‘വലിയ കഷ്ടപ്പാടിന്റെ ഫലമാണ് ഓരോ സിനിമയും, അത് ഷൂട്ടുചെയ്ത് പ്രചരിപ്പിക്കുന്നതുകാണുമ്പോൾ വല്ലാത്ത ദുഃഖമാണ്’ : ബ്ലെസ്സി
മലയാളത്തിൽ നിരവധി കലാമൂല്യമുള്ള സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് ബ്ലെസി. ഇപ്പോൾ മലയാള സിനിമയ്ക്ക് ലോകത്തിനുമുന്നിൽ ഉയർത്തിക്കാട്ടാവുന്ന നാഴികക്കല്ലായ ‘ആടുജീവിതം’ പ്രേക്ഷകരിലേക്ക് എത്തിച്ച അദ്ദേഹം മൂവി വേൾഡ് മീഡിയയുമായി സംസാരിക്കുകയാണ്. പ്രേക്ഷകർ സിനിമ ഏറ്റെടുക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന അവസരത്തിൽ വളരെ സന്തോഷം തോന്നുന്നുണ്ടെങ്കിലും, പലരും സിനിമ ഫോണിൽ ഷൂട്ടുചെയ്യുകയും ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്യുന്ന പ്രവണത കാണുമ്പോൾ തനിക്കു ദുഃഖമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം തുറന്നു പറഞ്ഞത്.
ബ്ലെസ്സിയുടെ വാക്കുകൾ…
”വളരെ സന്തോഷം തോന്നേണ്ടുന്ന നിമിഷങ്ങളണിത്, പ്രേക്ഷകർ വളരെയധികം സിനിമയെ സ്നേഹിച്ചു, മാനിച്ചു, ഏറ്റെടുത്തു . പക്ഷെ അതിനോടൊപ്പം തന്നെ ഈ സമയങ്ങളിൽ എനിക്ക് ഏറ്റവും വേദന വരുന്നത്, ചില ആളുകൾ തമാശക്കോ അല്ലാതാണെങ്കില്പോലും തീയേറ്ററുകളിൽ നിന്ന് സിനിമ ഷൂട്ടുചെയ്തു ഗ്രൂപ്പുകളിലൊക്കെ ഷെയർ ചെയ്യുന്ന മോശമായ പ്രവണത നിലനിൽക്കുന്നുണ്ട്. ഈ സിനിമയ്ക്ക് മാത്രമല്ല പല സിനിമകൾക്കും ഇത് സംഭവിക്കാറുണ്ട്. എത്രത്തോളം കഷ്ടപെട്ടിട്ടാണ് ഒരു സിനിമ ഈ ലെവലിൽ എത്തിനിൽക്കുന്നത്.
അതിനോട് ചേർന്ന് സഹകരിക്കുക എന്നതിനേക്കാളും ഇത്തരം പ്രവൃത്തികളാണ് അവർ ചെയ്യുന്നത്. ചിലപ്പോൾ അവർ ചെയ്യുന്ന തെറ്റ് അവർക്കു മനസിലാകാഞ്ഞിട്ടായിരിക്കും. ഇത് തെറ്റാണ് , കുറച്ചധികം ആളുകളുടെ ജീവിതമാണ് എന്നൊന്നും അവർ ഓർക്കുന്നില്ല. ഇതുകൊണ്ടൊന്നും ആരും വലിയ ഗുണമോ ലാഭമോ ഒന്നും ഉണ്ടാക്കുന്നില്ലെന്നതാണൊരു പ്രത്യേകത. പടത്തിനു വേണ്ടിയല്ല. ഇതൊരു ശീലമായി പോയതുകൊണ്ടാണ്. അപ്പോൾ അത്തരം കാര്യം ഓർക്കുമ്പോൾ എന്താണ് പറയേണ്ടത് എന്നറിയാൻ കഴിയാത്ത അവസ്ഥയാണ്.
ഈ സിനിമ ശരിക്കും തീയേറ്ററിക്കൽ അനുഭവമുള്ള സിനിമയാണ്. നമ്മൾ തമാശയായി പറയാറുണ്ട്, ഈ സിനിമ ഫോണിൽ കിട്ടുന്നവന്, സിനിമ കാണാനുള്ള പരസ്യമായെ അതിനെ തോന്നുകയുള്ളൂ എന്ന് . എന്നാൽക്കൂടി ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ സങ്കടമാണ്.”
‘ആടുജീവിതം’ സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തുവെന്ന ആരോപണത്തിൽ ചെങ്ങന്നൂരിൽ നിന്നും ഒരാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. സീ സിനിമാസ് തീയറ്റർ ഉടമയുടെ പരാതിയിലാണ് സിനിമ കാണാനെത്തിയ ആളെ കസ്റ്റഡിയിൽ എടുത്തത്. അയാളുടെ മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയലാണ്. എന്നാൽ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ കാണുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ് വ്യക്തമാക്കിയത്. ഫോൺ വിദഗ്ദ പരിശോധനക്ക് വിധേയമാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. തിയറ്ററിലിരുന്ന് വീഡിയോ കാൾ ചെയ്യുകയായിരുന്നുവെന്നാണ് കസ്റ്റഡിയിൽ ഉള്ളയാൾ പോലീസിന് മൊഴി നൽകിയത്.
സ്വപ്നത്തെയും ജീവിതത്തെയും ഒരുമിച്ചു ചേർത്തുവെക്കുന്ന അവസ്ഥയാണ് ആടുജീവിതത്തിനു പിന്നിലുള്ള സഞ്ചാരം : ബ്ലെസ്സി
സംവിധായകൻ ബ്ലെസ്സിയും പൃഥ്വിരാജുമുൾപ്പെടെ ആടുജീവിതത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെയെല്ലാം വളരെ കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. 16 വർഷത്തെ യാത്രയാണ് ബ്ലെസി ഈ ചിത്രത്തിനായി നടത്തിയത്. ആ യാത്രയിൽ നേരിടേണ്ടി വന്ന പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളെ കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കുകയാണ് ബ്ലെസി. സ്വപ്നത്തെയും ജീവിതത്തെയും ഒരുമിച്ചു ചേർത്തുവെയ്ക്കുന്ന അവസ്ഥയാണ് ആടുജീവിതത്തിന് പിന്നിലുള്ള സഞ്ചാരം എന്നാണ് ബ്ലെസി വിശേഷിപ്പിച്ചത്. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.
ബ്ലെസ്സിയുടെ വാക്കുകൾ…
”ഇത് സിനിമയാക്കാൻ തീരുമാനിക്കുമ്പോഴൊന്നും ഇത്രയധികം ദൂരം സഞ്ചരിക്കണമെന്ന് വിചാരിച്ചിരുന്നില്ല. ഒരു രണ്ടുമൂന്നു വർഷത്തെ അധ്വാനം ഈ സിനിമ ആവിശ്യപ്പെടുന്നുണ്ട്. കാരണം അദ്ദേഹത്തിന്റെ ട്രാൻസ്ഫോർമേഷൻസ്, താടി മുടി, വളർച്ച എന്നൊക്കെയുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങൾ മൂന്നോ നാലോ അഞ്ചോ ഷെഡ്യൂൾ ആയിത്തന്നെയാണ് പ്ലാൻ ചെയ്തത്. എന്നാൽ അതിൽനിന്നും വിപരീതമായി തുടക്കത്തിൽ തന്നെ പല പ്രശ്നങ്ങളും നേരിടേണ്ടിവന്നു. ഞങ്ങൾ വിചാരിക്കുന്നതുപോലെ ഒരു നിർമ്മാതാവിനെ കിട്ടാതാവുക, ഏറ്റെടുത്തിട്ട് പിന്മാറുക, അതുപോലുള്ള തുടക്ക ഘടകങ്ങൾ സിനിമയെ ബാധിച്ചിരുന്നു.
പിന്നെ ഇത് സിനിമയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പല കാര്യങ്ങളും മുന്നോട്ടുപോയി. റഹ്മാൻ സാറിനെ തീരുമാനിക്കുന്നു. എന്നാൽ ഇതിലേക്കൊക്കെ എത്താൻ തുടക്ക കാലത്തു ഒരുപാടു സമയം വേണ്ടിവന്നു എന്നുള്ളത് വളരെ യാദൃശ്ചികമാണ്. പക്ഷെ 2018-ൽ നമ്മൾ ഷൂട്ട് തുടങ്ങി. പിന്നെ മരുഭൂമിയായിരുന്നു പ്രശ്നം. ഈ 250 എഡിഷൻ വായിച്ചുതീർത്ത വായനക്കാരന്റെ മനസിൽ വലിയ ബിംബങ്ങളുണ്ട്, അവർ കണ്ടിട്ടുള്ളതും, കാണാത്തതുമായ മരുഭൂമികളുണ്ട്. അതിനോട് നീതിപുലർത്തുന്നതോ, അതിനോടൊപ്പം നിൽക്കുന്നതു ആയ ബിംബങ്ങൾ കൊടുക്കാൻ സാധിച്ചില്ലെങ്കിൽ ചിലപ്പോൾ സിനിമ വലിയ പരാജയമായി മാറും. അതുകൊണ്ടുതന്നെ ഇതിന്റെ ലൊക്കേഷൻ പ്രേക്ഷകരുടെ മനസിലുള്ളതുപോലെയോ അല്ലെങ്കിൽ അതിലും മികച്ചതായിരിക്കണമെന്നു വലിയ ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടി ഒരുപാട് സമയം ചിലവായി. പലയിടത്തുനിന്നും കൃത്യമായ മറുപടിയില്ലാതാവുകയും നിഷേധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
അമേരിക്ക നോർത് അമേരിക്ക പോലുള്ള ചില സ്ഥലങ്ങളിലെ മരുഭൂമികളേ ഒഴിവാക്കിയിട്ടുള്ളതെന്നു തോന്നുന്നു. ബാക്കി, മൊറോക്കോ, ഈജിപ്ത്, ടുണീഷ്യ, അൾജീരിയ, ജോർദ്ദാൻ, മസ്കറ്റ്, ഒമാൻ, ഖത്തർ, കുവൈറ്റ് , സൗദി, അബുദാബി, രാജസ്ഥാൻ പോലും. ഇത്രയധികം ലൊക്കേഷനുകൾ തേടിയിട്ടാണ് അവസാനം ജോർദ്ദാനിലെ അൾജീരിയയിലുമായി ഷൂട്ടുചെയ്യുന്നത്. പലപ്പോഴും സ്വപ്നങ്ങൾക്ക് പുറകെ സഞ്ചരിക്കുമ്പോൾ , ഇതൊരു സ്വപ്നമല്ല യാഥാർഥ്യമാകും എന്നൊരു ആഗ്രഹമുണ്ടാകും, പ്രണയം സിനിമയിൽ ഞാൻ എഴുതിയിട്ടുണ്ട്, സ്വപ്നങ്ങളേക്കാൾ മനോഹരമാണ് ജീവിതം, ജീവിക്കാൻ അറിയാമെങ്കിൽ എന്ന്. സ്വപ്നത്തെയും ജീവിതത്തെയും ഒരുമിച്ചു ചേർത്തുവെക്കുന്ന അവസ്ഥയാണ് ഈ സിനിമയ്ക്ക് പിന്നിലുള്ള സഞ്ചാരം.”
‘മരിച്ചാൽ ഇവിടെത്തന്നെ കുഴിച്ചിടണം എന്നു പറഞ്ഞവരുണ്ട്’ : ജോർദ്ദാനിലകപ്പെട്ട അനുഭവങ്ങളെകുറിച്ച് മനസുതുറന്ന് ബ്ലെസ്സി
നിരവധി പ്രതിസന്ധികളിലൂടെയും, വെല്ലുവിളികളിലൂടെയും സഞ്ചരിച്ചതിന് ശേഷമാണ് ആടുജീവിതം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഷൂട്ടിങ് സമയത്ത് നേരിട്ട പ്രയാസങ്ങളെക്കുറിച്ചും വെല്ലുവിളികളെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ ബ്ലെസ്സി. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്.
ബ്ലെസ്സിയുടെ വാക്കുകൾ…
”സാധാരണ രീതിയിൽ നമ്മൾ പ്രതീക്ഷിക്കുന്ന റിസൾട്ട് കിട്ടാതെ വരിക, കാര്യങ്ങൾ വിചാരിച്ചപോലെ നടക്കാതിരിക്കുക എന്നിവയൊക്കെയാണ് ഷൂട്ടിംഗ് സമയത്ത് നമ്മുക്ക് വരുന്ന ദുഃഖങ്ങൾ. എങ്കിലും ഏറ്റവും നമ്മളെ വേദനിപ്പിച്ചതും ഭയപ്പെടുത്തിയതുമായ കാര്യം ഈ ഷൂട്ടിംങ് സമയത്തും ഉണ്ടായിരുന്നു. 2020 മാർച്ച് 9-ന് ആണ് നമ്മൾ ഒരു സെക്കന്റ് ഷെഡ്യൂൾ എന്ന രീതിയിൽ ജോർദ്ദാനിലേക്ക് പോകുന്നത്. ആ സമയത്ത് രാജു ശരീരഭാരം കുറക്കാനായിട്ടുള്ള പ്രയത്നത്തിലാണ്.
അവിടെച്ചെന്നപ്പോൾ രസകരമായ ലൊക്കേഷൻ, പുതിയ താമസ ഇടം.ഒരു റിസോർട് മുഴുവൻ പല രാജ്യത്തുനിന്നുള്ള ആളുകളും, വെെകുന്നേരം പാട്ടും, ഡാൻസും, അങ്ങനെ ഭയങ്കര വലിയ ഒത്തുചേരൽ നടക്കുന്ന ഇടം. പെട്ടാന്ന് രണ്ടു ദിവസത്തിനുള്ളിൽ, ലോകം മുഴുവൻ ഭീതിപരത്തിക്കൊണ്ട് ഒരു രോഗത്തിന്റെ വ്യാപനം എന്ന് കേൾക്കുകയും, ഈ പൊന്നീച്ചകളൊക്കെ പറന്നുപോയെന്നു പറഞ്ഞപോലെ , പിറ്റേന്ന് നോക്കുമ്പോൾ കൊറേ ബസുകളിലായി അവിടെ ഉണ്ടായിരുന്ന മറ്റു വിദേശികളൊക്കെ അവിടെനിന്നും മാറുകയും, ഞങ്ങൾ മൂന്നാലുപേർ മാത്രം അവിടെ അവശേഷിക്കുകയും ചെയ്തു. അടുത്തദിവസം നാട്ടിൽ നിന്നുള്ള ക്രൂ അവിടെ വന്നിറങ്ങുന്നു, ജോർദാനിൽ നിന്നുള്ള ക്രൂ വരുന്നു, രാജുവരുന്നു. അപ്പോൾ രാജു ശരീരഭാരം മുപ്പതു മുപ്പത്തിരണ്ടുകിലോയോക്കെ കുറച്ചിട്ടാണ് വരുന്നത്.
അപ്പോളും നമ്മൾ ഭയന്നില്ല. നമ്മൾ അതുവരെ അനുഭവിക്കാത്ത കാര്യമായതുകൊണ്ടുതന്നെ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ അത് ശരിയാവുമായിരിക്കും എന്ന് ഞങ്ങൾ വിചാരിച്ചു. ഇത്രകാലം നീണ്ടുപോകുമെന്നു കരുതിയില്ല. പിന്നീട്, അമേരിക്കയിൽനിന്നുവരേണ്ട ഒരു ആർടിസ്റ്റിനു ട്രാവൽ ബാൻ ഉണ്ടാകുന്നു, ഒമാനിൽനിന്നും അബുദാബിയിൽനിന്നുമൊക്കെ വരുന്ന ആളുകൾ എയർപോർട്ടിൽ ക്വാറെന്റെെനിലാകുന്നു. നമുക്കുചുറ്റും പിടിമുറുകുന്നപോലെ തോന്നുകയായിരുന്നു. ഒരാൾ ശരീരഭാരം കുറച്ചു നിൽക്കുന്നു, നമുക്ക് ഷൂട്ടുചെയ്യാതിരിക്കാൻ കഴിയില്ല. ഷെഡ്യൂളിലില്ലാത്ത കാര്യത്തിനെകുറിച്ചു ചിന്തിക്കാനും പറ്റത്തില്ല. ഈ ഒരു ടെൻഷൻ ഒരു ഭാഗത്ത്. ഇത്രയും ഭയങ്കരമയ സാമ്പത്തികചിലവോടുകൂടി പത്തൻപതു ആൾക്കാരുടെ താമസവും ഭക്ഷണവുമായി ഭാരിച്ച തുക. നമ്മുടെ നൂറുരൂപയാണ് അവരുടെ ഒരു ജോർദ്ദാനിയൻ ദിനാർ. സാമ്പത്തിക പ്രയാസത്തിന്റെ ദിനങ്ങൾ. അവിടെ ഞങ്ങൾ രണ്ടുമാസം വെറുതെ ആൾക്കാർ താമസിക്കുന്നു എന്നുപറയുമ്പോഴുള്ള ചിലവുണ്ട്, ഭയാനകമാണ്.
അവിടെയും ഞങ്ങൾ ബുദ്ധിമുട്ടുകളിൽ ഷൂട്ടുചെയ്യുന്നു. ഇടയ്ക്കു വിലക്കിനുള്ള ഉത്തരവുവരും, അപ്പോൾ ഷൂട്ടിങ് മുടങ്ങും, പിന്നെ രണ്ടുംമൂന്നാഴ്ച വെറുതെ ഇരിക്കും. പിന്നീട് രഹസ്യമായി ഷൂട്ടിങ് തുടങ്ങി. സാധാരണയുള്ള മെയിൻ റോഡിലൂടെയല്ലാതെ എല്ലാവരും യാത്രചെയ്ത് ഷൂട്ടിംഗ് സെറ്റിലെത്തി. പക്ഷെ ഞാനും കാമറ മാനുമൊക്കെയുള്ള വണ്ടി പോയത് മെയിൻ റോഡിലൂടെ ആയിരുന്നു, പോലീസ് സ്റ്റേഷനുമുന്നിലൂടെയായിരുന്നു ആ വഴി. ഞങ്ങളെ പോലീസ് തടഞ്ഞുനിർത്തി,സ്റ്റേഷനിൽ കൊണ്ടുപോയി. പഞ്ചാബിഹൗസിൽ ജബ ജബ എന്ന് പറയുന്നതുപോലെ ഇവര് ചോദിക്കുന്നതൊന്നും ഞങ്ങൾക്കു അറിയില്ല, മലയാളമല്ലാതെ ഒന്നും പറയണ്ട എന്നൊക്കെ വെച്ച് ഞങ്ങൾനിന്നു. അവർ പാസ്പോർട്ട് ചോദിക്കുന്നു. ഡ്രൈവർക്ക് അറബി അറിയാം. പിന്നെ ജോർദാൻ പയനീയർസിന്റെ മെയിൻ ക്രൂ ആൾക്കാർ വന്നിട്ടാണ് ഞങ്ങളെ അവിടുന്ന് വിടുന്നത്.
അങ്ങനെ നിരന്തരം പ്രയാസങ്ങളിലൂടെ കടന്നുപോയിരുന്നു. അതുതന്നെയാണ് ഇതിന്റെ ഏറ്റവും പ്രയാസമുള്ള കാലഘട്ടം. ചിലർക്ക് മനസികമായുള്ള പ്രയാസങ്ങൾ, വീട്ടിൽപോകണം, നടന്നു പൊയ്ക്കോളാം എന്നൊക്കെ പറഞ്ഞവരുണ്ട്. ഞാൻ മരിച്ചാൽ ഇവിടെത്തന്നെ കുഴിച്ചിടണം എന്നൊക്കെ തുടങ്ങി, ഓരോ ദിവസം കഴിയും തോറും തിരിച്ചുമടങ്ങാൻ കഴിയില്ലെന്ന തോന്നൽ ഉണ്ടാവുക. അതൊക്കെയാണ് അന്ന് നേരിട്ട സങ്കടകരമായ അവസ്ഥകൾ. ഒപ്പം ഞാൻ എന്തിനുവേണ്ടി ഇറങ്ങിത്തിരിച്ചോ അത് നടക്കാതെ വരുന്ന അവസ്ഥകൾ വരുന്നു.”
തലെെവർക്കൊപ്പം ‘മഞ്ഞുമ്മൽ ബോയ്സ്’ : സന്തോഷം പങ്കുവെച്ച് താരങ്ങൾ
സോഷ്യൽ മീഡിയ ആകെ മഞ്ഞുമ്മൽ ബോയ്സും തലെെവർ രജനികാന്തും ഒരുമിച്ചുള്ള ചിത്രങ്ങൾകൊണ്ട് നിറയുകയാണ്. ‘മഞ്ഞുമ്മൽ ബോയ്‌സി’നെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി അഭിനന്ദനം അറിയിച്ചിരിക്കുകയാണ് രജനികാന്ത്. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിൽ വീട്ടിലെത്തിയ അദ്ദേഹം മഞ്ഞുമ്മൽ ബോയ്സിനെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഒരുമാസം മുന്നേതന്നെ രജനികാന്ത് സിനിമ കണ്ട്, അപ്പോൾത്തന്നെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ സംവിധായകൻ ചിദംബരം, നടന്മാരായ ഗണപതി, ചന്തു സലിംകുമാർ, തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് രജനികാന്തിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.
വീട്ടിലെത്തിയ തങ്ങളെ രജനികാന്ത് സ്നേഹപൂർവ്വം സ്വീകരിക്കുകയും, സിനിമയെകുറിച്ച് വളരെസമയം സംസാരിക്കുകയും ചെയ്തുവെന്ന് സലിം കുമാറിന്റെ മകനും ചിത്രത്തിൽ അഭിലാഷ് എന്ന കഥാപാത്രവുമായെത്തിയ ചന്തു സലിംകുമാർ പറയുകയുണ്ടായി. ഒരുകൂട്ടം ചെറുപ്പക്കാരുടെ അതിജീവനത്തിന്റെ കഥ സിനിമയാക്കിയതും കണ്മണി എന്ന തമിഴ് സൂപ്പർ ഹിറ്റ് പാട്ടിന്റെ പ്ലേസ്മെന്റും, അഭിനേതാക്കളുടെ പ്രകടനവുമെല്ലാം എടുത്ത് പറഞ്ഞ് അദ്ദേഹം തങ്ങളെ അഭിനന്ദിച്ചുവെന്ന് ചന്തു കൂട്ടിച്ചേർക്കുന്നുണ്ട്. ടീമിലെ ചന്തു, ചിദംബരം, ഗണപതി, ദീപക് പറമ്പോൽ, വിഷ്ണു രഘു, അരുൺ കുര്യൻ, അസ്സോഷ്യേറ്റ് ഡയറക്റ്റർ ശ്രീരാഗ്, പിന്നെ അനൂപ് തുടങ്ങിയവരാണ് അദ്ദേഹത്തെ കാണാൻ പോയത്.
രജനികാന്തിനെ കണ്ടതിലെ സന്തോഷവും അദ്ദേഹത്തോടൊപ്പമുള്ള ചിത്രവും ചന്തുവും, ചിദംബരവും, ടീമംഗങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.” തലൈവർ ദർശനം, നമ്മൾ സിനിമയിൽ ചെയ്ത കഥാപാത്രത്തെ തിരിച്ചറിഞ്ഞ് നമ്മളെ തോളിൽത്തട്ടി അഭിനന്ദിക്കുകയും ഒക്കെ ചെയ്യുമ്പോൾ, അതെനിക്ക് ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യമായിരുന്നു. നീങ്ക അന്ത മേലെ ഉക്കാരുന്തുക്കുറ പയ്യൻ താനെ, റൊമ്പ പുടിച്ച്ത് അന്ത ക്യാരക്ടർ, റൊമ്പ നല്ലാ പണ്ണിറുക്ക്, റൊമ്പ നല്ല പൺറാറ്, ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. ” ഇങ്ങനെയാണ് ചന്ദു ഇൻസ്റ്റഗ്രാമിൽ പങ്കിട്ട കുറിപ്പ്. ഒപ്പം സംവിധായകൻ ചിദംബരം, സൗബിൻ, ഗണപതി തുടങ്ങിയവർക്കൊക്കെ നന്ദിയും പറഞ്ഞിട്ടുണ്ട്.
അതേസമയം, മലയാള സിനിമാ ഇൻഡസ്ട്രിയെ വാനോളം ഉയർത്തുന്ന പ്രകടനമാണ് ‘മഞ്ഞുമ്മൽ ബോയ്സെ’ന്ന ചിത്രം പ്രേക്ഷകർക്കുമുന്നിൽ കാഴ്ച്ചവെച്ചത്. മലയാളത്തിനുമപ്പുറം ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ സൗഹൃദത്തിന്റെ തുടിപ്പ് എല്ലാവരിലേക്കും എത്തുകയാണ് മഞ്ഞുമ്മൽ എന്ന ചിത്രത്തിലൂടെ. കേരളത്തിൽ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയെക്കാൾ മികച്ചതായിരുന്നു തമിഴ്മക്കൾ ചിത്രത്തിന് നൽകിയ സ്വീകാര്യത. അതേസമയം കേരളത്തിൽനിന്നുള്ള ഒരു മലയാളചിത്രം തമിഴ്നാട്ടിൽ ഒരു റെക്കോർഡും സൃഷ്ട്ടിച്ചിരുന്നു.