തെയ്യമെന്ന് കേൾക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. വടക്കൻ കേരളത്തിലെ വളരെ പ്രസിദ്ധമായ നൃത്തരൂപത്തിലുള്ള ഒരു അനുഷ്ടാനകലാരൂപമാണ് തെയ്യം. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് തെയ്യം കൂടുതലായും പ്രചാരത്തിലുള്ളത്. തുലാപ്പത്ത് കഴിഞ്ഞ് മഴ തോർന്നു മാനം തെളിയുന്നതോടെ കാവുകളും സ്ഥാനങ്ങളും അറകളും മുണ്ടിയകളും കഴകങ്ങളും ഭണ്ഡാരപ്പുരകളുമെല്ലാം ആളി കത്തുന്ന ചൂട്ടു കറ്റയുടെ ചുവന്ന വെളിച്ചത്തിൽ മുങ്ങും. ഇത്ര നാൾ മതിലകങ്ങളിൽ ഉറങ്ങിക്കിടന്ന കോലങ്ങൾ ചെണ്ടമേളങ്ങൾ കേട്ട് കൺതുറക്കും… സാധാരണക്കാരന്റെ സങ്കടങ്ങളും പ്രതീക്ഷകളും പങ്കിടാൻ ദൈവങ്ങൾ മണ്ണിലേക്ക് ഇറങ്ങാൻ സമയമായി. പുത്തനുടുപ്പും കുടുംബവും കൂട്ടുകാരുമായി ഗ്രാമങ്ങളായ ഗ്രാമങ്ങളൊക്കെ ഒത്തുചേരാൻ സമയമായി.
അക്ഷരാർത്ഥത്തിൽ അത്യുത്തര കേരളത്തിൽ ഒരു ഓണക്കാലം കൂടി പിറക്കുന്നു. പ്രകൃതിയും മനുഷ്യരും ഒന്നാകുന്ന ഒരു പൊയ്പോയ കാലത്തിലേക്ക് ഓരോ മനുഷ്യനും ആണ്ടിലൊരിക്കൽ തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന ഒരു കളിയാട്ടക്കാലമാണ് വരാൻ പോകുന്നത്. വാഴുന്നോരുടെ ആധിയും നാട്ടാരുടെ ആധിയും മാറ്റാൻ ജഡ തേടി പുലിപ്പാതാളത്തിൽ പോയി മറഞ്ഞ കാരി എന്ന ദളിത് കളരി ഗുരുക്കളെക്കുറിച്ച് കേട്ടിട്ടുണ്ടോ. പേരിനേക്കാൾ പ്രശസ്തമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. “നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറേ? നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറേ? പിന്നെന്തെ ചൊവ്വറ് കുലം പിശക്ന്ന്?” എന്ന് പറഞ്ഞ പൊട്ടൻ എന്ന് വിളിക്കുന്ന റാഡിക്കൽ ഹ്യുമനിസ്റ്റ്.
വ്യഭിചാരക്കുറ്റം ചുമത്തി സ്വന്തം അച്ഛനാൽ തന്നെ കൊല ചെയ്യപ്പെടേണ്ടിവന്ന അടിയാത്തിപ്പെണ്ണിന്റെ പുനർജന്മമാണ് നീലിയർ ഭഗവതി. വന്നവരെ മടക്കേണ്ടെന്നും പോന്നവരെ വിളിക്കേണ്ടെന്നും ചൊല്ലിയ മുത്തപ്പൻ. ഉച്ചയ്ക്കും സന്ധ്യയ്ക്കും പാതിരാനേരത്തും അങ്ങനെ ഓരോ സമയവും നടന്നു വാഴുന്ന ഗുളികനെന്ന കുളിയൻ തെയ്യം. ഇങ്ങനെ കോലങ്ങൾ വെളിപ്പെടുന്ന തെയ്യം പ്രപഞ്ചത്തിന്റെ കഥ കേൾക്കാം. അറബിക്കടലിനും സഹ്യപർവ്വതത്തിനും നടുക്കായി കാടും മേടും മലയും തീരവും എല്ലാം അടങ്ങുന്ന നമ്മുടെ കേരളം. ഭൂമിയിൽ പണ്ടേക്ക് പണ്ടേ മൃഗ വേട്ട നടത്തിയും കായ്കനികൾ ശേഖരിച്ചും ജീവിച്ചിരുന്ന ഒരു കൂട്ടം മനുഷ്യർ. അവർ അവരുടെ ഒഴിവ് സമയങ്ങൾ പാട്ടുപാടിയും ആടിയും തിമിർത്തു. അതോടൊപ്പം മരണദുഃഖത്തിലും രോഗങ്ങളിലും മൃഗ ഭയങ്ങളിലും പ്രകൃതി ശോഭങ്ങളിലുമെല്ലാം അതാത് ഭാവത്തോടെ നൃത്തവും വാദ്യവും നടത്തി അവർ ദേവപ്രീതിയ്ക്കു വേണ്ടി കൂട്ടായ് നിന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അതോടെ കൈത്താളവും വായ്ത്താരിയും മാത്രമല്ലാതെ വാദ്യതാളങ്ങളും കാലക്രമേണ വികസിച്ചു വന്നു.
വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇടയ്ക്ക് വെച്ച് കോമരം തുള്ളൽ, നാഗാരാധന , പ്രേത പൂജ, ബലി പൂജ എന്നിങ്ങനെ ചില അനുഷ്ടാനങ്ങളും ചില ആചാരങ്ങളും അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. കാലവര്ഷക്കാറ്റും തുലാവര്ഷക്കാറ്റും കാലാവസ്ഥയെ നിർണ്ണായകമായി സ്വാധീനിക്കുന്ന നമ്മുടെ നാട്ടിൽ ഇടവപ്പാതി മുതൽ കർക്കിടകം വരെയും മഴകൊണ്ട് ആറാട്ടാണെന്ന് പറയാം. പിന്നെ തെളിയുന്ന പച്ചപ്പിൽ പൂക്കളും കായ്കളും പൂത്ത് ചിങ്ങമാസമെത്തും. കന്നിയെത്തുമ്പോൾ കൊയ്ത്ത് തുടങ്ങും. അതോടെ വീണ്ടും തുലാവർഷം മഴ കൊണ്ട് വരും. സൂര്യൻ അത്യുച്ച രാശിയിൽ വരുന്ന തുലാപത്തിന് തെയ്യങ്ങൾ ഉരിയാടാൻ തുടങ്ങും.
പിന്നീട് അങ്ങോട്ടുള്ള മാസങ്ങളിൽ വടക്കൻ കേരളത്തിൽ തെയ്യമെന്ന പ്രാർത്ഥന കാലാനുഷ്ടാനത്തിന്റെ നാളുകളായി മാറും. തുലാമാസം മുതൽ ഇടവപ്പാതി വരെയാണ് പൊതുവെ തെയ്യാട്ടക്കാലം എന്ന് പറയുന്നത്. പത്താം ഉദയത്തിൽ പടി തുറക്കുന്ന തെയ്യക്കാവുകൾ പണ്ടേ നിശ്ചയിച്ചു വെച്ച തിയ്യതികളിൽ തന്നെ കളിയാട്ടത്തിന് തിരുമുറ്റം ഒരുക്കും. എല്ലാ കാവുകളിലും ആണ്ടോടാണ്ട് കൂടുമ്പോൾ തെയ്യം നടക്കണമെന്നത് നാടകനമില്ല. ചില കാവുകൾ വർഷാവർഷം നടത്തുമ്പോൾ മറ്റു ചില കാവുകൾ ഈരണ്ടിലൊരിക്കലോ മൂവാണ്ട് കൂടുമ്പോഴോ ആയിരിക്കും കളിയാട്ടങ്ങൾ നടത്തുന്നത്. കളിയാട്ടങ്ങൾ നടത്തുന്ന ഇടവേള പത്തുപന്ത്രണ്ടു വർഷം വരെയും നീട്ടി നടത്തപ്പെടും. ഈ കളിയാട്ടത്തെയാണ് പെരുങ്കളിയാട്ടമെന്നു പറയുന്നത്.
ഒരു ദേശത്തിന്റെ തന്നെ മുഴുവൻ നീണ്ട അധ്വാനവും സാമ്പത്തിക സമാഹരണവും സഹകരണവുമൊക്കെ ആവശ്യപ്പെടുന്ന പെരുങ്കളിയാട്ടം ആയിരങ്ങൾക്കുള്ള അന്നദാന പുണ്യത്തോടെ നാലോ അഞ്ചോ ദിവസം നടക്കുന്ന ഒരു മഹോത്സവമാണ്. ഈ കളിയാട്ടങ്ങൾ ഓരോന്നും ഓരോ വടക്കൻ കേരളീയന്റേയും മനസ്സിലുണ്ടാക്കുന്ന വികാരങ്ങളെ പറഞ്ഞറിയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും ആഘോഷത്തിന്റെയും ഒരു ദിനരാത്രി. ചൂട്ടുകറ്റകളുടെ ചുവപ്പ് രാശിയിൽ മിന്നിത്തിളങ്ങുന്ന ഉടയാടകൾ. അതിന്റെ തിരുനാളത്തിൽ പകർന്നാടുന്ന തെയ്യം അതുമായി ബന്ധപ്പെട്ട തലമുറകൾക്ക് കാതോട് കാത് പകർന്ന് നൽകാനും മറന്നില്ല. അങ്ങനെ എല്ലാം ചേർന്ന് വടക്കൻ കേരളയീയർക്ക് കളിയാട്ടകാലം മറ്റൊരു ഓണപ്രതീതി തന്നെയാണ് പകർന്നു നൽകുന്നത്.
അതേസമയം അവരുടെ ജീവിത സംസ്കാരങ്ങളിൽ തെയ്യം ചെലുത്തിയിട്ടുള്ള സ്വാധീനങ്ങൾ വളരെ വലുതാണ്. വടക്കൻ കേരളക്കാരുടെ ആധ്യാത്മിക ഭൗതിക ജീവിതത്തെ ദൈനം ദിനമെന്നോളം നിയന്ത്രിച്ചത് തെയ്യവും തെയ്യൻ കഥകൾ നീട്ടിയ തിരുവെളിച്ചവും തെയ്യം കുടികൊള്ളുന്ന ഈ കാവുകളാണ്. ഓരോ തെയ്യത്തിന്റെയും രക്ഷാശിക്ഷ കഥകൾ ഓരോ തലമുറകളിലെത്തിയപ്പോൾ ദൈവഭയവും തെയ്യാട്ട സംസ്കാരവും തോളോട് തോൾ ചേർന്ന് വളരുകയും ചെയ്തു. അതിനാൽ തന്നെയും എത്ര വായിച്ചാലും കേട്ടറിഞ്ഞാലും കിട്ടാത്ത തെയ്യാട്ടത്തിന്റെ സവിശേഷതകൾ ഓരോന്നും അത് നേരിൽ കണ്ടാൽ മാത്രമേ അനുഭവിച്ചറിയാനാവുകയുള്ളു. പണ്ടുള്ളവർ തെയ്യം ഭക്തരാക്കിയപ്പോൾ പുതിയ തലമുറ തെയ്യത്തെ ഒരു കലാരൂപവും ഭക്തന്മാരെ കാണികളുമാക്കി മാറ്റി.
അതോടെ തെയ്യം ഇന്നോളം അനുഷ്ടിച്ചു പോന്നിരുന്ന ദൗത്യങ്ങളാണ് നമുക്ക് നഷ്ടമായത്. കാവും കാവിലെത്തി ചേരുന്ന ഭക്തന്മാരും തെയ്യവും എല്ലാം പരസ്പരം ഇഴകിച്ചേരുന്ന അന്തരീക്ഷത്തിലാണ് തെയ്യം അതിന്റെ പൂർണത പ്രാപിക്കുന്നത്. തെയ്യാട്ടം അരങ്ങേറുന്ന സങ്കേതങ്ങളെ കാവുകൾ എന്നാണ് വിളിക്കുന്നത്. നാഗദേവങ്ങളും അമ്മദേവ കാവുകളും പൊതുവെ കാണാമെങ്കിലും തെയ്യങ്ങൾ കുടികൊള്ളുന്ന കാവുകൾ വടക്കൻ കേരളത്തിന്റെ മാത്രം പ്രത്യേകതകളിൽ ഒന്നന്നാണ്.
തെയ്യം കെട്ടാനാവകാശമുള്ള അവകാശികൾ സന്ധ്യയ്ക്ക് മുൻപേ കാവിലെത്തും. തെയ്യത്തിന്റെ മറ്റൊരു പ്രത്യേകത കലശം വയ്ക്കാനുള്ള അധികാരി തിയ്യ സമുദായക്കാരനും തെയ്യം കെട്ടുന്നത് വേറെ ജാതിക്കാരുമെന്നതാണ്. എന്നാൽ കാവിലെത്തി കഴിഞ്ഞാൽ പിന്നെ അവർ തെയ്യാട്ടത്തിന് വേണ്ടി പരിശ്രമിക്കുന്നവർ മാത്രമായി മാറും. അവിടെ അവരുടെ ജാതി പ്രസക്തിയുമില്ല, ചർച്ച ചെയ്യപ്പെടുന്നുമില്ല. എല്ലാവരും അവിടെ തുല്യരായി മാറുന്നു. ജാതിക്കതീതമായിട്ടുള്ളൊരു ഒരുമിക്കലാണ് കാവിൽ നടക്കുന്നത്. ചാണകം മെഴുകി അലങ്കരിച്ച തിരുമുറ്റത്ത് നിറദീപത്തെ തൊഴുത് വണങ്ങി തിടങ്ങൽ ആരംഭിക്കും. സന്ധ്യ മായുന്നതോടെ ആരംഭിക്കുന്ന പരിപാടിയാണ് ഈ തിടങ്ങൽ എന്ന് പറയുന്നത്.
കാവിൽ കളിയാട്ടം തുടങ്ങുകയായി എന്ന് നാട്ടുകാരെ അറിയിക്കാനായി വിളബരം ചെയുന്ന ഒരു പരിപാടിയാണ് ഇത്. അതേസമയം കളിയാട്ടം നടക്കാത്ത സമയങ്ങളിലൊന്നും കാവിൽ ദൈവത്തിന്റെ ചൈതന്യമില്ലെന്നതാണ് അവരുടെ സങ്കല്പം. മേൽ ലോകത്ത് നിന്നും വര വിളിച്ചിട്ട് അവർ ദൈവത്തെ താഴേക്ക് കൊണ്ട് വരും. വിണ്ണിൽ നിന്നും മണ്ണിലേക്ക് തോറ്റൻ പാടി ആവാഹിച്ച് കൊണ്ട് വന്നതിന് ശേഷം ആദ്യം പള്ളിപീഠമെന്ന താൽക്കാലിക സ്ഥാനത്തേക്ക് പോകും. അവിടെ നിന്നും തിരുവായുധമായിട്ടുള്ള പള്ളിവാളെന്ന ആയുധത്തിലേക്ക് തോറ്റൻ പാടി വര വിളിക്കും. വര വിളിച്ചെങ്കിലും മാത്രമേ ദൈവം മണ്ണിലേക്കിറങ്ങി വരികയുള്ളു.
മുഖത്ത് കോലമെഴുകി തിരുമുടി കെട്ടി കഴിഞ്ഞാൽ മാത്രമേ വെളിപാട് പൂർണമാകുകയുള്ളു. എന്നാൽ തോറ്റൻ പാട്ടിന്റെ പശ്ചാലത്തിൽ അലൗകിക ഭാഗിയുള്ള ഈ ചടങ്ങുകൾ നടക്കുമ്പോൾ ഇതിനെക്കുറിച്ച് മാത്രം ചിന്തിച്ച് ഇരിക്കുന്ന കോലക്കാരൻ താൻ ഏത് വേഷം കെട്ടിയാടുന്നൊ ഒടുവിൽ അത് തന്നെയായി മാറുകയും ചെയ്യുന്നു. അതോടെ അവന് വെളിപാട് ഉണ്ടാകും, അവന് വെളിച്ചപ്പാടായി മാറും. വെളിച്ചപ്പാടിനുണ്ടാകുന്ന ഈ വെളിപാടാണ് തെയ്യമെന്ന സങ്കൽപ്പത്തിന്റെ അടിസ്ഥാനം എന്നാണ് കണക്കാക്കുന്നത്.
തെയ്യാട്ടത്തിന്റെ വിശ്വാസപ്രക്രിയയിൽ പ്രധാനമായും ഒഴിവാക്കാനാകാത്തതുമായ ഒപ്പം സ്വാധീനം ചെലുത്തുന്ന രണ്ടു ഘടകങ്ങളാണ് മുടിയും മുഖത്തെഴുത്തും. നിറങ്ങളിലൂന്നിയ വരയിലൂടെയും, കരകൗശല-ശിൽപ ചാതുര്യത്തിലൂടെയും നിർവഹിക്കപ്പെടുന്ന സങ്കീർണമാണ് ഈ രണ്ടു ഘടകങ്ങളും തീർക്കുന്നത്. എന്നാൽ തെയ്യക്കോലം കെട്ടുന്ന വ്യക്തിയുടെ സ്വത്വത്തിൽനിന്നും അനുഷ്ഠാന ധർമ്മത്തിനനുയോജ്യമായ ഒരു പുതിയ സ്വത്തം ഇതിലൂടെ നിർവ്വഹിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ഓരോ തെയ്യത്തിന്റേയും മുഖത്തെഴുത്ത് വ്യത്യസ്തതയുള്ളവയാണ്. ദേവതകളുടെ സങ്കൽപ്പം, സ്വഭാവം, ചൈതന്യം ഇവയെല്ലാം വളരെ വ്യക്തമായി പ്രകടിപ്പിക്കുന്നവയാണ് ഈ മുഖനിർമ്മിതി. അതേസമയം മുഖത്തെഴുത്തിന് ഉപയോഗിക്കുന്ന നിറങ്ങളുടെ കാര്യം പറയുകയാണെങ്കിൽ പ്രകൃതിദത്തമായ വസ്തുക്കൾ മാത്രം ഉപയോഗിച്ചായിരുന്നു മുൻപ് നിറക്കൂട്ടുകൾ തയ്യാറാക്കിയിരുന്നത്. പിന്നീട് നിറം ഒരു ഭാഷയായി, ആശയ വിനിമയത്തിനായി ഉപയോഗപ്പെടുത്തുന്നു എന്ന് മുഖത്തെഴുത്തിന്റെ സൂക്ഷ്മതലങ്ങളെ പരിശോധിക്കുമ്പോൾ വളരെ എളുപ്പത്തിൽ മനസിലാക്കാവുന്നതാണ്.
ചുവപ്പ്, കറുപ്പ്, മഞ്ഞ, വെള്ളയാണ് മുഖത്തെഴുത്തിന് പ്രധാനമായും ഉപയോഗിക്കുന്ന നിറങ്ങൾ. ഓരോ സാംസ്കാരിക കൂട്ടായ്മയും നിറങ്ങൾക്ക് അതിന്റെതായ അർഥതലങ്ങൾ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. സാധാരണയായി മറ്റു സംസ്കാരങ്ങളിൽ പ്രചാരത്തിലുള്ള ചില അർഥങ്ങളും ഇവയോട് ഇഴചേർന്നു നിൽക്കുന്നതാണ്. തെയ്യം നിലകൊള്ളുന്ന കോലത്തുനാട്ടിൽ കടുംനിറമായ ചുവപ്പ് കടുത്ത വികാരപ്രകടനങ്ങൾക്കുള്ള അടയാളമായി കണക്കാക്കപ്പെടുന്നു. അതോടൊപ്പം തന്നെ സംഘർഷത്തിന്റെയും ക്രോധത്തിന്റെയും കൂടി അടയാളമായി ചുവപ്പ് ഉപയോഗിക്കുന്നു.
പൗരസ്ത്യസംസ്കാരങ്ങളിൽ എന്ന പോലെ ഇവിടെയും ചുവപ്പ് സന്തോഷത്തെയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്ന ഒന്നാണ്. തെയ്യത്തിൽ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊരു നിറമാണ് മഞ്ഞ. ഇരുണ്ട വെളിച്ചത്തിലും വളരെ ശോഭയോടെ കാണാം എന്നതാണ് ഈ നിറത്തിന്റെ ഒരു പ്രത്യേകത. പല പൗരസ്ത്യ നാടുകളിലും വിജയത്തിന്റെയും തുടർന്നുള്ള ആഹ്ലാദ പ്രകടനത്തിന്റെയും നിറപ്പകർച്ചയായാണ് മഞ്ഞയെ കണക്കാക്കപ്പെടുന്നത്. മഞ്ഞനിറം തെയ്യത്തിന്റെ വിവിധ അനുഷ്ഠാനങ്ങളിൽ പ്രയോഗിച്ചിട്ടുണ്ട് എന്നത് വളരെ വ്യതിക്തമാണ്. ചുവപ്പിനോട് സർഗാത്മകമായി ചേർന്നു നിൽക്കുന്ന പ്രത്യേകത എന്ന ഗുണവും മഞ്ഞ നിറത്തിനുണ്ട്. ഈ ഒരു പ്രയോഗ സാധ്യതയും മുഖത്തെഴുത്തിലും മെയ്യെഴുത്തിലും തെയ്യക്കാരൻ ഉപയോഗിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഈ രണ്ട് നിറങ്ങളും ചേർന്നുള്ള ഓറഞ്ച് നിറവും തെയ്യത്തിൽ ഉപയോഗിക്കുന്നുണ്ട്.
നിഗൂഡതയെ ധ്വനിപ്പിക്കുന്ന കറുപ്പാണ് തെയ്യത്തിന്റെ മുഖത്തെഴുത്തിലെ മറ്റൊരു പ്രധാന നിറച്ചാർത്ത് എന്ന് പറയുന്നത്. കണ്ണും പുരികവും കറുപ്പിന്റെ അനന്തമായ പ്രയോഗ സാധ്യതകളുപയോഗിച്ച് കാഴ്ചക്കാരിൽ പല തരത്തിലുള്ള നിഗൂഡമായ അർഥതലങ്ങൾ സൃഷ്ടിച്ചെടുക്കാൻ പര്യാപ്തമായ രീതിയിൽ രൂപപ്പെടുത്തുന്നുണ്ട്. നിറങ്ങളുടെ നിറമെന്ന് പറയുന്ന വെളുപ്പ് ഭൂത-പ്രേതങ്ങളുടെ പ്രതിരൂപമായ തെയ്യക്കോലങ്ങളുടെ മെയ്യെഴുത്തിലും മുഖച്ചമയങ്ങളിലുമാണ് കൂടുതലായും പ്രയോഗിക്കുന്നത്.
എന്നാൽ നിറങ്ങളുടെ അർഥതലങ്ങളെ മാത്രമല്ല, തെയ്യക്കോലങ്ങളിൽ പ്രധാനമായും പ്രയോഗിച്ചുവരുന്നത്. മനുഷ്യ മുഖത്തിലൂടെ പ്രകടമാക്കാവുന്ന സൂക്ഷ്മ ഭാവ സ്ഫുരണങ്ങൾക്ക് മുഖത്തെഴുത്ത് ഒരു മാധ്യമമാകുന്നതായി തെയ്യക്കോലത്തിലെ മുഖത്തെഴുത്ത് ദർശിക്കുന്ന ആർക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്. ഈർക്കിൽ കൊടിയിലൂടെ കോറിയിടുന്ന വരകളുടെ അപൂർവ നിർവഹണ സിദ്ധിയാണ് മുഖത്തെഴുത്തിൽ പ്രകടമാവുന്ന മറ്റൊരു പ്രധാന കാര്യം. അനാചാരങ്ങളുടെ ജ്വാലയിൽ ആഹൂതി അർപ്പിക്കപ്പെടുകയും സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതിരൂപമായി ഭക്തരുടെ മനസിലേക്ക് ആദ്യം കടന്നു വരുന്ന ദേവതയാണ് മുച്ചിലോട്ടമ്മ. ചുവപ്പിന്റെയും മഞ്ഞയുടെയും സമൃദ്ധമായ പ്രയോഗമാണ് ഈ തെയ്യക്കോലത്തിന്റെ രൂപനിർമ്മിതിയിലുടനീളം കാണപ്പെടുന്നത്.
മുഖത്തെഴുത്ത് പോലെ തന്നെ തെയ്യത്തിന്റെ സങ്കൽപ്പം, സ്വഭാവം, ചൈതന്യം എന്നിവയോട് ചേർന്നുപോകുന്ന രീതിയിലാണ് ഓരോ കോലത്തിന്റെയും മുടികൾ അലങ്കരിക്കുന്നത്. മുടിയിൽ ഉപയോഗിച്ചിട്ടുള്ള രൂപങ്ങളുടെ വൈവിധ്യമാണ് മറ്റൊരു പ്രധാന പ്രത്യേകത. ഓലമുടി, ഇലമുടി, പാളമുടി, തൊപ്പിച്ചമയം, വട്ടമുടി, നീളമുടി, പീലിമുടി, പുറത്തട്ട്, ഓംകാരമുടി, തുടങ്ങിയ പേരുകളിലറിയപ്പെടുന്ന മുടികൾ തെയ്യക്കോലങ്ങൾക്ക് ഉപയോഗിക്കുന്നതാണ്. നൂറ്റിയൊന്ന് കവുങ്ങുകൾ ഉപയോഗിച്ചുള്ള മുടികൾ ചില തെയ്യങ്ങൾക്ക് വർഷങ്ങൾ മുൻപ് ഉപയിഗിച്ചിട്ടുള്ളതായി പറയുന്നുണ്ട്. നാടൻ വസ്തുക്കൾ-പാള, കുരുത്തോല, കമ്പ് ഇവ കൊണ്ടുണ്ടാക്കുന്ന മുടികൾ കോലത്തുനാടിന്റെ കരകൗശല-ശിൽപ കലാ പാരമ്പര്യത്തിന്റെ നൈരന്തര്യം പുലർത്തുന്നവ കൂടിയാണ് എന്നത് സംശയമുള്ള കാര്യമില്ല..