കേരളത്തിന്റെ നെഞ്ച് നീറുകയാണ്. ഇരുട്ടിന്റെ മറയില്ലാതെ ജനക്കൂട്ടത്തിനരികെ പട്ടാപകലിലാണ് ആ പിഞ്ചോമന ക്രൂരപീഡനത്തിനിരയായി കൊല ചെയ്യപ്പെട്ടത്. ഒരുതുള്ളി കണ്ണീർ പൊഴിച്ചെല്ലാതെ സിനിമാ കഥയെ വെല്ലുന്ന ക്രൂരകൃത്യത്തിന്റെ കഥ ഒരു മനുഷ്യനും കേട്ടുതീർക്കാൻ കഴിയില്ല. 28 നു ഉച്ചയോടെയാണ് ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയത്. നീണ്ട 21 മണിക്കൂറിലെ തിരച്ചിലിനൊടുവിൽ ആലുവ മാർക്കറ്റിനു സമീപം ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
ഉപജീവനത്തിനായി ബിഹാർ ബിഷാംപർപുർ സ്വദേശികളായ ദമ്പതികളുടെ നാല് മക്കളിൽ രണ്ടാമത്തെ മകളാണ് ആ അഞ്ച് വയസുകാരി. ആലുവ തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി. അതോടൊപ്പം തന്നെ മലയാളം നന്നായി സംസാരിക്കുന്ന കുട്ടി. അച്ഛനും അമ്മയും പണിക്ക് പോയ സമയം, അവധി ദിവസമായതിനാൽ കുട്ടി വീട്ടിൽ ഒറ്റയ്ക്ക്. പണി കഴിഞ്ഞ് തിരിച്ചെത്തിയ മാതാപിതാക്കൾ മകളെ കാണാതായപ്പോൾ അസ്വാഭാവികമായി ഒന്നും തോന്നിയില്ല. അവൾ കളിക്കാൻ പോയതാണ് തിരിച്ചു വരും. തങ്ങളുടെ രണ്ടാമത്തെ മകൾ കളി കഴിഞ്ഞ് തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ അവർ ഇരുന്നു. സമയം ഇരുട്ടി തുടങ്ങി. മകൾ തിരികെ എത്തിയില്ല. കുട്ടിയെ അന്വേഷിച്ച് ഇരുവരും ടൗണിലേക്കിറങ്ങി. എവിടെയും മകളെ കാണാതായതോടെ ആ അച്ഛന്റെയും അമ്മയുടെയും കണ്ണിലും ഇരുട്ട് പടർന്നു. അധികം വൈകാതെ പോലീസിൽ പരാതി നൽകി.
പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ കുട്ടിയെ മിട്ടായി മേടിച്ചു കൊടുത്ത് അസ്ഫാക്ക് ടൗണിലൂടെ നടന്നു പോയിരുന്നു. ആ സമയം ഈ കുട്ടി ആരാണെന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞിരുന്നത് അത് തന്റെ മകൾ ആണെന്നായിരുന്നു. അയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നെങ്കിലും അത് മൈന്റാകാതെ നാട്ടുകാരും മടങ്ങി. പിന്നീട് അസ്ഫാക്കിനെ കാണുന്നത് മദ്യപിച്ച് ലക്ക് കെട്ട് ആളുകളോട് തർക്കിക്കുകയും അടിയുണ്ടാക്കുകയും ചെയ്യുന്നതായിരുന്നു.
നാട്ടുകാരോട് കുട്ടിയെ കുറിച്ച് അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് കുട്ടിയേയും കൊണ്ട് ഒരു യുവാവ് ആലുവ മാർക്കറ്റിന് പിറകിലേക്ക് പോകുന്നത് കണ്ടെന്നായിരുന്നു. സമീപ പ്രദേശത്തെ സിസിടിവി ഫൂട്ടേജുകൾ ഓരോന്നായി തിരഞ്ഞു. അതിൽ ഒന്നിൽ, ഒരു യുവാവ് മിട്ടായി മേടിച്ചു കൊടുത്ത് കുട്ടിയെ കൊണ്ട് പോകുന്നത് കണ്ടു. പിന്നീട് അന്വേഷണം അയാളിലേക്ക്.. കുട്ടിയെ കാണാതായ അന്ന് രാത്രിയിൽ തന്നെ മുഖ്യപ്രതി അസ്ഫാക് ആലമിനെ പോലീസ് പിടി കൂടിയിരുന്നു. ചോദ്യങ്ങൾ ഓരോന്നായി മാറി മാറി ചോദിച്ചപ്പോഴും മദ്യലഹരിയിൽ ആയിരുന്ന അസ്ഫാക്ക് ആലം പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. പ്രതി മദ്യലഹരിയിൽ ആയതിനാൽ തന്നെയും അസ്ഫാക്കിനെ കൂടുതൽ ചോദ്യം ചെയ്യാൻ പോലീസും തയ്യാറായില്ല.
രാവിലെ ലഹരിയുടെ കെട്ട് വിട്ടപ്പോൾ അസ്ഫാക്ക് പറഞ്ഞത് കുട്ടിയെ താൻ സാക്കീർ എന്നയാൾക്ക് വിറ്റെന്നായിരുന്നു. എന്നാൽ പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്നാണ് 12 മണിയോടെ മാലിന്യം നിക്ഷേപിക്കുന്ന പെരിയാർ തീർത്ത് മൃതദേഹം കണ്ടെത്തിയത്. ചാക്കിന് പുറത്തേക്ക് കിടന്ന ആ പിഞ്ച് കൈ അവിടെ എത്തിയ തൊഴിലാളികളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. മൃതദേഹത്തിന് മുകളിൽ കല്ല് വെച്ചിട്ടുണ്ടായിരുന്നു. വിവരമറിഞ്ഞ പോലീസ് കുട്ടിയുടെ അച്ഛനെ സ്ഥലത്തെത്തിച്ച് മൃതദേഹം തിരിച്ചറിയുകയും ചെയ്‌തു. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു. അധികം വൈകാതെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നു. കുട്ടി ക്രൂര പീഡനത്തിരയായിട്ടുണ്ട്. കുട്ടിയുടെ കഴുത്തിലും സ്വകാര്യ ഭാഗത്തും വലിയ തോതിൽ മുറിവുകൾ ഉണ്ടായിരുന്നു.
ഒരു നാട് മുഴുവൻ ആ കുരുന്നിനായി തിരയുമ്പോഴും പോലീസ് ആണയിട്ടു പറഞ്ഞത് കുട്ടി സുരക്ഷിതയാണെന്ന്. എന്ത് അടിസ്ഥാനത്തിലാണ് പോലീസ് അങ്ങനെ പറഞ്ഞത്? അസ്ഫാക്ക് പോലീസ് കസ്റ്റഡിയിൽ ഇരിക്കുമ്പോഴും, ആ കുരുന്ന് എവിടെ ആയിരുന്നു? സംശയം തോന്നിയ നാട്ടുകാർ എന്തെ പ്രതികരിച്ചില്ല? അങ്ങനെ ചോദ്യങ്ങൾ ബാക്കി…. ഒരു പക്ഷെ അസ്ഫാക്ക് കുഞ്ഞിനേയും കൊണ്ട് മദ്യപിച്ച് തർക്കത്തിലേർപ്പെടുന്നത് കണ്ടപ്പോഴെങ്കിലും ചുറ്റുമുള്ളവർക്ക് പ്രതികരിക്കാമായിരുന്നു. അങ്ങനെയെങ്കിൽ ഇന്ന് അവളും നമ്മളോടൊപ്പം ഉണ്ടാവുമായിരുന്നു. ആ കുട്ടിയോടുള്ള ഒരു ചോദ്യമെങ്കിലും അവളെ രക്ഷിച്ചേനെ…
ഇനി അത് മകൾ ആയിരുന്നെങ്കിൽ കൂടിയും മദ്യലഹരിയിൽ സ്വയം മറന്നു നടക്കുന്ന പിതാവിനൊപ്പം ഒരു പെൺകുട്ടിയെ കാണുമ്പോൾ പ്രതികരിക്കാൻ കഴിയാത്ര അത്രയും അധംപതിച്ചു പോയോ നമ്മുടെ ചുറ്റുമുള്ളവർ. അതോ അവൾ കേരളത്തിന്റെ മകൾ അല്ലാത്തത് കൊണ്ടോ?
ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്ന കാര്യത്തിൽ കേരളം കടുത്ത അലംഭാവമാണ് പുലർത്തുന്നത്. അവരുടെ അച്ഛനും അമ്മയും ജോലിക്ക് പോകുമ്പോൾ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള യാതൊരു പിന്തുണ സംവിധാനവും ഇവിടെ ഇല്ല. അവർക്കായി പലതും ചെയ്യുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും കാര്യക്ഷമമായോ പര്യാപ്തമായോ നടക്കുന്നില്ല എന്നതാണ് സത്യം
എന്തിനധികം പറയണം നമ്മുടെ അംഗൻവാടികൾ പോലും അവർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ അല്ല പ്രവർത്തിക്കുന്നത്. അതിന്റെ പ്രധാന കാരണം അംഗൻവാടികളുടെ സമയക്രമം അനുസരിച്ച് കുട്ടികളെ കൊണ്ട് വിടാനും തിരിച്ച് കൊണ്ട് പോകാനും കഴിയുന്ന തരത്തിൽ അല്ല ഓരോ മാതാപിതാക്കളുടെയും ജോലി എന്നതാണ്. കുഞ്ഞുങ്ങളെ വീട്ടിൽ ഒറ്റക്കാക്കി പോകാൻ കഴിയാത്തതിനാൽ പലരും ജോലി സ്ഥലത്തേക്ക് കൊണ്ട് പോകുകയാണ്. മാതാപിതാക്കളുടെ പല ജോലിയും കുഞ്ഞുങ്ങളിൽ വലിയ അപകടം വിളിച്ച് വരുത്താൻ സാധ്യതയുണ്ട്.
ഉയർന്ന കൂലി ലഭിക്കുന്നു എന്ന ഒരൊറ്റ കാരണത്താൽ അവർ ഇവിടെ എത്തുമ്പോൾ പുരുഷന്മാർക്ക് മാത്രമാണ് ഉയർന്ന കൂലി ലഭിക്കുന്നത് അടിവരയിട്ട് പറയേണ്ട കാര്യമാണ്. കേരളം ഉയർന്ന കൂലി കൊടുക്കുന്നു എന്ന് പറഞ്ഞ് നമ്മൾ അഭിമാനിക്കുമ്പോൾ അവരുടെ സുരക്ഷക്കും അന്തസ്സിനുമൊന്നും പത്ത് പൈസയുടെ വില ആരും കൽപ്പിക്കുന്നില്ല. കേരളത്തിലേക്ക് വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ആയ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ഒട്ടും സുരക്ഷയില്ല. മുന്നൂറ് രൂപയാണ് പലർക്കും കിട്ടുന്ന വേതനം. എന്നിട്ടും മക്കളെയും കൊണ്ട് അവർ ജോലിക്ക് പോകുന്നു. സ്വന്തം നാട്ടിൽ കുറച്ച് കൃഷിഭൂമി വാങ്ങാനോ ഒരു വീട് വെക്കാനോ വേണ്ടിയാണ് അവർ ഇവിടെ പട്ടിപ്പണിയെടുത്ത് ജീവിക്കുന്നത്.
ഈ കുഞ്ഞുങ്ങൾക്ക് സുരക്ഷ ഒരുക്കാൻ, അവർക്ക് കാര്യക്ഷമമായ വിദ്യാഭ്യാസം കൊടുക്കാൻ എന്താണ് നമ്മുടെ മുന്നിലുള്ള തടസ്സം. ഓരോന്നിന്റെയും നവീകരണം മുക്കിലും മൂലയ്ക്കും നടക്കുമ്പോൾ ഇവരെ മറന്നു പോയതാണോ? ഇതിനെല്ലാം ഒരുത്തരം മാത്രമേ ഉള്ളു, അവഗണന. ക്രൂരമായി കൊല്ലപ്പെട്ടത് ഒരു മനുഷ്യക്കുഞ്ഞാണ്. അവിടെ ആ അച്ഛനും അമ്മയ്ക്കും നഷ്ടപ്പെട്ടത് ജീവനും ജീവിതവുമാണ്. ഇതര സംസ്ഥാന തൊഴിലാളി, അതിഥി തൊഴിലാളി എന്ന പ്രയോഗത്തിൻ്റെ ആലഭാരം ഒന്നും താങ്ങാൻ ആ കുഞ്ഞിൻ്റെ അച്ഛനും അമ്മക്കും കഴിയില്ല. ഓരോ എട്ട് മിനിറ്റിലും ഓരോ കുട്ടി വീതമാണ് കാണാതാകുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു വര്ഷം ഒരു ലക്ഷത്തിലധികം കുട്ടികളെ കാണാതാകുമ്പോൾ ചർച്ച ചെയ്യപ്പെടുന്നത് വെറും നൂറോ ഇരുന്നൂറ് മാത്രം.
പെണ്ണിൽ കാമം മാത്രം കാണുന്നവർക്ക് മാപ്പ് അർഹിക്കുന്നില്ല. അത് ഏത് കോടതിയിൽ ഞങ്ങൾ വ്യക്തമാക്കണം. ഓരോ പെണ്ണിലും കാമവെറി കാണിക്കുന്നവരെ നിങ്ങൾ ഇനിയും പാലും പഴവും കൊടുത്ത് വളർത്തുമ്പോൾ ശിക്ഷ നടപ്പാക്കേണ്ടവർ ഒന്ന് ഓർക്കുക, നിങ്ങൾക്കും അമ്മയുണ്ട്, സഹോദരിയുണ്ട്, പെണ്മക്കളുണ്ട്… ഓരോ വട്ടവും ആ അഞ്ച് വയസുകാരിയുടെ മുഖം കാണുമ്പോൾ അടിവയറ്റിലെ നോവ് അറിയണമെങ്കിൽ നിങ്ങൾ ഒരു പെണ്ണാകണമെന്നില്ല, ഒരു നല്ല അച്ഛനോ സഹോദരനോ, സുഹൃത്തോ ആയാലും മതി. പിഞ്ചു ശരീരരത്തിൽ പോലും കാമം കാണുന്ന കണ്ണുകളെ ഒരു വട്ടമെങ്കിലും പിഴുതെറിഞ്ഞു കാണിക്കൂ… നിയമമേ നീ ഇനിയും ഇങ്ങനെ നോക്കു കുത്തികളാകുമ്പോൾ ഞങ്ങളുടെ മക്കൾ ഇവിടെ എങ്ങനെ ജീവിക്കും?
ഈ വിഷയത്തിൽ പ്രതികരിച്ച് ഒട്ടേറെ സിനിമ താരങ്ങളാണ് എത്തിയിരുന്നത്. നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി ചിത്രത്തെ അടിസ്ഥാനമാക്കിയാണ് പലരും കുഞ്ഞിന്റെ മരണത്തെ കാണുന്നത്. അക്ഷരാർത്ഥത്തിൽ ഈ ചിത്രം യാഥാർഥ്യമായതാണ് ഇ സംഭവത്തിലൂടെ. സിനിമ സീരിയൽ താരം വിവേക് ഗോപന്റെ പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധ നേടുന്നത്.
വിവേക് ഗോപന്റെ പോസ്റ്റ് ഇങ്ങനെയാണ്
മരണം പോലും തല്ലൊന്നും മടിച്ച് നിന്നിട്ടുണ്ടാകും.. ആ പിഞ്ചു പ്രാണനെ അടർത്തിക്കൊണ്ടുപോയ നിമിഷങ്ങളിൽ…. വെറും അഞ്ചു വയസ്സ് മാത്രം..ഈ പിഞ്ചുകുഞ്ഞിലും കാമം കണ്ടെത്താൻ ശ്രമിച്ചവനെ കൊന്നുകളഞ്ഞവനെ ഇവൻ “മനുഷ്യനല്ല മൃഗമാണ്” എന്ന് ആരും വിശേഷിപ്പിക്കരുത്.. കാരണം ഒരു മൃഗവും തന്റെ സഹജീവികളെ കാമവെറി പൂണ്ട് പിച്ചിച്ചീന്തി കൊന്നിട്ടില്ല.. ഇത് നടന്നത് കേരളത്തിൽ ആയതുകൊണ്ട് മറ്റൊരു ഒറ്റപ്പെട്ട സംഭവമായേക്കാം.. ഒരു കൊച്ചു കുഞ്ഞിൻറെ നിഷ്ക്കളങ്കതയെ ചൂഷണം ചെയ്ത് മധുരം വാങ്ങി നൽകി പട്ടാപ്പകൽ പിച്ചിച്ചീന്തിയപ്പോൾ, ജീവനുവേണ്ടി അതേ നിഷ്കളങ്കതയോടെ നിന്റെ മുഖത്തേക്ക് ദയനീയമായി നോക്കിയപ്പോൾ അസ്ഫാക്കെ നിൻറെ ഉള്ളിൽ ഒരിറ്റു ദയയുടെ ലാഞ്ചന പോലും ഉണ്ടായില്ല..കണ്ണടയുന്നതിന് മുമ്പ് അവൾ നാം ഓരോരുത്തരെയും നോക്കി കാണില്ലേ?അവൾ ഈ ലോകത്തെ നോക്കി അവസാനമായി ഒന്നുകൂടി പുഞ്ചിരിച്ചിട്ടുണ്ടാകില്ലേ?.. ആരോടും പരാതി ഒന്നും പറഞ്ഞിട്ടുണ്ടാകില്ല അവൾ.. പരിഭവവും ഉണ്ടാകില്ല..
എങ്കിലും പറയണം..തുറന്നുപറയണം നാം ഓരോരുത്തരും..തെറ്റ് ചെയ്തവർ നാം തന്നെയാണ്.. ആർക്കും ഏത് നാട്ടിലും തൊഴിൽ ചെയ്ത് ജീവിക്കാൻ അവകാശമുണ്ട്.. പക്ഷേ എല്ലാ കാര്യത്തിലും ഒരു വ്യവസ്ഥ ഉണ്ടാകണം.. ഇതൊക്കെ എത്ര പറഞ്ഞതും കേട്ടതുമാണ്.. ഒന്ന് പറഞ്ഞു അവസാനിപ്പിക്കാം..ഈ സംഭവം ഉണ്ടായ ആലുവയിൽ തന്നെ അവിടെ എത്ര അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ട്?അവർ ഏതു നാട്ടിൽ നിന്നും വരുന്നു?അവരുടെ മുൻകാല ജീവിതം എങ്ങനെയായിരുന്നു?ഇതിലൊന്നും ഭരണകൂടത്തിന് പോലീസിനോ വ്യക്തതയില്ല..കണക്കുമില്ല എല്ലാം ഊഹമാണ്..ഓ മറന്നു..ഇതൊന്നും പറയാൻ പാടില്ലല്ലോ.. ക്ഷമിക്കുക …..
വ്യവസ്ഥയോ? കണക്കോ? എന്തിനു? നമ്മൾ പ്രബുദ്ധർ അല്ലേ.. വരൂ ഒറ്റപ്പെട്ട സംഭവങ്ങൾ അടിക്കടി ഉണ്ടാകുമ്പോൾ നമുക്ക് ഹാഷ് ടാഗുകൾ നിരത്തി ആശ്വസിക്കാം..ചാനൽ ചർച്ചകളിൽ വിധി നിർണയിക്കാം.. നമുക്ക് ഉറങ്ങാം.. ഉണരുമ്പോൾ മറ്റൊരു കുഞ്ഞിന്റെ തേങ്ങൽ കാതിൽ മുഴങ്ങിയേക്കാം.. പുതിയ ഹാഷ്ടാഗുമായി നമുക്ക് വീണ്ടും ഒത്തുകൂടാം..കൂടുതൽ ഒന്നും പറയാനില്ല.
അക്ഷരാർത്ഥത്തിൽ വളരെ സത്യമായ കാര്യങ്ങളാണ് നടൻ ഈ കുറിപ്പിലൂടെ പറയുന്നത്. നടൻ സിദ്ധിഖ് പറഞ്ഞത് കുഞ്ഞുങ്ങളുടെ മേൽ കാമവെറി തീർക്കുന്നവനെ ജനക്കൂട്ടത്തിന് നൽകൂ എന്നാണ്. എങ്ങനെയാണ് അവനു അഞ്ച് വയസുകാരിയിൽ കാമം കാണാൻ കഴിഞ്ഞത്? ഉത്തരങ്ങളില്ലാതെ ചോദ്യങ്ങൾ നീണ്ടു നീണ്ടു പോകുമ്പോൾ സുരക്ഷയുണ്ടോ എന്ന കാര്യത്തിലും ഉത്തരമില്ല. കേരളം ഒന്നടങ്കം പൊട്ടിക്കരയുമ്പോൾ ആര് ആരോട് സമാധാനം പറയും? ഇനിയു ഇതിന് ഒരു അന്ത്യമില്ലേ.. ആയിരക്കണക്കിന് ആളുകളാണ് കുഞ്ഞിന് യാത്രയയപ്പ് നല്കാൻ എത്തിയത്. കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവരെ വെറുതെ വിടരുതെന്നാണ് ഓരോരുത്തരുടെയും അഭിപ്രായം. ഇനിയും ഇത്തരത്തിലുള്ള കാമവെറികൾക്ക് ശക്തമായ ശിക്ഷ ലഭിക്കണം എന്നും അവനെപ്പോലെയുള്ളവരെ തങ്ങൾ കൈകാര്യം ചെയ്യാം തുടങ്ങിയ അഭിപ്രായങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
ബിഗ്‌ബോസ് സീസൺ ഫൈവ് വിന്നർ അഖിൽ മാരാർ പറഞ്ഞത് പെണ്മക്കളുള്ള അച്ഛന്മാർക്ക് തോക്ക് നൽകണമെന്നാണ്. പോലീസുകാരോട് സംരക്ഷണം ചോദിക്കുമ്പോൾ കിട്ടുന്ന ഉത്തരം തങ്ങൾക്ക് ഏത് നേരവും നിങ്ങളുടെ കൂടെ സമയം ചിലവഴിക്കാൻ പറ്റുമോ എന്നാണ്. അതിനാൽ എല്ലാവരും സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അഖിൽ മാറാൻ പറഞ്ഞു.