ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിനിടെ ബലാത്സംഗങ്ങളും നടന്നെന്ന് യു.എന്‍

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ ആക്രമണത്തിനിടെ ലൈംഗിക കുറ്റകൃത്യങ്ങളും നടന്നുവെന്ന് യു.എന്‍. റിപ്പോര്‍ട്ട്. ആക്രമണവേളയിലും പിന്നീട് ബന്ദികളെ ഗാസയിലേക്ക് കൊണ്ടുപോയപ്പോഴും ബലാത്സംഗങ്ങളും കൂട്ട ബലാത്സംഗങ്ങളും നടന്നു. ഇത്തരം ആക്രമണം നടന്നുവെന്ന് ബോധ്യപ്പെടാന്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന്, യു.എന്‍. സ്പെഷല്‍ റെപ്രസെന്റേറ്റീവ് ഓണ്‍ സെക്ഷ്വല്‍ വയലന്‍സ് ഇന്‍ കോണ്‍ഫ്ളിക്ട് പ്രമില പാറ്റേണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബന്ദികളില്‍ ചിലര്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ബന്ദികളായി തുടരുന്നവര്‍ക്കു നേരെ ഇത്തരം ആക്രമണം നടക്കുന്നതായും കരുതുന്നു, റിപ്പോര്‍ട്ട് പറയുന്നു. ഇസ്രയേല്‍ ഹമാസിന് നേര്‍ക്ക് ബലാത്സംഗ-ലൈംഗിക കുറ്റകൃത്യ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും യു.എന്‍. നടപടികള്‍ വളരെ സാവധാനത്തിലായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഫെബ്രുവരി ആദ്യമാണ് പ്രമില, വിദഗ്ധര്‍ക്കൊപ്പം ഇസ്രയേലും വെസ്റ്റ് ബാങ്കും സന്ദര്‍ശിച്ചത്.
ഒക്ടോബര്‍ ഏഴിന് ഹമാസും മറ്റ് സായുധസംഘങ്ങളും സിവിലിയന്മാര്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും നേര്‍ക്ക് നടത്തിയ സംഘടിത ആക്രമണത്തില്‍, വിവിധയിടങ്ങളില്‍ ബലാത്സംഗവും കൂട്ടബലാത്സംഗവും പോലെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ നടന്നെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.

ചുരുങ്ങിയത് മൂന്നു കേന്ദ്രങ്ങളിലെങ്കിലും-നോവ മ്യൂസിക് ഫെസ്റ്റിവല്‍ വേദിയും അതിന്റെ പരിസരവും, റോഡ് 232, കിബ്ബുറ്റ്സ് റേയിം എന്നിവിടങ്ങളില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളെ ആദ്യം ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമാണ് കൂടുതല്‍ സംഭവങ്ങളിലുമുണ്ടായത്. സ്ത്രീകളുടെ മൃതശരീരം ബലാത്സംഗം ചെയ്ത, രണ്ടു സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബലാത്സംഗത്തിന് ഇരയായവരോട് മുന്നോട്ടുവരാനും സംഭവത്തെ കുറിച്ച് പറയാനും ആവശ്യപ്പെട്ടെങ്കിലും ആരും അതിന് തയ്യാറായിട്ടില്ല. എന്നിരുന്നാലും ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ഇരകളായവര്‍, സാക്ഷികള്‍, ആരോഗ്യ സേവനദാതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ സമിതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അയ്യായിരം ഫോട്ടോകളും ആക്രമണത്തിന്റെ അമ്പതുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകളും സമിതി പരിശോധിച്ചിരുന്നു.

 

പമ്പുകളില്‍ ‘മോദിയുടെ ഗ്യാരണ്ടി’ ബോര്‍ഡുകള്‍ വരും, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ നീക്കും

പെട്രോള്‍ പമ്പുകളില്‍ ‘മോദിയുടെ ഗ്യാരണ്ടി’ എന്ന പുതിയ മുദ്രാവാക്യം ഉള്‍പ്പെട്ട ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ചില്ലറ ഇന്ധന വില്‍പനക്കാര്‍ക്ക് ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ സംബന്ധിച്ച നിലവിലെ ബോര്‍ഡ് മാറ്റി ‘മോദിയുടെ ഗ്യാരണ്ടി’ മുദ്രാവാക്യം ഉള്‍ക്കൊള്ളുന്ന ബോര്‍ഡ് വയ്ക്കാനാണ് നിര്‍ദേശമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഉജ്ജ്വല പദ്ധതിയുടെ ഭാഗമായ ഗ്യാസ് സിലിണ്ടര്‍ പ്രധാനമന്ത്രി യുവതിക്ക് നല്‍കുന്ന ഫോട്ടോയുള്ള ബോര്‍ഡ് സ്ഥാപിക്കാനാണ് നിര്‍ദേശം.

ബുധനാഴ്ച വൈകുന്നേരത്തിനുള്ളില്‍ പമ്പുകളില്‍ പുതിയ ബോര്‍ഡ് സ്ഥാപിച്ച് സഹകരിക്കണം എന്നാണ് പെട്രോള്‍ പമ്പ് മാനേജര്‍മാര്‍ക്കുള്ള നിര്‍ദേശം. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന ബോര്‍ഡാണ് പെട്രോള്‍ പമ്പുകളില്‍ ഉള്ളത്. അതുമാറ്റി ‘മോദിയുടെ ഗ്യാരണ്ടി’ ബോര്‍ഡ് സ്ഥാപിക്കണം എന്നാണ് നിര്‍ദേശം.

ബോര്‍ഡ് സ്ഥാപിക്കുന്നതിനായി ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികള്‍ക്ക് കോടികള്‍ ചിലവാകും എന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കന്നത്. രാജ്യത്തെ 88,000 പെട്രോള്‍ പമ്പുകള്‍, അതായത് 90 ശതമാനത്തോളം പെട്രോള്‍ പമ്പുകളും ഈ കമ്പനികളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ഈ ബോര്‍ഡുകള്‍ നീക്കം ചെയ്യാം എന്നും നിര്‍ദേശത്തില്‍ പറയുന്നു.

പാലായില്‍ അഞ്ചംഗകുടുംബം മരിച്ചനിലയില്‍; മരിച്ചവരില്‍ ഏഴുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്നുകുട്ടികളും

പാലാ പൂവരണിയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഉരുളികുന്നം സ്വദേശി കൊച്ചുകൊട്ടാരം കുടലിപ്പറമ്പില്‍ ജെയ്സണ്‍ തോമസ്(44) ഭാര്യ മെറീന(29) മക്കളായ ജെറാള്‍ഡ്(4) ജെറീന(2) ജെറില്‍(ഏഴുമാസം) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ജെയ്സണ്‍ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടികളെ ശ്വാസംമുട്ടിച്ചും ഭാര്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. ജെയ്‌സണെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്.

സംഭവമറിഞ്ഞ് വീടിന് മുന്നില്‍ തടിച്ചകൂടിയ നാട്ടുകാര്‍
ഉരുളികുന്നം സ്വദേശികളായ ജെയ്സണും മെറീനയും നേരത്തെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ജെയ്സണ്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. രണ്ടുവര്‍ഷമായി കുടുംബം പൂവരണിയില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്.

സ്വര്‍ണ്ണ കിരീടത്തെച്ചൊല്ലിയുള്ള തൃശൂരിലെ തെരഞ്ഞെടുപ്പ് :പ്രമുഖ രാഷ്ട്രീയാപാര്‍ട്ടികള്‍ നേരിട്ട് പോരീലേക്ക്

സ്വര്‍ണ്ണ കിരീടത്തെച്ചൊല്ലിയുള്ള തൃശൂരിലെ തെരഞ്ഞെടുപ്പ് പോര് കത്തുന്നു. ലൂര്‍ദ്ദ് പള്ളിക്ക് താന്‍ നല്‍കിയ കിരീടം സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ മറ്റു പാര്‍ട്ടികള്‍ക്ക് എന്ത് അധികാരമെന്നു ചോദിച്ച സുരേഷ് ഗോപി വിജയ ശേഷം മാതാവിന് പത്തുലക്ഷം രൂപയുടെ കിരീടം നല്‍കുമെന്നും പ്രഖ്യാപിച്ചു. അതിലൊരു വൈരക്കല്ലും ഉണ്ടാകും. തന്റെ കുടുംബത്തിന്റെ നേര്‍ച്ചയായിരുന്നു കിരീടമെന്നും സുരേഷ് ഗോപി പറഞ്ഞു. ജയിച്ചാല്‍ ജനങ്ങള്‍ക്കൊപ്പം എന്നതാണ് തന്റെ വഴിപാട് എന്ന് ഇടതു സ്ഥാനാഥി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. വിശ്വാസം വിട്ട് രാഷ്ട്രീയം ചര്‍ച്ച ചെയ്യാനാണ് ടി.എന്‍ പ്രതാപനാവശ്യപ്പെട്ടത് .

തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയില്‍ സമര്‍പ്പിച്ച കിരീടത്തിലെ ചെമ്പ് തെളിഞ്ഞെന്ന ഇടത് – കോണ്‍ഗ്രസ് ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായാണ് മണ്ഡലത്തിലെ ആദ്യ പ്രചരണ ദിനം സുരേഷ് ഗോപി തുടങ്ങിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തന്റെ പ്രോഗ്രസ് കാര്‍ഡ് ജനങ്ങള്‍ പരിശോധിക്കട്ടെയെന്നാണ് ബി ജെ പി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി വ്യക്തമാക്കിയത്.

എന്നാല്‍, നേര്‍ച്ച വിവാദത്തില്‍ കരുതലോടെയായിരുന്നു സി പി ഐ -കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രതികരണം. ജയിച്ചാല്‍ ജനങ്ങള്‍ക്കൊപ്പമെന്നു ഇടത് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞപ്പോള്‍ ജനങ്ങള്‍ക്കൊപ്പമാണ് തന്റെ ജീവിതമെന്ന് കോണ്‍ഗ്രസ് എം.പി ടി.എന്‍ പ്രതാപനും പറഞ്ഞു. കിരീടം നല്‍കുന്നത് വ്യക്തിപരമായ കാര്യമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പ്രതികരിച്ചത്.

ഇന്നലെ റോഡ് ഷോയോടെയാണ് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായത്. തൃശൂരിലെ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് കിരീടം സമര്‍പ്പിച്ചത് തന്റെ ആചാരത്തിന്റെ ഭാഗമാണെന്നും മാതാവത് സ്വീകരിക്കുമെന്നും ആയിരുന്നു ഇന്നലെ സുരേഷ് ഗോപി പ്രതികരിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് സുരേഷ് ഗോപി കുടുംബസമേതം എത്തി തൃശൂര്‍ ലൂര്‍ദ് പള്ളി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിച്ചത്. ഭാര്യ രാധിക, മക്കളായ ഭാഗ്യ, ഭവ്യ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.

കഴിഞ്ഞ പെരുന്നാളിന് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിക്കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. അതിന് ശേഷമാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വര്‍ണകിരീടം സമര്‍പ്പിക്കാന്‍ എത്തിയത്. ബിജെപി നേതാക്കളും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. കിരീടം മാതാവിന്റെ ശിരസിലണിയിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് സുരേഷ് ഗോപി മടങ്ങിപ്പോയത്.

ഇലക്ടറല്‍ ബോണ്ടില്‍ ഒളിച്ചുകളി; വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയില്‍

ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് പുറത്ത് വരാതെയിരിക്കാന്‍ നീക്കവുമായി കേന്ദ്രം. പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഓരോ ഇലക്ട്രല്‍ ബോണ്ട് ഇടപാടും സംബന്ധിച്ച വിശദാംശങ്ങള്‍ മാര്‍ച്ച് ആറിന് മുമ്പ് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.

എന്നാല്‍ വിവരങ്ങള്‍ കൈമാറാന്‍ ജൂണ്‍ മുപ്പത് വരെ സമയം നീട്ടി നല്‍കണമെന്നാണ് എസ് ബി ഐ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്. സങ്കീര്‍ണ്ണമായ നടപടികളിലൂടെ മാത്രമേ വിവരങ്ങള്‍ ക്രോഡീകരിക്കാനാകു എന്നും ഇതിന് സമയം നീട്ടി നല്‍കണമെന്നുമാണ് എസ് ബി ഐ വ്യക്തമാക്കുന്നത്. എന്നാല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സാവകാശം തേടിയുള്ള എസ് ബി ഐ അപേക്ഷയില്‍ പ്രതിപക്ഷം രൂക്ഷവിമര്‍ശനം ഉയര്‍ത്തി.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് വിവരങ്ങള്‍ പുറത്തു വരാതെ ഇരിക്കാനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അഴിമതി പുറത്തു വരാതെയിരിക്കാനുള്ള നടപടിയെന്നും സ്വതന്ത്ര സ്ഥാപനങ്ങളെ പോലും മോദാനി കുടുംബമാക്കി അഴിമതി മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ഒരു മൗസ് ക്ലിക്കില്‍ ലഭിക്കുന്ന വിവരങ്ങള്‍ക്ക് എസ് ബി ഐ സമയം നീട്ടി ചോദിക്കുന്നത് സംശയാസ്പദമാണെന്ന് സീതാറാം യെച്ചൂരി ആരോപിച്ചു.

സിദ്ധാര്‍ഥന്റെ മരണം: സര്‍വകലാശാല ഡീനിനെയും അസി. വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്തു

സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡീനിനെയും ട്യൂട്ടറെയും സസ്പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍. കോളജ് ഡീന്‍ എം.കെ.നാരായണനും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ.കാന്തനാഥനും കാരണം കാണിക്കല്‍ നോട്ടീസിനു നല്‍കിയ മറുപടി വൈസ് ചാന്‍സലര്‍ തള്ളിയിരുന്നു. എല്ലാം നിയമപ്രകാരം ചെയ്‌തെന്നായിരുന്നു വിസിക്ക് നല്‍കിയ വിശദീകരണം. ഇത് തൃപ്തികരമല്ലാത്തതിനാലാണ് സസ്‌പെന്‍ഷന്‍. അതേസമയം സസ്പെന്‍ഷന്‍ പോരെന്നും ഡീനിനെ കേസില്‍ പ്രതി ചേര്‍ക്കണമെന്നും സിദ്ധാര്‍ഥന്റെ പിതാവും യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് നേരിട്ടുപോയെന്നും അതിനുശേഷം ഹോസ്റ്റല്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചെന്നും എം.കെ.നാരായണനും കാന്തനാഥനും മറുപടിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ സിദ്ധാര്‍ഥിനെ കണ്ടെത്തിയത്. ഫെബ്രുവരി 14ന്, കോളജിലെ പരിപാടിക്കിടെ പെണ്‍കുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞെന്ന പേരില്‍ സിദ്ധാര്‍ഥനെ ഗ്രൗണ്ടില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്നു ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. 14 മുതല്‍ 18ന് ഉച്ച വരെ സിദ്ധാര്‍ഥന്‍ ക്രൂര മര്‍ദനത്തിനിരയായെന്നു ദൃക്‌സാക്ഷിയായ വിദ്യാര്‍ഥി പറയുന്നു. ഹോസ്റ്റലിലെ 130 വിദ്യാര്‍ഥികളുടെ മുന്നില്‍ നഗ്‌നനാക്കിയായിരുന്നു മര്‍ദനം.

കേസില്‍ പ്രതികളായ 18 പേരെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റവും പൊലീസ് ചുമത്തി. വീട്ടിലേക്കു പോയ സിദ്ധാര്‍ഥനെ കൃത്യമായ ആസൂത്രണത്തിനൊടുവില്‍ പൂക്കോട് ക്യാംപസിലേക്കു വിളിച്ചുവരുത്തിയതിനടക്കം തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുറഞ്ഞതു 2 വര്‍ഷം വരെ തടവുശിക്ഷ കിട്ടിയേക്കാവുന്ന വകുപ്പു ചുമത്തിയത്. കൊലപാതകമെന്നു തെളിഞ്ഞാല്‍ പ്രതികള്‍ക്കു ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. ആത്മഹത്യാപ്രേരണ, റാഗിങ്, ഗുരുതരമായി മുറിവേല്‍പിക്കല്‍, ആയുധങ്ങള്‍ ഉപയോഗിച്ചു മുറിവേല്‍പിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നീ വകുപ്പുകളാണു നേരത്തേ ചുമത്തിയിരുന്നത്.

ഡി.കെ.ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് സുപ്രീം കോടതി തള്ളി

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് സുപ്രീം കോടതി തള്ളി. കോടതിവിധിയില്‍ ഇ.ഡി. അപ്പീല്‍ നല്‍കിയേക്കും. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിനുള്ള മറുപടിയാണ് കോടതി വിധിയെന്നും തനിക്ക് ജുഡീഷ്യറിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ഡി.കെ.ശിവകുമാര്‍ പ്രതികരിച്ചു.

സ്വത്ത് സംബന്ധിച്ച എല്ലാ രേഖകളും തിരഞ്ഞെടുപ്പ് കമ്മിഷന്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവര്‍ക്ക് മുമ്പ് നല്‍കിയതാണ്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുകയാണെന്നും അതാണ് ഇപ്പോഴും തുടരുന്നതെന്നും ശിവകുമാര്‍ പ്രതികരിച്ചു.

ആറു വര്‍ഷം മുന്‍പ് റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് 2019 സെപ്തംബറില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസം തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് ഡി.കെ.ശിവകുമാര്‍ ജാമ്യത്തിലിറങ്ങിയത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ശിവകുമാര്‍ അന്നേ ആരോപിച്ചിരുന്നു.

തുഷാര്‍ ‘സ്‌മോള്‍ ബോയി’, മണ്ടത്തരങ്ങള്‍ക്ക് മറുപടിയില്ലെന്ന് പി സി, അപ്രസക്തനെന്ന് പരിഹസിച്ച് വെള്ളാപ്പള്ളി

ബിജെപി ദേശീയനേതൃത്വം ഇടപെട്ടിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അതൃപ്തിയും വിമര്‍ശനവും തുടര്‍ന്ന് പി സി ജോര്‍ജ്ജ്. സ്‌മോള്‍ ബോയിയായ തുഷാര്‍ വെള്ളാപ്പള്ളിയുടെ മണ്ടത്തരങ്ങള്‍ക്ക് മറുപടിയില്ലെന്ന് ജോര്‍ജ്ജ് പറഞ്ഞു. ജോര്‍ജ്ജ് അപ്രസക്തനാണെന്നും ആര്‍ക്കും വേണ്ടാത്തത് കൊണ്ടാണ് ജോര്‍ജ്ജ് ബിജെപിയിലെത്തിയതെന്നും വെള്ളാപ്പള്ളി നടേശന്‍ തിരിച്ചടിച്ചു. ജോര്‍ജ്ജ് ഈ രീതി തുടര്‍ന്നാല്‍ നടപടി വേണ്ടി വരുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

പരിധി വിടരുതെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ ഒന്നയഞ്ഞതായിരുന്നു ജോര്‍ജ്ജ്. അനില്‍ ആന്റണിക്ക് മധുരം നല്‍കി സ്വീകരിച്ചതോടെ മഞ്ഞുരുകിയെന്ന് കരുതിയ എന്‍ഡിഎയെ വീണ്ടും വെട്ടിലാക്കിയാണ് മുന്നണി കണ്‍വീനര്‍ക്കെതിരായ പരിഹാസം. പത്തനംതിട്ട സീറ്റ് നിഷേധിച്ചതാരൊക്കയാണെന്ന് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നതായി പറയുന്ന ജോര്‍ജ്ജ് തുഷാറിനെ വിടാന്‍ ഒരുക്കമല്ല. ജോര്‍ജ്ജിന്റെ പരിഹാസത്തിന് അതേ രീതിയിലാണ് വെള്ളാപ്പള്ളിയുടെ മറുപടി.

ബിജെപി കേന്ദ്ര നേതൃത്വമായിരുന്നു ജോര്‍ജ്ജിന്റെ വരവിന് മുന്‍കയ്യെടുത്തത്. ജോര്‍ജ്ജ് നാളെയൊരു ഭീഷണിയാകുമെന്ന് ചില സംസ്ഥാന നേതാക്കള്‍ അന്നേ പറഞ്ഞിരുന്നു. തുടര്‍ച്ചയായ വിമര്‍ശനം ജോര്‍ജ്ജിനെതിരായ നടപടിയിലേക്കെത്തുമെന്നാണ് സംസ്ഥാന നേതൃത്വം ഇപ്പോള്‍ കരുതുന്നത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ അടക്കം കണ്ട് അനില്‍ ആന്റണി മണ്ഡലത്തില്‍ മെല്ലെ സജീവമാകുകയാണ്. 2014 നെക്കാള്‍ 2019ല്‍ ഒന്നര ലക്ഷം വോട്ട് ബിജെപിക്ക് കൂടിയ പത്തനംതിട്ടയില്‍ ജോര്‍ജ്ജിന്റെ അതൃപ്തി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാണ്. കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങുന്ന തുഷാറിനും പിസി വലിയ ഭീഷണിയാണ്. കെ സുരേന്ദ്രന്‍ മത്സരിച്ച പത്തനംതിട്ടയില്‍ 3 ലക്ഷത്തോളം വോട്ടുകളാണ് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്നും പരിഗണിച്ചില്ല; അന്തിമ വാദത്തിനുള്ള പട്ടികയിലുണ്ടായിട്ടും കേസ് ഉന്നയിച്ചില്ല

എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. അന്തിമ വാദത്തിനായി...

രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീൽഡിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കോവിഡ് 19 വന്നപ്പോള്‍ വാക്‌സിനെടുക്കാത്തവരായി ആരുമുണ്ടായിരുന്നില്ല. കുറഞ്ഞത് ഒരു വാക്‌സിനെങ്കിലും എടുത്തവരുണ്ട്....