ജനനായകന്‍ വിട വാങ്ങി. ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി ജനങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കാനാണ് ഉമ്മന്‍ ചാണ്ടി എന്ന അതികായന് എന്നും പ്രിയം. കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസനം വലിയ രീതിയില്‍ നടപ്പിലാക്കിയ രാഷ്ട്രീയ നേതാവ് കൂടിയാണ് ഉമ്മന്‍ ചാണ്ടി. കൊച്ചി മെട്രോയും, വിഴിഞ്ഞം രാജ്യാന്തര തുറമുഖവും, ബൈപാസ് വികസനവും, മെഡിക്കല്‍ കോളേജുകളും, സ്മാര്‍ട്ട് സിറ്റിയും തുടങ്ങി നിരവധി പദ്ധതികളാണ് 53 വര്‍ഷം നീണ്ട രാഷ്ട്രീയസപര്യക്കൊടുവില്‍ അദ്ദേഹം നടപ്പിലാക്കിയത്.
ഇന്ന് അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന കൊച്ചി മെട്രോ എന്ന പദ്ധതിയുടെ ആവിഷ്‌കരണം ഉമ്മന്‍ചാണ്ടി അധികാരത്തിലിരിക്കുമ്പോള്‍ ആയിരുന്നു. തുടക്കത്തില്‍ നിരവധി വിവാദങ്ങളില്‍ അകപ്പെട്ടെങ്കിലും 2012 ല്‍ മെട്രോ സംവിധാനം സാധ്യമായി. 2013 ല്‍ നിര്‍മാണം ആരംഭിച്ചെങ്കിലും 2017 ല്‍ ആയിരുന്നു മെട്രോ ഓടി തുടങ്ങിയത്. ഡിഎംആര്‍സിയ്ക്കായിരുന്നു കരാര്‍. ആലുവ മുതല്‍ പാലാരിവട്ടം വരെ ആയിരുന്നു ആദ്യ സര്‍വീസ്. ഇന്ന് കൊച്ചിയുടെ വികസനത്തില്‍ ഏറ്റവും പ്രൗഢിയോടുകൂടി നിലകൊള്ളുന്നത് കൊച്ചി മെട്രോ തന്നെയാണ്.
ഉമ്മന്‍ചാണ്ടി തുടക്കം കുറിച്ച വികസനം ആയിരുന്നു വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി. 1995 ല്‍ ആണ് പദ്ധതിയുടെ ആരംഭം. വിവാദപരമായ നിരവധി സംഭവവികാസങ്ങള്‍ക്കൊടുവില്‍ 2011 ല്‍ ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നതിനുശേഷം ഈ പദ്ധതിയ്ക്ക് ഉണര്‍വ് വന്നു. അങ്ങനെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 2015 ല്‍ തുറമുഖ നിര്‍മ്മാണം ആരംഭിച്ചു. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഒരു നാഴികക്കല്ല് തന്നെയായിരുന്നു ഈ പദ്ധതി.
ദേശീയപാത വികസനം എന്നത് ബഹുദൂരം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. നാലുവരിപ്പാതയും ആറുവരിപ്പാതയും എല്ലാം വികസിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കേരളത്തിലെ ദേശീയപാതാ ബൈപാസുകളുടെ നിര്‍മാണം വീണ്ടും ആരംഭിച്ചത് ഉമ്മന്‍ചാണ്ടി അധികാരത്തിലേറിയ സമയത്തായിരുന്നു. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളിലെ ബൈപാസുകളുടെ വികസനം അങ്ങനെ സാധ്യമായി.
ആരോഗ്യരംഗത്തും ഉമ്മന്‍ചാണ്ടി എന്ന ജനനായകന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. മെഡിക്കല്‍ കോളേജ് എന്ന ആശയം പ്രവര്‍ത്തികമാക്കിയത് ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് ഭരണം ആയിരുന്നു. കേരളത്തിലുടനീളം ആരോഗ്യരംഗം കുതിച്ചുമുന്നേറണം എന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ 8 മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാനായിരുന്നു പദ്ധതി. അങ്ങനെ 2013 ല്‍ മലപ്പുറം ജില്ലയിലെ മഞ്ചേരി എന്ന സ്ഥലത്ത് മെഡിക്കല്‍ കോളേജ് സാധ്യമായി. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് ആവിഷ്‌ക്കരിച്ച മുഖ്യ വികസനങ്ങളില്‍ ഒന്നായിരുന്നു മെഡിക്കല്‍ കോളേജ് പദ്ധതി.
കേരളത്തില്‍ ഐടി വികസനം സാധ്യമായത് യുഡിഎഫ് ഭരണകാലത്തായിരുന്നു. സ്മാര്‍ട്ട് സിറ്റി എന്ന അത്യാധുനിക സംവിധാനം കേരളത്തിലേക്കെത്തിക്കാന്‍ ചുക്കാന്‍ പിടിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ആണെങ്കിലും ഉമ്മന്‍ചാണ്ടിയാണ് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പഠനത്തിനായി കേരളത്തിലേക്ക് പ്രാവര്‍ത്തികമാക്കുന്നത്. പദ്ധതി ആരംഭത്തിനു മുന്നോടിയായി ദുബായ് ഹോള്‍ഡിങ്‌സ് എന്ന പ്രതിനിധികളുമായി 2005 ല്‍ ചര്‍ച്ച നടത്തുകയുണ്ടായി. ഇരുകൂട്ടരും ധാരണാപത്രം ഒപ്പുവച്ചതിനൊടുവില്‍ 2013 ല്‍ പദ്ധതി പാരിസ്ഥിതികാനുമതി നേടി. ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, യു.എ.ഇ. കാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി തുടങ്ങിയ നേതാക്കളുടെ ഒരു നിര തന്നെ സ്മാര്‍ട്ട് സിറ്റി എന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതമായിരുന്നു.
രാജ്യാന്തര യാത്രകള്‍ സുഗമമാക്കാന്‍ വിമാനത്താവളങ്ങള്‍ സാധ്യമാക്കേണ്ടത് ആവശ്യകത തന്നെയാണ്. ഉമ്മന്‍ചാണ്ടി എന്ന അതികായന്റെ ഭരണകാലഘട്ടങ്ങളിലെ പ്രധാന കാല്‍വയ്പായിരുന്നു കണ്ണൂര്‍ വിമാനത്താവളപദ്ധതി. 1997 ല്‍ പദ്ധതിയ്ക്ക് തുടക്കമിട്ടെങ്കിലും കേന്ദ്രത്തില്‍ നിന്നും അനുമതി ലഭിച്ചിരുന്നില്ല. 2008 ല്‍ പൂര്‍ണമായും കേന്ദ്ര അനുമതിയോടെ 2014 വിമാനത്താവളത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ എയര്‍ഫോഴ്‌സിന്റെ വിമാനം ആയിരുന്നു വിമാനത്താവളത്തില്‍ പറത്തിയത്. അതിനുശേഷം 2018 ല്‍ രാജ്യാന്തര യാത്രയ്ക്കായി ഔദ്യോഗിക സര്‍വീസുകള്‍ ആരംഭിച്ചു.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി രൂപവല്‍ക്കരിച്ച സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റി, കാരുണ്യ ബനവലന്റ് സ്‌കീം, ചുമട്ടുതൊഴിലാളി ക്ഷേമനിധി നിയമം, സ്വയംഭരണ കോളേജുകള്‍, കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ തുടങ്ങി നിരവധി വികസനങ്ങള്‍ ദശകങ്ങള്‍ നീണ്ട രാഷ്ട്രീയ യാത്രയ്ക്കൊടുവില്‍ ഉമ്മന്‍ ചാണ്ടി എന്ന ജനനായകന്‍ കേരളത്തിന് നേടിക്കൊടുത്തു.
രാഷ്ട്രീയത്തില്‍ ജ്വലിക്കുന്ന നേതാവാണെങ്കിലും ജനനായകന്‍ എന്ന പരിവേഷമായിരുന്നു എന്നും ഉമ്മന്‍ചാണ്ടിയ്ക്ക്. ജനസമ്പര്‍ക്ക പരിപാടി എന്ന പദ്ധതിയിലൂടെ കേരളജനതയ്ക്ക് ഉപകാരപ്രദമാകും വിധം നിരവധി സഹായസഹകരണങ്ങള്‍ ആണ് അദ്ദേഹം പ്രവര്‍ത്തികമായത്. 2011 മുതല്‍ 3 വര്‍ഷം 3 ഘട്ടമായി ജില്ലകളില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടി കേരളം കണ്ട മികച്ച മുന്നേറ്റങ്ങളില്‍ ഒന്നായിരുന്നു. ദിവസങ്ങളോളം നീണ്ടു നിന്ന ആ പരിപാടിയില്‍ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ മണിക്കൂറുകളോളം ഒരേ നില്‍പ്പു നിന്ന ഉമ്മന്‍ചാണ്ടി എന്ന ജനനായകനെ നമ്മള്‍ കണ്ടതാണ്. ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന നേതാവ് എന്നതിലുപരി പച്ചയായ ഒരു മനുഷ്യത്വത്തിന് ഉടമയാണ് ഉമ്മന്‍ചാണ്ടി എന്ന ഇതിഹാസം.