ചിലർക്ക് പെൻഷനാണ് ഏക ആശ്രയം. ഒരു മാസത്തെ പെൻഷൻ കിട്ടാൻ ദിവസങ്ങൾ മാത്രം വൈകിയാലും അവരുടെ കണക്കു കൂട്ടലുകൾ പിഴയ്ക്കും. ഭക്ഷണ സാധനങ്ങൾക്കും മരുന്നിനുമായി മറ്റുള്ളവർക്ക് മുൻപിൽ കൈ നീട്ടേണ്ട അവസ്ഥ വരും. സാധാരണ ജീവിതം നയിക്കുന്നവർക്ക് പെൻഷൻ വൈകുമ്പോഴുള്ള കാലാവധി എന്ന് പറയുന്നത് വളരെ വലുതാണ്… അത് തള്ളി നീക്കാൻ വലിയ ബുദ്ധിമുട്ടാണ്. അത് പക്ഷെ കറങ്ങുന്ന കസേരയിൽ ഇരുന്നു ഉത്തരവുകൾ ഇറക്കുന്നവർക്ക് മനസിലാകില്ല. കാരണം അതിന് സാധാരണക്കാരിലേക്ക് ഇറങ്ങി ചെല്ലാൻ അധികാരികൾക്ക് സമയമില്ല.
എന്നാൽ ഇപ്പോൾ അധികാരികളുടെ കണ്ണ് തുറപ്പിച്ചിരിക്കുകയാണ് ഇടുക്കി അടിമാലിയിലെ മറിയകുട്ടിയും അന്ന ഔസേപ്പും.
ആരാണ് മറിയക്കുട്ടി?
പ്രായം: 87. സ്വദേശം: അടിമാലി ഇരുനൂറേക്കർ. വിദ്യാഭ്യാസം: നാലാം ക്ലാസ്. 12–ാം വയസ്സിൽ മാതാപിതാക്കൾക്കൊപ്പം ഇരുനൂറേക്കറിൽ എത്തി. ഉപജീവനമാർഗം: കൂലിപ്പണി. 36 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചു പോയി. നാലു പെൺമക്കൾ. ആയിരമേക്കർ, അടിമാലി, പനമരം, ഡൽഹി എന്നിവിടങ്ങളിലാണു മക്കൾ താമസിക്കുന്നത്. അടിമാലിയിൽ ലോട്ടറി വിൽപന നടത്തുന്ന ഇളയ മകൾ പ്രിൻസിയുടെ വീട്ടിലാണ് ഇപ്പോൾ മറിയക്കുട്ടിയുടെ താമസം. വിളിപ്പേര്: മജിസ്ട്രേട്ട്.
സമൂഹത്തിൽ കാണുന്ന കൊള്ളരുതായ്മകൾക്കെതിരെ ചെറുപ്പം മുതലേ മുഖം നോക്കാതെ അഭിപ്രായം പറയും. കൺമുന്നിൽ ഉണ്ടായിട്ടുള്ള തർക്കങ്ങളിലും അടിപിടിക്കേസുകളിലും പക്ഷംപിടിക്കാതെ പൊലീസിൽ സാക്ഷി പറയാനും പരാതിപ്പെടാനും മടിയില്ല. ഇതോടെ നാട്ടുകാർ മജിസ്ട്രേട്ട് മറിയക്കുട്ടി എന്നു പേരിട്ടു.
സ്വന്തം കാര്യം വന്നപ്പോഴും ഒറ്റയ്ക്ക് പോരാടാൻ മറിയക്കുട്ടി ധൈര്യം കാണിച്ചു. ആ പോരാട്ടത്തിന്റെ തുടക്കം ഇങ്ങനെയാണ്. മറിയക്കുട്ടിയ്ക്കും അന്ന ഔസേപ്പിനും മാസങ്ങളായി ക്ഷേമനിധി പെൻഷൻ മുടങ്ങി. ഇതോടെ ഇരുവരുടെയും ജീവിതവും വഴിമുട്ടി. മൺചട്ടിയുമായി തെരുവിലിറങ്ങി ഭിക്ഷാടനവും നടത്തി. ഭക്ഷണ സാധനങ്ങൾ മേടിക്കണം, മരുന്ന് മേടിക്കണം, കറണ്ട് ബില് അടയ്ക്കണം, ഇതൊക്കെയാണ് ഈ സാധാരണക്കാരായ അമ്മമാരുടെ ആവിശ്യം.
മാസങ്ങളായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങി. എന്നാൽ അതിലൊന്നും ഒരു കാര്യവും ഇല്ലാതെയായപ്പോൾ കഴുത്തിൽ ബോർഡൊക്കെ ഇട്ട് അവിടെ നിന്ന് തന്നെ ഭിക്ഷ യാചിച്ചു തുടങ്ങി. വിധവാ പെൻഷൻ കുടിശിക അനുവദിക്കുക, പാവങ്ങളോടു നീതി കാണിക്കുക, പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരാതിരിക്കുക, കറന്റ് ബിൽ അടക്കാൻ നിവൃത്തിയില്ല തുടങ്ങിയ കാര്യങ്ങൾ എഴുതിയ ബോർഡുമായിട്ടായിരുന്നു സമരം തുടങ്ങിയത്.
അങ്ങനെ കടകള്‍, ആളുകള്‍, ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിങ്ങനെ എല്ലാവരെയും കണ്ട് കാര്യം പറഞ്ഞപ്പോൾ കറന്‍റ് ബില്ലടയ്ക്കാനും മരുന്ന് വാങ്ങാനുമുള്ള പണവും കിട്ടി. ഇത് അവർക്ക് വലിയൊരാശ്വാസമായി. എന്നാൽ അധികം വൈകാതെ ഇരുവർക്കും സിപിഎമ്മിന്റെ ഭീക്ഷണിയും എത്തി. വീടിനു നേരെ സിപിഎം കല്ലെറിഞ്ഞെന്നും തങ്ങളെ ഉപദ്രവിക്കുന്നുവെന്നുമായിരുന്നു മറിയക്കുട്ടി പറഞ്ഞത്.
ഇരുവരുടെയും ഭിക്ഷാടനം സമൂഹ മാധ്യമങ്ങളും വാർത്ത ചാനലുകളും ഒന്നടങ്കം ചർച്ച ചെയ്തതോടെയാണ് വീടിനു നേരെ കല്ലേറ് ഉണ്ടായത്. പോലീസിൽ പരാതി നൽകുമെന്നും തങ്ങളെ കൊല്ലുന്നതിന് തുല്യമാണ് ഇതെന്നും ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞിരുന്നു. അതോടൊപ്പം മറിയകുട്ടിക്ക് രണ്ട് വീടും സ്ഥലവും ഉണ്ടെന്ന വ്യാജ പ്രചാരണവും എത്തി. രണതാര നാദാപുരം എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജ പ്രചാരണം നടത്തിയത്.
ദേശാഭിമാനി പത്രം നൽകിയ, മാറിയക്കുട്ടിയ്ക്ക് ലക്ഷങ്ങളുടെ ആസ്തിയെന്ന വാർത്ത പങ്കുവെച്ചായിരുന്നു വ്യാജ പ്രചാരണം നടത്തിയത്. “ചട്ടി നാടകം പൊട്ടി…!!! കോൺഗ്രസിനു വേണ്ടി നാടകം കളിച്ച മറിയക്കുട്ടി.. സ്വന്തമായി 2 വീട് . അതിലൊന്ന് ഇരുന്നൂറ് ഏക്കറിൽ പ്രതിമാസം 5000 രൂപാ വാടകയ്ക്…!! കൂടാതെ ഒന്നരയേക്കർ സ്ഥലം.. മക്കൾ വിദേശത്ത് ഉയർന്ന ജോലി..
LDF സർക്കാരിനെതിരെ വ്യാജവാർത്തകൾ ചമയ്ക്കാൻ കോൺഗ്രസുകാർ ഇനിയും ഇതു പോലുള്ള അവതാരങ്ങളെ കളത്തിലിറക്കും.. ഇനിയും വരും… ഇതുപോലുള്ള അഭിനവ മറിയമാർ… ആഘോഷിക്കാൻ കുറെ മാപ്രകളും.. ഈ സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ഏത് ഗൂഢ നീക്കവും പൊളിച്ചെഴുതുക തന്നെ ചെയ്യും…” എന്നായിരുന്നു ആ വ്യാജ പ്രചാരണം. ഇതോടെ അടിമാലി വില്ലേജ് ഓഫിസിലെത്തിയ മറിയക്കുട്ടി തനിക്കു വില്ലേജ് പരിധിയിൽ ഭൂമി ഉണ്ടെങ്കിൽ അതു സംബന്ധിച്ചുള്ള രേഖ നൽകണമെന്നാവശ്യപ്പെട്ട് അപേക്ഷയും നൽകി.
എന്നാൽ കൂടുതൽ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അടിമാലി വില്ലേജിൽ ഒരിടത്തും മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ലെന്നു വില്ലേജ് ഓഫിസർ അറിയിച്ചു. മറിയക്കുട്ടിക്കു 2 വീടുണ്ടെന്ന സിപിഎം ആരോപണം തെറ്റാണെന്നു മുൻപേ തെളിഞ്ഞിരുന്നു. സിപിഎം പറഞ്ഞ രണ്ടു വീട്ടുനമ്പറുകളിലുമുള്ള വീടുകൾ തന്റേതല്ലെന്നു രേഖാമൂലം മറിയക്കുട്ടി തെളിയിച്ചു. ഇവരുടെ മകൾക്കു വിദേശത്തു ജോലിയുണ്ടെന്നും ആരോപണമുയർന്നിരുന്നു.
വിദേശത്തു ജോലിയുള്ള മകളെ കണ്ടെത്തി തരാൻ സിപിഎം തയാറാകണമെന്നായിരുന്നു മറിയക്കുട്ടി പിനീട് ഉന്നയിച്ച ആവശ്യം. തനിക്കുണ്ടായ അപമാനത്തിനെതിരെ താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും മറിയക്കുട്ടി അറിയിച്ചിരുന്നു. എന്നാൽ ഇതോടെ മറിയക്കുട്ടിക്കെതിരെ വാർത്ത നൽകിയതിൽ സിപിഎം മുഖപത്രം ഖേദപ്രകടനവും നടത്തി. ഇതൊരു ഖേദപ്രകടനത്തിൽ തീരുന്നതല്ല തനിക്കുണ്ടായ അപമാനമെന്നും കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും മറിയക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
“റേഷനായി കിട്ടുന്ന 4 കിലോ അരി കൊണ്ട് എനിക്കു ജീവിക്കാൻ കഴിയില്ല. പെൻഷൻ മുടങ്ങിയിട്ട് 5 മാസത്തോളമായി. ഇക്കാലയളവിൽ തന്നെ സഹായിച്ചിരുന്നതു കുറെ നല്ലവരാണ്. സിപിഎമ്മുകാരുടെ കള്ളപ്രചാരണത്തെ തുടർന്ന് പലരും എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. എനിക്കുണ്ടായ അപമാനം ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. അവിടെ എത്തി സിപിഎമ്മുകാർ മറുപടി പറയട്ടെ’ എന്നാണ് മറിയക്കുട്ടി പറഞ്ഞിരുന്നത്.
മറിയക്കുട്ടിയുടെ പോരാട്ടത്തിനിടയിൽ പിന്തുണയുമായി എത്തിയത് നിരവധി പേരായിരുന്നു. നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറും ഇരുവർക്കും സഹായവുമായി എത്തിയിരുന്നു. മക്കളുടെ പേരിലുള്ള ചാരിറ്റി ഫൗണ്ടേഷന്റെ പേരിലാണ് സഹായം നൽകിയത്. ഒരു വർഷത്തേക്കുള്ള തുകയായി 25,000 രൂപ വീതമാണ് കൃഷ്ണകുമാർ നൽകിയിരുന്നത്. തനിക്ക് നൽകാൻ കഴിയുന്ന തരത്തിലുള്ള സഹായമാണ് നൽകിയത്. തനിക്കും നാല് പെൺകുട്ടികൾ ആണ്.
പ്രതിഷേധിച്ച വയോധികയ്ക്കും നാല് കുട്ടികളാണ്. 87–ാം വയസിൽ ഒരു വയോധിക ഭിക്ഷ യാചിക്കുന്നത് ചിന്തിക്കാൻ കഴിയില്ല. ചെറിയ തുടക്കമാണിത്. ഇനിയും അവർക്ക് സഹായം ലഭിക്കട്ടെയെന്നുമായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. ശേഷം ഇരുവരെയും കാണാൻ ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയും മറിയക്കുട്ടിയുടെ വീട്ടിലെത്തി. ബിജെപി നേതാക്കൾക്കൊപ്പമാണ് സുരേഷ് ഗോപി എത്തിയത്. വീട്ടിലെത്തിയ സുരേഷ് ഗോപിയോട് മറിയക്കുട്ടി പറഞ്ഞത്,
‘‘സാറിനോട് നന്ദി, സാറ് ഇത്ര അദ്ഭുതങ്ങൾ പ്രവർത്തിച്ചേച്ചു പോകുന്നതിൽ എനിക്കു നന്ദി. സാറിനൊത്തിരി ഉപദ്രവങ്ങളൊക്കെ ഉണ്ടായി, വൃത്തികെട്ട കാര്യം. അതിൽ ഞങ്ങൾ ദുഃഖിച്ചിരിക്കുവായിരുന്നു. ‘അല്ല സാറേ, ഞാൻ ചോദിക്കട്ടെ, ജനങ്ങളെ പറ്റിച്ചോണ്ടിരിക്കണെ എന്തിനാ?. ജനങ്ങളാണോ കുലംകുത്തി അതോ അയാളാണോ. എന്നെ അറസ്റ്റു ചെയ്താലും ശരി.
ആരാ കുലംകുത്തി, ചോദിക്കും. ഞങ്ങൾക്ക് മഞ്ഞക്കാർഡ് ഇല്ല. അതു സിപിഎംകാർക്കുള്ളതാ എന്നായിരുന്നു മറിയക്കുട്ടി പറഞ്ഞത്. എന്നാൽ സുരേഷ് ഗോപി മറുപടി നൽകിയത്, ആരാണ് കുലംകുത്തിയെന്ന് താൻ പറയില്ലെന്നും കൂടെയുള്ളവരോട് ‘അമ്മയെ ശ്രദ്ധിച്ചേക്കണേ’ എന്നുമായിരുന്നു. തന്റെ വിലയേറിയ സമയം ഈ അമ്മമാർക്കൊപ്പം കഥകൾ പറഞ്ഞ് ചിലവഴിച്ച സുരേഷ് ഗോപിയ്ക്ക് അഭിനന്ദനം അറിയിച്ച് എത്തിയത് ഒട്ടനവധി ആളുകളായിരുന്നു.
സന്ദർശനത്തിന് പിന്നാലെ മറിയക്കുട്ടിയ്ക്കും അന്ന ഔസേപ്പിനും തന്റെ എം,പി പെൻഷനിൽ നിന്നും പ്രതിമാസം 1600 രൂപ നൽകുമെന്ന വക്കും സുരേഷ് ഗോപി നൽകി. സംസ്ഥാനം തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതുകൊണ്ടാണ് ക്ഷേമപെന്‍ഷനിലെ കേന്ദ്രവിഹിതം നല്‍കാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചീഫ് സെക്രട്ടറി ശരിയായ കണക്കുകള്‍ അവതരിപ്പിക്കട്ടെ. തൊഴിലുറപ്പ് പദ്ധതിയിലും ഇതാണ് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിമാലിയിൽ വച്ച് ഇരുവരെയും സന്ദർശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ. ഈ സർക്കാർ കൃത്യമായ, കള്ളക്കണക്ക് അല്ലാത്തതു കൊടുത്താൽ മതി. കേന്ദ്ര സർക്കാർ കള്ളത്തരം കാണിച്ചുണ്ടെങ്കിൽ, നിങ്ങൾ ചോദ്യം ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു. ദേശാഭിമാനി നൽകിയ വ്യാജ വാർത്തയ്‌ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് മറിയക്കുട്ടി. ഹൈക്കോടതിയിലും അടിമാലി കോടതിയിലുമാണ് ഹർജി നൽകിയത്. രണ്ട് കേസുകൾ ഫയൽ ചെയ്യാനാണ് മറിയക്കുട്ടി ആവശ്യപ്പെട്ടത്.
മുടങ്ങിയ പെൻഷൻ കിട്ടാൻ കേരള ഹൈക്കോടതിയെ സമീപിക്കാനും അതോടൊപ്പം വസ്തു വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് മറിയക്കുട്ടിയെ സോഷ്യൽ മീഡിയയിലൂടെയും വാർത്ത മാധ്യമങ്ങളിലൂടെയും അപമാനിക്കുകയും ചെയ്തതിന് അടിമാലി കോടതിയിൽ കേസ് ഫയൽ ചെയ്യണമെന്നുമാണ് മറിയക്കുട്ടിയുടെ ആവിശ്യം. ഈ പോരാട്ടം മറിയകുട്ടിയും സിപിഎമും തമ്മിൽ ആകുമ്പോൾ അല്ല മജിസ്‌ട്രേറ്റ് മറിയക്കുട്ടിയും സിപിഎമ്മും തമ്മിൽ ആകുമ്പോൾ തോൽക്കാൻ ഈ ‘അമ്മ തയ്യാറല്ല.
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിലെ 12 പേരുടെ കാലാവധി വീണ്ടും നീട്ടി
മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ കരാര്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂട്ടി. വെബ്‌സൈറ്റിന്റെയും സോഷ്യല്‍ മീഡിയയുടേയും തുടര്‍ പരിപാലനം അനിവാര്യമെന്ന പരാമര്‍ശത്തോടെയാണ് 12 അംഗ സംഘത്തിന്റെ കരാര്‍ കാലാവധി നീട്ടിയത്. പ്രതിമാസം 6.67 ലക്ഷം രൂപയാണ് ഇവര്‍ക്ക് ശമ്പളത്തിന് മാത്രം ചെലവാകുന്നത്. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ ഹാന്റിലുകളും പരിപാലിക്കുന്നതിന് ആവശ്യമായതാണ് സംഘം.
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് മുതല്‍ ടീം ലീഡര്‍ വരെയുള്ള 12 അംഗങ്ങളാണ് ടീമിലുള്ളത്. ടീം ലീഡറിന് എഴുപ്പത്തായ്യായ്യിരം,കണ്ടന്റ് മാനേജറിന് എഴുപതിനായിരം, സീനിയര്‍ വെബ് അഡ്മിനിസ്‌ട്രേറ്റര്‍, സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍,കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് എന്നിവര്‍ക്ക് അറുപ്പത്തായ്യിരം,ഡെലിവറി മാനേജറിന് 56000,റിസര്‍ച്ച് ഫെലോ, കണ്ടന്റ് ഡെവലപ്പര്‍, കണ്ടന്റ് അഗ്രഗേറ്റര്‍ എന്നിവര്‍ക്കും 53000, ഡാറ്റ റിപോസിറ്ററി മാനേജര്‍മാര്‍ക്ക് 45000, കമ്പ്യൂട്ടര്‍ അസിസ്റ്റന്റിന് 22290 രൂപയാണ് പ്രതിമാസം ലഭിക്കുക.
നേരത്തെ 2022 മെയ് 16 മുതല്‍ ആറ് മാസത്തേക്കായിരുന്നു ഇവര്‍ക്ക് നിയമനം നല്‍കിയത്. പിന്നീട് 2022 നവംബര്‍ 15 ന് കാലാവധി അവസാനിച്ചപ്പോള്‍ ഒരു വര്‍ഷത്തേക്ക് കാലാവധി നീട്ടുകയുമായിരുന്നു. 2023 നവംബര്‍ 15 ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ക്ക് 2024 നവംബര്‍ 15 വരെ വീണ്ടും ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കിയത്.
ഇന്ത്യ ലോകകപ്പ് നേടിയാല്‍ ബീച്ചിലൂടെ നഗ്‌നയായി ഓടുമെന്ന് തെലുങ്ക് നടി
ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്‌നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധിയാളുകളാണ് നടിയെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്ന് ചിലര്‍ കുറിച്ചു. നിരവധിയാളുകള്‍ പരിഹാസ കമെന്റുകളുമായും എത്തി. പിന്നാലെ വിശദീകരണവുമായി നടി തന്നെയെത്തി. ഇന്ത്യന്‍ ടീമിനോടുള്ള ആരാധനയും സ്‌നേഹവുമാണ് താന്‍ പ്രകടിപ്പിച്ചതെന്ന് നടി വ്യക്തമാക്കി.
ഹ്രസ്വ ചിത്രങ്ങളിലൂടെ സിനിമയിലേയ്ക്ക് എത്തിയ താരമാണ് രേഖ ഭോജ്. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ താരം പ്രധാന വിഷങ്ങളിലൊക്കെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. നവംബര്‍ 19 ഞായറാഴ്ചയാണ് ലോകകപ്പ് ഫൈനല്‍. ഉച്ചയക്ക് രണ്ടിനാണ് സ്വപ്ന ഫൈനല്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ നേരിടും. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ദക്ഷിണാഫ്രിക്കയെയാണ് ഓസ്‌ട്രേലിയ സെമിയില്‍ വീഴ്ത്തിയത്. ഒരു തോല്‍വി പോലുമറിയാതെ കയറി വന്ന ടീം ഇന്ത്യ തന്നെ ഇത്തവണ കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.
അതേസമയം, ഇന്ത്യാഒസ്‌ട്രേലിയ ലോകകപ്പ് ഫൈനലിനു മുന്‍പ് സൂര്യകിരണ്‍ എയറോബാറ്റിക് ടീമിന്റെ പ്രകടനമുണ്ടാകും. മത്സരത്തിന് 10 മിനിറ്റ് മുന്‍പാണ് വ്യോമസേനയുടെ പ്രകടനം കാണാനാവുക. ഇന്നും നാളെയുമായി പ്രകടനത്തിന്റെ റിഹേഴ്‌സല്‍ നടക്കുമെന്ന് ഡിഫന്‍സ് പിആര്‍ഒ മാധ്യമങ്ങളോട് പറഞ്ഞു.ചരിത്രത്തിലാദ്യമായാണ് ലോകകപ്പ് ഫൈനലിനു മുന്‍പ് ഇന്ത്യന്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം നടക്കുന്നത്. അഭ്യാസപ്രകടനത്തിന്റെ പ്രമോ വിഡിയോ സൂര്യകിരണ്‍ ടീം എക്‌സില്‍ പങ്കുവെച്ചു. എന്താണെന്നു പറയാമോ എന്ന കാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നുത്. ന്യൂസിലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചത്. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ ഇന്ത്യക്ക് എതിരാളികളായത്. തീപാറുന്ന പോരാട്ടമായിരിക്കും ക്രിക്കറ്റ് പ്രേമികളെ ഫൈനലില്‍ കാത്തിരിക്കുന്നത്. മൂന്നാംകീരീടം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്. ആറാം കിരീടമാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്.
അതേസമയം, 2019 ലോകകപ്പില്‍ മാര്‍ട്ടിന്‍ ഗപ്തിലിന്റെ ത്രോയില്‍ ഇന്ത്യന്‍ നായകന്‍ ധോണി റണ്‍ഔട്ടായതോടെ ഇന്ത്യന്‍ ആരാധകര്‍ക്ക് കടുത്ത നിരാശയുണ്ടായതിന് പകരം വീട്ടാന്‍ പറ്റിയ അവസരമാണ് ഇത്തവണ. ഈ ലോകകപ്പില്‍ ഇന്ത്യയുടെ വിജയസാദ്ധ്യതകളെക്കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ഇത്തവണ ഇന്ത്യയ്ക്ക് വിജയിക്കാന്‍ മികച്ച സമയമാണ്. അതിന് സാധിച്ചില്ലെങ്കില്‍ ചുരുങ്ങിയത് മൂന്ന് ലോകകപ്പെങ്കിലും കഴിഞ്ഞേ അതിന് സാധിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരു പോഡ്കാസ്റ്റ് ചാനലിനോട് സംസാരിക്കവെ രവി ശാസ്ത്രി പറഞ്ഞത് ഇങ്ങനെ ’12 വര്‍ഷം മുന്‍പാണ് ഇന്ത്യ ലോകകപ്പ് വിജയിച്ചത്.അത് ആവര്‍ത്തിക്കാന്‍ അവസരമുണ്ട്. അവര്‍ കളിക്കുന്ന രീതി, ഒരു പക്ഷെ ഇത് അവര്‍ക്ക് മികച്ച അവസരമാണ്, ഇത്തവണ അവര്‍ക്ക് ജയിക്കാനായില്ലെങ്കില്‍ മൂന്ന് ലോകകപ്പെങ്കിലും വിജയികളാകാന്‍ കാത്തിരിക്കേണ്ടി വരും. ഏഴോ എട്ടോ കളിക്കാര്‍ അവര്‍ കളിക്കുന്നത് അവരുടെ അവസാന കാലത്താണ് കളിച്ച മത്സരങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിജയിപ്പിക്കാന്‍ അവര്‍ക്കായി.’
മികച്ച ബൗളിംഗ് നിരയാണ് ഇപ്പോള്‍ ഇന്ത്യയ്ക്കുള്ളതെന്നും ഇത് ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ലെന്നും ഇതിന് സമയമെടുത്തെന്നും വ്യക്തമാക്കിയ രവി ശാസ്ത്രി നാലോ അഞ്ചോ വര്‍ഷമെടുത്ത് ഇവരെ കളിപ്പിച്ചാണ് ഇത് സാദ്ധ്യമായത്. സിറാജ് ടീമിലെത്തിയത് മൂന്ന് വര്‍ഷം മുന്‍പാണ്. മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ്, മുന്‍ ഇംഗ്‌ളീഷ് നായകന്‍ മൈക്കല്‍ വോണ്‍ എന്നിവര്‍ക്കൊപ്പമാണ് രവി ശാസ്ത്രി പോഡ്കാസ്റ്റ് ചര്‍ച്ചയില്‍ പങ്കെടുത്തത്.