പുതുവര്‍ഷത്തിലെ ആദ്യദിവസം തന്നെ ലോകത്തിന് ആശങ്കയായി ജപ്പാനിലെ വന്‍ ഭൂചലനം. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തുടര്‍ച്ചയായി ജപ്പാന്‍ കാലാവസ്ഥ ഏജന്‍സി സൂനാമി മുന്നറിയിപ്പ് നല്‍കി. ഇഷികാവയിലെ നോട്ടോ മേഖലയിലായിരുന്നു ഭൂചലനം. വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു.
ഒന്നര മണിക്കൂറിനിടെ 4.0 തീവ്രതയില്‍ 21 ഭൂചലനങ്ങള്‍ അനുഭവപ്പെട്ടെന്നാണു റിപ്പോര്‍ട്ട്. 2011ന് ശേഷം ആദ്യമായി ‘വലിയ സൂനാമി’ മുന്നറിയിപ്പ് നല്‍കിയെന്നു പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. 5 മീറ്റര്‍ ഉയരത്തില്‍വരെ രാക്ഷസത്തിരകള്‍ അടിച്ചേക്കുമെന്നാണു നിഗമനം. ചിലയിടങ്ങളില്‍ സൂനാമിത്തിരകള്‍ അടിച്ചതായും വാര്‍ത്തകള്‍ വന്നതോടെ ജനങ്ങള്‍ ഭയത്തിലാണ്.
ജപ്പാനിലെ മത്സ്യത്തൊഴിലാളികളില്‍നിന്നാണ് ‘സൂനാമി’ക്ക് ആ പേര് കിട്ടിയത്. ‘തുറമുഖം’ എന്നര്‍ഥം വരുന്ന ‘സൂ’, ‘തരംഗം’ എന്നര്‍ഥമുള്ള ‘നാമി’ എന്നീ വാക്കുകള്‍ ചേര്‍ത്താണ് അവരതു നിര്‍മിച്ചത്. ഇംഗ്ലിഷുകാര്‍ അതിനെ ‘വേലിയേറ്റത്തിര’ എന്നാണു വിളിച്ചിരുന്നത്. എന്നാല്‍ വേലിയേറ്റവുമായി ബന്ധമില്ലാത്തതിനാല്‍ ഈ പ്രയോഗം ഇപ്പോള്‍ പതിവില്ല. കടലിന്റെ അടിത്തട്ട് മുകളിലേക്കു തള്ളി ഉയരുന്നതാണു സൂനാമിക്ക് കാരണമാകുന്നത്. ഒരു മേശവിരിപ്പ് കുടഞ്ഞുവിരിക്കുന്നതിനു സമാനമായ പ്രവര്‍ത്തനം. അങ്ങനെ ചെയ്താല്‍, മേശവിരിക്കു മുകളിലുള്ള വസ്തുക്കളെല്ലാം എടുത്തറിയപ്പെടും. അതുതന്നെയാണ് ഉയര്‍ന്നുമറിയുന്ന കടല്‍ത്തട്ടിനു മുകളിലെ ജലത്തിനും സംഭവിക്കുന്നത്.
പതിനായിരക്കണക്കിനു ക്യുബിക് കിലോമീറ്റര്‍ വ്യാപ്തത്തിലുള്ള ജലം അത്തരത്തില്‍ സ്ഥാനാന്തരണം ചെയ്യപ്പെടാം. ഇതു തീരത്തെ ലക്ഷ്യമാക്കി നീങ്ങും; ഒരു തരംഗം പോലെ. നൂറുകണക്കിനു കിലോമീറ്ററായിരിക്കും ഈ ജലതരംഗത്തിന്റെ തരംഗദൈര്‍ഘ്യം. എന്നാല്‍, ആഴക്കടലില്‍ ഇതിന്റെ തരംഗ ഉന്നതി അഥവാ ആയതി ചിലപ്പോള്‍ ഏതാനും സെന്റിമീറ്ററുകള്‍ മാത്രമായിരിക്കും. ഇക്കാരണത്താല്‍, തീരത്തുനിന്നു വളരെ ദൂരെ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകള്‍ പോലും ഇതിന്റെ കടന്നുപോക്ക് അറിഞ്ഞില്ലെന്നുവരാം. തീരത്തോടടുക്കുമ്പോള്‍ പക്ഷേ സ്ഥിതി മാറും.
ആഴം കുറയുമ്പോള്‍ ഈ ജലതരംഗത്തിന്റെ ഉന്നതി വര്‍ധിച്ചുതുടങ്ങും. തീരത്തുനിന്നു ക്രമമായി ആഴംകൂടി വരുന്ന കടല്‍ത്തീരത്തെക്കാള്‍, ആഴം കുത്തനെ കൂടുന്ന കടല്‍ത്തീരത്താണ് അപകടമേറെ. കിലോമീറ്ററുകളുടെ വിസ്തൃതിയും വ്യാപ്തിയുമുള്ള ജലപ്രവാഹത്തെ, അതിന്റെ ഭയാനക വേഗത്തെ (മണിക്കൂറില്‍ 800 കിലോമീറ്ററിലധികം) തടഞ്ഞുനിര്‍ത്തുന്നതു പോലെയാണ് ഇത്തരമൊരു തീരം പെരുമാറുന്നത്. അതിനാല്‍ അത് ഇരച്ചുപൊന്തും. ഇത് അരക്കിലോമീറ്റര്‍ വരെയാകാം. 1958 ജൂലൈ ഒന്‍പതിന് അലാസ്‌കയിലെ ലിറ്റിയൂയ ഉള്‍ക്കടലിലുണ്ടായ സൂനാമിത്തിരകളുടെ പൊക്കം 524 മീറ്ററായിരുന്നു! സര്‍വകാല റെക്കോര്‍ഡാണിത്.
കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ഭൂചലനമാണ് സൂനാമിക്ക് കാരണമായി പറയപ്പെടുന്നത്. ഭൂവല്‍ക്കപാളികളുടെ ചലനം അതിനു മുകളിലുള്ള ജലവിതാനത്തിനു പകരുന്ന ഗതികോര്‍ജമാണു തീരത്തെ അതിന്റെ ആക്രമണത്തിന് കാരണം. ഭൂചലനമാണ് സാധാരണ ഇതിനിടയാക്കുന്നത്. എന്നാല്‍, സമുദ്രാന്തര്‍ഭാഗത്തെ എല്ലാ ഭൂചലനങ്ങളും സൂനാമിക്ക് കാരണമാവണമെന്നില്ല. 1965കളിലാണ് രാജ്യാന്തര തലത്തില്‍ സൂനാമി മുന്നറിയിപ്പ് സംവിധാനം നിലവില്‍വന്നത്.
‘പസഫിക് സൂനാമി വാണിങ് സിസ്റ്റം’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ മുന്നറിയിപ്പ് സംവിധാനത്തില്‍ അമേരിക്ക, കാനഡ, ഫ്രാന്‍സ്, ഓസ്ട്രേലിയ, ചിലെ, റഷ്യ, ജപ്പാന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ പങ്കാളികളാണ്. ഭൂചലനം അളക്കുന്ന സെന്‍സറുകളും തിരമാലകളുടെ ശക്തി അളക്കുന്ന ഉപകരണങ്ങളും സമുദ്രാന്തര്‍ഭാഗത്തു സ്ഥാപിക്കുന്ന ‘സെന്‍സര്‍ ബോയേ’കളുമാണ് സുപ്രധാന ഘടകങ്ങള്‍. ഇന്ത്യയില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനത്തില്‍ സൂനാമി മുന്നറിയിപ്പിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമുണ്ട്. സൂനാമിത്തിരകളുടെ പൊക്കം കണക്കാക്കിയാണ് തീവ്രത അളക്കുക. ‘റണ്‍അപ് ഹൈറ്റ്’ എന്നാണ് ഇതറിയപ്പെടുന്നത്.
ഇന്തൊനീഷ്യ മുതല്‍ ജപ്പാന്‍ വരെയുള്ള സമുദ്രമേഖലയും റഷ്യന്‍തീരവുമാണ് ഏറ്റവുമധികം സൂനാമി സാധ്യതയുള്ള സ്ഥലങ്ങള്‍. ഏറ്റവുമധികം സൂനാമി ഏറ്റുവാങ്ങിയിട്ടുള്ളത് ഹവായ് ദ്വീപുകളാണ്. ഏറ്റവുമധികം സൂനാമി ഭീഷണിയുള്ള രാജ്യം ജപ്പാനാണെങ്കിലും സൂനാമിയില്‍ കൂടുതല്‍ തകര്‍ച്ചയുണ്ടായ രാജ്യങ്ങള്‍ പെറുവും ചിലെയുമാണ്. ലോകത്ത് സൂനാമി ഭീഷണിയില്ല എന്നു കരുതാവുന്ന മേഖല അറ്റ്ലാന്റിക് സമുദ്രതീരമാണ്. എന്നാല്‍, 1755ലെ ലിസ്ബന്‍ ഭൂമികുലുക്കം ഇവിടെ സൂനാമിത്തിരമാല സൃഷ്ടിച്ചിരുന്നു. ചരിത്രത്തില്‍ നശീകരണശേഷികൊണ്ട് ശ്രദ്ധേയമായ എട്ടു സൂനാമകളുണ്ടായി.
2004, ഇന്ത്യന്‍ മഹാസമുദ്രം: സമീപകാലത്തെ ഏറ്റവും നാശകാരിയായ സൂനാമി. റിക്ടര്‍ സ്‌കെയിലില്‍ 9 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു കാരണം. സുമാത്ര ദ്വീപിലായിരുന്നു തുടക്കം. തിരമാലയുടെ ഉയരം 15 മീറ്റര്‍. 12 രാജ്യങ്ങളിലായി 1.50 ലക്ഷത്തിലേറെ ആളുകള്‍ മരിച്ചു. ഇന്തോനീഷ്യയിലായിരുന്നു കെടുതി ഏറെ. ഇന്ത്യ, ശ്രീലങ്ക, തായ്ലന്‍ഡ് എന്നിവിടങ്ങളിലും വന്‍നാശം.
1998, പാപ്പുവ ന്യൂ ഗിനിയ: സമുദ്രാന്തര്‍ഭാഗത്തെ മണ്ണിടിച്ചില്‍ മൂലമുണ്ടാകുന്ന സൂനാമിക്ക് ഉദാഹരണം. ഭൂചലനത്തിനു പക്ഷേ, ശക്തി കുറവായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തി. 1998 ജൂലൈ 17നായിരുന്നു ദുരന്തം. 2,200 ആളുകള്‍ മരിച്ചു.
1976, ഫിലിപ്പീന്‍സ്: ഭൂചലനത്തിന് അനുബന്ധമായുണ്ടായ സൂനാമി കാരണം ഇരട്ടിയായ ദുരന്തമായിരുന്നു ഇവിടെ. ഫിലിപ്പീന്‍സിലെ മോറോ ഉള്‍ക്കടലിലെ ഭൂചലനമായിരുന്നു സൂനാമിക്കിടയാക്കിയത്. 5,000 പേര്‍ മരിച്ചു. ആയിരത്തോളം പേരെ കാണാതായി.
1964, വടക്കേ അമേരിക്ക: ‘ഗുഡ്ഫ്രൈഡേ സൂനാമി’ എന്നറിയപ്പെടുന്ന ഇത് അലാസ്‌കയുടെ ചരിത്രത്തിലെ ഏറ്റവും വലുതായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 9.2 രേഖപ്പെടുത്തിയ ഇതിന്റെ തിരമാലകള്‍ കലിഫോര്‍ണിയവരെ എത്തി.
1960, ചിലെ: പ്രാദേശികമായ ഭൂമികുലുക്കത്തില്‍ വിദൂരസ്ഥലങ്ങളില്‍പ്പോലും സൂനാമി സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിയിച്ച സംഭവം. 1960 മേയ് 22ന് തെക്കന്‍ ചിലെയിലായിരുന്നു ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 9.5 രേഖപ്പെടുത്തി. 15 മണിക്കൂറിനുശേഷം ഇത് ഹവായിയില്‍ സൂനാമി സൃഷ്ടിച്ചു. ന്യൂസീലാന്‍ഡ് വരെ നാശമെത്തി. ചിലെയില്‍ മാത്രം 2,000 പേര്‍ മരിച്ചു.
1896, ജപ്പാന്‍: 25 മീറ്റര്‍ ഉയര്‍ന്നുപൊങ്ങിയ സൂനാമിയില്‍ 26,000 പേര്‍ മരിച്ചു. ഭൂമികുലുക്കത്തിന് 35 മിനിറ്റിനുശേഷമായിരുന്നു സൂനാമി. താരതമ്യേന ചെറുതായിരുന്നു ഭൂമികുലുക്കം; റിക്ടര്‍ സ്‌കെയിലില്‍ 7.2. എന്നാല്‍, സൂനാമിത്തിരകള്‍ കലിഫോര്‍ണിയയില്‍പോലും ഒന്‍പത് അടി വരെ ഉയര്‍ന്നു.
1883, ഇന്തൊനീഷ്യ: ക്രാകട്ടോവ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിലൂടെയായിരുന്നു സൂനാമി. അഗ്‌നിപര്‍വത സ്ഫോടനം ഭൂമിക്കുള്ളിലെ ലാവാശേഖരം താല്‍ക്കാലികമായി ശൂന്യമാക്കിയതിനാല്‍ ദ്വീപ് ഇടിഞ്ഞുതാഴുകയായിരുന്നു. 36,000 പേര്‍ മരിച്ചു.
1755, പോര്‍ച്ചുഗല്‍: സൂനാമിയെ യൂറോപ്പിന് പരിചയപ്പെടുത്തിയ സംഭവം. പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബനിലെ ഭൂചലനത്തോടെയായിരുന്നു തുടക്കം. മൂന്നുതവണ വീശിയടിച്ചു എന്നതായിരുന്നു സവിശേഷത. ഒരു ലക്ഷത്തിലധികം ആളുകള്‍ മരിച്ചു. സൂനാമിയെക്കുറിച്ചുള്ള അജ്ഞതയായിരുന്നു മരണസംഖ്യ ഉയരാന്‍ കാരണം.
നവകേരളസദസ്സിനുള്ള സുരക്ഷാ ക്രമീകരണം; എറണാകുളം കളക്ടറേറ്റിന് മുന്നിലെ സമരക്കാരെ പിടിച്ചുമാറ്റി പോലീസ്
എറണാകുളം കളക്ടറേറ്റിനുമുന്നില്‍ സര്‍ഫാസി വിരുദ്ധസമരക്കാരെ ബലമായി പിടിച്ചുമാറ്റി പോലീസ്. നവകേരളസദസ്സ് നടക്കുന്ന സാഹചര്യത്തില്‍ സമരമിരിക്കുന്നവരോട് മാറണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. സ്വയം മാറാന്‍ തയ്യാറാകാത്തതിനാലാണ് സമരക്കാരെ പിടിച്ചുമാറ്റിയത്.
സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നവകേരളസദസ്സ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായാണ് നടക്കുന്നത്. തൃക്കാക്കര മണ്ഡലത്തിലെ നവകേരളസദസ്സ് നടക്കുന്നത് കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടിലാണ്. സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കളക്ടറേറ്റ് പ്രവര്‍ത്തിക്കുന്നത്.
കളക്ടറേറ്റ് ഗെയറ്റിന് തൊട്ടുമുമ്പിലായിരുന്നു സമരമിരുന്നത്. സദസ്സിനെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുവരുന്ന വഴിയാണിത്. കളക്ടറേറ്റിനുമുന്നില്‍ സ്ഥിരമായി സമരം നടന്നുവരാറുള്ള വേദിയിലാണ് സര്‍ഫാസി വിരുദ്ധസമരസമിതിയുടെ പ്രതിഷേധം.
സമരവേദിയില്‍നിന്ന് മാറാന്‍ നേരത്തെ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തങ്ങള്‍ കുറച്ചധികം കാലമായി സമരം തുടര്‍ന്നുവരികയാണെന്നും നവകേരളസദസ്സ് നടക്കുന്നു എന്ന കാരണത്താല്‍ സമരത്തില്‍നിന്ന് പിന്മാറാന്‍ കഴിയില്ലെന്നുമായിരുന്നു സമരക്കാരുടെ നിലപാട്. തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. അതേസമയം, സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് പോലീസ് അറിയിച്ചു.
ആലപ്പുഴയില്‍ ഒന്നര വയസ്സുകാരന് ക്രൂര മര്‍ദനം; ഒളിവിലായിരുന്ന അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതികളായ അമ്മയും ഇവരുടെ ആണ്‍സുഹൃത്തും അറസ്റ്റില്‍. അര്‍ത്തുങ്കലില്‍ നിന്നാണ് അമ്മയെയും സുഹൃത്ത് കൃഷ്ണകുമാറിനെയും പൊലീസ് പിടികൂടിയത്. കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെ അര്‍ത്തുങ്കല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത അര്‍ത്തുങ്കല്‍ പോലീസ് പിന്നീട് കുത്തിയതോട് പൊലീസിന് കൈമാറി. തുടര്‍ന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അപകടകരമായ രീതിയില്‍ ആയുധം ഉപയോഗിച്ച് ഉപദ്രവിക്കല്‍, ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലേതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അടുപ്പത്തിലായിരുന്ന പ്രതികള്‍ കുഞ്ഞിനെ ഒഴിവാക്കാനാണ് നിരന്തരം ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് കുഞ്ഞിനെ അച്ഛന്റെ വീട്ടിലാക്കുകയായിരുന്നു.കൈ ചലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കുഞ്ഞിനെ വീട്ടിലെത്തിച്ചത്. പരിശോധനയില്‍ ഇടത് കൈയുടെ അസ്ഥി പൊട്ടിയതായും ശരീരത്തില്‍ ചൂരല്‍ കൊണ്ട് അടിച്ചതിന്റെ പാടുകളും കണ്ടെത്തി. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്.
തിരുവല്ലത്തെ ഷഹ്നയുടെ മരണം; പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു, ബന്ധുവായ പൊലീസുകാരനെതിരെ നടപടിക്ക് ശുപാര്‍ശ
തിരുവല്ലം സ്വദേശിനി ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ നടപടിക്ക് ശുപാര്‍ശ. കടയ്ക്കല്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ നവാസിനെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഭര്‍ത്താവ് നൗഫലിന്റെയും അമ്മ സുനിതയുടെയും പീഡനത്തെ തുടര്‍ന്നാണ് ഷഹ്ന വീട്ടിനുള്ളില്‍ ആത്ഹത്യ ചെയ്തത്.
ഭര്‍തൃവീട്ടില്‍നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഷഹ്ന നേരിട്ടിരുന്നു. ഇതേതുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ഷെഹ്ന തൂങ്ങിമരിച്ചത്. ഇതിന് ശേഷം പ്രതികളായ ഭര്‍ത്താവ് നൗഫലും, അമ്മ സുനിതയും ഒളിവില്‍ പോയിരുന്നു. കാറിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതികള്‍ കടയ്ക്കലുള്ള ബന്ധവീട്ടിലുണ്ടെന്ന് തിരുവല്ലം പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രതികളെ പിടികൂടാന്‍ കടയ്ക്കല്‍ പൊലീസിന്റെ സഹായം തേടി. മൊബൈല്‍ ലൊക്കേഷനും നല്‍കി. പക്ഷ സ്റ്റേഷനിലുണ്ടായിരുന്ന പ്രതികളുടെ ബന്ധുവായ പൊലീസുകാരന്‍ നവാസ് കാറും മൊബൈലും ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ പ്രതികളോട് ആവശ്യപ്പെട്ടുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സംസ്ഥാന വിട്ട പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ നടപടിയാവശ്യപ്പെട്ട് ഫോര്‍ട്ട് അസി.കമ്മീഷണര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. തിരുവല്ലം ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍കോളേജ് ഐസിയു പീഡനപരാതി കൈകാര്യം ചെയ്തതില്‍ വീഴ്ച ,രണ്ട് പേര്‍ക്കെതിരെ വകുപ്പ് തല നടപടി
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസില്‍ രണ്ട് പേര്‍ക്കെതിരെ വകുപ്പ് തല നടപടി.ചീഫ് നഴ്‌സിങ്ങ് ഓഫീസര്‍, നഴ്‌സിങ്ങ് സൂപ്രണ്ട് എന്നിവരെ സ്ഥലം മാറ്റി.ഡിഎംഇ യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
ചീഫ് നഴ്‌സിങ്ങ് ഓഫീസര്‍ സുമതി, നഴ്‌സിങ്ങ് സൂപ്രണ്ട് ബെറ്റി ആന്റണി എന്നിവര്‍ക്കെതിരെയാണ് നടപടി. സുമതിയെ തിരുവന്തപുരം എസ്എടി ആശുപത്രിയിലേക്കും ബെറ്റി ആന്റണിയെ കോന്നിയിലേക്കും സ്ഥലം മാറ്റി.പരാതി കൈകാര്യം ചെയ്തതില്‍ ഇരുവര്‍ക്കും വീഴ്ച പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണ് നടപടി.അതിജീവിതക്കായി നഴ്‌സ് അനിത ഇവര്‍ മുഖേനയാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ വേണ്ട രീതിയില്‍ ഇരുവരും നടപടി എടുത്തില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.പീഢനക്കെസിലെ മുഖ്യപ്രതി അറ്റന്‍ഡര്‍ ശശീന്ദ്രനെതിരെ നേരത്തെ പൊലീസ് കുറ്റപത്രം നല്‍കിയതാണ്.അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അഞ്ച് പേരെ പ്രതികളാക്കി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലും പൊലീസ് കുറ്റപത്രം നല്‍കി.സംഭവം അന്വേഷിക്കാന്‍ നിയോഗിച്ച ഡോക്ടര്‍ തന്റെ മൊഴി തിരുത്തിയെന്ന പരാതിയില്‍ അതിജീവിത പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതി എഡിജിപിയുടെ പരിഗണനയിലാണ്.മുഖ്യ പ്രതി ശശീന്ദ്രന്റെ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടിയിട്ടുമുണ്ട്. മറ്റ് നാല് പ്രതികളേയും നേരത്തെ തന്നെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
അതിജീവിതക്ക് അനുകൂല നിലപാടെടുത്ത നഴ്‌സ് അനിതയെ സ്ഥലം മാറ്റിയ നടപടി വിവാദമായിരുന്നു.ഇത് പിന്നീട് ട്രൈബ്യൂണല്‍ തടഞ്ഞു. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയെ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ പീഡിപ്പിച്ചന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പതിനെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.