മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് തിരിച്ചടി. സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹര്‍ജിയ കര്‍ണാടക ഹൈക്കോടതി തള്ളി. അന്വേഷണം തടഞ്ഞുള്ള ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നായിരുന്നു വീണാ വിജയന്റെ ആവശ്യം.
ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്. ഹര്‍ജി തള്ളുകയാണ്. പൂര്‍ണ്ണമായ വിധി പകര്‍പ്പ് നാളെ രാവിലെ അപ്ലോഡ് ചെയ്യാമെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന അറിയിച്ചു.
വീണാ വിജയന്‍ ഡയറക്ടറായ എക്സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവര്‍ക്കെതിരേയാണ് 2013-ലെ കമ്പനീസ് ആക്ട് 212 ഒന്ന്(എ), ഒന്ന് (സി) വകുപ്പുകള്‍ പ്രകാരം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.
ജനുവരി 31-ന് എസ്.എഫ്.ഐ.ഒ. ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന്റെ പേരില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. എസ്.എഫ്.ഐ.ഒ.യുടെ ഉത്തരവ് ഏകപക്ഷീയമാണെന്നും നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
റജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റൊരു വകുപ്പ് ചുമത്തി സമാന്തര അന്വേഷണം നടത്തുന്നതിനെയാണ് എക്‌സാലോജിക് ചോദ്യം ചെയ്തത്. എന്നാല്‍, സിഎംആര്‍എലില്‍നിന്ന് 1.72 കോടി രൂപ എക്‌സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും ഗുരുതര കുറ്റമാണെന്നും വിപുലമായ അധികാരമുള്ള ഏജന്‍സി തന്നെ അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്‌ഐഒ വാദിച്ചു.
മാസപ്പടി വിവാദത്തില്‍ വീണയെ ചോദ്യം ചെയ്യാന്‍ എസ്എഫ്‌ഐഒ നീക്കം നടത്തുന്നതിനിടെയാണു ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. ബെംഗളൂരുവിലെയും എറണാകുളത്തെയും റജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) എക്‌സാലോജിക്‌സിഎംആര്‍എല്‍ ഇടപാടുകളില്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു. ഒരു സേവനവും നല്‍കാതെ എക്‌സാലോജിക്കിനു സിഎംആര്‍എല്‍ വന്‍ തുക കൈമാറിയെന്നാണു കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇന്റിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണം എസ്എഫ്‌ഐഒയ്ക്ക് കൈമാറി. 8 മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണു നിര്‍ദേശം.
സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി സിപിഎം; സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്
ലോക്‌സഭാ തെരഞ്ഞടുപ്പ് കാഹളം മുഴങ്ങും മുന്നോടിയായി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി സിപിഎം. മത്സരിക്കുന്ന പതിനഞ്ച് മണ്ഡലങ്ങളില്‍ പരിചയ പ്രമുഖരെയും പുതുമുഖങ്ങളെയും വനിതകളെയും ഉള്‍ക്കൊളളുന്ന ഒരു സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് സിപിഎം പരിഗണിക്കുന്നത്. തോമസ് ഐസക്ക്, എ കെ ബാലന്‍ അടക്കമുളള മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ ചര്‍ച്ചയിലുണ്ടെന്നിരിക്കെ ചില ജില്ലാ സെക്രട്ടറിയേറ്റുകള്‍ നല്‍കിയിരിക്കുന്ന സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക പുറത്ത് വന്നു.
വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ ജനപ്രീതിയുളള മുതിര്‍ന്ന നേതാക്കളെയും എംഎല്‍എമാരെയും സിപിഎം പരിഗണിക്കുന്നതായാണ് വിവരം. ജില്ലാ സെക്രട്ടറിയേറ്റ് നല്‍കിയിരിക്കുന്ന പട്ടികയില്‍ കെ കെ ശൈലജ, എ പ്രദീപ് കുമാര്‍, ടി വി രാജേഷ് അടക്കം ഇടംപിടിച്ചിട്ടുണ്ട്. 2009 ല്‍ മുല്ലപ്പളളി രാമചന്ദ്രനിലൂടെ പിടിച്ച് കെ മുരളീധരനിലൂടെ കോണ്‍ഗ്രസ് നിലനിര്‍ത്തിയ വടകര മണ്ഡലത്തില്‍ ഇത്തവണ പ്രമുഖനെ മത്സരിപ്പിച്ച് തിരിച്ച് പിടിക്കാനാണ് സിപിഎം നീക്കം. എ പ്രദീപ്കുമാറിനാണ് മണ്ഡലത്തില്‍ മുന്‍തൂക്കം. ജനപ്രീതിയില്‍ മുന്നിലുളള കെ കെ ശൈലജയുടെ പേരും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നല്‍കിയ സാധ്യതാപ്പട്ടികയിലുണ്ട്. മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിച്ച വേളയില്‍ കെകെ ശൈലജ നേടിയെടുത്ത ജനപ്രീതി മണ്ഡലം പിടിക്കാന്‍ മുതല്‍ക്കൂട്ടാകുമെന്നാണ് സിപിഎം വിലയിരുത്തല്‍.
കോഴിക്കോട് മണ്ഡലത്തില്‍ രാജ്യസഭാംഗമായ എളമരം കരീമും വി വസീഫും പട്ടികയിലുണ്ട്. മുഹമ്മദ് റിയാസിന്റയടക്കം പിന്തുണ വസീഫിനുണ്ട്. എന്നാല്‍ കോഴിക്കോട് രാഘവനെ മറിച്ചിടാന്‍ എളമരം കരീം പോലുളള ഒരു നേതാവാണ് വേണ്ടതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. കെ കെ ശൈലജയുടെ പേര് വടകരയ്ക്ക് ഒപ്പം കണ്ണൂരിലും പരിഗണിക്കപ്പെടുന്നതായാണ് വിവരം. കാസര്‍ഗോട്ട് എം വി ബാലകൃഷ്ണനെയും ടി വി രാജേഷിനെയും പരിഗണിക്കുന്നു. മലപ്പുറത്ത് യുഡിഎഫില്‍ നിന്നും അടര്‍ത്തിയെടുക്കുന്ന ഒരാളെയാകും പരിഗണിക്കുന്നതെന്നാണ് വിലയിരുത്തല്‍. പാലക്കാട്ട് എം സ്വരാജിന്റെയും പേരും ഉയര്‍ന്നിട്ടുണ്ട്.
സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക ചര്‍ച്ചകള്‍ക്കായി സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കുകയാണ്. 15 സീറ്റുകളില്‍ സിപിഎം, നാലിടത്ത് സിപിഐ, ഒരെണ്ണത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കുമെന്നാണ് മുന്നണി യോഗത്തിലെ തീരുമാനം. കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന കോട്ടയത്ത് തോമസ്ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.
തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍; കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് അജയ് മാക്കന്‍
കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കന്‍. ആദായനികുതി വകുപ്പാണ് ഇത്തരത്തില്‍ നടപടിയെടുത്തതെന്നാണ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി അജയ് മാക്കന്‍ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ജനാധിപത്യം മരവിപ്പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ നല്‍കുന്ന ചെക്കുകള്‍ ബാങ്കുകള്‍ മാറ്റിനല്‍കുന്നില്ലെന്ന് ഇന്നലെ വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞു. കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 210 കോടിരൂപയാണ് യൂത്ത്കോണ്‍ഗ്രസിനോടും കോണ്‍ഗ്രസിനോടും നല്‍കാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ അക്കൗണ്ടുകളിലെ ക്രൗഡ് ഫണ്ടിങ് പണമാണ് മരവിപ്പിച്ചിരിക്കുന്നത്’ അജയ് മാക്കന്‍ പറഞ്ഞു. ജനാധിപത്യം ഇന്ത്യയില്‍ പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് തീയതി രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
വൈദ്യുതി ബില്ലടക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും അടക്കം പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളേയും ഇത് ബാധിക്കും, ന്യായ് യാത്ര മാത്രമല്ല, എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നും അജയ് മാക്കന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോണ്‍ഗ്രസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു. ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (ഐടിഎടി) അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ച് നല്‍കിയത്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ആരോപിച്ച് കോണ്‍ഗ്രസ് ട്രഷറര്‍ വാര്‍ത്താസമ്മേളനം നടത്തി മിനിറ്റുകള്‍ക്കകമാണ് ഐടിഎടിയുടെ നടപടി.
തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ജനാധിപത്യം മരവിപ്പിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ‘ഞങ്ങള്‍ നല്‍കുന്ന ചെക്കുകള്‍ ബാങ്കുകള്‍ മാറ്റിനല്‍കുന്നില്ലെന്ന് ഇന്നലെ വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞു.
കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 210 കോടിരൂപയാണ് യൂത്ത്കോണ്‍ഗ്രസിനോടും കോണ്‍ഗ്രസിനോടും നല്‍കാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ അക്കൗണ്ടുകളിലെ ക്രൗഡ് ഫണ്ടിങ് പണമാണ് മരവിപ്പിച്ചിരിക്കുന്നത്’ അജയ് മാക്കന്‍ പറയുകയുണ്ടായി.
പുല്‍പ്പള്ളി പാക്കത്ത് ആനയുടെ ചവിട്ടേറ്റ് ഗുരുതരമായ പരുക്കേറ്റയാള്‍ മരിച്ചു
പുല്‍പ്പള്ളി പാക്കത്ത് ആനയുടെ ചവിട്ടേറ്റ് ഗുരുതരമായ പരുക്കേറ്റയാള്‍ മരിച്ചു. കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരന്‍ പുല്‍പ്പള്ളി പാക്കം വെള്ളച്ചാല്‍ പോള്‍ (55) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണത്തിന് കീഴടങ്ങിയത്. രാവിലെ 9.30ന് ചെറിയമല ജങ്ഷനിലാണ് കാട്ടാന ആക്രമിച്ചത്. ഭാര്യ: സാനി. മകള്‍: സോന (പത്താം ക്ലാസ് വിദ്യാര്‍ഥി).
ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോള്‍ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചില്‍ ചവിട്ടി. പോളിന്റെ വാരിയെല്ലുള്‍പ്പെടെ തകര്‍ന്നിരുന്നു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവര്‍ ഒച്ചവെച്ച് കാട്ടാനയെ ഓടിച്ചു. ഉടനെ പോളിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇതിനിടെ മാനന്തവാടി ആശുപത്രിയില്‍ തടിച്ചുകൂടിയ ജനം ചികിത്സ വൈകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. കൂടുതല്‍ ജനം സംഘടിച്ചതോടെ സബ് കലക്ടറുള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയാണ് പ്രശ്‌നം തണുപ്പിച്ചത്. ഇതിനിടെ എയര്‍ ആംബുലന്‍സ് എത്തിയെങ്കിലും ഉപയോഗിക്കാനായില്ല. പടമല പനച്ചിയില്‍ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഒരാള്‍ കൂടി കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രദേശത്ത് മൂന്നു കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇന്നലെ വൈകീട്ട് ജീപ്പിന് നേരെ പാഞ്ഞടുത്തതായും നാട്ടുകാര്‍ പറഞ്ഞു.
സാഹചര്യസമ്മര്‍ദത്തില്‍ എന്തും ചെയ്യാമെന്നാണോ, അഭിഭാഷകരോട് ഇങ്ങനെയെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ: ഹൈക്കോടതി
ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ വച്ച് അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എസ്.ഐ വി.ആര്‍. റിനീഷിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അഭിഭാഷകനോട് ഇങ്ങനെ ആണെങ്കില്‍ സാധാരണക്കാരോട് ഏത് രീതിയിലായിരിക്കും പെരുമാറുകയെന്നും കോടതി ചോദിച്ചു.
കോടതി ഉത്തരവു നടപ്പാക്കിക്കിട്ടാന്‍ എത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിയെന്നും കോടതി ഉത്തരവ് ലംഘിച്ചെന്നുമുള്ള ആക്ഷേപത്തില്‍ വി.ആര്‍. റിനീഷിനെ നേരത്തെ സ്ഥലംമാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനോട് എസ്.ഐ. കയര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ മാപ്പപേക്ഷ നല്‍കാമെന്ന് എസ്.ഐ. കോടതിയെ ബോധിപ്പിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ രൂക്ഷവിമര്‍ശനം.
സാഹചര്യം സമ്മര്‍ദമാണ് ഇതിനൊക്കെ ഇടയാക്കിയതെന്ന മാപ്പപേക്ഷയിലെ പരാമര്‍ശം കോടതിയെ ചൊടിപ്പിച്ചു. ‘സാഹചര്യങ്ങളുടെ സമ്മര്‍ദംമൂലം എന്തും ചെയ്യാമെന്നാണോ, സമ്മര്‍ദംമൂലം പോലീസ് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയെങ്കില്‍ അതിനും കോടതി പരിഹാരം കാണണ്ടേി വരുമോ, മോശമായി പെരുമാറിയില്ലെങ്കില്‍ മാപ്പ് പറയുന്നത് എന്തിനാണ്. അഭിഭാഷകരോട് ഈ രീതിയിലാണ് പെരുമാറ്റമെങ്കില്‍ സാധാരക്കാരക്കാരന്റെ അവസ്ഥാ എന്താകും?’-കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
ഈ സത്യവാങ്മൂലം പരിഹണിക്കാനാകില്ലെന്നും വിചാരണ നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞു. ഇതോടെ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കേസ് വീണ്ടും മാര്‍ച്ച് ഒന്നിന് പരിഗണിക്കും.
കഴിഞ്ഞ ജനുവരിയിലാണ് അഭിഭാഷകനായ അക്വിബ് സുഹൈലും എസ്.ഐ. വി.ആര്‍. റെനീഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. പിന്നീട്, ചിറ്റൂര്‍ കോടതിപരിസരത്തും ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടായി. ഇതിന്റെ പേരില്‍ ആലത്തൂര്‍, ചിറ്റൂര്‍ സ്റ്റേഷനുകളില്‍ അഭിഭാഷകനെതിരെ രണ്ട് കേസുകളും പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഡിസംബര്‍ നാലിന് ദേശീയപാതയില്‍ ഇരട്ടക്കുളത്ത് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയശേഷം തീര്‍ത്ഥാടകസംഘം സഞ്ചരിച്ചിരുന്ന ബസ് നിര്‍ത്താതെ പോയിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ തത്ക്ഷണം മരിച്ചു. ആന്ധ്ര രജിസ്‌ട്രേഷനിലുള്ള ബസ് പമ്പയില്‍നിന്ന് പോലീസ് പിടികൂടി. അപകടസമയത്ത് ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലാതിരുന്നതിനാല്‍ പകരം മറ്റൊരാളെയാണ് ബസ്സുടമ ഹാജരാക്കിയതെന്നാണ് പോലീസ് പറയുന്നത്. ബസ് വിട്ടുകിട്ടാന്‍ കോടതിയുത്തരവ് നേടിയ ഉടമയുടെ അഭിഭാഷകന്‍ അക്വിബ് സുഹൈല്‍ ആലത്തൂര്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് വാക്കേറ്റം ഉണ്ടായത്. ഉത്തരവിനെതിരേ പോലീസ് നല്‍കിയ അപ്പീല്‍ കോടതി തള്ളിയതോടെ പോലീസ് ബസ് വിട്ടുകൊടുക്കുകയും ചെയ്തു.
ഇലക്ടറല്‍ ബോണ്ട് വഴി രാജ്യത്തെ രാഷ്ട്രീയ കക്ഷികള്‍ ഇതുവരെ സമാഹരിച്ചത് 16,518 കോടി രൂപ
ഇലക്ടറല്‍ ബോണ്ട് വഴി രാജ്യത്തെ രാഷ്ട്രീയ കക്ഷികള്‍ ഇതുവരെ സമാഹരിച്ചത് 16,518 കോടി രൂപ. 2018 മുതല്‍ 30 ഘട്ടങ്ങളായാണ് പാര്‍ട്ടികള്‍ ഇത്രയും തുക സമാഹരിച്ചത്. ഇതില്‍ 94 ശതമാനം ബോണ്ടുകളും ഒരു കോടി രൂപ മുഖവിലയുള്ളതാണ് എന്നതാണ് മറ്റൊരു സുപ്രധാനമായ കണക്ക്. കോടീശ്വരന്മാരോ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളോ ആകാം പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സംഭാവന നല്‍കിയത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ രഹസ്യമായും നിയമപരമായും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കാനുള്ള മാര്‍ഗമായാണ് ബി.ജെ.പി. സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് സംവിധാനം അവതരിപ്പിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) മുഖേനെയാണ് ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കുക. ഇതിനായി 1,000 രൂപ, 10,000 രൂപ, ഒരുലക്ഷം രൂപ, പത്ത് ലക്ഷം രൂപ, ഒരുകോടി രൂപ എന്നീ മൂല്യങ്ങളുള്ള ബോണ്ടുകള്‍ എസ്.ബി.ഐ. പുറത്തിറക്കിയിരുന്നു.
2018ല്‍ 1,056.73 കോടി രൂപ, 2019-ല്‍ 5,071.99 കോടി രൂപ, 2020-ല്‍ 363.96 കോടി രൂപ, 2021-ല്‍ 1502.29 കോടി രൂപ, 2022-ല്‍ 3703 കോടി രൂപ, 2023-ല്‍ 4818 കോടി രൂപ എന്നിങ്ങനെയാണ് പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടായി ലഭിച്ച തുകയെന്ന് എസ്.ബി.ഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇലക്ടറല്‍ ബോണ്ടിന്റെ 30-ാമത്തേതും അവസാനത്തേതുമായ ഘട്ടത്തില്‍ 570.05 കോടി രൂപയാണ് പാര്‍ട്ടികള്‍ സമാഹരിച്ചത്. തിരഞ്ഞെടുപ്പുകള്‍ ഒന്നും ഇല്ലാതിരുന്ന ജനുവരിയിലായിരുന്നു ഇത്.
കഴിഞ്ഞ വര്‍ഷം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 1006 കോടി രൂപയാണ് അജ്ഞാതരായ ദാതാക്കളില്‍ നിന്ന് പാര്‍ട്ടികള്‍ സംഭാവനയായി സ്വീകരിച്ചത്. നവംബര്‍ 6 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ നടന്ന 29-ാം ഘട്ട ഇലക്ടറല്‍ ബോണ്ട് വില്‍പ്പനയിലൂടെയായിരുന്നു ഇത്.
ഇലക്ടറല്‍ ബോണ്ടിലൂടെ ഏറ്റവും കൂടുതല്‍ പണം സമാഹരിച്ച പാര്‍ട്ടി കേന്ദ്രഭരണം കയ്യാളുന്ന ബി.ജെ.പിയാണ്. 2017-18 സാമ്പത്തികവര്‍ഷം മുതല്‍ 2022-23 വരെ 6566 കോടി രൂപയാണ് ബി.ജെ.പി. സമാഹരിച്ചത്. എല്ലാ പാര്‍ട്ടികള്‍ക്കുമായി ഇക്കാലയളവില്‍ ആകെ ലഭിച്ച 11,450 കോടി രൂപയുടെ 57 ശതമാനമാണ് ഈ തുക.
വില്‍ക്കപ്പെടുകയും പണമാക്കി മാറ്റുകയും ചെയ്ത ഇലക്ടറല്‍ ബോണ്ടുകളുടെ ആകെ എണ്ണം മാത്രമാണ് എസ്.ബി.ഐ. പുറത്തുവിട്ടിരുന്നത്. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പോലും ഉള്‍പ്പെടാത്തതിനാല്‍ പണം നല്‍കിയവരെ കുറിച്ചുള്ള ഒരു വിവരങ്ങളും പുറത്തറിയില്ല. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി ഉത്തരവ് പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പരസ്യമാക്കപ്പെടും.