഭ്രാന്തമായ അവസ്ഥ ആരംഭിച്ചത്. മണിപ്പൂരിലെ സോ വംശീയ സമൂഹത്തിനെതിരായ അക്രമണത്തിൽ മിസോ ജനതയുടെ വികാരം വ്രണപ്പെട്ടുവെന്നും മണിപ്പൂരിൽ താമസിക്കുന്നത് മെയ്തി വിഭാഗത്തിലള്ള ആളുകൾക്ക് സുരക്ഷിതമല്ലെന്നും മിസോയിൽ എഴുതിയ പ്രസ്താവനയിൽ പറയുന്നുണ്ട്.
മിസോറാമിൽ തനിക്ക് ഇതുവരെ ഭീഷണി തോന്നിയിട്ടില്ലെന്നും മിസോകൾ വളരെ സൗമ്യരും വിനയമുള്ളവരുമാണെന്നും ഐസ്വാളിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു മെയ്തി പറഞ്ഞു. “എന്നാൽ ഇപ്പോൾ, മിക്ക മെയ്തികളും അവരുടെ വാടക വീടുകളിൽ സാധനങ്ങൾ ഉപേക്ഷിച്ച് ഓടിക്കൊണ്ടിരിക്കുകയാണ്. ബരാക് താഴ്‌വരയിൽ നിന്നുള്ള നിരവധി ആളുകൾ റോഡ് മാർഗം പുറപ്പെടുന്നുണ്ട്, അതുകൂടാതെ ഐസ്വാൾ വിമാനത്താവളത്തിൽ അഭയം തേടുന്ന നിരവധി ആളുകളുമുണ്ടെന്നും ആളുകൾ ഭയത്തിലാണെന്നും അദ്ദേഹം പറഞ്ഞു.തന്റെ സ്വകാര്യ വാഹനത്തിൽ അസമിലെ കച്ചാർ ജില്ലയിലെ വീട്ടിലേക്ക് പോകുകയായിരുന്നു അദ്ദേഹം
വെള്ളിയാഴ്ച്ച പുറത്തുവിട്ട പ്രസ്താവനയെ തുടർന്ന് സംസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു, ചിലർ സംസ്ഥാനം വിട്ടുപോകാൻ തുടങ്ങിയതായി വിവരം ലഭിച്ചിട്ടുള്ളതുകൊണ്ടുതന്നെ ആഭ്യന്തര വകുപ്പ് ഇന്ന് സമാധാനം തരുന്ന മറ്റൊരു പ്രസ്താവന പുറത്തിറക്കി. ആവശ്യമെങ്കിൽ ആളുകൾക്ക് പോകാൻ ഒരു ചാർട്ടേഡ് ഫ്ലൈറ്റ് നൽകാമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.
അധ്യക്ഷയുടെ നിർദേശങ്ങൾ ആവർത്തിച്ചു ലംഘിച്ചു ; മുതിർന്ന ആം ആദ്മി പാർട്ടി നേതാവായ സഞ്ജയ് സിങ്ങിനെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
മുതിർന്ന ആം ആദ്മി പാർട്ടി നേതാവായ സഞ്ജയ് സിങ്ങിനെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അധ്യക്ഷയുടെ നിർദ്ദേശങ്ങൾ ആവർത്തിച്ച് ലംഘിച്ചതുകൊണ്ടാണ് പാർലമെന്റ് മൺസൂൺ സമ്മേളനത്തിന്റെ ബാക്കിയുണ്ടായിരുന്ന മുഴുവൻ സമയത്തേയ്ക്കും സഞ്ജയ് സിങ്ങിന് സസ്പെൻഷൻ നൽകിയത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ച പ്രമേയത്തെ സഭ പിന്തുണച്ചതിനു പിന്നാലെയാണ് സഞ്ജയ് സിംഗിനെ സസ്പെൻഡ് ചെയ്തതായി രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ അറിയിച്ചത്.
സത്യത്തിനു വേണ്ടി ശബ്ദമുയർത്തിയതിനാണ് സഞ്ജയ് സിംഗിനെ സസ്‌പെൻഡ് ചെയ്തിരുന്നെങ്കിൽ തങ്ങൾ അസ്വസ്ഥരാകില്ലെന്നും എന്നാൽ ഈ നടപടി ശരിയായില്ലെന്നും ആം ആദ്മി നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷത്തോടൊപ്പം സഞ്ജയ് സിംഗ് ആവശ്യപ്പെട്ടിരുന്നു ,എന്നാൽ അവരുടെ ആവശ്യം അംഗീകരിക്കാതെ ചോദ്യോത്തര വേള തുടങ്ങിയപ്പോൾ സഞ്ജയ് സിംഗ് സഭയുടെ കിണറ്റിലേക്ക് നടക്കുകയായിരുന്നു. ഇരിപ്പിടത്തിലേക്കു മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ വന്നപ്പോഴാണ്
കേന്ദ്രമന്ത്രി പിയുഷ് ഗോയൽ സഞ്ജയ് സിംഗിനെ സസ്‌പെൻഡ് ചെയ്തുള്ള പ്രമേയം അവതരിപ്പിച്ചത്. അനിയന്ത്രിതമായ പെരുമാറ്റത്തിന് ഇതിനു മുൻപും സഞ്ജയ് സിംഗിനെ സസ്പെൻഡ് ചെയ്തിരുന്നു.
ആവശ്യമുള്ള കാര്യങ്ങളിൽ ചർച്ച നടത്താതെ മറ്റു വിഷയങ്ങളെക്കുറിച്ചാണ് ഇന്ത്യ ആവലാതിപ്പെടുന്നത് ; ബോളിവുഡ് നടി ജയാ ബച്ചൻ
മണിപ്പൂർ അക്രമ സംഭവത്തെകുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യാത്തതിന് ഇന്ത്യൻ സർക്കാരിനെ വിമർശിച്ച് ബോളിവുഡ് നടി ജയാ ബച്ചൻ. മണിപ്പൂർ വിഷയം രാജ്യാന്തര തലത്തിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും എന്നാൽ അതേസമയം നമ്മുടെ രാജ്യത്ത് അങ്ങനെയല്ല അവസ്ഥയെന്നും ജയ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ചർച്ച ആവിശ്യമായ ഈ വിഷയത്തിൽ സംസാരിക്കാതെ മറ്റ് സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ചാണ് സർക്കാർ സംസാരിക്കുന്നതെന്നും അവർ ഇതിനെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന വാദമാണ് മുന്നോട്ടു വെക്കുന്നതെന്നും ജയാ ബച്ചൻ കൂട്ടിച്ചേർത്തു.
മണിപ്പൂരിൽ കുക്കി വിഭാഗത്തിൽ പെട്ട രണ്ടു സ്ത്രീകളെ റോഡിലൂടെ നഗ്നയാക്കി നടത്തിച്ചു ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആ വിഡിയോ മുഴുവനിരുന്നു കാണാൻ സാധിച്ചില്ലെന്നും അതിനു കഴിഞ്ഞില്ലെന്നും , കണ്ടിടത്തോളം വലിയ നാണക്കേടായെന്നും നടി പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
“എനിക്ക് വളരെ വിഷമം തോന്നി, വീഡിയോ മുഴുവനായി കാണാൻ കഴിഞ്ഞില്ല. എനിക്ക് നാണക്കേട് തോന്നുന്നു . ഇത് മെയ് മാസത്തിൽ സംഭവിച്ചു, എന്നാലിപ്പോഴാണ് വൈറലായത് . പക്ഷേ, ആരും സഹതാപത്തോടെ ഒരു വാക്ക് പോലും പറഞ്ഞില്ല. ഇത് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചാണ് സംസാരിക്കുന്നത്.”
“ഇത് വളരെ നിരാശാജനകമായ കാര്യമാണ് എല്ലാ ദിവസവും പലയിടത്തായി സ്ത്രീകൾക്ക് പലതും സംഭവിക്കുന്നുണ്ട് . ഉത്തർ പ്രദേശിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ അറിയുന്നില്ല, യോഗി ആദിത്യനാഥ് ജി ഒരിക്കലും അത് പുറത്തു പറയുന്നില്ല. രാജ്യം മുഴുവൻ സ്ത്രീകൾക്ക് എന്താണ് സംഭവിക്കുന്നത്? ഇത്തരമൊരു അപമാനം, വളരെ സങ്കടകരമാണ്.” ജയാ ബച്ചൻ പറഞ്ഞു.
ഇതിനു മുൻപും മണിപ്പൂർ വിഷയത്തിൽ നിരവധി ബോളിവുഡ് താരങ്ങൾ തങ്ങളുടെ രോഷം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിരുന്നു. അക്ഷയ് കുമാർ, സോനു സൂദ്, കിയാര അദ്വാനി തുടങ്ങിയവർ തങ്ങളുടെ സാമൂഹ്യ മാധ്യമ എക്കൗണ്ടുകളിലൂടെയാണ് പ്രതികരണങ്ങളറിയിച്ചത്.
തന്റെ ജീവിതം മുഴുവൻ രാജ്യസേവനത്തിനായി അദ്ദേഹം സമർപ്പിച്ചു മദൻ ദാസ് ദേവിയുടെ മരണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ആർഎസ്എസ് ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച മദൻ ദാസ് ദേവി ഇന്ന് രാവിലെ അന്തരിച്ചു. ദീർഘകാലത്തെ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് ആർ എസ് എസ് ഭാരവാഹി മാധ്യമങ്ങളോട് അറിയിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള ഹിന്ദുത്വ നേതാവായിരുന്നു അദ്ദേഹം .
ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾക്കിടയിൽ നേതൃപാടവം വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണിദ്ദേഹം. ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറിയായും ആർഎസ്എസിന്റെ വിദ്യാർത്ഥി വിഭാഗമായ എബിവിപി സംഘടനാ സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
श्री मदन दास देवी जी के देहावसान से अत्यंत दुख हुआ है। उन्होंने अपना पूरा जीवन राष्ट्रसेवा में समर्पित कर दिया। उनसे मेरा न सिर्फ घनिष्ठ जुड़ाव रहा, बल्कि हमेशा बहुत कुछ सीखने को मिला। शोक की इस घड़ी में ईश्वर सभी कार्यकर्ताओं और उनके परिवारजनों को संबल प्रदान करे। ओम शांति!
— Narendra Modi (@narendramodi) July 24, 2023
ഇദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് പങ്കിട്ടിരുന്നു. “ശ്രീ മദൻ ദാസ് ദേവി ജിയുടെ വിയോഗത്തിൽ എനിക്ക് വളരെ ദുഃഖമുണ്ട്. തന്റെ ജീവിതം മുഴുവൻ രാജ്യസേവനത്തിനായി അദ്ദേഹം സമർപ്പിച്ചു. അദ്ദേഹവുമായി അടുത്തിടപഴകുക മാത്രമല്ല, അദ്ദേഹത്തിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിക്കാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഈ ദുഃഖ നിമിഷത്തിൽ എല്ലാ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും ദൈവം ശക്തി പകരട്ടെ . ഓം ശാന്തി.” എന്നാണ് മോദി ട്വിറ്ററിൽ കുറിച്ചത്.
രാമനവമി ഘോ ഷയാത്രയിലെ അക്രമം; എൻഐഎ അന്വേഷണം നടത്തണമെന്ന കൽക്കട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു
രാമനവമി ഘോഷയാത്രയ്ക്കിടെ പശ്ചിമ ബംഗാളിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട ആറ് എഫ്‌ഐആറുകളിൽ എൻഐഎ അന്വേഷണം നടത്തണമെന്ന കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി തിങ്കളാഴ്ച ശരിവച്ചു. ഹൗറ, ദൽഖോല ജില്ലകളിലും പശ്ചിമ ബംഗാളിലെ മറ്റു ഭാഗങ്ങളിലും രാമനവമി ആഘോഷങ്ങൾക്കിടെ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഘോഷയാത്രയ്‌ക്ക് നേരെ നടന്ന ബോംബാക്രമണം സ്‌ഫോടകവസ്തു നിയമപ്രകാരം സംസ്ഥാന പോലീസ് രേഖപ്പെടുത്തിയിട്ടില്ലെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.
അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എൻഐഎയോട് കൊൽക്കത്ത ഹൈക്കോടതി ഏപ്രിൽ 27 ന് ഉത്തരവിട്ടിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുൾപ്പെടെ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ലഭിച്ച മറ്റ് മൂന്ന് ഹർജികളും പരിഗണിച്ചാണ് ഹെെക്കോടതി അന്വേഷണം ഉത്തരവിട്ടത്. ഉത്തരവിന്റെ പകർപ്പ് കിട്ടി രണ്ടാഴ്ചക്കുള്ളിൽ എല്ലാ എഫ്‌ഐആറുകളും, പിടിച്ചെടുത്ത വസ്തുക്കളും സിസിടിവി ദൃശ്യങ്ങളും എൻഐഎയ്ക്ക് കെെമാറിയെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി സംസ്ഥാന പോലീസിനോട് നേരത്തേ നിർദ്ദേശിച്ചിരുന്നു.
സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷ നേതാവ് സമർപ്പിച്ച പൊതുതാൽപര്യ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന്, ഹൈക്കോടതി ഉത്തരവിനെ എതിർത്തുകൊണ്ട് പശ്ചിമ ബംഗാൾ സർക്കാർ പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കൂടാതെ സ്‌ഫോടക വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കകം തകർന്നുവീണ് വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സീലിംഗ്
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളം ജൂലൈ 18 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം ടെർമിനൽ സീലിംഗിന്റെ ഒരു ഭാഗം അടർന്നുവീണിരിക്കുകയാണ്. ശക്തമായ കാറ്റിലാണ് സീലിംഗ് തകർന്നുവീണത്. പുതിയതായി നിർമ്മിക്കപ്പെട്ട ടെർമിനലിന്റെ ഫാൾസ് സീലിംഗ് തൂങ്ങിക്കിടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. ഇത് പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനങ്ങൾക്ക് കാരണമാക്കി.
710 കോടി രൂപ ചെലവിൽ നിർമ്മിച്ച് ഏകദേശം 40,800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന യെർമിനലാണിത്. അതുകൂടാതെ പ്രതിവർഷം 50 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുമുണ്ട് ഇതിന്. എന്നാൽ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല.
The structure is outside the terminal building. Besides, a part of the false ceiling had been deliberately loosened for CCTV work. Heavy winds (about 100 km/hr) later, led to the swinging panels as seen in the video. The false ceiling had been restored after completing the work.… https://t.co/DuLYjUIk0V
— Jyotiraditya M. Scindia (@JM_Scindia) July 24, 2023
‘പുതിയ ഇന്ത്യ’യിലെ പരിതാപകരമായ ഈ അവസ്ഥയ്ക്ക് നികുതി അടയ്ക്കുന്ന പൗരന്മാർക്ക് വില നൽകേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് ട്വീറ്ററിൽ വിമർശിച്ചു. പ്രധാനമന്ത്രിക്കെതിരേയും അദ്ദേഹം വിമർശനമുന്നയിച്ചിട്ടുണ്ട്. “ഈ ദിവസങ്ങളിൽ പ്രധാനമന്ത്രി എന്തും ഏതും ഉദ്ഘാടനം ചെയ്യും, അവ പൂർത്തിയാകാത്തതോ നിലവാരമില്ലാത്തതോ ആയ അടിസ്ഥാന സൗകര്യങ്ങളാണെങ്കിലും അദ്ദേഹത്തിനു കുഴപ്പമില്ല. എന്നാണദ്ദേഹം പറഞ്ഞത്.
Regarding a recent incident at #PortBlairAirport @aaipblairport, #AAI wants to inform you that the false ceiling in front of the ticketing counter, outside the terminal building, has been loosened for the adjustment of CCTV works and final alignment.
— Airports Authority of India (@AAI_Official) July 23, 2023
സിസിടിവിയുടെ അന്തിമ അലൈൻമെന്റിനായി ചെയ്ത ചില പ്രവർത്തനങ്ങൾക്കുശേഷം ശനിയാഴ്ച വീശിയടിച്ച കാറ്റിൽ ടിക്കറ്റിംഗ് കൗണ്ടറിന് മുന്നിലെ ഫോൾസ് സീലിങ്ങിന്റെ ഒരു ഭാഗം തകർന്നതായാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ട്വിറ്ററിൽ പറഞ്ഞത്. എയർപോർട്ട് കെട്ടിടത്തിനുള്ളിലെ ഫോൾസ് സീലിങ്ങും മറ്റ് ഭാഗങ്ങളും കേടുകൂടാതെയിരിക്കുന്നതായും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.