ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി ഒരുങ്ങി. ലക്ഷ്യം വിജയം തന്നെ. അതിന് മുന്നോടിയായിട്ടാണ് ബി.ജെ.പി.യും പദയാത്രയ്‌ക്കൊരുങ്ങുന്നത്. നവ കേരള സദസ് സംസ്ഥാനത്തെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് നടന്നതെങ്കില്‍, ബിജെപി ഒരു പടി കൂടി കടന്നിട്ടാണ് മുന്നിട്ടിറങ്ങുന്നത്. പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് ബിജെപിയുടെ പദയാത്ര. 20 ലോക്സഭാ മണ്ഡലങ്ങളിലും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ 10 കിലോമീറ്റര്‍ വീതമാണ് യാത്ര.
എ ക്ലാസ് മണ്ഡലങ്ങളിൽ ദേശീയനേതൃത്വം തിരഞ്ഞെടുത്തവർക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയാവും പദയാത്ര നടക്കുക. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ രണ്ടു ദിവസംവീതം പദയാത്ര നടത്തും. മറ്റു മണ്ഡലങ്ങളില്‍ ഒരുദിവസമേ യാത്രയുണ്ടാകൂ. ജനുവരി 15-നുശേഷം നടത്തുന്ന യാത്രയ്ക്ക് പേരിട്ടിട്ടില്ല.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സിലെ പോലെ, ദിവസവും രാവിലെ വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ചയും ഉണ്ടാകും. ഉച്ചയ്ക്കുശേഷം പദയാത്ര. വൈകീട്ട് പൊതുസമ്മേളനം എന്നരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ പദയാത്രയിലും 25,000 പേരെ പങ്കെടുപ്പിക്കണമെന്നാണ് കേന്ദ്ര നേതൃത്വം പറഞ്ഞിരിക്കുന്നത്.
എല്ലാ പൊതുയോഗങ്ങളിലും ദേശീയ നേതാക്കള്‍ പങ്കെടുക്കും. പദയാത്ര കഴിയുന്നതോടെ ഇടതടവില്ലാതെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. ഇതിനായി 140 നിയമസഭാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് വിസ്താരകന്മാരെ (മുഴുവന്‍സമയ പ്രവര്‍ത്തകര്‍) നിയോഗിച്ചുകൊണ്ടിരിക്കുകയാണ് പാര്‍ട്ടി ഇപ്പോള്‍.
പദയാത്രയ്ക്കു മുന്‍പുതന്നെ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കണമെന്ന നിര്‍ദേശം ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മുന്നോട്ടുവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സ്ഥാനാര്‍ഥികളെ കൊണ്ടിറക്കുന്നരീതി ഗുണംചെയ്യില്ലെന്ന നിലപാടാണ്, എന്‍.ഡി.എ. ജില്ലാ യോഗങ്ങളില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടുള്ള മണ്ഡലങ്ങളില്‍ സംസ്ഥാന പ്രസിഡന്റിനൊപ്പം അവരും മുഴുവന്‍ സമയവും പദയാത്രയില്‍ പങ്കാളികളാക്കും.
അതേസമയം സംസ്ഥാനത്ത് ക്രിസ്ത്യന്‍ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നേരത്തെ ആരംഭിച്ചിരുന്നു. ഇടക്കാലത്ത് മന്ദഗതിയിലായ ക്രിസ്ത്യന്‍ പിന്തുണ തേടിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് ബിജെപിയുടെ ലക്ഷ്യം. അതിന് മുന്നോടിയായി സംസ്ഥാന തലത്തില്‍ ക്രൈസ്തവ ദേവാലയങ്ങള്‍, പുരോഹിതര്‍, ഭവനങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്ന ക്രിസ്മസ് സ്‌നേഹയാത്രയുടെ ഉദ്ഘാടനം കൊച്ചിയില്‍ ആരംഭിച്ചു.
സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്സില്‍ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനെ സന്ദര്‍ശിച്ചു കൊണ്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തിരുന്നു. സംസ്ഥാന സമിതിയുടെ ക്രിസ്മസ് ആശംസയും കൈമാറി. ഡിസംബര്‍ 21 മുതല്‍ 31 വരെയാണ് ബി.ജെ.പി ക്രിസ്മസ് സ്‌നേഹയാത്ര നടത്തുന്നത്.
ക്രൈസ്തവ സമൂഹവുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് ബി.ജെ.പിയുടെ യാത്ര. ഉദ്ഘാടനത്തിന് പിന്നാലെ വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപറമ്പിലിനെ അതിരൂപത ആസ്ഥാനത്തെത്തി സന്ദര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞ ക്രിസ്മസിനും ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും ക്രൈസ്തവഭവനങ്ങളിലെത്തിയിരുന്നു. അത് വിജയകരമായ പ്രചാരണമായിരുന്നെന്നാണ് പാര്‍ട്ടി വിലയിരുത്തിയിരിക്കുന്നത്.
ചുരുങ്ങിയ കാലത്തിനിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന ക്രൈസ്തവരുടെ എണ്ണം കൂടിയെന്നും പറയുന്നു. അതേസമയം, പഞ്ചായത്ത് തലത്തില്‍ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെ വ്യാപകമായ ഭവനസന്ദര്‍ശനത്തിനാണ് ഇത്തവണ ബി.ജെ.പി പദ്ധതിയിടുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ക്രൈസ്തവ സമൂഹത്തെ ഒപ്പംകൂട്ടാനുള്ള ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചായിരുന്നു ഈസ്റ്റര്‍ദിനത്തിലെ സന്ദര്‍ശനങ്ങള്‍. അതേസമയം, തൃശൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടെ ഇക്കുറി ബിജെപി ജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ജനുവരി 2ന് പ്രധാനമന്ത്രി തൃശൂരിലെത്തുന്നത്.
‘സ്ത്രീ ശക്തി മോദിയ്‌ക്കൊപ്പം’ എന്ന പേരില്‍ മഹിളാസമ്മേളനം തേക്കിന്‍കാട് മൈതാനിയില്‍ അരങ്ങേറും. വനിതാസംവരണബില്‍ യാഥാര്‍ത്ഥ്യമാക്കിയ പ്രധാനമന്ത്രിയ്ക്ക് കേരളത്തിന്റെ ആദരം എന്ന പേരിലാണ് പരിപാടി നടക്കുന്നത്. ദക്ഷിണേന്ത്യ മുഴുവന്‍ കീഴടക്കുന്നതിന്റെ ഭാഗമായി കേരളത്തിലുടനീളം ബിജെപി സജീവ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
അതിന്റെ ഭാഗമായി പദയാത്ര ആരംഭിക്കുന്നതിനോടൊപ്പം, ദേശിയ നേതാക്കള്‍ വരെ പുതുവര്‍ഷം മുതല്‍ കേരളത്തിലെത്തി തുടങ്ങും. കാത്തിരിക്കാം ദക്ഷിണേന്ത്യ കീഴടക്കാനൊരുങ്ങുന്ന ബിജെപിയുടെ വിജയലക്ഷ്യങ്ങള്‍ കാണാൻ.
ലോക്സഭ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്
2024 ൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് കോൺഗ്രസ്. അതിന് മുന്നോടിയായുള്ള ചർച്ചയിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് പ്രവർത്തക സമിതിയിൽ തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നത്.
ആസന്നമായ ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടേണ്ടതിനെ കുറിച്ചായിരുന്നു യോഗത്തിൽ പ്രധാനമായും ചർച്ചയുണ്ടായത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവി യോഗം വിലയിരുത്തി. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വന്ന പിഴവാണ് ഈ സംസ്ഥാനങ്ങളിൽ നേരിട്ടതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പാർട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോല പ്രവർത്തിച്ചതിന്റെ വിജയമാണ് തെലങ്കാനയിൽ കണ്ടതെന്നും രാഹുൽ ഗാന്ധി യോഗത്തിൽ വിലയിരുത്തി.
മധ്യപ്രദേശിലെ തോൽവിയുടെ പേരിൽ കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിനെതിരെ രൂക്ഷമായ വിമർശനമാണ് യോഗത്തിൽ ഉയർന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയായിരുന്നു യോഗം പരിഗണിച്ച മറ്റൊരു വിഷയം. ഗുജറാത്ത് നിന്നും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ഭാരത് ജോഡോ യാത്ര ഉടൻ ആരംഭിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടപ്പോൾ തിരഞ്ഞെടുപ്പിൽ നിന്നും ശ്രദ്ധ തിരിയാൻ യാത്ര കാരണമാകുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്.
സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ പൂർത്തിയാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. മധ്യപ്രദേശിൽ കമൽ നാഥിനെ കേന്ദ്രീകരിച്ചാണ് പ്രചാരണം നടന്നത് എന്ന് മുകുൾ വാസ്നിക് ഉൾപ്പെടെയുള്ള നേതാക്കൾ കുറ്റപ്പെടുത്തി. ജയ് ജയ് കമൽനാഥ് മുദ്രാവാക്യം ഉൾപ്പെടെ ഇതിന് ഉദാഹരണമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഭൂപേഷ് ഭാഗേൽ ഉൾപ്പെടെയുള്ള നേതാക്കളും യോഗത്തിൽ കടുത്ത വിമർശനം ഏറ്റവാങ്ങി. എന്നാൽ പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് ദിഗ് വിജയ് സിങ് ഉൾപ്പെടെയുള്ള നേതാക്കളുടെ വാദം.
സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാരുടെ മാറ്റം ഉൾപ്പെടെയുള്ളവ പാർട്ടിയുടെ പ്രകടനത്തെ ബാധിക്കുന്ന നിലയുണ്ടായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. തിരിച്ചടി നേരിട്ട മൂന്ന് സംസ്ഥാനങ്ങളിലും പാർട്ടിയുടെ വോട്ട് വിഹിതത്തിൽ കാര്യമായ കുറവുണ്ടായില്ലെന്നും പ്രവർത്തക സമിതി വിലയിരുത്തി. എന്നാൽ ബിഎസ്പി, മറ്റ് പ്രാദേശിക പാർട്ടികൾ എന്നിവയ്ക്ക് ലഭിച്ച് പോന്നിരുന്ന വോട്ടുകളുടെ ഒരു പങ്ക് ബിജെപിയിലേക്ക് പോയതാണ് തിരിച്ചടിയുടെ ആഘാതം വർധിപ്പിച്ചത് എന്നാണ് വിലയിരുത്തൽ.
പരാജയങ്ങളെ പൂർണമായും ഉൾക്കൊണ്ട പാർട്ടി ലോക്സഭ തിരഞ്ഞെടുപ്പിൽ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് . പാർട്ടി ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങേണ്ട ആവശ്യകത ശശി തരൂർ എംപിയാണ് യോഗത്തിൽ ഉന്നയിച്ചത്. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിക്ക് ഉടൻ കടക്കണമെന്നും അദ്ദേഹം പറഞ്ഞു. മനീഷ് തിവാരി, പ്രിയങ്ക ഗാന്ധി എന്നിവരും ഇതേവിഷയത്തിനെക്കുറിച്ച് വ്യക്തമായി സംസാരിച്ചു.
ഇന്ത്യ മുന്നണിയിലെ മറ്റ് പാർട്ടികളുമായി സീറ്റ് സഹകരണം ഉൾപ്പെടെ ഉടൻ പൂർത്തിയാക്കേണ്ടതുണ്ടെന്നും നേതാക്കൾ യോഗത്തിൽ നിലപാട് എടുത്തു എന്തൊക്കെയാണ് തീരുമാനങ്ങൾ? ഒരു കാലതാമസവുമില്ലാതെ കോൺഗ്രസ് പൂർണമായും തിരഞ്ഞെടുപ്പ് മോഡിലായിരിക്കുമെന്ന് യോഗശേഷം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു. ഭാരത് ജോഡോ യാത്രയുടെ രണ്ടാഘട്ടം ഉടൻ ഉണ്ടാകും.
ലോക്‌സഭാ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. വൈകാതെ തന്നെ സ്‌ക്രീനിങ് കമ്മിറ്റി രൂപീകരിക്കും. പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്തുമെന്നും എഐസിസി ജനറൽ സെക്രട്ടറി പറഞ്ഞു. ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി സംസ്ഥാന തലത്തിൽ സഖ്യമുണ്ടാക്കും. സഖ്യരൂപീകരണത്തിനുള്ള സമിതിയെ ഇതിനോടകം രൂപവത്കരിച്ചുകഴിഞ്ഞു. പാർട്ടി സംസ്ഥാനഘടകങ്ങളുമായി സമിതി ചർച്ചകൾ നടത്തി സഖ്യം സംബന്ധിച്ച് ധാരണയുണ്ടാക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
സാമൂഹിക മാധ്യമ പ്രചാരണങ്ങളുടെ ചുമതല…. അതേസമയം,ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുനിൽ കനുഗോലുവിന് പാർട്ടിയുടെ പ്രചാരണ തന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നതിനും അതിന്റെ സാമൂഹിക മാധ്യമ പ്രചാരണങ്ങളുടെ ചുമതലയും നൽകിയതായാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കർണാടക, തെലങ്കാന തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസ് വിജയത്തിൽ കനുഗോലു നിർണായക പങ്കുവഹിച്ചിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണ തന്ത്രങ്ങൾ ഒരുക്കാൻ കനുഗോലുവിന്റെ നേതൃത്വത്തിൽ ഉടൻ ഒരു വാർ റൂം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ലോക്‌സഭ കൂടാതെ ഹരിയാണ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതലയും കനുഗോലുവിനാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും മറ്റു മുതിർന്ന നേതാക്കളുമായും കനുഗോലു അടുത്തിടെ ചർച്ചകൾ നടത്തിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത പരാജയത്തിൽ നിന്ന് തിരിച്ചുവരാൻ പുതിയ മാറ്റങ്ങൾക്കൊരുങ്ങുകയാണ് കോൺഗ്രസ്. ലോക്‌സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ നടപടികൾ വൈകാതെ ഉണ്ടാകുന്നുമെന്നാണ് നേതാക്കൾ പറയുന്നത്. അതിന്റെ പ്രരംഭ നടപടികളിലേക്ക് പാർട്ടിയും നടന്നടുക്കുകയാണ്.
ന്യൂസ് ഡെസ്‌ക്