തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്നു. ഏപ്രില്‍ 12 വരെ ഉയര്‍ന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം എന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39 സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്.
തൃശൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളില്‍ ഒഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11. 30 വരെ 0.5 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിന്റെ വേഗത സെക്കന്റില്‍ 20 സെന്റി മീറ്ററിനും 40 സെന്റി മീറ്ററിനും ഇടയില്‍ മാറിവരാന്‍ സാധ്യത ഉണ്ടെന്നും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കുക.
ഉയര്‍ന്ന താപനില നിര്‍ദ്ദേശം: പകല്‍ 11 മുതല്‍ 3 വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ചൂട് വെള്ളം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ വ പകല്‍ സമയത്ത് ഒവിവാക്കുക അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഓ ആര്‍ എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍ മാലിന്യ ശേഖരണ – നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തീപിടിത്തങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യത ഉണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനംവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധമായ കുടി വെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
‘ഗുരുതര ആരോപണം’; തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവുമായ ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ കടുത്ത നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. ആന്റണി രാജുവിനെതിരായ ആരോപണം ഗുരുതരമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള കേസാണ് ഇതെന്ന അദ്ദേഹത്തിന്റെ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും, പുനരന്വേഷണം തടയണമെന്നുള്ള ഹര്‍ജി തള്ളണമെന്നും കേരളം ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ രണ്ടാം പിണറായി സര്‍ക്കാരില്‍ ഗണേഷ് കുമാറിന് മുന്‍പ് ഗതാഗത വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രിയാണ് ആന്റണി രാജു. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നുള്ള എല്‍ഡിഎഫ് എംഎല്‍എ ആയ ആന്റണി രാജുവിനെതിരായ കേസില്‍ ആദ്യമായാണ് സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിക്കുന്നത്.
കേസില്‍ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയത്. കേസില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ നേരത്തെ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ഗത്യന്തരമില്ലാതെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആന്റണി രാജുവിനെതിരായ നിലപാട് കടിപ്പിക്കുന്നത്.
നേരത്തെ എതിര്‍സത്യവാങ്മൂലം വൈകിയതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിയുമായി കൈകോര്‍ക്കുകയാണോ എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. എല്ലാ വസ്തുതകളും വ്യക്തമാണെന്നിരിക്കെ കേരളത്തിന് ഇനി എന്ത് മറുപടിയാണ് നല്‍കാനുള്ളതെന്നും കോടതി ചോദിച്ചിരുന്നു. ഇതിന് ശേഷം എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കേരളത്തിന് കോടതി കര്‍ശന നിര്‍ദ്ദേശവും നല്‍കുകയുണ്ടായി.
അതേസമയം, വിദേശി ഉള്‍പ്പെട്ട ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മജിസ്‌ട്രേറ്റ് കോടതിയില്‍ മാറ്റി നല്‍കി തെളിവ് നശിപ്പിച്ചെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താനാണ് ഈ തെളിവ് മാറ്റിയതെന്നാണ് ആരോപണം.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായിരിക്കുന്ന സംഭവ വികാസത്തില്‍ ആന്റണി രാജു ഇതുവരെ പ്രതികരിച്ചിട്ടില്ല. ആന്റണി രാജു നേതൃത്വം നല്‍കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമാണ്. തിരുവനന്തപുരം മണ്ഡലത്തില്‍ ഉള്‍പ്പെടെ ശക്തമായ സ്വാധീനമുള്‍ നേതാവ് കൂടിയാണ് അദ്ദേഹം. മുന്‍ മന്ത്രിക്കെതിരായ സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷ ഏത് രീതിയില്‍ ഏറ്റെടുക്കുമെന്നും ഇനി കണ്ടറിയണം.
‘പത്തനംതിട്ടയിൽ അനിൽ തോൽക്കും, മക്കളെ കുറിച്ച് അധികം പറയിപ്പിക്കേണ്ട’; എകെ ആന്റണി
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്നും തന്റെ മകനും എൻ ഡി എ സ്ഥാനാർത്ഥിയുമായ അനിൽ ആന്റണി തോൽക്കുമെന്ന് എകെ ആന്റണി. ആരോഗ്യകാരണങ്ങളാലാണ് താൻ പ്രചരണത്തിന് പോകാത്തതെന്നും താൻ പോയില്ലെങ്കിലും മണ്ഡലത്തിൽ ആന്റണി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘മക്കളെ കുറിച്ച് എന്നെ കൊണ്ട് അധികം പറയിപ്പിക്കേണ്ട. താൻ ആ ഭാഷ ശീലിച്ചിട്ടില്ല. കെഎസ്യു കാലം മുതൽ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തന്റെ നിലപാട്. പത്തനംതിട്ടയിൽ മകൻ അനിൽ തോൽക്കണം. ആന്റോ ആന്റണി ജയിക്കണം. കാരണം ഞാൻ കോൺഗ്രസുകാരനാണ്, എന്റെ മതം കോൺഗ്രസാണ്. പത്തനംതിട്ടയിൽ ഞാൻ പ്രചരണത്തിന് ഇറങ്ങിയില്ലെങ്കിലും ആന്റോ ആന്റണി നല്ല ഭൂരിപക്ഷത്തിൽ ജയിക്കും. കേരളത്തിലെ ബിജെപിയുടെ സുവർണകാലം കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പായിരുന്നു. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ അവർക്ക് കുറച്ച് വോട്ട് കിട്ടി. ഇത്തവണ 2019 ൽ കിട്ടിയ വോട്ട് കേരളത്തിൽ ബിജെപിക്ക് ഒരിടത്തും കിട്ടില്ല.
കോൺഗ്രസ് ഒരു മഹാപ്രസ്ഥാനമാണ്. ഇഎംഎസും എകെജിയും കോൺഗ്രസ് ആയിരുന്നില്ലേ? അവരൊക്കെ പോയിട്ടും കോൺഗ്രസ് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ഉള്ള കാലത്തോളം കോൺഗ്രസ് ഇവിടെ ഉണ്ടാകും. ഭരണഘടന സംരക്ഷിക്കുന്നതിനെ കുറിച്ച് വാചാലനാകുന്ന പിണറായിയുടെ പാർട്ടിക്ക് ഭരണഘടന ഉണ്ടാക്കിയതിൽ ഒരു പങ്കില്ലെന്ന് മാത്രമല്ല അതിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് പിണറായി വിജയന്റെ പാർട്ടിയുടെ പൂർവികർ. കോൺഗ്രസിനെ ആക്ഷേപിച്ചാൽ കേരളത്തിലെ ദമനം പിണറായിക്ക് മാപ്പ് തരില്ല. അരിയാഹാരം കഴിക്കുന്ന മലയാളികൾ. കമ്മ്യൂണിസ്റ്റ് പാർട്ടി പിന്നീട് തിരുത്തി, തെറ്റിപ്പോയെന്ന് പറഞ്ഞു. അതാണ് ചരിത്രം. ഇന്ത്യ മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരണം. കേരളത്തിൽ പിണറായിയുടെ ജനദ്രോഹ നടപടികൾക്കെതിരായി 20 സീറ്റും യു ഡി എഫിന് നൽകണമെന്നും എ കെ ആന്റണി പറഞ്ഞു.
അതേസമയം എകെ ആന്റണിയെ കാണുമ്പോൾ സഹതാപം മാത്രമെന്ന് അനിൽ ആൻറണി പ്രതികരിച്ചു. എ കെ ആന്റണിയുടെ ആഹ്വാനം 2014 മുതൽ ജനം തള്ളുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞയാളാണ് ആന്റണി. രാജ്യവിരുദ്ധനായ ആന്റോ ആന്റണിക്കു വേണ്ടി എ കെ ആന്റണി സംസാരിച്ചപ്പോൾ വിഷമം തോന്നിയെന്നും അനിൽ പറഞ്ഞു.