കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മലയാളവിഭാഗം ‘കടല്‍: സാഹിത്യം ചരിത്രം സംസ്‌കാരം’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ നാളെ ആരംഭിക്കും. ജോഹന്നാസ്ബര്‍ഗിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ സ്റ്റഡീസ് ഇന്‍ ആഫ്രിക്ക ഡയറക്ടര്‍ ഡോ.ദിലീപ് എം. മേനോന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മലയാളവിഭാഗം മേധാവി ഡോ. പ്രീയ എസ് അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം വി നാരായണന്‍ , ഡോ. സജിത കെ ആര്‍ , ഡോ.സുനില്‍ പി ഇളയിടം ,ഡോ ബിച്ചു എക്‌സ് മലയില്‍,സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സംഗീത തിരുവള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വ്യാപിച്ചു കിടക്കുന്ന കേരളത്തിലെ കടല്‍ത്തീരത്തിന്റെ വൈവിധ്യമാര്‍ന്ന ഭാഷകള്‍, ആചാരങ്ങള്‍ ,അനുഷ്ഠാനങ്ങള്‍, വാമൊഴി വഴക്കങ്ങള്‍, നാടോടിസാങ്കേതികവിദ്യകള്‍,പദകോശങ്ങള്‍, പഴഞ്ചൊല്ലുകള്‍,ചരിത്രവും കടലും ,കടലും സംസ്‌കാരവും ,കടലും പര കീയ പദങ്ങളും,കടല്‍ വഴി വന്ന സാമ്രാജ്യത്വങ്ങള്‍ ,ആധിപത്യ ഭാഷകള്‍ എന്നിവ ഉള്‍പ്പെടുന്ന കടല്‍സാഹിത്യമാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അന്തര്‍ദേശീയ സെമിനാര്‍ ചര്‍ച്ച ചെയ്യുന്നത്. കടലറിവുകളെ വീണ്ടെടുക്കുന്ന വിവിധ സെഷനുകളില്‍ ഡോ.മഹമൂദ് കൂരിയ (യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബര്‍ഗ് , സ്‌കോട്ട്ലന്റ്), ഡോ.എം കെ സജീവന്‍ (പ്രൊഫസര്‍ ഡീന്‍, ഫാക്കല്‍റ്റി ഓഫ് ഫിഷറീസ് എന്‍ജിനീയറിംഗ്, കുഫോസ്), എഴുത്തുകാരായ ഫ്രാന്‍സിസ് നൊറോണ, സോമന്‍ കടലൂര്‍ ,സിനിമ നിരൂപകന്‍ ഡോ.സി എസ് വെങ്കിടേശ്വരന്‍, പ്രൊഫ.കെ കെ ശിവദാസ് തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്ത് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
21 പ്രബന്ധാവതരണങ്ങളും 4 കടലാവിഷ്‌ക്കാരങ്ങളുമാണ് സെമിനാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇന്ത്യയില്‍ ആദ്യമായി ലൈസന്‍സ് കിട്ടിയ വനിത രേഖ കാര്‍ത്തികേയന്‍, പാരമ്പര്യമത്സ്യത്തൊഴിലാളിയും ആത്മകഥാകാരനുമായ യേശുദാസ് തുടങ്ങിയവര്‍ കടലനുഭവങ്ങള്‍ പങ്കു വയ്ക്കും. ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ വെള്ളിയാഴ്ച വൈകിട്ട് സമാപിക്കും.